Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ ജനിച്ച് കറാച്ചിയിൽ വളർന്നു; താക്കോൽ സ്ഥാനം കൊടുത്തവനെ സ്ഥാനഭൃഷ്ടനാക്കി രാഷ്ട്രതലവനായ തോറ്റ യുദ്ധങ്ങളിലെ പോരാളി; ഒടുവിൽ രാജ്യദ്രോഹിയും; പിടിയിലാകും മുമ്പ് മരിച്ചാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടു വരേണ്ടത് വലിച്ചിഴച്ച്; ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം! 2019ലെ കോടതി വിധി ഇങ്ങനെ; മുഷറഫ് ഓർമ്മയാകുമ്പോൾ

ഡൽഹിയിൽ ജനിച്ച് കറാച്ചിയിൽ വളർന്നു; താക്കോൽ സ്ഥാനം കൊടുത്തവനെ സ്ഥാനഭൃഷ്ടനാക്കി രാഷ്ട്രതലവനായ തോറ്റ യുദ്ധങ്ങളിലെ പോരാളി; ഒടുവിൽ രാജ്യദ്രോഹിയും; പിടിയിലാകും മുമ്പ് മരിച്ചാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടു വരേണ്ടത് വലിച്ചിഴച്ച്; ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം! 2019ലെ കോടതി വിധി ഇങ്ങനെ; മുഷറഫ് ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാക്കിസ്ഥാൻ: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളുമായി പ്രത്യേക കോടതി രംഗത്തു വന്നത് 2019ലാണ്. മുഷറഫിന് വധശിക്ഷ വിധിച്ച കോടതിയുടെ വിധിയിൽ പിഴവുണ്ടെന്ന സർക്കാർ അഭിപ്രായം പരിഗണിക്കവെയാണ് അതിരൂക്ഷമായ പരാമർശങ്ങൾ പാക് കോടതി നടത്തിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പർവേസ് മുഷ്‌റഫ് മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ മൃതശരീരം പാർലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നുമാണ് പ്രത്യേക കോടതി നിർദ്ദേശിച്ചത്. ഈ പരാമർശം വന്ന് നാല് കൊല്ലം കഴിയുമ്പോൾ മുഷറഫ് ഓർമ്മയാകുന്നു.

ചികിത്സയിൽ കഴിയുന്ന മുഷ്‌റഫിനെ പിടികൂടാൻ നിയമപാലകരോട് കോടതി 2019ൽ നിർദ്ദേശിച്ചിരുന്നു. അഥവാ പിടിയിലാകുന്നതിന് മുമ്പ് മുഷ്‌റഫ് മരണപ്പെടുകയാണെങ്കിൽ ഇസ്ലാമാബാദിലെ ഡി-ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കാനുമായിരുന്നു അടുത്ത നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ദ്ധർ വിശേഷിപ്പിച്ചത്.
ദുബായിൽ വച്ചായിരുന്നു മഷുറഫിന്റെ അന്ത്യമെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്‌മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.

ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. മുഷ്‌റഫ് കുറ്റക്കാരനാണെന്ന് 2014ൽ കോടതി കണ്ടെത്തിയിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷ്‌റഫ് നൽകിയ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹർജി നൽകിയിരുന്നത്. വധശിക്ഷ വിധിച്ചതിൽ പിഴവുണ്ടെന്ന് സർക്കാർ പറഞ്ഞതിനെ തുടർന്നായിരുന്നു കോടതിയുടെ അതിരുവിട്ട പ്രഖ്യാപനം.

വ്യക്തിവൈരാഗ്യം മൂലമാണ് പാക്കിസ്ഥാൻ കോടതി തനിക്ക് വധശിക്ഷ വിധിച്ചതെന്ന് പർവേസ് മുഷ്‌റഫ് വിധിയോട് പ്രതികരിച്ചിരുന്നു. വിധി പ്രഖ്യാപിച്ചതോടെ മുഷ്‌റഫിനെ പിന്തുണച്ച് പാക്കിസ്ഥാനിൽ അനുയായികൾ ചെറുറാലികൾ സംഘടിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി 2016 മുതൽ മുഷ്‌റഫ് ദുബായിലായിരുന്നു. 2014 നും 2019നും ഇടയിൽ നടന്ന വിചാരണയിൽ ദുബായിൽ തന്റെ മൊഴി കൂടി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്ന് മുഷ്‌റഫ് ആരോപിച്ചിരുന്നു.

ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായ ബന്ധപ്പെട്ടാണ് മുഷ്‌റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കാലത്തായിരുന്നു ഇത്. പാക്കിസ്ഥാനും യുഎഇയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച ഉടമ്പടി നിലവിലില്ല. അതുകൊണ്ട് തന്നെ ദുബായിൽ മുഷ്‌റഫിന് കഴിയാനായി. 2013ലാണ് പർവേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാർച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാൽ വിധി പ്രഖ്യാപിക്കാൻ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു.

2001 ൽ പാക്കിസ്ഥാൻ പ്രസിഡന്റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്.

1943 -ൽ ന്യൂ ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. വിഭജനാനന്തരം മുഷറഫിന്റെ കുടുംബം ഡൽഹിവിട്ട് പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലേക്ക് കുടിയേറി. പാക് സർക്കാർ സർവീസിൽ നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ അച്ഛൻ. 1964 -ൽ പട്ടാളത്തിൽ ചേരുന്നതോടെ മുഷാറഫിന്റെയും ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. 'ഓഫീസർ കോർപ്സി'ൽ ചേർന്ന മുഷറഫ് 1965 -ലെയും, 1971 -ലെയും യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്ത് പോരാടി. വളരെ വേഗത്തിൽ സ്ഥാനക്കയറ്റങ്ങൾ മുഷറഫിനെ തേടിയെത്തി. ഒടുവിൽ 1998 -ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചു.

1999 അടുപ്പിച്ച് നവാസ് ഷെരീഫും പർവേസ് മുഷറഫും തമ്മിൽ തെറ്റുന്നു. പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ഷെരീഫ് പ്രഖ്യാപിക്കുന്നു. എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു. വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുഷറഫ് പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ 'ചീഫ് എക്സിക്യൂട്ടീവ്' ആയി മുഷറഫ് സ്വയം അവരോധിച്ചു. ഇതാണ് പിന്നീട് രാജ്യദ്രോഹമായി മാറിയതും.

റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964ൽ പാക്ക് സൈനിക സർവീസിലെത്തി. രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. 1965ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരൻ സെക്ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചു.

ബേനസീർ ബൂട്ടോയുടെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തസ്തികയിലെത്തി. 1998ൽ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് മേധാവിയായിരിക്കേയാണ് പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്.1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.

2007 മാർച്ചിൽ ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായി. ചീഫ് ജസ്റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക്ക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ ഷരീഫും സർദാരിയും തീരുമാനിച്ചു. 2008 പിപിപി - പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു.

പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീടു മടങ്ങിയിട്ടില്ല.. പാക്കിസ്ഥാൻ അവാമി ഇത്തേഹാദ് (പിഎഐ) എന്ന 23 രാഷ്ട്രീയ പാർട്ടികളുടെ വിശാല സഖ്യത്തിനു രൂപം നൽകി രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാൻ ഇടയ്ക്കു ശ്രമിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP