Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202123Saturday

കാടുകളുടെ കൂട്ടുകാരന് വിട ചൊല്ലി ലോകം; സ്വാഭാവിക വനങ്ങളെ 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുത്ത അദ്ഭുത പ്രതിഭയുടെ മരണത്തിൽ കണ്ണീരൊഴുക്കി പ്രകൃതി സ്‌നേഹികൾ: ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി വിടവാങ്ങുന്നത് ലോകമെമ്പാടും അനേകം കാടുകൾ സൃഷ്ടിച്ച്

കാടുകളുടെ കൂട്ടുകാരന് വിട ചൊല്ലി ലോകം; സ്വാഭാവിക വനങ്ങളെ 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുത്ത അദ്ഭുത പ്രതിഭയുടെ മരണത്തിൽ കണ്ണീരൊഴുക്കി പ്രകൃതി സ്‌നേഹികൾ: ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി വിടവാങ്ങുന്നത് ലോകമെമ്പാടും അനേകം കാടുകൾ സൃഷ്ടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ചുരുങ്ങിയ കാലം കൊണ്ട് തരിശു ഭൂമിയും കൊടുങ്കാടാക്കി മാറ്റിയ അദ്ഭുത പ്രതിഷയ്ക്ക് ലോകത്തിന്റെ യാത്രാമൊഴി. ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കിയാണ് 93-ാം വയസ്സിൽ വിടവാങ്ങിയത്. മസ്തിഷ്‌കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. 150- 200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി ലോകത്തിന് മുന്നിൽ വച്ചത്. 1992 ലെ ഭൗമ ഉച്ചകോടിയിലാണ് ഇത് അവതരിപ്പിച്ചത്. '94 ലെ പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിച്ചു.

മിയാവാക്കിയുടെ വാക്കുകൾ ലോകം ഏറ്റെടുത്തതോടെ ജപ്പാനിലും ഇന്ത്യയടക്കം മറ്റ് ഒട്ടേറെ രാജ്യങ്ങളിലുമായി നൂറു കണക്കിനു ചെറുകാടുകളാണ് അദ്ദേഹത്തിന്റെ ആശത്തിൽ വളർന്നു പൊങ്ങിയത്. 'മിയാവാക്കി കാടുകൾ' എന്നാണ് ഇവെ അറിയപ്പെടുന്നത്. ആഗോളതാപനം ചെറുക്കാനും സൂനാമിയെ പ്രതിരോധിക്കാനും പല രാജ്യങ്ങളും മിയാവാക്കി വനവൽക്കരണ മാതൃക പിന്തുടരുന്നുണ്ട്.

ഒരു സെന്റിൽ ഏതാണ്ടു 162 ചെടി. അതാണു മിയാവാക്കി കാടുണ്ടാക്കാൻ വേണ്ടത്. തദ്ദേശീയമായ, എല്ലാ വിഭാഗത്തിലും (കള്ളിച്ചെടിയും കളയും വള്ളിച്ചെടിയും മുതൽ മാമരങ്ങൾ വരെ) പെട്ട ചെടികൾ തന്നെ നട്ടുവളർത്തണം. സൂര്യപ്രകാശത്തിനായി മത്സരിച്ചു ചെടികൾ പാർശ്വവളർച്ച ഉപേക്ഷിച്ച് മുകളിലേക്കു കുതിച്ചു വളരും (താരതമ്യേന 5 ഇരട്ടി കൂടുതൽ വേഗത്തിൽ). മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം വയ്ക്കും, 20 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാടിന്റെ രൂപത്തിലെത്തും. വനമായി രൂപപ്പെട്ടാൽ 9000 വർഷം വരെ നിലനിൽക്കും ഇതാണു മിയാവാക്കി വിജയകരമായി നടപ്പാക്കിയത്.

പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രശസ്തമായ ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾക്കു മിയാവാക്കി അർഹനായി. പല സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായും പ്രവർത്തിച്ചു. ദ് ഹീലിങ് പവേഴ്‌സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്റ്റ് ദ് പീപ്പിൾ യു ലവ്, പ്ലാന്റ് ട്രീസ് ഉൾപ്പെടെ വനവൽക്കരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവാണ്. ശുദ്ധവായു, പക്ഷിമൃഗാദികൾക്കു വാസസ്ഥാനം, വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങൾക്കു വേരുറപ്പിക്കാൻ ഇടം, ആഗോള താപനത്തിനു പരിഹാരം ഒരു കാടിന്റെ ധർമമെല്ലാം ഈ കുട്ടിക്കാടുകളും നിറവേറ്റും. ജപ്പാൻ ഉൾപ്പെടെ രാജ്യങ്ങളിൽ കുതിച്ചുയരുന്ന തിരമാലകളെ ചെറുക്കാനും ഇപ്പോൾ മിയാവാക്കി കാടുകൾ ഉപയോഗിക്കുന്നു.

മികച്ച പരിസ്ഥിതി മാതൃകയായി സംസ്ഥാന സർക്കാരും മിയാവാക്കി കാടുകൾ അംഗീകരിച്ചതോടെ കേരളത്തിലും ഇദ്ദേഹം പ്രശസ്തനായിരുന്നു. 2018ൽ തിരുവനന്തപുരത്താണ് ആദ്യ മിയാവാക്കി വനത്തിനു തുടക്കമിട്ടത്. ടൂറിസം വകുപ്പ്, കെഡിസ്‌ക് എന്നിവയ്ക്കു കീഴിലും സ്വകാര്യ ഭൂമിയിലുമായി എൺപതോളം മിയാവാക്കി കാടുകൾ കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്നു. കേരളത്തിൽ 10 ജില്ലകളിലായി 12 സ്ഥലങ്ങളിലാണു കെഡിസ്‌ക് മിയാവാക്കി വനം നട്ടുപിടിപ്പിക്കുന്നത്. ഏതാണ്ട് 1.6 ഏക്കർ മിയാവാക്കി കാട് അങ്ങനെ ഉണ്ടാകും. ഇതു കൂടാതെ ടൂറിസം വകുപ്പിനു കീഴിലും മിയാവാക്കി കാടുകൾ നിർമ്മിക്കുന്നു. സ്വകാര്യ ഭൂമിയിലേതും കൂടി കണക്കാക്കുമ്പോൾ ഈ 3 വർഷത്തിനിടെ എൺപതോളമായി കുട്ടിക്കാടുകൾ.


1928 ജനുവരി 29ന് ജനിച്ച മിയാവാക്കിയുടെ 92ാം പിറന്നാൾ ആഘോഷിച്ചു കഴിഞ്ഞ വർഷം ജനുവരി 29ന് തിരുവനന്തപുരത്തു ചാല ഗവ. ഗേൾസ് ഹൈസ്‌കൂൾ വളപ്പിനകത്ത് ഒരു വനം നട്ടുപിടിപ്പിച്ചിരുന്നു. ഹഡാനോയിലെ നഴ്‌സിങ് ഹോമിലിരുന്ന് ഓൺലൈൻ ആയി ആ പിറന്നാൾ പരിപാടിയിൽ മിയാവാക്കിയും പങ്കുചേർന്നു. മിയാവാക്കി വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഓർമയിൽ എൺപതോളം 'കുട്ടിക്കാടുകൾ' കേരളത്തിൽ പച്ചപുതച്ച് വളർന്നുയരുന്നു. അര സെന്റ് ഭൂമിയെങ്കിലും വെറുതെ കിടക്കുന്നുണ്ടെങ്കിൽ അവിടെയൊരു കാടുണ്ടാക്കാം എന്നതായിരുന്നു മിയാവാക്കി മുന്നോട്ടുവച്ച ആശയവും വെല്ലുവിളിയും. കാട് എന്നാൽ എല്ലാം തികഞ്ഞ സ്വാഭാവിക വനം! അത്തരമൊന്ന് സ്വാഭാവികമായി രൂപപ്പെടാൻ 150200 വർഷമെടുക്കുമ്പോൾ വെറും 30 വർഷമാണ് മിയാവാക്കി കാടുകൾ അതേ നിലയിൽ എത്തിച്ചേരാൻ എടുക്കുക എന്നതാണ് ഈ ആശയത്തെ നൂറ്റാണ്ടിലെ മികച്ച പരിസ്ഥിതി ആശയമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP