Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു; 103-ാം വയസ്സിൽ അന്തരിച്ചത് ഇതര മത ദൈവങ്ങളെ പോലും നെഞ്ചോട് ചേർത്തും മനുഷ്യരെ ചിരിപ്പിച്ചും ജീവിച്ച അതുല്യ പ്രതിഭ: പരിചയപ്പെട്ടവർക്കെല്ലാം സ്‌നേഹം വിളമ്പിയ മഹാനുഭാവന് വിട

മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു; 103-ാം വയസ്സിൽ അന്തരിച്ചത് ഇതര മത ദൈവങ്ങളെ പോലും നെഞ്ചോട് ചേർത്തും മനുഷ്യരെ ചിരിപ്പിച്ചും ജീവിച്ച അതുല്യ പ്രതിഭ: പരിചയപ്പെട്ടവർക്കെല്ലാം സ്‌നേഹം വിളമ്പിയ മഹാനുഭാവന് വിട

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 103 വയസ്സായിരുന്നു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ദിവസങ്ങൾക്ക് മുമ്പാണ് ആഘോഷ പൂർവ്വം അദ്ദേഹത്തിന്റെ 103-ാം പിറന്നാൾ കൊണ്ടാടിയത്. ദീർഘനാളായി ശാരീരികമായ അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമ ജീവിതം നയിക്കുക ആയിരുന്നു.

ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. രണ്ട് വർഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹം ക്രൈസ്തവസഭാ ആചാര്യന്മാരിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 'സ്വർണനാവിന്റെ ഉടമ' എന്ന് ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിക്കാറുണ്ട്.

ഇതര മത ദൈവങ്ങളെ പോലും നെഞ്ചോട് ചേർത്തും മനുഷ്യരെ ചിരിപ്പിച്ചും ജീവിച്ച അതുല്യ പ്രതിഭയായിരുന്നു മാർ ക്രിസോസ്റ്റം. തനിക്കരികിലേക്ക് എത്തുന്നവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആയിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. അതിനാൽ തന്നെ ഒരിക്കൽ പരിചയപ്പെടുന്നവരെ വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ അടുക്കലേക്ക് എത്താൻ പ്രേരിപ്പിച്ചിരുന്നു. ആത്മീയ ജീവിതത്തിന്റെ ആഴവും പരപ്പും തലമുറകളെ നർമം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ജനമനസ്സുകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ആത്മീയ പ്രഭാഷകൻ. ഒരിക്കൽ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താൻ പ്രേരിപ്പിക്കുന്നയാൾ.

മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം കൺവൻഷനുകളിൽ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 1954 മുതൽ 2018 വരെ തുടർച്ചയായി 65 മാരാമൺ കൺവൻഷനുകളിൽ പ്രസംഗകനായി. എട്ട് മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞെങ്കിലും തുടർന്നു വലിയ മെത്രാപ്പൊലീത്ത സ്ഥാനത്ത് സഭയ്ക്കുള്ളിലും പുറത്തും മാർ ക്രിസോസ്റ്റം നിറഞ്ഞു നിന്നു.

കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. 1922 മുതൽ 26 വരെ മാരാമൺ പള്ളി വക സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ആലുവ യുസി കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടർന്നു. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം.

മാതൃ ഇടവകയായ ഇരവിപേരൂർ മാർത്തോമ്മാ പള്ളിയിൽ 1944ലെ പുതുവർഷ ദിനത്തിൽ ശെമ്മാശപ്പട്ടവും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരി. 1948ൽ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ൽ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മെയ്‌ 20ന് റമ്പാൻ സ്ഥാനവും 23ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു. 1953ൽ ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ, തോമസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്‌കോപ്പയായി അവരോധിക്കപ്പെടുന്നത്.

1953-54 കാലത്ത് കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. 1954ൽ കോട്ടയം കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ പദവി വഹിച്ചു. 1954ൽ അഖിലലോക സഭാ കൗൺസിൽ ഇവാൻസ്റ്റൻ സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകൻ. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർകൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ൽ അഖിലലോക സഭാ കൗൺസിൽ ഉപ്‌സാല സമ്മേളനത്തിൽ മാർത്തോമ്മാ സഭാ പ്രതിനിധി. 1975ൽ വീണ്ടും മിഷനറി ബിഷപ്.

1978 മെയ്‌ മാസം സഫ്രഗൻ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയർത്തപ്പെട്ടു. 1980ൽ തിരുവനന്തപുരംകൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ൽ റാന്നി നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പൊലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിന്റെ ആത്മീയസാമൂഹിക മണ്ഡലത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന, ദൈവത്തിന്റെ സ്വർണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP