Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ അടയാളപ്പെടുത്തിയ കാമറാമാൻ; വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തത സഹചാരിയായിരുന്ന ആരാധകൻ; കമ്മ്യൂണിസ്റ്റ് പാർട്ടി സിനിമാ പഠനത്തിനായി റഷ്യയിലേക്ക് അയച്ച അതുല്യ പ്രതിഭ: അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജന് വിട

സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ അടയാളപ്പെടുത്തിയ കാമറാമാൻ; വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തത സഹചാരിയായിരുന്ന ആരാധകൻ; കമ്മ്യൂണിസ്റ്റ് പാർട്ടി സിനിമാ പഠനത്തിനായി റഷ്യയിലേക്ക് അയച്ച അതുല്യ പ്രതിഭ: അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജന് വിട

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ കേരളത്തെ അടയാളപ്പെടുത്തിയ പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 1.40-ഓടെയായിരുന്നു അന്ത്യം. 1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി ജീവിതം തുടങ്ങിയ അദ്ദേഹത്തിന്റേത് പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന്റെ വളർച്ചയായിരുന്നു. സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ പുനലൂർ രാജൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോകളിലൂടെയാണ് പ്രസിദ്ധനായത്. സ്‌കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.

വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. കൂടാതെ തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, എം ടി. വാസുദേവൻ നായർ, വി. അബ്ദുല്ല, എൻ.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂർത്തങ്ങൾ പകർത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ചെലവൂർ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായി.

കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടി. മാവേലിക്കര രവിവർമ സ്‌കൂളിൽനിന്ന് ഫൈൻ ആർട്‌സ് ഡിപ്ലോമ നേടി. സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്‌കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. കെ.പി.എ.സി. യുടെ നേതൃത്വത്തിലാണ് സിനിമയുണ്ടാക്കാൻ ശ്രമം നടന്നത്. പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അപ്പോഴേക്കും സിനിമാമോഹം ഉപേക്ഷിച്ചിരുന്നു.

രാജന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച് ബഷീറിനെന്നപോലെ എം ടി.ക്കും വലിയ മതിപ്പായിരുന്നു. അദ്ദേഹം രാജനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ: 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാമറയും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ഒരു ചാരനുണ്ട്. പേര് : പുനലൂർ രാജൻ'. ഇങ്ങനെയാണ് അദ്ദേഹത്തെ എം ടി വിശേഷിപ്പിച്ചത്. എം ടി.യെക്കുറിച്ചുള്ള തന്റെ ഫോട്ടോചരിത്രത്തിനാമുഖമായി പുനലൂർ രാജൻ എഴുതിയത് ഇങ്ങനെയാണ് 'ബഷീറിനെയെന്ന പോലെ എം ടി.യെ ഏറെക്കാലം പിന്തുടരാൻ എനിക്കു കഴിഞ്ഞില്ല. ഞാനെടുത്ത ബഷീർപടങ്ങൾക്കു കണക്കില്ല. എം ടി.യുടെ പടങ്ങൾക്കു കണക്കുണ്ട്. വാക്കുകൾ അളന്നുതൂക്കി മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ'. ഏകാന്തപഥികനും അന്തർമുഖനും ചിരിമറന്നയാളുമായ എം ടി.യുടെ ഭാവജീവിതത്തിന്റെ ആകെക്കൂടിയുള്ള നിശ്ചല ദൃശ്യചരിത്രമായി മാറുന്നു, അതുവഴി പുനലൂർ രാജന്റെ ഈ ചിത്രശേഖരം.

എം ടി.യുടെ ഏകാന്തനിമിഷങ്ങൾ, നിർമ്മമഭാവങ്ങൾ, ചിന്താമാത്രകൾ, സൗഹൃദ മുഹൂർത്തങ്ങൾ, ആഹ്ലാദ സന്ദർഭങ്ങൾ, ആനന്ദവേളകൾ, തൊഴിൽസാന്നിധ്യങ്ങൾ, കുടുംബസാമീപ്യങ്ങൾ, പ്രഭാഷണവേദികൾ, ചലച്ചിത്രനിർമ്മാണരംഗങ്ങൾ... ജീവിതം നിശ്ചലതയിലേക്ക് ഒപ്പിയെടുക്കുന്ന ദൃശ്യരേഖകളാകുന്നു, ഈ ചിത്രങ്ങൾ. ബഷീർ, തകഴി, പൊറ്റക്കാട്, എൻ.പി, അഴീക്കോട്, മുണ്ടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയ എഴുത്തുകാർക്കൊപ്പവും പി. ഭാസ്‌കരൻ, പ്രേംനസീർ, പത്മരാജൻ, എം.ബി. ശ്രീനിവാസൻ, ശോഭനാ പരമേശ്വരൻനായർ, കെ. രാമചന്ദ്രബാബു തുടങ്ങിയ ചലച്ചിത്രപ്രവർത്തകർക്കൊപ്പവും എം ടി. ചെലവിട്ട നിമിഷങ്ങളുടെ 1950കൾ തൊട്ടുള്ള ചിത്രങ്ങളാണ് ഇവ. കാലസൂചനയില്ല എന്നതാണ് ഈ ചിത്രങ്ങളുടെ പുസ്തകരൂപത്തിന്റെ പരിമിതി.

ബഷീറിൻശെ സന്തത സഹചാരിയായിരുന്ന അദ്ദേഹം ബഷീറിനെ കുറിച്ച് പുസ്തകവും എഴുതി. 'ബഷീർ: ഛായയും ഓർമയും', 'എം ടി.യുടെ കാലം' എന്നിവയാണ് രാജന്റെ പുസ്തകങ്ങൾ. മാതൃഭൂമി പത്രത്തിൽ 'ഇന്നലെ', ആഴ്ചപ്പതിപ്പിൽ 'അനർഘനിമിഷങ്ങൾ' എന്നീ പംക്തികൾ കൈകാര്യം ചെയ്തു. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളിൽ സഞ്ചരിച്ച് തയ്യാറാക്കിയ 'മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ' എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ലഭിച്ചു.

ഭാര്യ: തങ്കമണി (റിട്ട. ഹെഡ്‌മിസ്ട്രസ്, ഗവ. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്., ചാലപ്പുറം), മകൻ ഡോ. ഫിറോസ് രാജൻ (കാൻസർ സർജൻ, കൊവൈ മെഡിക്കൽ സെന്റർ, കോയമ്പത്തൂർ), മകൾ ഡോ. പോപ്പി രാജൻ (ക്വലാലംപുർ മെഡിക്കൽ കോളേജ്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP