Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഇന്ദിരാഗാന്ധിയെ കൊണ്ട് ബോട്ടോടിപ്പിച്ചു; കാമറകളുടെ സകല സാധ്യതകളിലും കൈവച്ചു; കടലിൽ പോയ ഭർത്താവിനെ കാത്തിരിക്കുന്ന വീട്ടമ്മയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ശബ്ദിച്ചത് നൂറ് നാവോടെ; 51 വർഷം മനോരമയിൽ ഫോട്ടോഗ്രാഫറായിരുന്ന എം.കെ വർഗീസിന് ആദരാഞ്ജലി അർപ്പിച്ച് മാധ്യമ ലോകം

ഇന്ദിരാഗാന്ധിയെ കൊണ്ട് ബോട്ടോടിപ്പിച്ചു; കാമറകളുടെ സകല സാധ്യതകളിലും കൈവച്ചു; കടലിൽ പോയ ഭർത്താവിനെ കാത്തിരിക്കുന്ന വീട്ടമ്മയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ശബ്ദിച്ചത് നൂറ് നാവോടെ; 51 വർഷം മനോരമയിൽ ഫോട്ടോഗ്രാഫറായിരുന്ന എം.കെ വർഗീസിന് ആദരാഞ്ജലി അർപ്പിച്ച് മാധ്യമ ലോകം

സ്വന്തം ലേഖകൻ

കൊച്ചി: 51 വർഷം മനോരമയിൽ ഫോട്ടോഗ്രാഫറായിരുന്ന എം.കെ വർഗീസ് അന്തരിച്ചു. 80 വയസ് ആയിരുന്നു. മലയാള മനോരമ മുൻ പിക്ചർ എഡിറ്റർ ആയിരുന്നു കരിങ്ങാച്ചിറ മാലായിൽ എം.കെ.വർഗീസ് എന്ന അനശ്വര പ്രതിഭ. സംസ്‌കാരം ഇന്ന് രണ്ടിനു തൃപ്പൂണിത്തുറ അമ്പിളി നഗർ കിങ്‌സ് ടൗൺ വസതിയിലെ പ്രാർത്ഥനയ്ക്കുശേഷം 3.30ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. ചിത്രങ്ങളിലൂടെ അനേകം പേരുടെ കഥകൾ പുറത്തു കൊണ്ടു വന്ന അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധിയെ കൊണ്ട് ബോട്ടോടിപ്പിച്ചും കാമറയുടെ സകല സാധ്യതകളിലും കൈവെച്ചും അദ്ദേഹം ഫോട്ടോഗ്രാഫിയിലെ അഗ്രഗണ്യനായി മാറി. 1966ലെ എഐസിസി സമ്മേളനത്തിനു കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് എറണാകുളം കായലിലെ ജലോൽസവം അവിസ്മരണീയമായതിനു പിന്നിൽ എം.കെ. വർഗീസിന്റെ വീരകൃത്യങ്ങളുണ്ട്. കായൽ സവാരിക്കു ബോട്ടിൽ കയറിയ തനിക്കു പിന്നാലെ ചാടിക്കയറിയ ഫൊട്ടോഗ്രഫറെ അംഗരക്ഷകർ പുറത്തേക്കു തള്ളി. ഇതുകണ്ട് ഇന്ദിര ഇടപെട്ടു. വർഗീസ് ഒപ്പം പോന്നോട്ടെയെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇതോടെ ഇന്ദിരയുടെ ജലയാത്രയ്ക്ക് മുന്നിൽ വർഗീസിന്റെ കാമറാ കൺതുറന്നു. ബോട്ടിന്റെ സ്റ്റിയറിങ് ഒന്നു തിരിക്കാമോയെന്നു വർഗീസ് ചോദിച്ചപ്പോൾ അവർ അതു സന്തോഷത്തോടെ സമ്മതിച്ചു. ആ നിമിഷം അനശ്വരമാകുകയും ചെയ്തു. കേരളീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെടുത്തു തരണമെന്നു പിന്നീട് ഇന്ദിര തന്നെ വർഗീസിനോട് ആവശ്യപ്പെട്ടു.

1961ൽ മനോരമയിൽ ഫൊട്ടോഗ്രഫറായി ജോലി നേടിയ വർഗീസ് 51 വർഷം മനനോരമയെ സേവിച്ചു. 2012ൽ വിരമിച്ചു. 1973ലെ പ്രസ് ഫോട്ടോ പുരസ്‌കാരം ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 22 ാമത്തെ വയസ്സിലാണ് എം.കെ. വർഗീസ് മനോരമയുടെ സ്റ്റാഫ് ഫൊട്ടോഗ്രഫറായത്. വിമോചനസമരകാലത്തെ ചിത്രങ്ങൾ പകർത്തിയും ഫോട്ടോഗ്രാഫറായിരുന്ന പിതാവിന്റെ സഹായിയായുമാണു വർഗീസ് ഈ രംഗത്തെത്തിയത്. 1973ൽ പ്രസ് ഫോട്ടോ പുരസ്‌കാരം ലഭിച്ചു.

കടലിൽപ്പോയ ഭർത്താവിനെ കാത്തിരിക്കുന്ന സ്ത്രീയുടെയും മക്കളുടെയും ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. പെരുമൺ ദുരന്തം, ഇടുക്കി ഡാം ഉദ്ഘാടനം, മാർപാപ്പയുടെ ശ്രീലങ്ക സന്ദർശനം, ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസ്, വിവിധ സ്പോർട്സ് മീറ്റുകൾ എന്നിവയിലൊക്കെ വർഗീസിന്റെ ഫോട്ടോകൾ തരംഗമായി. ലോക പ്രസിദ്ധ ഫൊട്ടോഗ്രഫർ നിക് ഉട് ഈയിടെ കേരളത്തിൽ വന്നപ്പോൾ അഭിമാനത്തോടെ പരിചയപ്പെടുത്താവുന്ന ലെജൻഡറി ഫൊട്ടോഗ്രഫർ ആരായിരിക്കണമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല എം.കെ. വർഗീസ് തന്നെ.

ഫ്‌ളാഷ് ഫോട്ടോസിന്റെയും പോസ് ചെയ്യിച്ചുള്ള പടങ്ങളുടെയും കാലം വിട്ട് റിയലിസ്റ്റിക് ഫോട്ടോകളുടെ ഫ്രെയിമുകളിലേക്കു മലയാള ന്യൂസ് ഫൊട്ടോഗ്രഫി വഴിമാറിയതിൽ വർഗീസിനുള്ള പങ്കു ചെറുതല്ല.സാങ്കേതിക വിദ്യയുടെ സുപ്രധാന പരിണാമദിശകളിൽ ഫോട്ടോയെടുപ്പിന്റെ പല കാലഘട്ടങ്ങളെ ആശ്ലേഷിച്ചും ആഘോഷിച്ചും അദ്ദേഹം കടന്നുപോയി. ഓരോ എക്‌സ്‌പോഷറിനും ശേഷം ബെല്ലോസ് തിരിക്കേണ്ടിയിരുന്ന ജർമൻ നിർമ്മിത സിസിക്കോൺ ഐക്കോണ്ട ക്യാമറ മുതൽ ഫിലിം വേണ്ടാത്ത ഡിജിറ്റൽ ക്യാമറ വരെ അദ്ദേഹത്തിനു വഴങ്ങി.

ഭാര്യ: മറിയാമ്മ കോശി ( റിട്ട. ജോയിന്റ് രജിസ്റ്റ്രാർ, എംജി സർവകലാശാല) കുറുപ്പംപടി പ്ലാന്തറ കുടുംബാംഗം. മക്കൾ: വിനീത് എം.വർഗീസ് ( ബിപിസിഎൽ, കൊച്ചി റിഫൈനറി), വിജിത് എം.വർഗീസ് (ഐബിഎം,ബെംഗളൂരു) മരുമകൾ: മേരി (ഫൈസർ ഫാർമസ്യൂട്ടിക്കൽസ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP