Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

തോടി രാഗം പാടുമ്പോൾ വേദിക്ക്‌ അരുകിലേക്ക് ഓടിയെത്തിയത് മാൻ; ഗുജറാത്തിൽ വരണ്ടുണങ്ങിയ പ്രദേശത്ത്‌ മഴ പെയ്യിച്ചത് മൽഹാർ രാഗം പാടി; കാൻസർ രോഗബാധിതനായി ഗുരുതരാവസഥയിൽ കഴിഞ്ഞ പത്തൊൻപതുകാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഭൈരവി രാ​ഗം പാടിയും; കേരളത്തിന്റെ സ്വാതി സംഗീത പുരസ്‌കാരം മുതൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയന്റെ ആദരവ് വരെ നേടിയ അതുല്യ പ്രതിഭ; പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് വിടപറയുമ്പോൾ രാജ്യത്തിന് നഷ്ടമായത് അതുല്യനായ സം​ഗീത പ്രതിഭയെ

തോടി രാഗം പാടുമ്പോൾ വേദിക്ക്‌ അരുകിലേക്ക് ഓടിയെത്തിയത് മാൻ; ഗുജറാത്തിൽ വരണ്ടുണങ്ങിയ പ്രദേശത്ത്‌ മഴ പെയ്യിച്ചത് മൽഹാർ രാഗം പാടി; കാൻസർ രോഗബാധിതനായി ഗുരുതരാവസഥയിൽ കഴിഞ്ഞ പത്തൊൻപതുകാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഭൈരവി രാ​ഗം പാടിയും; കേരളത്തിന്റെ സ്വാതി സംഗീത പുരസ്‌കാരം മുതൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയന്റെ ആദരവ് വരെ നേടിയ അതുല്യ പ്രതിഭ; പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് വിടപറയുമ്പോൾ രാജ്യത്തിന് നഷ്ടമായത് അതുല്യനായ സം​ഗീത പ്രതിഭയെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലെ പുതുമകളുടെ സ്രഷ്ടാവും ഭക്തിരസപ്രധാനമായ ‘മേവതി ഖരാന’ ശൈലിയുടെ ആചാര്യനുമായാണ് പണ്ഡിറ്റ് ജസ്‌രാജ് അറിയപ്പെടുന്നത്. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാരത്‌ന, മാസ്റ്റർ ദീനാഘോഷ് മംഗേഷ്‌കർ പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാർവാർ സംഗീത് രത്‌ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധായകൻ വി ശാന്താറാമിന്റെ മകൾ മധുര ശാന്താറാം ആണ്‌ ഭാര്യ. മക്കൾ: സംഗീത സംവിധായകനായ സാരംഗ്‌ ദേവ്‌ പണ്ഡിറ്റ്‌, ടിവി– ചലച്ചിത്ര താരം ദുർഗ ജസ്‌രാജ്‌,

ഹരിയാണയിലെ ഹിസാറിൽ 1930-ലാണ് അദ്ദേഹത്തിന്റെ ജനനം. ഹിസാറിലാണ് ജസ്‌രാജ് ജനിച്ചതെങ്കിലും പിതാവ് ഹൈദരാബാദിലെ നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്നതിനാൽ അവിടെയാണ് വളർന്നത്. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോത്തി റാമിൽനിന്നാണ് സംഗീത പഠനം തുടങ്ങിയത്. അപൂർവ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹർ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തിൽ ഹവേലി സംഗീതത്തിൽ ഗവേഷണം നടത്തി. സ്‌കൂളിൽ പോകുമ്പോൾ വഴിയോരത്തെ ചായക്കടയിൽ നിന്ന് ബീഗം അക്തറിന്റെ ഗസൽ സംഗീതം കേട്ട് എല്ലാം മറന്ന് മണിക്കൂറുകളോളം ഇരിക്കുന്ന ജസ്‌രാജിന് വെള്ളവും ഭക്ഷണവും കടക്കാരൻ സൗജന്യമായി നൽകി.

സ്വാതന്ത്ര്യാനന്തരം കൊൽക്കത്തയിലേക്കു ജസ്‌രാജിന്റെ കുടുംബം താമസം മാറി. അവിടെ സംഗീതാധ്യാപകനും ആകാശവാണിയിൽ ഉദ്യോഗസ്ഥനുമായി. 13 വർഷത്തെ കൊൽക്കത്ത വാസത്തിനു ശേഷം 1963 ൽ മുംബൈയിൽ മടങ്ങിയെത്തി. ജുഗൽബന്ദി സംഗീതത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. 14 വയസ്സു മുതൽ വായ്‌പ്പാട്ടിൽ സ്വന്തം മുദ്രപതിപ്പിച്ച അദ്ദേഹം 22ാം വയസ്സിൽ നേപ്പാളിൽ പൊതുവേദിയിലെ ആദ്യത്തെ കച്ചേരി നടത്തുമ്പോൾ ശ്രോതാവായി നേപ്പാൾ രാജാവ്‌ ത്രിഭുവൻ വിക്രമും ഉണ്ടായിരുന്നു. 1963 ൽ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പ്രശസ്‌തരായ സംഗീതജ്ഞർക്കൊപ്പം റേഡിയോ സംഗീത സമ്മേളനത്തിൽ പാടിയതുകേട്ട പണ്ഡിറ്റ്‌ ഓംകാർ നാഥ്‌ താക്കൂർ വാരിപ്പുണർന്ന് അനുമോദിച്ചത്‌ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി ജസ്‌രാജ്‌ ഹൃദയത്തോടു ചേർത്തുവച്ചു. രത്തൻ മോഹൻ ശർമ, സഞ്ജയ് ഭയാങ്കർ, രാധാരാമൻ കീർത്തന തുടങ്ങി ഇങ്ങു കേരളത്തിൽ രമേശ്‌ നാരായൺ വരെ പ്രഗത്ഭരായ ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ട്.

ജസ്‌രാജിന്റെ സംഗീതത്തെപ്പറ്റി ഒട്ടേറെ അത്ഭുതകഥകൾ പ്രചരിച്ചിട്ടുണ്ട്. 1987 ൽ വാരാണസി സങ്കട്‌ മോചൻ ഹനുമാൻ ക്ഷേത്രത്തിൽ തോടി രാഗം പാടുമ്പോൾ വേദിക്ക്‌ അഭിമുഖമായി മാൻ ഓടിയെത്തി കാതോർത്തുനിന്നെന്ന് ഒരു കഥ.. ഗുജറാത്തിൽ വരണ്ടുണങ്ങിയ ഒരു പ്രദേശത്ത്‌ 1994 ൽ മൽഹാർ രാഗം പാടി മഴ പെയ്യിച്ചെന്നു മറ്റൊന്ന്. ചെന്നൈയിൽ കാൻസർ രോഗബാധിതനായി ഗുരുതരാവസഥയിൽ കഴിഞ്ഞ പത്തൊൻപതുകാരനെ ഭൈരവി രാഗം പാടി ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്ന കഥയും പ്രചാരത്തിലുണ്ട്.

200 വർഷത്തെ ചരിത്രത്തിലാദ്യമായി ടൊറന്റോ സർവകലാശാല ‘വിശേഷപ്പെട്ട അതിഥി’ എന്ന ബഹുമതിയോടെ ജസ്‌രാജിന് ആജീവനാന്തം വിസിറ്റിങ്‌ പ്രഫസർ പദവി നൽകി. മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ വസതിയായിരുന്ന പഞ്ചവടിയിൽ പാടിയതിന്‌ 2002 ഫെബ്രുവരി 2 ന്‌ രസ്‌‌രാജ്‌ പുരസ്‌കാരം നൽകിയാണ് ആദരിക്കപ്പെട്ടത്.

ഗായകനും ഗായികയ്ക്കും ഒരേസമയം വ്യത്യസ്‌ത രാഗാലാപനത്തിനു വഴിയൊരുക്കുന്ന ജുഗൽബന്ദിയുടെ വേറിട്ട രൂപമായ ജസ്‌രംഗിക്കു രൂപം നൽകിയതിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് പുതുവഴി തീർത്തത് ജസ്‌രാജായിരുന്നു. രാജസ്ഥാനിൽ ഉത്ഭവിച്ച മേവതി ഖരാന ശൈലിയിലെ നാലാം തലമുറയായിരുന്ന പണ്ഡിറ്റ്‌ ജസ്‌രാജ്‌. ഭഗവദ്ഗീതയിലെയും ഉപനിഷത്തിലെയും വേദങ്ങളിലെയും ശ്ലോകങ്ങൾക്കു പുറമേ 300 ൽ ഏറെ കൃതികൾ ചിട്ടപ്പെടുത്തിയ അദ്ദേഹം ലഡ്‌കി സഹ്യാദ്രി കി, ബീർബൽ മൈ ബ്രദർ, 1920 തുടങ്ങിയ ചലച്ചിത്രങ്ങളിലും പാടി. പത്മശ്രീ (1975), പത്മഭൂഷൺ (1999), പത്മവിഭൂഷൺ (2000), കേരള സർക്കാരിന്റെ സ്വാതി സംഗീത പുരസ്‌കാരം (2008) തുടങ്ങിയ ഒട്ടേറെ ബഹുമതികൾ തേടിയെത്തി.

ജസ്‌രാജിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ വലിയ ശൂന്യതയുണ്ടാക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. അസാധാരണമായ പ്രതിഭയായിരുന്നു ജസ്‌രാജ് എന്നത് മാത്രമല്ല, മറ്റു നിരവധി സംഗീതജ്ഞർക്ക് മാർഗദർശിയുമായിരുന്നു അദ്ദേഹമെന്ന് മോദി അനുസ്മരിച്ചു. പണ്ഡിറ്റ് ജസ്‌രാജിന്റെ മരണം തന്നെ ഏറെ വേദനിപ്പിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

പണ്ഡിറ്റ് ജസ്‌രാജിനെ കേരള സർക്കാർ സ്വാതിപുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പണ്ഡിറ്റ് ജസ്‌രാജിന്റെ പേര് കുള്ളൻ ഗ്രഹത്തിനു കൊടുക്കാൻ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ കഴിഞ്ഞവർഷം തീരുമാനിച്ചതു വലിയ ശ്രദ്ധ നേടി. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന 2006 വിപി 32 എന്ന കുള്ളൻ ഗ്രഹമാണ് ‘പണ്ഡിറ്റ് ജസ്‌രാജ്’ എന്ന് അറിയപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP