Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദ്ഗമയയ്ക്ക് ഇനി നാഥനില്ല; എന്തിനും ഏതിനും ആശ്രയമാകുന്ന പ്രിയപ്പെട്ട സ്വാമിയുടെ വേർപാടു താങ്ങാനാകാതെ കൊച്ചി

സദ്ഗമയയ്ക്ക് ഇനി നാഥനില്ല; എന്തിനും ഏതിനും ആശ്രയമാകുന്ന പ്രിയപ്പെട്ട സ്വാമിയുടെ വേർപാടു താങ്ങാനാകാതെ കൊച്ചി

കൊച്ചി: കൊച്ചിക്കാർക്കു ഏതു സമയത്തും എന്താവശ്യത്തിനും സമീപിക്കാവുന്ന ഒരു വീടായിരുന്നു സദ്ഗമയ. വീട് എന്നതിനപ്പുറം എപ്പോഴും തുറന്നു പ്രവർത്തിച്ചിരുന്ന ഓഫീസായിരുന്നു കൊച്ചിക്കാർക്ക് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ.

വിവിധ ആവശ്യങ്ങൾക്കായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകൾ തങ്ങളുടെ പ്രിയ സ്വാമിയെ തേടിയെത്തി. ഓഫീസ് പോലെ പ്രവർത്തിക്കുന്ന ഈ വീട്ടിലെ ഒരു മുറിയിൽ അദ്ദേഹവും താമസിച്ചു എന്നതാണ് സദ്ഗമയയെ വീടാക്കിയ മാറ്റിയ ഘടകം.

സദ്ഗമയയിൽ എപ്പോഴും ആളുകളുടെ തിരക്ക് തന്നെയായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും സഹായവും ഉപദേശവും തേടിയെത്തുന്ന സാധാരണക്കാരൻ മുതൽ സുഖവിവരങ്ങൾ അന്വേഷിക്കാനെത്തുന്ന വിവിഐപികൾ വരെ ആ തിരക്കിന്റെ ഭാഗമായി. സഹായം തേടിയെത്തുന്നവരുടെ പ്രശ്‌നങ്ങൾ അവസാന നാളുകൾ വരെ വി ആർ കൃഷ്ണയ്യരെന്ന സ്വാമി നേരിട്ടുതന്നെ കേട്ടു.

സഹായം ഉറപ്പാക്കാനായി പഞ്ചായത്ത് പ്രസിഡന്റിനെ മുതൽ പ്രധാനമന്ത്രിയെ വരെ വിളിക്കാൻ സ്വാമി തയ്യാറായിരുന്നു. ഈ വിശ്വാസവും അനുഭവവുമാണ് സദ്ഗമയിലേക്ക് ആൾക്കൂട്ടത്തെ നയിച്ചത്. തന്നെ തേടിയെത്തുന്ന കത്തുകൾക്കും, ഇമെയിലുകൾക്കുമുള്ള മറുപടി സ്വാമി നേരിട്ടായിരുന്നു പറഞ്ഞുകൊടുത്തിരുന്നത്.

സ്‌റ്റെനോഗ്രാഫറും പ്രൈവറ്റ് സെക്രട്ടറിയും, സഹായികളുമടക്കം പത്തുപേരായിരുന്നു കൃഷ്ണയ്യർ സ്വാമിക്കൊപ്പം സദ്ഗമയിൽ ഉണ്ടായിരുന്നത്. പലപ്പോഴും വീട് എന്നതിനേക്കാൾ ഓഫീസായിട്ടായിരുന്നു സദ്ഗമയ പ്രവർത്തിച്ചിരുന്നത്. സദ്ഗമയയുടെ മുറ്റം പലപ്പോഴും സമ്മേളന വേദികളുമായി മാറി. പല സംഘടനകളുടെയും യാത്രകളും, പ്രവർത്തന ഉദ്ഘാടനചടങ്ങുകളും ഇവിടെ നടന്നു.

നീതിയുടെ കാവലാൾ എന്നതിനപ്പുറം കൊച്ചിക്കാരുടെ സുഖ ദുഃഖങ്ങളിൽ നിരന്തര സാന്നിധ്യമായിരുന്നു സദ്ഗമയയും വി ആർ കൃഷ്ണയ്യരും. സാധാരണക്കാരന് നീതി നിഷേധിക്കുമ്പോഴും, കൊച്ചിയുടെ വികസനം അകലുമ്പോഴും പ്രതിഷേധമുയർത്തി കൊച്ചിക്കാർക്കൊപ്പം സദ്ഗമയയും സ്വാമിയുമുണ്ടായിരുന്നു.

ഒരു ന്യായാധിപന് സമൂഹവുമായി ഇത്ര അടുത്ത് ഇടപഴകനാകുമോ എന്ന് വി ആർ കൃഷ്ണയ്യരുമായി കൊച്ചിക്കാരുടെ ബന്ധം കാണുമ്പോൾ ആരുടെ മനസ്സിലും ചോദ്യമുയരും. കൊച്ചിക്കാരുടെ പ്രിയ സ്വാമിയെ ഒരിക്കലെങ്കിലും കണ്ടാൽ ഈ ചോദ്യത്തിന് ഉത്തരമാവും. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ കൊച്ചിയുടെ ഓരോ കുതിപ്പിനും ഊർജമായി സ്വാമി നിലകൊണ്ടിരുന്നു.

ആധുനിക കൊച്ചിയുടെ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചി മെട്രോ നിർമ്മാണത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ജസ്റ്റിസ് കൃഷ്ണയ്യർ നടത്തിയ ഇടപെടൽ ആർക്കും വിസ്മരിക്കാനാകില്ല. മെട്രോ നിർമ്മാണം ഡിഎംആർസിയേയും, ഇ ശ്രീധരനെയും ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് അനാരോഗ്യത്തെ അവഗണിച്ച് സ്വാമി അന്ന് ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു. ആ സമ്മർദ്ദം ഫലവും കണ്ടു. വല്ലാർപാടം പദ്ധതിക്കായി മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വേദനയിലും കൃഷ്ണയ്യർ പങ്കാളിയായി. അവർക്കൊപ്പം എന്നും സമരമുഖത്ത് സജീവമായി പങ്കെടുത്ത കൃഷ്ണയ്യർ സ്വാമി 2011ലെ തിരുവോണ സദ്യ ഉണ്ടത് മൂലമ്പിള്ളിയിലായിരുന്നു. പ്രകൃതി നശീകരണത്തിനും നിയമലംഘനങ്ങൾക്കുമെതിരെയും സദ്ഗമയയിലെ ഈ സ്വാമി എന്നും പടപൊരുതി.

എറണാകുളം ജനറലാശുപത്രിയിലെ ക്യാൻസർ വാർഡിനും സ്വാമി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. വർഷത്തിലൊരിക്കലെങ്കിലും രോഗികൾക്കൊപ്പമായിരുന്നു സ്വാമിയുടെ ഉച്ചഭക്ഷണ. പുതുതലമുറയുടെ സത്പ്രവർത്തികളെയും എന്നും പ്രോത്സാഹിപ്പിച്ചിരുന്നു സദ്ഗമയ. വിവാഹ ആർഭാടം ഒഴിവാക്കി ആ തുക ജനറലാശുപത്രിയിലെ ക്യാൻസർ വാർഡിന് നൽകിയ റിമ കല്ലിങ്കൽ-ആഷിഖ് അബു ദമ്പതികളെ അനുമോദിച്ച് സ്വാമി അയച്ച കത്ത് ഇതിന് ഒരുദാഹരണം മാത്രം.

രാജേന്ദ്ര മൈതാനത്തെ സായാഹ്നങ്ങളിൽ സുഹൃത്തുകൾക്കൊപ്പം നിറസാന്നിധ്യമായിരുന്നു വി ആർ കൃഷ്ണയ്യർ. ഇനി ഇവിടങ്ങളിൽ സ്വാമി എത്തില്ല എന്ന സത്യം അടക്കാനാകാത്ത ദുഃഖത്തോടെയാണ് കൊച്ചിക്കാർ ഉൾക്കൊള്ളുന്നത്. എന്നും തിരക്കായിരുന്ന സദ്ഗമയുടെ മുറ്റവും ആളൊഴിയുകയാണ്, സ്വാമിയുടെ വേർപാടോടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP