Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാത്രയ്ക്കിടെ ഹൃദയാഘാതം; കോൺഗ്രസ് നേതാവും മുൻദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത്, ചടയമംഗലം എംഎൽഎ, മിൽമയുടെ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പൊതുപ്രവർത്തകൻ

യാത്രയ്ക്കിടെ ഹൃദയാഘാതം; കോൺഗ്രസ് നേതാവും മുൻദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത്, ചടയമംഗലം എംഎൽഎ, മിൽമയുടെ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പൊതുപ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

2001-ൽ ചടയമംഗലത്ത് നിന്നും ജയിച്ച് എംഎൽഎയായിരുന്നു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റും കെ.എസ്.യുവിന്റെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു. ദീർഘകാലം മിൽമയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്നു.

കെ.എസ്.യു വഴിയാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2001-ൽ കൊല്ലത്തെ ചടയമംഗലം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നത്.

കെ.എസ്.യു.വിന്റെയും യൂത്ത് കോൺഗ്രസിന്റെയും കൊല്ലം ജില്ലാ പ്രസിഡന്റായിരുന്ന പ്രയാർ 1982-ൽ മിൽമ ഡയറക്ടർ ബോർഡ് അംഗമായി. 1984 മുതൽ 2001 വരെ ചെയർമാനായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമായും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ ആർ ബാലകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷനായി നിയമിച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചതിനെത്തുടർന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷസ്ഥാനം പ്രയാർ രാജിവക്കുകയായിരുന്നു.

മുൻ അദ്ധ്യാപിക സുധയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണൻ എന്നിവർ മക്കളാണ്. കൊല്ലം ഓച്ചിറയ്ക്ക് സമീപം പ്രയാറിലാണ് ജനനം. പ്രയാർ ഹൈസ്‌കൂളിൽ കെ.എസ്.യു. പ്രവർത്തകനായിരുന്നു. നങ്ങ്യാർകുളങ്ങര കോളജിൽ യൂണിയൻ ചെയർമാനായി. ഈ സമയത്ത് അമ്പലപ്പുഴ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി നങ്ങ്യാർകുളങ്ങരയിൽ സംഘടിപ്പിച്ചതു കെ.എസ്.യു. ജില്ലാ സെക്രട്ടറി പദവിയിലേക്കു വഴിതുറന്നു.

പശു വളർത്തലും പാൽവിൽപനയുമായിരുന്നു അച്ഛൻ ആർ.കൃഷ്ണൻ നായരുടെ പ്രധാന തൊഴിൽ. പഠനകാലത്ത് രാവിലെ ചായക്കടയിൽ പാൽ കൊടുക്കാൻ പോകുന്നത് പ്രയാറിന്റെ ശീലമായിരുന്നു. വളർന്നപ്പോൾ ക്ഷീരമേഖലയായി കർമമണ്ഡലം. കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ എന്ന സംഘടനയുണ്ടാക്കി. ഈ സംഘടനയുടെ ബാക്കിപത്രമാണ് കേരളത്തിലെ മിൽമ.

സഹകരണ സ്ഥാപനമായ മിൽമയുടെ ചെയർമാനായി ദീർഘകാലം ഗോപാലകൃഷ്ണൻ പ്രവർത്തിച്ചു. മറ്റെല്ലാ സഹകരണസ്ഥാപനങ്ങളിലും സിപിഎം ആധിപത്യം സ്ഥാപിച്ചിട്ടും പ്രയാറിന്റെ പിന്തുണയോടെ മിൽമ കോൺഗ്രസിനൊപ്പം നിന്നു.

പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായ പ്രയാർ യുവതീപ്രവേശനത്തെ എതിർത്തു കൊണ്ട് കർശന നിലപാടാണ് എടുത്തത്. മുഖ്യമന്ത്രി പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ എൽഡിഎഫ് സർക്കാർ ഓർഡിനൻസിലൂടെ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി.

എന്നാൽ .യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി. കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിലും ഒരിക്കൽ പോലും അദ്ദേഹം പാർട്ടിക്കെതിരെ പ്രവർത്തിച്ചില്ല.

ശബരിമല വിവാദത്തോടെ വാർത്തകളിൽ നിറഞ്ഞ പ്രയാറിനെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിക്കുകയും അദ്ദേഹത്തിന് ലോക്‌സഭാ സീറ്റ് വരെ വാഗ്ദാനം ചെയ്യുകയും ചെയ്തതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്നും വേണ്ട പരിഗണന കിട്ടാഞ്ഞിട്ടും ബിജെപിയുടെ ക്ഷണം അദ്ദേഹം തള്ളി. ജീവനുള്ള കാലം വരെ കോൺഗ്രസുകാരനായി തുടരും എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP