Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോളിവുഡ് സൂപ്പർ താരം ഒമർ ഷെരീഫ് ഓർമ്മയായി; വിടവാങ്ങുന്നത് ഗോൾഡൻ ഗ്‌ളോബ് അവാർഡ് രണ്ട് തവണ നേടിയ അഭിനയ പ്രതിഭ

ഹോളിവുഡ് സൂപ്പർ താരം ഒമർ ഷെരീഫ് ഓർമ്മയായി; വിടവാങ്ങുന്നത് ഗോൾഡൻ ഗ്‌ളോബ് അവാർഡ് രണ്ട് തവണ നേടിയ അഭിനയ പ്രതിഭ

കയ്‌റോ: ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ഒമർ ഷരീഫ് ഓർമയായി. ഡോക്ടർ ഷിവാഗോയിലൂടെയും ലോറൻസ് ഒഫ് അറേബ്യയിലൂടെയും പ്രശസ്തനായ ഒമർ ഷരീഫ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഈജിപ്തിൽ ജനിച്ച ഷെരീഫിനെ അവസാന നാളുകളിൽ അൾസ്‌ഹൈമേഴ്‌സ് അലട്ടിയിരുന്നു. കഴിഞ്ഞ മേയിലാണ് ഷെരീഫ് അൾസ്‌ഹൈമേഴ്‌സ് ബാധിതനാണെന്ന് അദ്ദേഹത്തിന്റെ മകൻ വെളിപ്പെടുത്തിയത്.

എൺപത്തിമൂന്നു വയസ്സായിരുന്ന അദ്ദേഹം ദീർഘനാളായി മറവിരോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ഈജിപ്റ്റിൽ ജനിച്ച ഒമറിന് ഗോൾഡൻ ഗ്‌ളോബ് അവാർഡ് രണ്ട് തവണ ലഭിച്ചിട്ടുണ്ട്. കൂടാതെ ലോറൻസ് ഒഫ് അറേബ്യയയിലെ ഷെരീഫ് അലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 1962ൽ ഓസ്‌കാർ നോമിനേഷൻ ലഭിച്ചിരുന്നു. റഷ്യൻ എഴുത്തുകാരൻ ബോറിസ് പാസ്റ്റർനാക്കിന്റെ നോവൽ ഡോക്ടർ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറൻസ് ഓഫ് അറേബ്യയിലെ സഹനടനായുമാണ് ഒമർ ഷരീഫ് സിനമാ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയത്.

ഹോളിവുഡ് താരസിംഹാസനം സ്വന്തമാക്കിയ അപൂർവം അറബ് അഭിനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ചെങ്കിസ് ഖാൻ, ദി യെലോ റോൾസ് റോയ്‌സ്, ദ് നൈറ്റ് ഓഫ് ദ് ജനറൽസ്, ഫണ്ണി ഗേൾ, മേയർലിങ്, മക്കെന്നാസ് ഗോൾഡ്, ദി അപ്പോയ്ന്റ്‌മെന്റ് തുടങ്ങിയവയാണ് ഒമർ ഷരീഫ് വേഷമിട്ട പ്രശസ്തമായ മറ്റു ചിത്രങ്ങൾ. ഈജിപ്ഷ്യൻ ചിത്രമായ ബ്ലേസിങ് സണിലൂടെ അരങ്ങേറ്റം കുറിച്ച ഷെറിഫ് ഇൻഗ്രിഡ് ബെർഗ്മാനും സോഫിയ ലോറനുമുൾപ്പെടെയുള്ള അതുല്യപ്രതിഭകൾക്കൊപ്പം ഒട്ടേറെ മികച്ച ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടു.

ലോറൻസ് ഓഫ് അറേബ്യയിലെ അഭിനയത്തിന് സഹനടനുള്ള ഓസ്‌കാർ നാമനിർദ്ദേശം ലഭിച്ച ഷരീഫിന് 2003ൽ മെസ്യെ ഇബ്രാഹിം എന്ന ഫ്രഞ്ച് ചിത്രത്തിലെ വേഷത്തിന് വെനിസ് ചലച്ചിത്രോൽസവത്തിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഹോളിവുഡ് താരമായി യുഎസിലേക്കു താമസം മാറ്റിയെങ്കിലും അടുത്തിടെ ജന്മനാടായ ഈജിപ്തിൽ തിരികെയെത്തിയിരുന്നു. മികച്ച ബ്രിജ് കളിക്കാരനായിരുന്ന അദ്ദേഹം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഒമർ ഷരീഫ് ബ്രിജ് എന്ന പേരിൽ ഒരു കംപ്യൂട്ടർ ഗെയിമും പ്രശസ്തം.

ബ്ലേസിങ് സണിലെ നായികയായിരുന്ന ഫാതെൻ ഹമാമയെ 1955ൽ വിവാഹം കഴിച്ച ഷരീഫ് 1974ൽ വിവാഹമോചനം നേടി. ഇവരുടെ മകൻ ടാരെക് ഒൻപതാം വയസിൽ ഡോക്ടർ ഷിവാഗോയിലെ യൂറി എന്ന കഥാപാത്രമായി വേഷമിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP