Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർട്ടൂണുകൾ നോക്കി കോടതി കേസെടുത്തിരുന്ന വ്യക്തിത്വം; മുഖം നോക്കാതെ വരകൾ കുറിച്ച തന്റേടി: വിട പറഞ്ഞ ആർ കെ ലക്ഷ്മൺ ഇന്ത്യയെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച കാർട്ടൂണിസ്റ്റ്

കാർട്ടൂണുകൾ നോക്കി കോടതി കേസെടുത്തിരുന്ന വ്യക്തിത്വം; മുഖം നോക്കാതെ വരകൾ കുറിച്ച തന്റേടി: വിട പറഞ്ഞ ആർ കെ ലക്ഷ്മൺ ഇന്ത്യയെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച കാർട്ടൂണിസ്റ്റ്

ന്യൂഡൽഹി: ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ ശബ്ദിക്കുന്ന വരകളായിരുന്നു ഇന്നലെ അന്തരിച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മണിന്റേത്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി ഇന്ദിരാ ഗാന്ധി മുതൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വരെയുള്ളവർ ആർ കെ ലക്ഷ്മണിന്റെ ചാട്ടുളി പോലുള്ള കാർട്ടൂണുകൾക്ക് മുമ്പിൽ വിയർത്തിട്ടുണ്ട്. കോടതി പോലും ആർ കെ ലക്ഷമണിന്റെ കാർട്ടൂണുകൾ നോക്കി കേസെടുത്ത കാലം പോലും ഉണ്ടാടിരുന്നു. അത്രയ്ക്ക് കരുത്തുള്ളവയായിരുന്നു ആർ കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾ. സാധാരണക്കാരന്റെ പക്ഷത്ത് നിന്ന് മുഖംനോക്കാതെ എല്ലാവരെയും കാർട്ടൂണുകളിലൂടെ വിമർശിച്ചിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ കാർട്ടൂൺ(ദി കോമൺ മാൻ) എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഖ്യാതങ്ങളായ സൃഷ്ടികൾ. നിരവധി ചലനങ്ങളാണ് ഈ കാർട്ടൂണുകൾക്ക് സമൂഹത്തിൽ ഉണ്ടാക്കാൻ സാധിച്ചത്. ഒരിക്കൽ ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനെയും കേന്ദ്ര സർക്കാരിനെയും വരെ കോടതി കയറ്റാൻ വരെ കരുത്തുണ്ടായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂണുകൾക്ക്.

ക്രിക്കറ്റ് താരം സച്ചിന് ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ ഫിയറ്റ് സമ്മാനമായി നൽകിയ കാറാണ് അന്ന് വിവാദത്തിൽ പെട്ടത്. 1.13 കോടി വില വരുന്ന ആഢംബരക്കാറിന് സർക്കാർ ഇറക്കുമതിച്ചുങ്കം ഇളവുചെയ്തു നൽകി. 120 ശതമാനമാണ് ഇത്തരം കാറുകളുടെ ഇറക്കുമതി തീരുവ. ഇതു സർക്കാർ പൂർണമായും ഒഴിവാക്കി കൊടുക്കുകയായിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ലക്ഷ്മൺ ഒരു കാർട്ടൂൺ വരച്ചു. ഇതു കോടതിയുടെ ശ്രദ്ധയിൽ വരുകയും ചെയ്തു.

ടെസ്റ്റു സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ഡോൺ ബ്രാഡ്മാനെ മറികടന്നപ്പോഴാണ് ഫിയറ്റ് കമ്പനി ഫെരാരി കാർ സമ്മാനിച്ചത്. നികുതിയിളവിനായി സച്ചിൻ കേന്ദ്രസർക്കാരിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഇളവ് നൽകിയത്. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ട് ലക്ഷ്മൺ കാർട്ടൂൺ വരച്ചതോടെ കോടതിയുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നു.

സാമ്പത്തിക പ്രയാസങ്ങൾ മൂലം അർജുന അവാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെതിരെ ശാഠ്യം പിടിച്ച സർക്കാർ എങ്ങിനെയാണ് ഇത്തരം ഒരു ഇളവു നൽക്കുന്നതെന്നു വ്യക്തമാക്കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ ധാരാളിത്വം ആകുന്നത് എന്തുകൊണ്ടാണെന്നും കോടതി അന്ന് ആരാഞ്ഞിരുന്നു. ഇതിനെല്ലാം കാരണമായത് ലക്ഷ്മണിന്റെ കാർട്ടൂണായിരുന്നു. ഇങ്ങനെ കോടതിയെ പോലും ഇടപെടാൻ പ്രേരിപ്പിച്ച കാർട്ടൂണുകളുടെ സൃഷ്ടാവാണ് ഇന്നലെ മരണപ്പെട്ടത്.

94കാരനായ അദ്ദേഹം വാദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പൂണെയിലെ ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു ലക്ഷ്മൺ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു.

മുംബൈയിലെ 'ഫ്രീ പ്രസ് ജേർണലി'ലാണ് മുഴുസമയ കാർട്ടൂണിസ്റ്റായി ലക്ഷ്മൺ ജോലി തുടങ്ങിയത്. ബാൽ താക്കറെ അടക്കമുള്ള കാർട്ടൂണിസ്റ്റുകൾക്കൊപ്പം ജോലി ചെയ്തു. പിന്നീടാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ ചേർന്നത്. ടൈംസിനൊപ്പമുള്ള യാത്ര 50 വർഷത്തിലേറെ തുടർന്നു. അദ്ദേഹത്തിന്റെ 'കോമൺ മാൻ' എന്ന പോക്കറ്റ് കാർട്ടൂൺ ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ നേർചിത്രങ്ങളായി.

ഒന്നും സംസാരിച്ചില്ലെങ്കിലും നൂറുവാക്കുകളെക്കാൾ മൂർച്ഛയുണ്ടായിരുന്നു ആർ ലക്ഷ്ണമണിന്റെ കോമൺമാന്. അതിലൂടെ വന്ന വിമർശനങ്ങൾ പലപ്പോളും കുറിക്കുകൊള്ളുന്ന യാഥാർഥ്യങ്ങളായി. ബജറ്റ് എയർലൈനായ എയർ ഡെക്കാന്റെ ചിഹ്നമായും ഈ കോമൺമാൻ അവതരിപ്പിക്കപ്പെട്ടു.

രാസിപുരം കൃഷ്ണസ്വാമി ലക്ഷ്മൺ എന്ന ആർ.കെ ലക്ഷ്മൺ 1921 ഒക്ടോബർ 24ന് മൈസൂരിലാണ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ ചില പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി അദ്ദേഹം ചിത്രങ്ങൾ വരച്ചിരുന്നു. ദി സ്ട്രാന്റ് മാഗസിൻ, പഞ്ച് തുടങ്ങിയവയിലായിരുന്നു ലക്ഷ്മണിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സ്‌കൂൾ പഠനകാലത്ത് അദ്ധ്യാപകർ പ്രോത്സാഹിപ്പിച്ചതോടെയാണ് വര കാര്യമായെടുക്കാൻ ലക്ഷ്മൺ തീരുമാനിച്ചത്.

മൈസൂർ യൂണിവേഴ്‌സിറ്റിയിൽ ബി.എ പഠനസമയത്ത് ഫ്രീലാൻസായി സ്വരാജ്യ, ബ്‌ളിറ്റ്‌സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്ക് ചിത്രങ്ങളും കാർട്ടൂണുകളും വരച്ചു. പിന്നീട് അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനും പ്രഗത്ഭ ഇന്ത്യൻ ഇംഗ്‌ളീഷ് സാഹിത്യകാരനുമായ ആർ.കെ നാരായണിന്റെ രചനകൾക്ക് 'ദി ഹിന്ദു' പത്രത്തിൽ ചിത്രാവിഷ്‌കാരം നൽകി. ഈ സമയത്ത് 'സ്വതന്ത്ര' എന്ന പത്രത്തിനുവേണ്ടി അദ്ദേഹം രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി.

മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ അനാഛാദനം നിർവഹിച്ച 'കോമൺമാന്റെ' ഒരു വെങ്കല പ്രതിമ പൂണെയിലുണ്ട്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കാർട്ടൂണിസ്റ്റിന്റെ കഥാപാത്രം പ്രതിമരൂപത്തിൽ ജനങ്ങളുടെ ഇടയിൽ നില്ക്കുന്നത്.

പത്മഭൂഷൺ (2005), പത്രപ്രവർത്തനത്തിനുള്ള റാമോൺ മാഗ്‌സാസെ അവാർഡ് (1984), സി.എൻ.എൻഫഐ.ബി.എന്നിന്റെ സമഗ്ര സംഭാവന നൽകിയ പത്രപ്രവർത്തകനുള്ള പുരസ്‌കാരം (2008), പൂണെ പണ്ഡിറ്റ് അവാർഡ് (2012) എന്നിവ നേടിയിട്ടുണ്ട്.
രണ്ട് തവണ വിവാഹം ചെയ്‌തെങ്കിലും ബന്ധം വേർപെടുത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP