Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ നിന്ന് കേരളാ മുഖ്യമന്ത്രിവരെ; ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെ പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദത്തെ അതിജീവിച്ചു; ബൈക്കിന് പിറകിൽ പോലും യാത്ര ചെയ്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; നിയമസഭയിൽ സുവർണ്ണ ജൂബിലിയും; പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ

കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ നിന്ന് കേരളാ മുഖ്യമന്ത്രിവരെ; ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെ പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദത്തെ അതിജീവിച്ചു; ബൈക്കിന് പിറകിൽ പോലും യാത്ര ചെയ്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; നിയമസഭയിൽ സുവർണ്ണ ജൂബിലിയും; പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

രേ മണ്ഡലത്തിൽ അര നൂറ്റാണ്ടുകാലം എംഎൽഎ ആയിരിക്കുക! അതും 13 തവണ തുടർച്ചയായി ജയിച്ചുകൊണ്ട്. അതിനിടെ തൊഴിൽ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവുമായുള്ള വേഷപ്പകർച്ചകൾ. അപൂർവങ്ങളിൽ അപൂർവമായ റെക്കോർഡിന് ഉടമയാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ എക്കാലത്തെയും വലിയ ആവേശമായ ഉമ്മൻ ചാണ്ടി നിയമസഭയിൽ സുവണ്ണ ജൂബിലി പുർത്തിയാക്കിയതും ജനങ്ങൾക്കൊപ്പം ചേർന്ന് നിന്നാണ്.

എന്നും ആൾക്കൂട്ടത്തിന്റെ ആരവമായിരുന്നു കെ എസ് യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങി പടിപടിയായി കോൺഗ്രസ് പ്രവർത്തക സമിതി അംഗംവരെയായ ഈ നേതാവ്. ഇത്രയും ജനകീയനായ ഒരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇല്ല എന്ന് പറയാം. അതുകൊണ്ട് തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ മടക്കം സമാനതകളില്ലാത്ത നഷ്ടമാകുന്നത്. ഉമ്മൻ ചാണ്ടിയുടെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിലൂടെ.

തുടക്കം ഒരണ സമരത്തിലൂടെ

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു കൊച്ചു ഉമ്മൻ.

ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനഃസ്ഥാപിക്കാൻ വേണ്ടി 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭമാണ് ഒരണസമരം എന്നറിയപ്പെടുന്നത്. ഇഎംഎസ്സ് സർക്കാരിന്റെ ഭരണനടപടികളിലൊന്നായിരുന്നു കുട്ടനാട്ടിലെ ജലഗതാഗതരംഗം ദേശസാത്കരിച്ചത്. ആലപ്പുഴ-കുട്ടനാട്, കോട്ടയം മേഖലയിൽ ജനങ്ങൾ ഗതാഗതത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ബോട്ടുകളെ ആയിരുന്നു. ബോട്ടുടമകളിൽ ഭൂരിഭാഗവും ക്രൈസ്തവസമുദായത്തിൽപ്പെട്ട മുതലാളിമാരായിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്.

ബോട്ടുടമകളുടെ ഈ നടപടികൾ അവസാനിപ്പിക്കാനും, ജനങ്ങൾക്ക് ഏകീകരിച്ച് നിരക്കുകൾ ലഭ്യമാക്കാനും വേണ്ടിയാണ് സർക്കാർ ബോട്ടു ഗതാഗതം ദേശസാൽക്കരിക്കാൻ തീരുമാനിച്ചത്. ഏറ്റവും കുറഞ്ഞ തുക രണ്ട് അണയായി നിശ്ചയിച്ചു. വിദ്യാർത്ഥികൾക്ക് 50ശതമാനം സൗജന്യവും അനുവദിച്ചു. നിരക്കുകളുടെ ഏകീകരണം വരുന്നതിനു മുമ്പ് വിദ്യാർത്ഥികൾ ദൂരത്തിനനുസരിച്ചുള്ള നിരക്ക് നൽകണമായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരേ വിദ്യാർത്ഥികൾ പ്രക്ഷോഭമാരംഭിച്ചു. 1958 ജൂലൈ 12ന് ആണ് സമരം ആരംഭിച്ചത്. കുട്ടനാടൻ വിദ്യാർത്ഥികൾക്ക് ബോട്ടുടമകൾ നൽകിയിരുന്ന ഒരണ കൺസഷൻ നിലനിർത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയർവടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പൊലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്സ്, ആർഎസ്‌പി തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് 134 വിദ്യാർത്ഥികൾ അറസ്റ്റു ചെയ്യപ്പെട്ടു. 20000 ഓളം വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു.സമരത്തെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷപാർട്ടികളും, രാഷ്ട്രീയമായി ഈ സമരത്തെ എതിരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും രംഗത്തിറങ്ങി. 1958 ജൂലൈ 23 ന് വിദ്യാർത്ഥികൾ ആലപ്പുഴ പട്ടണത്തിൽ നടത്തിയെ ഒരു ജാഥയെ പാർട്ടിപ്രവർത്തകരും, പോർട്ടർമാരും അടങ്ങുന്ന ഒരു സംഘം ആക്രമിച്ചു. ഇതിനെത്തുടർന്ന് സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചു.

പക്ഷേ ഒടുവിൽ സർക്കാർ മുട്ടുകുത്തി. വിദ്യാർത്ഥികൾക്ക് ഒരണ തന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതെതുടർന്ന് 1958 ഓഗസ്റ്റ് 4ാം തീയതി സമരം പിൻവലിച്ചു. കെ.എസ്.യു എന്ന വിദ്യാർത്ഥിസംഘടയ്ക്ക് രാഷ്ട്രീയമായ അടിത്തറപാകിയ ഒരു സമരമായിരുന്നു ഒരണസമരം എന്നു കരുതപ്പെടുന്നു. കേവലം ഒരു വിദ്യാർത്ഥി സമരം എന്നതിലുപരി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ നടന്ന വിമോചനസമരത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനുള്ള സമരമായിരുന്നു വാതിലായിരുന്നു ഒരണ സമരം എന്ന് ഇ.എം.എസ്സ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെടുന്നു. ആന്റണിയും വയലാർ രവിയും അടക്കമുള്ളവർ ഉദിച്ചുയർന്ന അതേ സമരത്തിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വരവും.

കോട്ടയത്ത് ആഴ്ചക്ക് ഒരിക്കലെങ്കിലും പ്രകടനം

1962-63 കാലത്ത് കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഉമ്മൻ ചാണ്ടി 64ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. കെ എസ് യുവിനെ സംസ്ഥാന വ്യാപകമാക്കി ചലിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചത് ഉമ്മൻ ചാണ്ടി എന്ന കോട്ടയത്തിന്റെ പ്രിയപ്പെട്ട് കുഞ്ഞൂഞ്ഞ് ആയിരുന്നു. അന്നും ഇന്നും എന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് എത്തിയാൽ നെല്ലിക്കക്കുട്ട മറിച്ചിട്ടത് പോലെയാണ് ആളൊത്തുകൂടുക എന്ന അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകനും കോൺഗ്രസ് നേതാവുമായ എം.ജി ശശിധരൻ ഓർക്കുന്നു. കോട്ടയം നഗരത്തിൽ ഇപ്പോഴത്തെ പഴയ ബോട്ട് ജെട്ടിക്കു സമീപത്തെ റെസ്റ്റ് ഹൗസായിരുന്നു അന്ന് ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസിലെ യുവ തുർക്കികളുടെ താവളം. ഇവിടുത്തെ മൂന്നാം നമ്പർ മുറി കോട്ടയത്തെ ഇന്നത്തെ മുതിർന്ന നേതാവ് കുര്യൻ ജോയിയുടെയായിരുന്നു. അന്ന് ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. ഉമ്മൻ ചാണ്ടി എത്തുമ്പോൾ ഒരു പട തന്നെ ഒപ്പമുണ്ടാകും.

ഈ റെസ്റ്റ് ഹൗസിനു സമീപത്തു തന്നെയുള്ള ബോട്ട് ജെട്ടിയിൽ നിന്നാണ് കോട്ടയത്തു നിന്നുള്ള പത്രങ്ങളുടെ ആദ്യ എഡിഷൻ ആലപ്പുഴയിലേയ്ക്കു പുറപ്പെടുക. രാത്രി 12.30 വരെ ഉറങ്ങാതെ കാത്തിരുന്ന് പത്രം മുഴുവൻ വായിക്കുന്ന ഉമ്മൻ ചാണ്ടിയെന്ന യുവ നേതാവ് അന്നത്തെ കോൺഗ്രസ് പ്രവർത്തകർക്ക് കൗതുകമായിരുന്നു.ആറു പേരുണ്ടെങ്കിലും നൂറു പേരുടെ ആവേശം പ്രകടനങ്ങളിൽ പ്രകടമാണെന്ന് എം.ജി ശശിധരൻ ഓർമ്മിക്കുന്നു. കോട്ടയം നഗരത്തിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും കെ.എസ്.യു പ്രവർത്തകർ വിവിധ വിഷയങ്ങളിൽ പ്രകടനം നടത്തിയിരുന്നു. ആറു പേരുണ്ടെങ്കിലും നൂറു പേരുണ്ടെങ്കിലും ഒരു പോലെ ആവേശത്തോടെ നഗരത്തെ ഇളക്കിമറിച്ചാണ് പ്രകടനം നടത്തിയിരുന്നത്. ആ പ്രകടനങ്ങളുടെയെല്ലാം മുൻ നിരയിൽ ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു.കല്യാണ മരണവീടുകൾ അന്നും ഇന്നും വിടില്ല

കല്യാണവും മരണവീടുകളുമായിരുന്നു അന്നും ഇന്നും ഉമ്മൻ ചാണ്ടി കൃത്യമായി സന്ദർശനം നടത്തിയിരുന്നത്. എവിടെ പോയാലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലം ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നില്ല. ഒരു പറ്റം പ്രവർത്തകർ എപ്പോഴും ഒപ്പമുണ്ടാകും. ഒരു രാത്രിയിൽ തിരുവനന്തപുരത്തു നിന്നും വളരെ വൈകിയാണ് കോട്ടയം നഗരത്തിൽ ഡിസിസി ഓഫിസിൽ ഉമ്മൻ ചാണ്ടി എത്തിയത്. പുലർച്ചെ മറ്റൊരു പരിപാടിക്കു പോകാനൊരുങ്ങിയിറങ്ങിയപ്പോഴാണ് ഷർട്ടിന്റെ കാര്യം ഓർമ്മിച്ചത്. ഒരൊറ്റ ഷർട്ട് മാത്രമാണ് അന്ന് കയ്യിലുണ്ടായിരുന്നത്. ഇതോടെ സഹപ്രവർത്തകന്റെ ഷർട്ട് വാങ്ങി ധരിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി സ്ഥലം വിട്ടത്.

സിഐടിയുവിന്റെ തല്ലും കെഎസ്സിക്കാരുടെ ചാണകമേറും

ടി.ബി റോഡിലെ ലോഡ്ജിലായിരുന്നു അന്ന് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മറ്റൊരു താവളം. രാത്രിയിൽ ലോഡ്ജിൽ അട്ടിയടുക്കിക്കിടക്കുകയാണ് പതിവ്. ഈ ലോഡ്ജിന്റെ വരാന്തയിൽ തന്നെയാണ് നഗരത്തിലെ ചുമട്ടുതൊഴിലാളികളും കിടക്കുന്നത്. ഒരു ദിവസം രാത്രിയിൽ ഉമ്മൻ ചാണ്ടി ലോഡ്ജിന്റെ വരാന്തയിലൂടെ നടന്നു വന്നു. വരാന്തയിൽ കിടന്നുറങ്ങുകയായിരുന്നു സിഐടിയു പ്രവർത്തകന്റെ ഉറക്കം തടസപ്പെടുത്താതെ ഇദ്ദേഹത്തെ കവച്ചു വച്ച് മുറിയിലേയ്ക്ക്. ഈ സമയം ഉണർന്നു വന്ന സിഐ.ടി.യു പ്രവർത്തകൻ പിടിച്ച പിടിയാലെ ഉമ്മൻ ചാണ്ടിക്ക് അടികൊടുത്തു. രാത്രിയിലുണ്ടായ സംഭവം ആരോടും പറഞ്ഞ് പ്രശ്നമാക്കാതെ ഉമ്മൻ ചാണ്ടി ശ്രദ്ധിച്ചു. രാത്രിയിൽ പോയി കിടന്നുറങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് സഹപ്രവർത്തകർ ഉമ്മൻ ചാണ്ടിക്കു മർദനമേറ്റ വിവരം അറിഞ്ഞത്. ഉമ്മൻ ചാണ്ടിയെ മർദിച്ചയാളെ തിരിച്ചു തല്ലാൻ പ്രവർത്തകർ ചാടിയിറങ്ങിയെങ്കിലും, ഇദ്ദേഹം തന്നെ ഇടപെട്ട് ആവേശക്കമ്മറ്റിക്കാരെ തടഞ്ഞു നിർത്തുകയായിരുന്നു. വർഷങ്ങൾക്കു ശേഷം ഈ സിഐ.ടി.യു പ്രവർത്തകൻ അന്നത്തെ മർദനത്തിനു മാപ്പു പറയുകയും ചെയ്തു.

കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് രൂപീകരിച്ച സമയം. കേരള കോൺഗ്രസിന്റെ ശക്തി ദുർഗമായ പാലാ സെന്റ് തോമസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാൻ അന്നത്തെ സംസ്ഥാന പ്രസിഡന്റ് ഉമ്മൻ ചാണ്ടി തീരുമാനിച്ചു. ഇന്നത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും അന്നത്തെ കോൺഗ്രസ് നേതാവുമായ രാമൻ നായരെയും, ജോണിയെന്ന മറ്റൊരു നേതാവിനെയുമാണ് യൂണിറ്റ് രൂപീകരണം ഏൽപ്പിച്ചത്. സംഭവ ദിവസം തന്നെ ഇരുവരും മുങ്ങി. പിന്നെ പൊങ്ങിയത് തിരുവനന്തപുരത്താണ്. കഥയൊന്നുമറിയാതെ പാലായിൽ എത്തിയ ഉമ്മൻ ചാണ്ടിയെ കെഎസ്സിക്കാർ ചേർന്ന് ആക്രമിച്ചു. ചാണകത്തിൽ കുളിച്ചു നിന്ന ഉമ്മൻ ചാണ്ടിയുടെ വസ്ത്രങ്ങളും വലിച്ചു കീറി.

ഏതു മലമറിഞ്ഞു വരുന്ന ഉടക്കുകളും പുഷ്പം പോലെ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിക്കു പ്രത്യേക കഴിവുണ്ടായിരുന്നതായി എം.ജി ശശിധരൻ പറയുന്നു. പാർട്ടിക്കുള്ളിലെയും പുറത്തെയും തർക്കങ്ങൾ പരിഹരിക്കുന്നതിനായി പലരും ഉമ്മൻ ചാണ്ടിയെ സമീപിക്കും. ഇത്തരത്തിൽ സമീപിക്കുന്നവരുമായി പലപ്പോഴും ചർച്ച രാത്രിയിലായിരിക്കും. രണ്ടു കൂട്ടരെയും പാർട്ടി ഓഫിസുകളിൽ വിളിച്ചിരുത്തും. ഇരുവരോടും പറഞ്ഞ സമയം കഴിഞ്ഞ് രണ്ടും മൂന്നും മണിക്കൂറുകൾക്കു ശേഷമാവും ഉമ്മൻ ചാണ്ടി സ്ഥലത്ത് എത്തുക. ഇതിനോടകം രണ്ടു കക്ഷികളും ഇരുന്ന് മടുത്തിട്ടുണ്ടാകും. ഈ സമയത്ത് എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ഒറ്റ വാക്കിൽ തർക്കം തീരും.കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ സ്‌കൂൾ യൂണിറ്റുകളിൽ പോലും ഉമ്മൻ ചാണ്ടി സന്ദർശനം നടത്തി, പ്രാദേശിക നേതാക്കളെ പോലും അടുത്തു പരിചയപ്പെട്ടിരുന്നതായും എം.ജി ശശിധരൻ ഓർമ്മിക്കുന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി.

1970ൽ പുതുപ്പള്ളിയിൽ തുടങ്ങിയ സമാജികത്വം

കാന്തംപോലെ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവിനെ കണ്ടിലെന്ന് നടിക്കാൻ കോൺഗ്രസ് നേതൃത്വത്തിനും ആയലില്ല. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർത്ഥിയായി. അരനുറ്റാണ്ടുകാലത്തേക്കുള്ള ഒരു കുത്തകയുടെ തുടക്കമായിരുന്നു അതെന്ന് ആരും അന്ന് അറിഞ്ഞില്ല. താൻ ജയിക്കുമെന്ന് ഉറച്ച വിശ്വാസം തനിക്കും ഇല്ലായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടി പിന്നീട് പറഞ്ഞത്.

തിരിക്കിട്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെയാണ് അദ്ദേഹത്തിന്റെ വിവാഹവും നടക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെ-'കല്യാണം ഏതാണ്ട് വാക്കുറപ്പിച്ചിരിക്കുന്ന സമയം. മണവാളന്റെ കൈപ്പടയിൽ തപാലിൽ ഒരു കത്ത് വന്നു. ആദ്യത്തെ പ്രേമലേഖനം! എനിക്കാകെയൊരു വെപ്രാളവും നാണവും. തുറന്നു നോക്കിയപ്പോൾ രണ്ടേ രണ്ടു വരി: ''തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പ്രാർത്ഥിക്കണം''.അന്ന്, ഉമ്മൻ ചാണ്ടിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയോ കുറിച്ച് എനിക്കു വലിയ പിടിയൊന്നുമില്ല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ മത്സരമാണ്. പി.സി.ചെറിയാനാണ് എതിർ സ്ഥാനാർത്ഥി. കടുപ്പമാണ്. നീ ശരിക്കു പ്രാർത്ഥിച്ചോ എന്റെ കസിനും പേടിപ്പിച്ചു. ഞാൻ ഉള്ളുരുകിയങ്ങു പ്രാർത്ഥന തുടങ്ങി. എങ്ങാനും തോറ്റുപോയാൽ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യക്കേടാണെന്ന് ആരെങ്കിലും പറഞ്ഞാലോ.അദ്ദേഹം ജയിച്ചു; നല്ല ഭൂരിപക്ഷത്തോടെ. അന്നനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല.'- മറിയാമ്മ പറയുന്നു.

'പിന്നെയങ്ങോട്ട് എത്രയെത്ര തിരഞ്ഞെടുപ്പുകൾ. പക്ഷേ അന്നത്തെ ആ സന്തോഷത്തിന്റെയത്ര വരില്ല അതൊന്നും. ആ ജയത്തോടെ മന്ത്രിയായി. അതോടെ കല്യാണം നീണ്ടുപോയി, ചെക്കന് ഒഴിവു കിട്ടേണ്ടേ? കല്യാണം മാറിപ്പോകുമോ എന്നു ചില ബന്ധുക്കളൊക്കെ അടക്കം പറയാൻ തുടങ്ങി. പക്ഷേ എനിക്കു മാത്രം ഒരു പേടിയുമില്ല. എന്റെ കിലോക്കണക്കിനു തൂക്കമുള്ള പ്രേമലേഖനങ്ങൾക്കു നാലഞ്ചു വരിയുടെ പിശുക്കിയുള്ള മറുപടിയും ആഴ്ചയിൽ രണ്ടു വട്ടമുള്ള ഫോൺ വിളികളും തന്നെ ധാരാളമായിരുന്നു ആ ആളെ അറിയാൻ. അന്നുമിന്നും എനിക്ക് ഉറപ്പാണ്, ഉമ്മൻ ചാണ്ടി ഒരു വാക്കു പറഞ്ഞാൽ വാക്കാണ്.'- ഉമ്മൻ ചാണ്ടിയുടെ പത്‌നി മറിയാമ്മ ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 -2016 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആർക്കും അവകാശപ്പെടാനില്ലാത്ത അപുർവ കുത്തക

എന്നും എ ഗ്രൂപ്പിന്റെ പടനായകൻ

1977ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി.

എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. കരുണാകരനുമായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ല. കരുണാകരന്റെ സർവാധിപത്യ പ്രവണതക്ക് എതിരെയും മക്കൾ രാഷ്ട്രീയത്തിനെതിരെയും ഉമ്മൻ ചാണ്ടി ശക്തമായി പ്രതികരിച്ചു. എപ്പോഴും എ കെ ആന്റണിയോട് ഗുരുതുല്യമായ ബന്ധമായിരുന്നു അദ്ദേഹത്തിന്. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982ൽ കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ്. കൺവീനറായും (198286) പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു.

ചാരക്കേസിൽ കരുണാകരനെ പുറത്താക്കിയ രാഷ്ട്രീയ ബുദ്ധി

എന്നാൽ വൈകാതെ കരുണാകരനും കോൺഗ്രസിൽനിന്ന് രാജിവെച്ച് ഇറങ്ങേണ്ടി വന്നു. എക്കാലവും ആരുമായും രാഷ്ട്രീയ സ്പർധക്ക് പോകാത്ത ആന്റണിയുടെ രീതിയായിരുന്നില്ല, പകരത്തിന് പകരം എന്ന രീതിയിൽ പ്രതികരിക്കുന്ന ഉമ്മൻ ചാണ്ടിയുടേത്. കരുണാകരന്റെ മക്കൾ രാഷ്ട്രീയവും സ്വജനപക്ഷപാതിത്വവും പാർട്ടിയിലെ എകാധിപത്യവുമെല്ലാം അക്കാലത്ത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ കരുണാകരന് രാജിവെച്ച് ഒഴിയേണ്ടിവന്നത് ഉമ്മൻ ചാണ്ടി ഒരുക്കിയ ചാണക്യതന്ത്രങ്ങളായിരുന്നുവെന്ന് ഇന്ന് പരസ്യമായ രഹസ്യമാണ്. പക്ഷേ അന്ന് പ്രതിഛായ നഷ്ടത്തിൽ ആടി ഉലയുകയായിരുന്നു യുഡിഎഫ്. 95ൽ കരുണാകനെ മാറ്റി ആന്റണി മുഖ്യമന്ത്രിയായപ്പോൾ, മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ വലിയ പിന്തുണയാണ് കിട്ടയത്. ചാരായ നിരോധനം അടക്കമുള്ള ജനപ്രിയ കാര്യങ്ങൾ ആന്റണി സർക്കാർ നടപ്പിലാക്കിയിരുന്നില്ലെങ്കിൽ യുഡിഎഫ് അന്ന് ഒലിച്ചപോയെനേ എന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. 96ലെ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായെങ്കിലും 2001ൽ വൻ ഭൂരിപക്ഷത്തോടെ ആന്റണി സർക്കാർ തിരിച്ചുവന്നതിൽ ഉമ്മൻ ചാണ്ടിക്ക് കൂടിയുള്ള പങ്ക് വളരെ വലുതാണ്. അർജുനന് തേരു തെളിക്കുന്ന കൃഷ്ണനെപ്പോലെ, ആന്റണിയെ നയിക്കുന്ന ശക്തി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അക്കാലത്ത് ഉമ്മൻ ചാണ്ടിയെ വിലയിരുത്തിയത്.

2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വർഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ഇടയാക്കിയതും ഉമ്മൻ ചാണ്ടി ഇടക്കിടെ മുന്നറിയിപ്പ് നൽകാറുണ്ടായിരുന്ന കോൺഗ്രസ് ഗ്രൂപ്പിസം തന്നെയായിരുന്നു.

ആന്റണിയുടെ പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക്

കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ആന്റണിയുടെ പിൻഗാമിയായിരുന്ന, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തും അതുതന്നെ ആവർത്തിച്ചു. ആന്റണി രാജിവെച്ചപ്പോൾ യുഡിഎഫിനും കോൺഗ്രസിനും മുന്നിൽ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു. തുടർന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മെയ് വരെ ഈ പദവിയിൽ തുടർന്നു. വി എസ് തരംഗം ആഞ്ഞടിച്ച 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.

തുടർന്ന് 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ചു. മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേറ്റപ്പോൾ പലരും പറഞ്ഞത് ഈ മന്ത്രിസഭകക് അധികം ആയുസില്ല എന്നാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ ഒന്നൊന്നായി ജയിച്ചും, പാളയത്തിലെ പട നിയന്ത്രിച്ചും, എതിരാളികളെ സ്വന്തം പാളയത്തിൽ എത്തിച്ചും, ഘടകകക്ഷികളെ മെരുക്കിയും ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ്വഴക്കത്തോടെ അദ്ദേഹം തന്റെ സർക്കാറിനെ അതിവേഗം ബഹുദൂരം കൊണ്ടുപോയി. പൊതു ഭരണത്തിന് പുറമേ ആഭ്യന്തരം, വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു.

സോളാറിൽ അപമാനിതനായി

എന്നാൽ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി. 2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചു പണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി. ജനസമ്പർക്ക പരിപാടിയിലൂടെയും റോഡ് വികസനത്തിലൂടെയും അദ്ദേഹം പേരെടുത്തു. കൊച്ചി മെട്രോ വിഭാവനം ചെയ്യുന്നതും ഈ സർക്കാറാണ്. അവസാനം ജി കാർത്തികേയന്റെ മരണത്തെ തുടർന്നുണ്ടായ അരുവിക്കര ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് ജയിച്ചതോടെ ഉമ്മൻ ചാണ്ടി സർക്കാറിന് തുടർ ഭരണം എന്നുവരെ പ്രചാരണം ഉണ്ടായി. പക്ഷേ സോളാർ വിവാദങ്ങൾ എല്ലാം പ്രതീക്ഷകളും അട്ടിമറിച്ചു.

എന്നും വിവാദങ്ങളുടെ സഹയാത്രികൻ തന്നെയായിരുന്നു ഉമ്മൻ ചാണ്ടി. പക്ഷേ ഒരു മുഖ്യമന്ത്രിക്കും കേട്ടിട്ടില്ലാത്ത ലൈംഗിക അപവാദമാണ് അദ്ദേഹത്തിന് സരിതാ നായരിൽ നിന്ന് എൽക്കേണ്ടി വന്നത്. ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും സരിതാ ദംശനം ഏറ്റതോടെ യുഡിഎഫിന്റെ ഇമേജ് കുത്തനെ ഇടിഞ്ഞു. പേഴ്സണൽ അസിസ്റ്റന്റ് ജോപ്പന്റെ അറസ്റ്റും അദ്ദേഹത്തിന് കനത്ത തിരിച്ചടിയായി. ഇന്നും തിരിഞ്ഞ് നോക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്ന സോളാർ വിവാദം എന്ു കാണാം.

2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയുണ്ടായതോടെ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ല. 'നിലവിലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആവുന്നതാണ് രീതിയെങ്കിൽ, നിലവിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാവണ്ടേ' എന്ന് വിഎസിന്റെ അവസ്ഥ ഓർമ്മിപ്പിച്ചുകൊണ്ട് ആ സമയത്തും അദ്ദേഹം ചിരിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നത്തലക്ക് ഉമ്മൻ ചാണ്ടി എല്ലാ പിന്തുണയും കൊടുക്കുയും ചെയതു. അൽപ്പകാലത്തെ മൗനത്തിനുശേഷം ആന്ധ്രയുടെ ചുമതലയാണ് എഐസിസി അദ്ദേഹത്തിന് നൽകിയത്. അത് ഒരു ഒതുക്കൽ ആണോ എന്ന് സംശയിച്ചവർ ഉണ്ട്. പക്ഷേ ഉമ്മൻ ചാണ്ടി അവിടെയും അത്ഭുദങ്ങൾ കാട്ടി.

ബൈക്കിൽ സഞ്ചരിച്ച് ആന്ധ്രാക്കാരുടെ ഹൃദയത്തിലേക്ക്

പക്ഷേ തകർന്നുപോയ പാർട്ടിയെയും ഉമ്മൻ ചാണ്ടി ആന്ധ്രയിൽ പുനരുജ്ജീവിപ്പിച്ചു. കേരളത്തിലേതുപോലെ ആന്ധ്രയിലും ഉമ്മൻ ചാണ്ടി ജനകീയൻനായി. മലയാളികൾ മാത്രമല്ല, ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിക്കൊപ്പം കൂടും. അതൊരു വലിയ ആൾക്കൂട്ടമായി മാറുകയും ചെയ്യും.ആന്ധ്രാ പി.സി.സി അദ്ധ്യക്ഷൻ സാകേ സൈലജ നാഥ് ഇങ്ങനെ പറയുന്നു.

'ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ മനുഷ്യനും നേതാവുമാണ് ഉമ്മൻ ചാണ്ടി. മനുഷ്യരോട് ഇത്രയും അടുത്ത് ഇടപഴകുന്ന ഒരു നേതാവിനെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നേതാക്കളോട് ഇടപഴകുന്ന ശൈലിയേയും നോക്കി നിന്നിട്ടുള്ളത്. സംഘടന തലത്തിലായാലും ജനങ്ങളുടെ പ്രശ്നങ്ങളായാലും അത് എന്താണെന്നും അവ എങ്ങനെ പരിഹരിക്കണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം. ബൈക്കിന് പിന്നിലിരുന്ന് യാത്രകഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉമ്മൻ ചാണ്ടി ആന്ധ്രയിൽ എത്തുന്നത്. എന്നാൽ, ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകരുമായി അദ്ദേഹം വളരെ പെട്ടെന്ന് ഇഴുകി ചേർന്നു. പ്രവർത്തകരുമായി അടുപ്പം ഉണ്ടാകുന്നതിന് ഭാഷ ഒരു തടസമായിരുന്നില്ല. ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്ന ഹൈക്കമാൻഡ് പ്രതിനിധി ഞങ്ങൾക്ക് അത്ഭുതമായിരുന്നു.

യാതൊരു തർക്കമോ ബഹളമോയില്ലാതെ അദ്ദേഹത്തിനൊപ്പം സുഗമമായി പ്രവർത്തിക്കാൻ സാധിക്കും. പല ഗ്രൂപ്പുകൾ ഉന്നയിക്കുന്ന വിഷയങ്ങളും ശ്രദ്ധയോടെ കേട്ടിരുന്ന് അതിലൊരു തീരുമാനമെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് നന്നായി അറിയാം. വലിയൊരു ജനാധിപത്യവാദിയാണ് അദ്ദേഹം. പാർട്ടിയിലെ എല്ലാവരുമായും ചർച്ച ചെയ്തും ചിന്തിച്ചും മാത്രമേ തീരുമാനങ്ങൾ എടുക്കാറുള്ളൂ.പാർട്ടിയിൽ ഒരു ചെറിയ പ്രശ്നമോ തർക്കമോ ഉണ്ടായാൽ നേതാക്കൾ അപ്പോൾ ഉമ്മൻ ചാണ്ടിയെ കാണാമെന്ന് പറയും. ഉമ്മൻ ചാണ്ടിയുടെ അടുത്ത് പോയാൽ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന വിശ്വാസമാണ് അതിന് കാരണം.

ലോക്ക്ഡൗൺ സമയത്ത് പലതവണ ഞങ്ങൾ ഓരോരുത്തരെയും തേടി അദ്ദേഹത്തിന്റെ ഫോൺ കോളുകൾ വന്നിരുന്നു. കൊച്ചുമുറി കിട്ടിയാൽ സന്തോഷം. വളരെ ലളിതമായ ആഹാരമാണ് അദ്ദേഹം ആന്ധ്രയിൽ എത്തിയാൽ കഴിക്കാറുള്ളത്. ചപ്പാത്തിയോ ചോറോ അങ്ങനെയെന്തെങ്കിലും മതി. എന്തെങ്കിലും പ്രത്യേക ആഹാരം എനിക്ക് വേണമെന്ന് അദ്ദേഹം ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. ആഹാരം മാത്രമല്ല മറ്റൊന്നും വേണമെന്നും പറഞ്ഞിട്ടില്ല. മറ്റ് എഐസിസി ജനറൽ സെക്രട്ടറിമാരും ഉമ്മൻ ചാണ്ടിയുമായി വളരെ വലിയ വ്യത്യാസമുണ്ട്. ഇവിടെ വന്നാൽ എപ്പോഴും താമസിക്കാൻ സർക്കാർ ഗസ്റ്റ് ഹൗസായിരിക്കും അദ്ദേഹം ചോദിക്കുക. അഥവാ ഗസ്റ്റ് ഹൗസ് കിട്ടിയില്ലെങ്കിലും ഏതെങ്കിലും ഒരു കൊച്ചുമുറിയിൽ അദ്ദേഹം കിടന്നോളും. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന ശീലം ഉമ്മൻ ചാണ്ടിക്കില്ല. ഉമ്മൻ ചാണ്ടി ആന്ധ്ര കോൺഗസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായശേഷം പാർട്ടി വിട്ടുപോയ പല നേതാക്കളെയും തിരിച്ചുകൊണ്ടുവരാൻ സാധിച്ചു. കിരൺകുമാർ റെഡ്ഢി അടക്കമുള്ള നേതാക്കളെ പാർട്ടിയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ മിടുക്കാണ്. കോൺഗ്രസിനോട് വളരെ കടപ്പെട്ടിരിക്കുന്ന ഒരാളാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഞങ്ങൾ പ്രക്ഷോഭങ്ങൾ നടത്തുന്ന സമയങ്ങളിൽ പലപ്പോഴും അദ്ദേഹം ആന്ധ്രയിൽ വന്നിട്ടുണ്ടായിരുന്നു. പ്രായവും ആരോഗ്യവും മാനിച്ച് ഇറങ്ങരുതെന്ന് ഞങ്ങൾ പറഞ്ഞാലും വെയിലത്ത് മുൻപന്തിയിൽ ഉമ്മൻ ചാണ്ടി നിൽക്കും. ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നുപ്പോഴും അന്ധ്രയെ അദ്ദേഹം മറന്നില്ല. ബൂത്ത് തലം മുതൽ ശക്തിപ്പെട്ടാൽ മാത്രമേ പാർട്ടി തിരിച്ചുവരികയുള്ളൂവെന്ന് ഫോണിലൂടെയും നേരിൽ കാണുമ്പോഴും എപ്പോഴും ഞങ്ങളെ ഉമ്മൻ ചാണ്ടി ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്രയും സിമ്പിളായി വസ്ത്രം ധരിക്കുന്ന ഫാഷനബിൾ അല്ലാത്ത ഹമ്പിളായ നേതാവാണ് ഉമ്മൻ ചാണ്ടി. ആന്ധ്ര രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് അദ്ദേഹം.- സാകേ സൈലജ നാഥ് പറയുന്നു.

അമാവാസിയെ പൗർണ്ണമിയാക്കി

ഉമ്മൻ ചാണ്ടിയുടെ വികസന നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ എല്ലാവരും കൊച്ചി മെട്രോക്ക് അടിത്തറ പാകിയ കാര്യമാണ് പറയുക. പക്ഷേ അതിനേക്കാൾ ഒക്കെ വലുതാണ് ജനസമ്പർക്ക പരിപാടിയിൽ അടക്കം അദ്ദേഹം പതിനായിരങ്ങൾക്ക് നൽകിയ സഹായങ്ങൾ. തന്റെ മുന്നിൽ സഹായവുമായി എത്തുന്ന ആരെയും ഉമ്മൻ ചാണ്ടി വെറും കൈയോടെ മടക്കാറില്ല. കേരളത്തിന്റെ കണ്ണീരായ രണ്ടു പേരാണ് അമാവാസിയും അസ്‌നയും. അക്രമരാഷ്ട്രീയത്തിന്റെ ബോംബേറുകൾക്കു മുന്നിൽ ജീവിതം വഴിമുട്ടിയ രണ്ടുകുട്ടികൾ. 1998 ഒക്ടോബറിൽ കണ്ണൂർ കല്ലിക്കണ്ടിക്കടുത്ത് തൂവക്കുന്നിൽ രാഷ്ട്രീയക്കാർ ഉപേക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇടതുകൈപ്പത്തിയും കണ്ണും നഷ്ടപ്പെട്ടതാണ് അമാവാസിക്ക്. ഇടതു ചിന്തകനായിരുന്ന പി.ഗോവിന്ദപ്പിള്ളയാണ് അമാവാസിയുടെ പേരിലെ ഇരുൾ നീക്കി പൂർണചന്ദ്രനെന്ന പുതു പേരു നൽകിയത്. ജീവിതത്തിലെ ഇരുൾ നീക്കിയതാകട്ടെ ഉമ്മൻ ചാണ്ടിയും. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ വിദ്യാർത്ഥിയായിരുന്ന പൂർണചന്ദ്രന് ഉമ്മൻ ചാണ്ടി ഇടപെട്ട് അവിടെത്തന്നെ ക്ലാർക്കായി ജോലി നൽകി.

2000 സെപ്റ്റംബർ 27നു ബിജെപിക്കാരുടെ ബോംബേറിലാണ് കണ്ണൂർ ചെറുവാഞ്ചേരിയിലെ അസ്‌നയ്ക്കു വലതുകാൽ നഷ്ടപ്പെട്ടത്. കൃത്രിമക്കാലുമായി പഠനത്തിൽ വിജയങ്ങളോരോന്നായി നടന്നു കയറിയ അസ്‌ന കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. വർഷങ്ങളായി ലിഫ്റ്റ് തകരാർ. മൂന്നാംനിലയിലെ ക്ലാസ്മുറി കയറിയിറങ്ങാൻ അസ്‌ന അനുഭവിക്കുന്ന ബുദ്ധിമുട്ട് അറിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പുതിയ ലിഫ്റ്റിന് 38 ലക്ഷം രൂപ അനുവദിച്ചു. ഇപ്പോൾ ഡോക്ടറാണ് അസ്‌ന. വ്യക്തിപരിചയയോ കക്ഷി രാഷ്ട്രീയമോ നോക്കാതെ ഉമ്മൻ ചാണ്ടി സഹായിച്ച പതിനായിരങ്ങൾ എപ്പോഴും അദ്ദേഹത്തിന് ആയുരാരോഗ്യങ്ങൾ നേരുന്നുണ്ട്.

എന്നെന്നും പുതുപ്പള്ളിക്കാർ ഒപ്പം

എന്നും പുതുപ്പള്ളിക്കാർക്ക് ഒപ്പമാണ് അവരുടെ പ്രിയപ്പെട്ട കുഞ്ഞുഞ്ഞ്. അമ്പതുവർഷത്തെ ഉമ്മൻ ചാണ്ടി ഭരണത്തിൽ വികസക്കുതിപ്പുതന്നെയാണ് ഈ മണ്ഡലത്തിൽ ഉണ്ടായത്. അല്ലായെ വെറും വ്യകതിബന്ധം കൊണ്ട് മാത്രമല്ല അദ്ദേഹം ജയിച്ചുകയറുന്നത്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ, ഈ മൂന്നു ലോകപ്രശസ്തരുടെ ഓർമയ്ക്കായി സ്ഥാപനങ്ങളുണ്ട് പുതുപ്പള്ളി മണ്ഡലത്തിൽ. കോവിഡ് കാലത്ത് ഏറ്റവും ഉപകരിക്കപ്പെട്ട ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്‌പെഷ്യൽറ്റി ഹോസ്പിറ്റൽ വർഷങ്ങൾക്കു മുൻപേ ദീർഘ വീക്ഷണത്തോടെ ആരംഭിച്ചതും ഉമ്മൻ ചാണ്ടിയാണ്.

1991ൽ രാജീവ് ഗാന്ധിയുടെ മരണ ശേഷം ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണു പാമ്പാടി വെള്ളൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗവ. എൻജിനീയറിങ് കോളജ്. ഈ കോളജിന്റെ ഉദ്ഘാടകയായി സോണിയ ഗാന്ധിയെയാണ് ഉമ്മൻ ചാണ്ടി മനസ്സിൽ കണ്ടത്. അതു സാധ്യമായില്ല. അതുകൊണ്ടു കോളജിൽ പല പരിപാടികൾക്കു ക്ഷണിച്ചെങ്കിലും ഉമ്മൻ ചാണ്ടി പോയതുമില്ല. ഒടുവിൽ കോളജിന്റെ ഉദ്ഘാടനവും രജതജൂബിലി ആഘോഷവും ഒരുമിച്ചു സോണിയ ഗാന്ധി നിർവഹിച്ചു 2015ൽ.അകലക്കുന്നം പഞ്ചായത്തിലെ തെക്കുംതലയുടെ തലയെടുപ്പാണ് കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് എന്ന സ്ഥാപനം. ഉദ്ഘാടനം ചെയ്തത് മുൻഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി. കാടു പിടിച്ചു കിടന്ന പഴയ സർക്കാർ സ്‌കൂളും പുരയിടവും ഇന്നു ഫിലിം സിറ്റിയാണ്.വിഖ്യാത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാർഷികത്തിൽ രാജ്യത്തിനുള്ള സമ്മാനമായിരുന്നു ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് വെള്ളൂരിൽ വാടക കെട്ടിടത്തിലാണ്. ആർഐടി കോളജിനുസമീപം 10 ഏക്കർ എടുത്തിട്ടുണ്ട്. ഇത് കുടാതെ മണ്ഡലമൊമ്പാടുമുള്ള റോഡ് അടക്കമുള്ള വികസനങ്ങളും കാണേണ്ടതുതന്നെയാണ്. ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാൻ സ്‌നേഹിക്കുന്നതും ഇതിന്റെയൊക്കെ ബലത്തിൽ തന്നെയാണ്.

പാവത്തം കുഞ്ഞൂഞ്ഞിന്റെ സ്വഭാവമെന്ന് ഭാര്യ

വീട്ടിൽ ഒന്നിനും സമയമില്ലാത്ത ഗൃഹനാഥനാണ് ഉമ്മൻ ചാണ്ടി. പക്ഷേ കുടുംബത്തിനും അത് നന്നായിട്ട് അറിയാം. വനിതക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഇങ്ങനെ പറയുന്നു.'കുഞ്ഞിനെ (അങ്ങനെയാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്) സംബന്ധിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും അനിഷ്ടമുള്ളതും ഒരൊറ്റ കാര്യത്തിലാണ് ആ പാവത്തം. അത് അമ്മയിൽ നിന്നു കിട്ടിയ സ്വഭാവമാണ്. പറ്റില്ല, ചെയ്യില്ല എന്ന് അറത്തു മുറിച്ചു പറയേണ്ടിടത്ത് കുഞ്ഞ് അതു ചെയ്യില്ല. കുഞ്ഞിനെക്കൊണ്ടതിനു കഴിയില്ല. അതൊരു കുഴപ്പമാണ്. ഒരു മനുഷ്യരിലും കാണാത്തൊരു താഴ്മയും ക്ഷമയും സഹനവുമാണ്. എല്ലാം 'പോട്ടെ, പോട്ടെ' എന്നു വയ്ക്കും. വീട്ടുകാര്യങ്ങൾക്ക് ഒരിക്കലും ഉപകാരപ്പെടാത്ത, കൊച്ചുവർത്തമാനം പറഞ്ഞിരിക്കാൻ 5 മിനിറ്റ് നീക്കിവയ്ക്കാനുള്ള സാവകാശമില്ലാത്ത, ഒരിക്കൽ പോലും ഷോപ്പിങ്ങിനു കൂട്ടുവരാത്ത ഒരാളുമായുള്ള 43 വർഷം പിന്നിടുന്ന ദാമ്പത്യത്തെ നിറവോടെ ഉറപ്പിച്ചു നിർത്തുന്നതിലും ആ 'പാവത്തം' സ്വഭാവത്തിനു വലിയ പങ്കുണ്ട്.

അധികാരം കാണിക്കില്ല, വഴക്കിടില്ല, ആക്ഷേപിക്കില്ല. ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഒരിഷ്ടത്തിനും എതിരല്ല. സർവസ്വാതന്ത്യം. ഭക്ഷണത്തിലുൾപ്പെടെ ഒരു നിർബന്ധവുമില്ല, പരാതിയുമില്ല. മേശപ്പുറത്തു വച്ച പഴത്തിൽ ഒരെണ്ണം ചീത്തയായാൽ അതാവും കുഞ്ഞ് എടുത്തു കഴിക്കുക. നല്ലൊരു സാരിയുടുത്താൽ, നന്നായൊന്ന് അണിഞ്ഞൊരുങ്ങിയാൽ പ്രശംസിക്കാത്ത ഭർത്താവ് അരസികനാണെന്നു പൊതുവേ ഭാര്യമാർക്കു തോന്നാം. എനിക്കതു തോന്നാത്തത്, ഇതൊന്നും കുഞ്ഞിന്റെ ഉള്ളിൽ തട്ടുന്ന കാര്യങ്ങളല്ലെന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ്. മനസ്സ് നിറയെ നാട്ടുകാരും അവരുടെ പ്രശ്‌നങ്ങളുമാണ്.'- അവർ പറയുന്നു. മക്കൾ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും പറയാനുള്ളതും അതുതന്നെ. കുടുംബത്തെ ചേർത്ത് നിർത്തിയ നാഥൻ കൂടിയായിരുന്നു ഈ തിരക്കിനിടയിലും ഉമ്മൻ ചാണ്ടി.

മടങ്ങിവരവ് ആഗ്രഹിച്ചവർ ഇനി നിരാശർ

കേരളത്തിൽ എത് സർവേ എടുത്താലും ഏറ്റവും ജനപ്രിയനായ നേതാവാണ് ഉമ്മൻ ചാണ്ടി. അടുത്ത കാലത്ത് ഏഷ്യാനെറ്റ് ന്യുസ് നടത്തിയ രണ്ട് അഭിപ്രായ സർവേകളിലും കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് ഉമ്മൻ ചാണ്ടിയായിരുന്നു. (കോവിഡ് കാലത്ത് നടത്തിയ സർവേയിൽ മാത്രമാണ് അത് പിണറായിയിലേക്ക് മാറിയത്. പക്ഷേ അപ്പോൾ സ്വപ്നയും സ്വർണ്ണക്കടത്തും പോലുള്ള വിവാദങ്ങൾ വന്നിട്ടില്ല.). അതുകൊണ്ടുതന്നെയാണ് പിണറായിയെപ്പോലെയുള്ള ഒരു കരുത്തനെ നേരിടാൻ ഉമ്മൻ ചാണ്ടിയെപ്പോലെ ജനകീയനായ ഒരു നേതാവ് വേണമെന്ന് പൊതുവേ മലയാളി ചിന്തിച്ചത്. അത് വെറുതെയായി. ബംഗ്ലൂരുവിലെ ചികിൽസയ്ക്കിടെ മടക്കം. എളിമയുള്ള ഭരണാധികാരിയെ അങ്ങനെ കേരളത്തിന് നഷ്ടമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP