Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിയാനന്മെൻ കൊലക്കളമാക്കിയ 'ബീജിങ്ങിലെ കശാപ്പുകാരൻ' വിടവാങ്ങിയത് ബീജിങ്ങിൽ; നിഷ്ഠുരതയുടെ ആൾരൂപം പെങ് അന്തരിച്ചത് 90ാം വയസിൽ; ലി പെങ് മരിച്ചതിൽ സന്തോഷമുണ്ടെന്ന്' ടിയാനന്മെൻ സമരത്തിന്റെ മുൻനിര പോരാളി കൈക്‌സി; മഹാനായ വിപ്ലവകാരിയും രാജ്യതന്ത്രജ്ഞനും നേതാവും എന്ന് സർക്കാർ മാധ്യമങ്ങൾ

ടിയാനന്മെൻ കൊലക്കളമാക്കിയ 'ബീജിങ്ങിലെ കശാപ്പുകാരൻ' വിടവാങ്ങിയത് ബീജിങ്ങിൽ; നിഷ്ഠുരതയുടെ ആൾരൂപം പെങ് അന്തരിച്ചത് 90ാം വയസിൽ; ലി പെങ് മരിച്ചതിൽ സന്തോഷമുണ്ടെന്ന്' ടിയാനന്മെൻ സമരത്തിന്റെ മുൻനിര പോരാളി കൈക്‌സി; മഹാനായ വിപ്ലവകാരിയും രാജ്യതന്ത്രജ്ഞനും നേതാവും എന്ന് സർക്കാർ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്ങ്:ടിയനന്മെൻ കൂട്ടക്കൊലയുടെ പേരിൽ 'ബെയ്ജിങ്ങിലെ കശാപ്പുകാരൻ' എന്ന് അറിയപ്പെട്ട മുൻ ചൈനീസ് പ്രധാനമന്ത്രി ലി പെങ് (90) ചരിത്രത്തിന്റെ ഭാഗമായി. നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1987 മുതൽ 1998 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്.തിങ്കളാഴ്ച വൈകുന്നേരം ബീജിങ്ങിലായിരുന്നു അന്ത്യം. മരണകാരണമായ അസുഖം എന്താണെന്ന് വ്യക്തമല്ല. 1980കളിലും 1990കളിലും ചൈനയിലെ നിരവധി ഉന്നത സ്ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

ടിയനന്മെൻ ചത്വരത്തിൽ 1989ൽ ആഴ്ചകളോളം നീണ്ടുനിന്ന വിദ്യാർത്ഥിമുന്നേറ്റത്തെ നിഷ്ഠുരമായി അടിച്ചമർത്തിയതിനു പിന്നിലെ പ്രധാനി ലി പെങ് ആയിരുന്നു. മഹാനായ വിപ്ലവകാരിയും രാജ്യതന്ത്രജ്ഞനും നേതാവും എന്ന് സർക്കാർ മാധ്യമങ്ങൾ അനുശോചനക്കുറിപ്പിൽ വിശേഷിപ്പിച്ചു. കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാലാകണം ടിയനന്മെന്നുമായി ബന്ധപ്പെട്ട പരോക്ഷ പരാമർശങ്ങൾ മാത്രമാണു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

1989ൽ ടിയാനന്മെൻ സ്‌ക്വയറിൽ നടന്ന ആക്രമണത്തിൽ നിരായുധരായ നൂറുകണക്കിന് സാധാരണക്കാരെ സൈനികർ കൊന്നിരുന്നു. അതിൽ ലി പെങ് വഹിച്ച പങ്കാണ് അദ്ദേഹത്തിന് ദുഷ്‌പേര് നേടിക്കൊടുത്തത്. എന്നാൽ അത് അനിവാര്യമായ നടപടിയായിരുന്നുവെന്നാണ് ലി പെങ് ന്യായീകരിച്ചത്. 'ടിയാനന്മെൻ പ്രതിഷേധത്തിനിടെ അശാന്തി പടർത്തുന്നത് തടയുന്നതിനും വിപ്ലവകരമായ അക്രമങ്ങൾ തടയുന്നതിനും ലി നിർണായക നടപടികൾ സ്വീകരിച്ചു'വെന്നാണ് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അനുസ്മരിച്ചത്.

'ലി പെങ് മരിച്ചതിൽ സന്തോഷമുണ്ടെന്ന്' ടിയാനന്മെൻ സമരത്തിന്റെ മുൻനിര പോരാളിയും, ഇപ്പോൾ വിദേശത്ത് കഴിയുകയും ചെയ്യുന്ന വുർ കൈക്‌സി ബിബിസിയോട് പറഞ്ഞു. 1989 ജൂണിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാർത്തകളെ ചൈന സ്ഥിരമായി സെൻസർ ചെയ്യുന്നുണ്ട്. അതിനിടയിൽ നടന്ന ഏതെങ്കിലും അതിക്രമങ്ങളുമായി കൂട്ടക്കൊലയെ ചേർത്ത് പരാമർശിക്കുന്നതുപോലും ഒഴിവാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു.3 മക്കളിൽ മൂത്ത മകൻ ലി സിയാവോപെങ് ഗതാഗതമന്ത്രിയാണ്. മകൾ ലി ഷിയാവോലിൻ ഡറ്റാങ് വൈദ്യുതി കോർപറേഷന്റെ മുൻ വൈസ് പ്രസിഡന്റും.

1989ൽ നടന്നത് എന്ത്?

മാവോ സെ തുങ്ങിന് ശേഷം ചൈനയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ എതിർത്തുകൊണ്ട് ചൈനയിൽ നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. 1989 മേയിൽ വിദ്യാർത്ഥികളുൾപ്പെടെ 10 ലക്ഷത്തിലേറെ ചൈനക്കാർ ബീജിങ്ങിലെ ടിയാനന്മെൻ ചത്വരത്തിൽ പ്രതിഷേധിച്ചു. ജനാധിപത്യാവകാശങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ രാജിയും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മൂന്നാഴ്ചനീണ്ട പ്രക്ഷോഭത്തെ നേരിടാൻ സർക്കാർ പട്ടാളത്തെയിറക്കി. ജൂൺ മൂന്നിന് രാത്രി 50 സൈനിക ട്രക്കുകളും 10,000 പട്ടാളക്കാരും ഇവരെ നേരിട്ടു. പ്രക്ഷോഭകാരികളെ സൈനികവാഹനങ്ങൾ ഇടിച്ചുവീഴ്‌ത്തി ചതച്ചരയ്ക്കുകയും വെടിവെച്ചു കൊല്ലുകയും ചെയ്തു. എന്നാൽ എത്രപേര് കൊല്ലപ്പെട്ടുവെന്ന് ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം

1928ൽ കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു. കുമിന്താങ് സർക്കാരിന്റെ കാലത്ത് പിതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷൗ എൻലായും ഭാര്യ ഡെങ് യിങ്ചാവോയുമാണു വളർത്തിയത്. സോവിയറ്റ് യൂണിയനിൽ പഠിച്ച് ഹൈഡ്രോ പവർ എൻജിനീയറായി ചൈനയിൽ തിരിച്ചെത്തിയ അദ്ദേഹം സർക്കാരിന്റെ വൈദ്യുത കമ്പനിയിൽ ചേർന്നു. സാംസ്‌കാരിക വിപ്ലവം അടക്കം മാവോ സെ ദുങ്ങിന്റെ കാലത്തെ പ്രക്ഷുബ്ധാവസ്ഥകളിൽ ഇരയാകാതെ രക്ഷപ്പെട്ടു. മാവോയുടെ മരണശേഷം ഡെങ് സിയാവോപിങ് അധികാരമേറ്റതോടെയാണ് ലി പെങ് ഉയർന്നുവന്നത്. ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ട് നിർമ്മിച്ചതിനു പിന്നിലും ലിയുടെ കരങ്ങളാണുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP