Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

ചിരിപ്പിച്ച് ചിരിപ്പിച്ച് ആ ചിരി മാഞ്ഞു! നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അഞ്ചു പതിറ്റാണ്ടിനിടെ ജീവൻ പകർന്നത് 700 ഓളം ചിത്രങ്ങളിലെ അനശ്വര കഥാപാത്രങ്ങൾക്ക്; സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുടയിൽ

ചിരിപ്പിച്ച് ചിരിപ്പിച്ച് ആ ചിരി മാഞ്ഞു! നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അഞ്ചു പതിറ്റാണ്ടിനിടെ ജീവൻ പകർന്നത് 700 ഓളം ചിത്രങ്ങളിലെ അനശ്വര കഥാപാത്രങ്ങൾക്ക്; സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുടയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും ചാലക്കുടിയുടെ മുൻ എംപിയുമായ നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്.

പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരുമണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും തുടർന്ന് സ്വവസതിയിലും നടക്കും. ചൊവ്വാഴ്ച സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്‌ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.

അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്.

700 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്റ് 1972 - ൽ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ച ഇന്നസെന്റ് പതിനെട്ട് വർഷത്തോളം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു

മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (മഴവിൽക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, തൃശൂർ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയത്. ചലച്ചിത്ര നിർമ്മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആലീസ്. മകൻ: സോണറ്റ്.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്. ലിറ്റിൽഫ്‌ളവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷനൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്എൻഎച്ച് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി.

പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകൽക്കച്ചവടക്കാരൻ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ എന്നിങ്ങനെ പല ജോലികൾ. അതിനിടെ നാടകങ്ങളിൽ അഭിനയിച്ചു. ആർഎസ്‌പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1979 ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.

1972 ൽ, എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'നൃത്തശാല'യാണ് ഇന്നസന്റിന്റെ ആദ്യ ചിത്രം. പിന്നീട് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഇളക്കങ്ങൾ, വിടപറയും മുമ്പേ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ, ഓർമയ്ക്കായി എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. വിടപറയും മുമ്പേ, ഓർമയ്ക്കായി എന്നിവ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി.

മലയാളത്തിലെ മിക്ക പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിൽ ഇന്നസന്റ് അഭിനയിച്ചിട്ടുണ്ട്. ചെറിയ തമാശ വേഷങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത് സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് ആണ്. അതോടെ മലയാളത്തിലെ മുൻനിര ഹാസ്യതാരമായി അദ്ദേഹം. ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാലാ, മാന്നാർ മത്തായി സ്പീക്കിങ്, മഴവിൽക്കാവടി, ചന്ദ്രലേഖ, പൊന്മുട്ടയിടുന്ന താറാവ്, മനസ്സിനക്കരെ, ദേവാസുരം, ഡോ.പശുപതി, പിൻഗാമി, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ചാലക്കുടിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്ത് കാൻസർ രോഗം ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസന്റ് ഒരുപാടു പേർക്കു പ്രചോദനമായിരുന്നു. ചിരിക്കു പിന്നിൽ (ആത്മകഥ), മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, കാൻസർ വാർഡിലെ ചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, ദൈവത്തെ ശല്യപ്പെടുത്തരുത്, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP