Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

ഹൈദരലി തങ്ങൾക്ക് വിട നൽകി നാട്; പതിനായിരങ്ങളെ സാക്ഷിനിർത്തി മയ്യിത്ത് പാണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി; അന്ത്യവിശ്രമം പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും അരികെ

ഹൈദരലി തങ്ങൾക്ക് വിട നൽകി നാട്; പതിനായിരങ്ങളെ സാക്ഷിനിർത്തി മയ്യിത്ത് പാണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി; അന്ത്യവിശ്രമം പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും അരികെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ മുന്നണി പോരാളിക്ക് കണ്ണീരോടെ യാത്രാമൊഴി. പതിനായിരങ്ങളെ സാക്ഷിനിർത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് ഖബറടക്കി. പാണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 2:30- ഓടെയായിരുന്നു ഖബറടക്കം. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും ചാരെയാണ് ഇനി ഹൈദരലി തങ്ങൾക്ക് നിത്യവിശ്രമം.

നേരത്തെ പുലർച്ചെ 9 മണിയോടെയാകും ഖബറടക്കമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ജനപ്രവാഹം തുടർന്നതോടെ അത് നേരത്തെ ആക്കുകയായിരുന്നു. പാണക്കാട് ജുമാമസ്ജിദിൽ അവസാന മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി. പൊലീസ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകി.

മൃതദേഹം പുലർച്ചെ 12.15 ഓടെ പൊതുദർശനത്തിന് വെച്ച മലപ്പുറം ടൗൺഹാളിൽനിന്നും പാണക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇവിടെനിന്നും ഒരു മണിയോടെ പള്ളിയിലെത്തിച്ച് മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കുകയായിരുന്നു. പൊതുദർശന സ്ഥലത്ത് രാത്രി 11ന് ശേഷം അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ വളന്റിയർമാരും പൊലീസും ഏറെ പ്രയാസപ്പെട്ടു. പലർക്കും തിരക്കിൽപ്പെട്ട് പരിക്കേറ്റു. ഖബറടക്കം നേരത്തെയാക്കിയതോടെ മണിക്കൂറുകൾ കാത്തുനിന്ന ആയിരങ്ങൾ മൃതദേഹം കാണാനാകാതെ മടങ്ങേണ്ടി വന്നു.

യാത്രാമൊഴിയേകി പ്രമുഖരുടെ നീണ്ടനിര

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് യാത്രാമൊഴി നേരാൻ മലപ്പുറത്തെത്തിയത് പ്രമുഖരുടെ നീണ്ട നിര. മത -സാമുദായിക -രാഷ്ട്രീയ -സാംസ്‌കാരിക രംഗത്തെ നേതാക്കൾ മലപ്പുറം ടൗൺഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി ഒമ്പത് മണിയോടെ എത്തി അന്തിമോപചാരം അർപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് മൃതദേഹം മലപ്പുറം കുന്നുമ്മലിലെ ടൗൺഹാളിൽ എത്തിച്ചത്. സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എംപിമാരായ ടി.എൻ. പ്രതാപൻ, എംപി. രാഘവൻ, എംഎ‍ൽഎമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എൻ. ഷംസുദ്ദീൻ, കെ.ടി. ജലീൽ, മുഹമ്മദ് മുഹ്‌സിൻ, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി മുൻ പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു നേതാവ് കെ.എം. അഭിജിത്, സുന്നി എ.പി വിഭാഗം നേതാവ് എ.പി. അബ്ദുൽ ഖാദർ മുസ്‌ലിയാർ, ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, ജില്ല പ്രസിഡന്റ് സലീം മമ്പാട്, ജില്ല സെക്രട്ടറി എൻ.കെ. സദ്‌റുദ്ദീൻ, ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ജില്ല പ്രസിഡന്റ് രവി തേലത്ത്, മേഖല പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ശാന്ത സ്വഭാവക്കാരൻ, സ്ഫുടം ചെയ്‌തെടുത്ത ജീവിതം

പ്രവാചക കുടുംബത്തിന്റെ പുണ്യവും ജനപിന്തുണയുടെ കരുത്തുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾക്കും ഗുണകരമായിരുന്നത്. ഒരേസമയം ആത്മീയ നേതാവും രാഷ്ട്രീയ നേതാവുമായിരുന്ന തങ്ങൾ പൊതുജീവിതത്തിനു കർമങ്ങളിലൂടെ വിശുദ്ധിയുടെ നിറം നൽകി. കുടുംബമഹിമയും ഉന്നതവിദ്യാഭ്യാസവും മാത്രമല്ല, സമാനതകളില്ലാത്ത സ്വഭാവഗുണവും അദ്ദേഹത്തിന്റെ മഹത്വമായിരുന്നു.

പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ 5 ആൺമക്കളിലെ മൂന്നാമത്തെ മകനായാണു ഹൈദരലി തങ്ങളുടെ ജനനം. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് 2 മാസം മുൻപ് 1947 ജൂൺ 15നു ജനനം. രണ്ടു വയസ്സുള്ളപ്പോൾ ഹൈദരാബാദ് ആക്ഷന്റെ പേരിൽ പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ കൊടപ്പനയ്ക്കൽ തറവാട്ടിലെത്തിയ പൊലീസ് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ പൊലീസിന്റെ അഭ്യർത്ഥനയനുസരിച്ചു പൂക്കോയ തങ്ങൾതന്നെ ശാന്തമാക്കി. തുടർന്നു മഞ്ചേരി സബ് ജയിലിൽ രണ്ടു ദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്ചയും പൂക്കോയ തങ്ങൾ കഴിഞ്ഞു. പാണക്കാട് തറവാട്ടിൽ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങൾ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങൾ ഏഴു വയസ്സുള്ള കുട്ടിയും.

അടുത്ത വർഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവി ക്ഷയരോഗം മൂലം മരിച്ചത്. അന്ന് ഉപ്പയ്ക്ക് 30 വയസ്സ് കഴിഞ്ഞതേയുള്ളൂ. ഉമ്മയ്ക്ക് ഇരുപത്തഞ്ചും. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്. കുട്ടിക്കാലത്തുതന്നെ വീട്ടിലെ തിരക്കുകളിൽ ഹൈദരലി തങ്ങളും കണ്ണിയായി. പിതാവ് പൂക്കോയ തങ്ങൾ വട്ടമേശയ്ക്കു മുന്നിലിരുന്ന് ജനങ്ങളുടെ വേദനകളും ആവശ്യങ്ങളും കേട്ടുകൊണ്ടിരിക്കുമ്പോൾ അപ്പുറത്തെ മുറിയിലിരുന്ന് ഹൈദരലി തങ്ങൾ പിതാവിനെ സഹായിച്ചു.

ഹൈസ്‌കൂൾ പഠനം കോഴിക്കോട്ടായിരുന്നു. ഷെയ്ഖ് പള്ളിക്കു സമീപം അമ്മായിയുടെ 'കോയ വീട് 'എന്ന വീട്ടിൽ താമസിച്ച്, കോഴിക്കോട് മദ്രസത്തുൽ മുഹമ്മദിയയിൽനിന്ന് എസ്എസ്എൽസി നേടി. തുടർന്ന് ദർസ് പഠനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്കടുത്തു കോന്നല്ലൂർ, പൊന്നാനി മഊനത്ത് അറബിക് കോളജ് എന്നിവിടങ്ങളിൽനിന്നു മതവിദ്യാഭ്യാസ പഠനം തുടർന്നു. തുടർപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ ചേർന്നു.

ജാമിഅയിലെ പഠനകാലം സംഘാടനത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും കാലംകൂടിയായിരുന്നു. മതവിദ്യാർത്ഥികൾക്കായി 1973ൽ സംസ്ഥാന തലത്തിൽ സംഘടന രൂപീകരിച്ചപ്പോൾ പ്രഥമ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഹൈദരലി തങ്ങൾ നിയോഗിക്കപ്പെട്ടു. 1975ൽ തങ്ങൾ ഫൈസി ബിരുദം നേടി. മദീനയിൽ പോയി തുടർന്നു പഠിക്കണമെന്ന ആഗ്രഹവുമായാണു ജാമിഅയിൽനിന്നു പടിയിറങ്ങിയത്.

പക്ഷേ, പഠനം പൂർത്തിയാക്കി ഹൈദരലി തങ്ങൾ തിരിച്ചെത്തിയ വർഷമാണ് പിതാവിന് അർബുദരോഗബാധ സ്ഥിരീകരിച്ചത്. 1975 ജൂലൈ ആറിനു പൂക്കോയ തങ്ങൾ അന്ത്യശ്വാസം വലിക്കുമ്പോൾ തൊട്ടടുത്ത് ഹൈദരലി തങ്ങളുണ്ടായിരുന്നു. പിതാവ് മരിച്ചതോടെ രാഷ്ട്രീയ രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങൾക്കും മതരംഗത്ത് ഉമറലി ശിഹാബ് തങ്ങൾക്കും കൂടുതൽ ചുമതലകളുണ്ടായി. സഹോദരങ്ങളുടെ സഹായിയും അനുസരണയുള്ള അനുജനുമായി ഹൈദരലി തങ്ങൾ അവരുടെ കൂടെക്കൂടി.

1977ൽ മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസയുടെ പ്രസിഡന്റ് സ്ഥാനമാണ് തങ്ങളിലേക്ക് ആദ്യം വന്നണഞ്ഞത്. തുടർന്ന് കരുവാരകുണ്ട് ദാറുന്നജാത്ത് അനാഥ-അഗതി മന്ദിരത്തിന്റെ പ്രസിഡന്റായി. ആദ്യമായി ഖാസിയാകുന്നതുകൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ലിലാണ്.

2008 ജൂലൈ 3ന് സഹോദരൻ ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ സമസ്തയുടെ ഉന്നത നേതൃനിരയിലെത്തിയ ഹൈദരലി തങ്ങൾ തൊട്ടടുത്ത വർഷം ഓഗസ്റ്റ് ഒന്നിന് മൂത്ത സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണു ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകുന്നത്.

സാദിഖലി ശിഹാബ് തങ്ങൾ പിൻഗാമിയാവും

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പിൻഗാമിയായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിൽ സഹോദരൻ സാദിഖലി ശിഹാബ് തങ്ങളെത്തും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും എന്നാണ് സൂചകനൾ. ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താൽക്കാലിക ചുമതല. നിലവിൽ മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP