Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

സന്യാസം എന്തെന്ന് സ്വജീവിതം കൊണ്ട് ലോകത്തിന് കാണിച്ചു കൊടുത്ത പ്രതിഭ; ശ്രീരാമകൃഷ്ണമഠത്തിന്റെ കേന്ദ്ര സ്ഥാനത്തെത്തിയ രണ്ടാമത്തെ മലയാളി; ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പതക്കം സമ്മാനിച്ച് ആദരിച്ച വ്യക്തിത്വം: മൺമറഞ്ഞ പ്രവ്രാജിക അജയപ്രാണ മാതായുടെ സമാധി ചടങ്ങുകൾ വെള്ളിയാഴ്ച തൃശൂരിൽ നടക്കും

സന്യാസം എന്തെന്ന് സ്വജീവിതം കൊണ്ട് ലോകത്തിന് കാണിച്ചു കൊടുത്ത പ്രതിഭ; ശ്രീരാമകൃഷ്ണമഠത്തിന്റെ കേന്ദ്ര സ്ഥാനത്തെത്തിയ രണ്ടാമത്തെ മലയാളി; ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പതക്കം സമ്മാനിച്ച് ആദരിച്ച വ്യക്തിത്വം: മൺമറഞ്ഞ പ്രവ്രാജിക അജയപ്രാണ മാതായുടെ സമാധി ചടങ്ങുകൾ വെള്ളിയാഴ്ച തൃശൂരിൽ നടക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സന്യാസം എന്തെന്ന് സ്വജീവിതം കൊണ്ട് ലോകത്തിന് കാണിച്ചു കൊടുത്ത പ്രതിഭയായിരുന്നു പ്രവ്രാജിക അജയപ്രാണ മാതാ (93). ശ്രീരാമകൃഷ്ണമഠത്തിന്റെ കേന്ദ്ര സ്ഥാനത്തെത്താൻ ഭാഗ്യം ലഭിച്ച പ്രവ്രാജിക അജയപ്രാണ മാതാ ലോകമെമ്പാടുമുള്ള പലർക്കും മാതൃതുല്യയും ഗുരുവുമായിരുന്നു. മാതാ ഈ ലോകത്തോട് വിടപറഞ്ഞു പോകുമ്പോൾ ഒപ്പം ഇല്ലാതാകുന്നത് ലോകത്തിന് നല്ലതു പകർന്നു നൽകിയ അപൂർവ്വ വ്യക്തിത്വമാണ്.

കൊൽക്കത്ത ശ്രീശാരദാ മഠം, രാമകൃഷ്ണ ശാരദാമിഷൻ എന്നിവയുടെ മുൻ ആഗോള ഉപാധ്യക്ഷയും തൃശൂർ ശാരദാമഠം പ്രസിഡന്റുമായിരുന്നു മാതാ അജയപ്രാണ. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കു ഒന്നിനു ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലാണ് വിട പറഞ്ഞത്. സമാധി ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തൃശൂർ പുറനാട്ടുകരയിലെ ശാരദാമഠം ആസ്ഥാനത്ത് ഇന്നു 10 നു നടക്കും.

ശ്രീരാമകൃഷ്ണമഠം മുൻ അധ്യക്ഷൻ സ്വാമി രംഗനാഥാനന്ദയ്ക്കു ശേഷം മഠം പരമ്പരയിലെ കേന്ദ്ര സ്ഥാനത്തെത്തിയ രണ്ടാമത്തെ മലയാളിയാണു അജയപ്രാണ മാതാ. സ്വാതന്ത്ര്യസമര സേനാനി കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠൻ കുറൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും കൊച്ചി കണവള്ളി കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. അമ്മുക്കുട്ടി തമ്പുരാട്ടി എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്.

1952 ൽ മഠത്തിന്റെ തൃശൂർ കേന്ദ്രത്തിൽ ചേർന്ന അജയപ്രാണ മാതാ 21 വർഷം മഠം സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. 1973ൽ മഠത്തിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് പ്രവർത്തനം കുറിച്ചു. കൊൽക്കത്ത ശാരദാമഠത്തിന്റെ ആവശ്യപ്രകാരം സിഡ്‌നിയിൽ 1982 ൽ മഠം സ്ഥാപിക്കാൻ പോയി. 30 വർഷത്തോളം അവിടെ പ്രവർത്തിച്ചു. ന്യൂ സൗത്ത് വെയിൽസിൽ രാമകൃഷ്ണ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിച്ചു. മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ വേദാന്തപ്രചാരവും നടത്തിയിട്ടുണ്ട്.

ശാരദാ മഠത്തിന്റെ പ്രതിനിധിയായി ഒരു സന്യാസിനിയെ അയയ്ക്കണമെന്ന സിഡ്‌നിയിലെ ശ്രീരാമകൃഷ്ണ വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ചാണ് മാതായെ ഓസ്‌ട്രേലിയയിലേക്കു നിയോഗിക്കുന്നത്. 6 മാസത്തെ ആദ്യ സന്ദർശനവും 3 മാസത്തെ രണ്ടാം സന്ദർശനവും കഴിഞ്ഞു മാതാ ഇന്ത്യയിൽ മടങ്ങിയെത്തുമ്പോഴേക്കും രാമകൃഷ്ണ വേദാന്ത സൊസൈറ്റി അംഗങ്ങളും മാതായും തമ്മിലുള്ള ഹൃദയബന്ധം ആഴത്തിലായിരുന്നു. ആത്മീയാധ്യാപികയായി ജനം മാതായെ നെഞ്ചിലേറ്റി.

ഇതോടെ മഠം വലിയൊരു തീരുമാനം കൈക്കൊണ്ടു: സിഡ്‌നി ആസ്ഥാനമായി മഠത്തിന്റെ ശാഖ ആരംഭിക്കാൻ മാതായെ നിയോഗിക്കുക. ബ്രഹ്മചാരിണി ഗിരിജയുമൊത്തു മാതാ സിഡ്‌നിയിലേക്കു വീണ്ടുമെത്തി. 1982ൽ മഠം പ്രവർത്തനം തുടങ്ങി. 5 വർഷത്തിനു ശേഷം സൊസൈറ്റി ബർവുഡ് ആസ്ഥാനമായി സ്വന്തം സ്ഥലത്തേക്കു മഠത്തിന്റെ പ്രവർത്തനം പറിച്ചുനട്ടു. അഡ്ലെയ്ഡ്, മെൽബൺ എന്നിങ്ങനെ മറ്റു നഗരങ്ങളിലേക്കും വിശ്വാസിനിര വ്യാപിച്ചു. 29 വർഷം പിന്നിട്ട ഓസ്‌ട്രേലിയൻ ജീവിതം അവസാനിപ്പിച്ചു മാതാ ഇന്ത്യയിൽ മടങ്ങിയെത്തിയത് 2011 സെപ്റ്റംബർ 22ന് ആണ്.

ലാളിത്യം കൊണ്ട് ആളുകളെ വിസ്മയിപ്പിച്ച മാതായെ മാർപാപ്പ വരെ പതക്കം നൽകി ആദരിച്ചു. 12 വർഷങ്ങൾക്ക് മുമ്പാണത്. ആത്മീയാന്വേഷണ തലങ്ങളിലേക്കു നയിക്കുംവിധം ബനഡിക്ട് പതിനാറാമൻ മാർപാപ്പയുമായി അജയപ്രാണ മാതായ്ക്കു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. കത്തോലിക്കാ സഭ സിഡ്‌നിയിൽ ലോക യുവജന ദിനം സംഘടിപ്പിച്ച സമയത്തായിരുന്നു അത്. 23 രാജ്യാന്തര തീർത്ഥാടകരടങ്ങുന്ന സംഘം മഠത്തിന്റെ വേദാന്ത ഹാൾ സന്ദർശിച്ചു. അജയപ്രാണ മാതാ ഇവർക്കായി 15 മിനിറ്റോളം പ്രഭാഷണം നടത്തി.

യുവജന ദിനാഘോഷം നടന്നതിന്റെ പിറ്റേന്നു മാർപാപ്പ 35 പേരെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നു. ഡോ. വിവേക് താക്കർ, റോബർട് ഗ്രാന്റ് തുടങ്ങിയവർക്കൊപ്പം അജയപ്രാണ മാതായും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സമ്മാനമായി മാർപാപ്പ ഒരു പതക്കം നൽകി മാതായെ ആദരിച്ചു.

2011 ൽ ഇന്ത്യയിലേക്ക് മടങ്ങി വന്ന അജയപ്രാണ മാതാ കേരളത്തിന്റെ പൊതുചുമതലയും തൃശൂർ പുറനാട്ടുകര ശാരദാമഠത്തിന്റെ പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു. ആരോഗ്യകാരണങ്ങളാൽ തിരുവനന്തപുരത്താണ് അവസാനകാലം ചെലവിട്ടത്. ശ്രീരാമകൃഷ്ണമഠം മുൻ അധ്യക്ഷൻ സ്വാമി രംഗനാഥാനന്ദയ്ക്ക് ശേഷം മഠം പരമ്പരയിലെ കേന്ദ്രസ്ഥാനത്തെത്തിയ രണ്ടാമത് മലയാളിയാണ് അജയപ്രാണ മാതാ. മികച്ച പ്രഭാഷകയും നിരവധി വേദാന്ത ആത്മീയഗ്രന്ഥങ്ങളുടെ കർത്താവുമായ അജയപ്രാണ മാതായ്ക്ക് നിരവധി ശിഷ്യസമ്പത്തുണ്ട്. തൈക്കാട് ശാരദാമിഷനിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം ഇന്നലെ വൈകിട്ട് തൃശൂരിലെ മഠം ആസ്ഥാനത്തേക്ക് കൊണ്ടുപോയി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP