Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

കാസിംകരി സേട്ടിന്റെ കൈയിലെ കുടവിപണന സാധ്യത മനസ്സിലാക്കിയത് അച്ഛൻ; കുട വാവച്ചൻ കുട നിർമ്മാണം തുടങ്ങിയപ്പോൾ ഒപ്പം കൂടിയ ഇളയ മകൻ; പഠനം പോലും വേണ്ടെന്ന് വ്ച്ച് ജീവിച്ചത് കുട നിർമ്മാണത്തിനൊപ്പം; പരസ്യത്തിലൂടെ പോപ്പിയെ ഹിറ്റാക്കി; അന്തരിച്ചത് ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ്; ബേബിച്ചായൻ ഓർമ്മയാകുമ്പോൾ

കാസിംകരി സേട്ടിന്റെ കൈയിലെ കുടവിപണന സാധ്യത മനസ്സിലാക്കിയത് അച്ഛൻ; കുട വാവച്ചൻ കുട നിർമ്മാണം തുടങ്ങിയപ്പോൾ ഒപ്പം കൂടിയ ഇളയ മകൻ; പഠനം പോലും വേണ്ടെന്ന് വ്ച്ച് ജീവിച്ചത് കുട നിർമ്മാണത്തിനൊപ്പം; പരസ്യത്തിലൂടെ പോപ്പിയെ ഹിറ്റാക്കി; അന്തരിച്ചത് ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ്; ബേബിച്ചായൻ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുടവാങ്ങാൻ മലയാളികളെ ഒരു 'കുട'ക്കീഴിലാക്കിയ ആളായിരുന്നു ബേബിച്ചായൻ. ടി.വി. സ്‌കറിയ എന്നാണ് യഥാർഥ പേരെങ്കിലും സെയ്ന്റ് ജോർജ് ബേബിയെന്നേ ആലപ്പുഴക്കാർക്ക് വഴങ്ങൂ. എല്ലാം നന്നായിരിക്കണം എന്ന നിർബന്ധബുദ്ധിയാണ് അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിലുണ്ടായിരുന്നത്. 'മഴ മഴ കുട കുട, മഴവന്നാൽ പോപ്പിക്കുടാ...' എന്ന പരസ്യംപോലും അതിനുദാഹരണമാണ്.

കുട കൊണ്ടുനടക്കുന്നത് ബാധ്യതയായിരുന്ന കാലത്തുനിന്ന് ഫാഷൻ കുടകളുടെ തരംഗംസൃഷ്ടിച്ച ഈ കാലത്തിലേക്കെത്തിച്ചത് ബേബിയുടെ നിശ്ചയദാർഢ്യമാണ്. ചെറുപ്പംമുതൽ കുടനിർമ്മാണത്തിലുള്ള കമ്പം വലിയ മാറ്റങ്ങൾക്ക് വഴിതെളിയിക്കുകയായിരുന്നു. ആലപ്പുഴ: വാവവച്ചന്റെ മകനായിരുന്നു ആലപ്പുഴക്കാർക്ക് സെയ്ന്റ് ജോർജ് ബേബി എന്ന ടിവി സ്‌കറിയ. ഫാഷൻ കുടകളുടെ തരംഗം സൃഷ്ടിച്ച കുടു മുതലാളി. ചെറുപ്പത്തിൽ കടന്നു കൂടിയതാണ് കുടക്കമ്പം. അത് മരണം വരേയും അങ്ങനെ തന്നെ തുടർന്നു. കുടവാങ്ങാൻ മലയാളിയെ നിർബന്ധിപ്പിച്ച മുതലാളിയാണ് മായുന്നത്. ഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ് കൂടിയാണ് സ്‌കറിയ. പോപ്പി കുടയ്ക്ക് പിന്നിലെ ചാലക ശക്തി.

'സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടി'ന്റെ സ്ഥാപകനായ വാവച്ചന്റെ (കുട വാവച്ചൻ) ഇളയമകനാണ് ബേബി (ടി.വി. സ്‌കറിയ). 1940-കളിൽ ആലപ്പുഴയിലെ കുടവിപണനരംഗം കാസിംകരി സേട്ടിന്റെ കൈയിലായിരുന്നു. വിദേശത്തുനിന്ന് കുട ഇറക്കുമതിചെയ്തു വിൽപ്പന നടത്തിയിരുന്ന സേട്ടിന്റെ സ്ഥാപനത്തിലെ വിൽപ്പനവിഭാഗം ചുമതലയായിരുന്നു വാവച്ചന്. 1954-ലാണ് സ്വന്തമായി സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടിനു വാവച്ചൻ രൂപം നൽകിയത്. വാവച്ചനും മക്കളുമായിരുന്നു നടത്തിപ്പുകാർ. അതിനാൽ കുട്ടിക്കാലം മുതൽക്കേ ബേബിക്ക് കുടക്കമ്പമുണ്ടായിരുന്നു.

രാവിലെ സ്‌കൂളിൽ പോകുംമുൻപ് കടതുറക്കേണ്ട ചുമതല ബേബിക്കായിരുന്നു. സ്‌കൂൾവിട്ടുവന്നാൽ കടയിൽ തൊഴിലാളികൾക്കൊപ്പം കുടനിർമ്മാണത്തിൽ പങ്കുചേരും. തുണിയും കമ്പിയും ട്യൂബും ആണിയുമെല്ലാം ചേർത്ത് കുടയുണ്ടാക്കുന്നത് വളരെ ചെറുപ്പത്തിൽത്തന്നെ ബേബി വശത്താക്കി. പത്താംക്ലാസ് കഴിഞ്ഞ് പഠനംതുടരാതെ മുഴുവൻ സമയവും കടയിൽത്തന്നെയായി. 1967-ൽ പിതാവ് വാവച്ചന്റെ മരണശേഷവും കച്ചവടം സ്വയം ഏറ്റെടുത്തു. പിന്നീട് വളർച്ചയുടെ പടവുകൾ ചവിട്ടി കയറി. 1970-കൾ ആയപ്പോഴേക്കും സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ട് കേരളത്തിലെ പ്രധാന കുടനിർമ്മാണ-വിപണന കേന്ദ്രമായി മാറി.

സെയ്ന്റ് ജോർജ് അംബ്രല്ലാ പൂട്ടിയപ്പോൾ രണ്ടുദിവസത്തിനുള്ളിൽ പുതിയ സ്ഥാപനമായ പോപ്പി അംബ്രല്ലാ മാർട്ട് തുറന്നു. നാലുമക്കളിൽ ഇളയ ആളുടെ പേരാണ് ബേബി തന്റെ പുതിയ സ്ഥാപനത്തിനിട്ടത്. കുറഞ്ഞ വർഷങ്ങൾ കൊണ്ടായിരുന്നു പോപ്പിയുടെ വളർച്ച. തൊണ്ണൂറുകളിൽ കുടയ്ക്ക് പരസ്യവും എത്തി. അത് സൂപ്പർ ഹിറ്റായി. മഴ, മഴ... കുട, കുട... മഴ വന്നാൽ പോപ്പിക്കുട... അത് ഇന്നും ജനമനസ്സിൽ ഹിറ്റായി തുടരുന്നു. ഇതോടെ കച്ചവടം ഇരട്ടിയായി. അങ്ങനെ പോപ്പി കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായും മാറി.

സെന്റ് ജോർജ് അംബ്രല മാർട്ട് ഉടമയായ പിതാവ് തയ്യിൽ ഏബ്രഹാം വർഗീസിനൊപ്പം (കുട വാവച്ചൻ) 14-ാം വയസ്സിലാണ് ബേബി കുട നിർമ്മാണ രംഗത്തെത്തിയത്. സഹോദരൻ ഡോ. ഏബ്രഹാം തയ്യിലുമായി ചേർന്നു 1995 വരെ സെന്റ് ജോർജ് കമ്പനി നടത്തി. പിന്നീട് പോപ്പി അംബ്രല മാർട്ട്, ജോൺസ് അംബ്രല മാർട്ട് എന്നിങ്ങനെ രണ്ടു സ്ഥാപനങ്ങളായി. ദേശീയതലത്തിൽ കുട നിർമ്മാണ കമ്പനികളുടെ കാരണവരായി അറിയപ്പെട്ട ടി.വി.സ്‌കറിയ 1979ൽ ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐഎസ്‌ഐ) കുട നിലവാര നിയന്ത്രണ സമിതി അംഗവും പിന്നീട് അധ്യക്ഷനുമായി.

വൈവിധ്യങ്ങൾ അവതരിപ്പിച്ചു ലോകശ്രദ്ധ നേടിയ പോപ്പി ബ്രാൻഡിൽ നൂറ്റിയിരുപതോളം ഇനം കുടകൾ അവതരിപ്പിക്കുന്നതിനു നായകത്വം വഹിച്ചത് അദ്ദേഹമാണ്. ഇന്ത്യയിലെ കുട നിർമ്മാതാക്കളുടെ സംഘടനയായ ഓൾ ഇന്ത്യ അംബ്രല ഫെഡറേഷൻ പ്രസിഡന്റായി 2005 മുതൽ പ്രവർത്തിക്കുന്നു. രാജീവ് ഗാന്ധി ദേശീയ ഗുണമേന്മ അവാർഡ്, അക്ഷയ അവാർഡ്, അഖില കേരള കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി.

ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കൾ: ഡെയ്‌സി ജേക്കബ്, ലാലി ആന്റോ (കാനഡ), ഡേവിസ് തയ്യിൽ (സിഇഒ, പോപ്പി അംബ്രല), ടി.എസ്.ജോസഫ് (പോപ്പി). മരുമക്കൾ: മുൻ ഡിജിപി ജേക്കബ് തോമസ്, ഡോ. ആന്റോ കള്ളിയത്ത് (കാനഡ), സിസി ഡേവിസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP