Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരയുടെ സിദ്ധി സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കാത്ത കലാകാരൻ; കോവിഡിനെതിരെ മലയാളത്തിൽ ഏറ്റവുമധികം ബോധവൽക്കരണ കാർട്ടൂണുകൾ വരച്ച വ്യക്തി; ആ വിരലുകൾ ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ കലാലോകം: ഇബ്രാഹിം ബാദുഷയുടെ മരണത്തിൽ കേരളം തേങ്ങുന്നു

വരയുടെ സിദ്ധി സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കാത്ത കലാകാരൻ; കോവിഡിനെതിരെ മലയാളത്തിൽ ഏറ്റവുമധികം ബോധവൽക്കരണ കാർട്ടൂണുകൾ വരച്ച വ്യക്തി; ആ വിരലുകൾ ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ കലാലോകം: ഇബ്രാഹിം ബാദുഷയുടെ മരണത്തിൽ കേരളം തേങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: കല ഉപജീവനത്തേക്കാൾ ഉപരി നാടിന്റെ നന്മയ്ക്കും മറ്റുള്ളവരുടെ സന്തോഷത്തിനും കൂടി വഴിമാറ്റിയ വ്യക്തിത്വമായിരുന്നു ഇബ്രാഹിം ബാദുഷയുടേത്. പ്രശസ്തരുടെത് മുതൽ ആവശ്യപ്പെട്ടാൽ സാധാരണക്കാരുടെ വരെ ചിത്രം സൗജന്യമായി വരച്ചു നൽകുന്ന അപൂർവ്വ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹഗം. തന്റെ കലാവാസന ഒരിടത്ത് തളച്ചിടാതെ എല്ലാവർക്കും പ്രയോജനപ്പെടുത്താനാണ് ബാദുഷ ആഗ്രഹിച്ചത്. പാവപ്പെട്ടവരുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനും കുട്ടികൾക്ക് പഠിക്കാനുമെല്ലാം തന്റെ ആ മാന്ത്രിക വിരലുകൾ ബാദുഷ ചലിപ്പിച്ചു കൊണ്ടേ ഇരുന്നു.

കോവിഡിനെതിരെ മലയാളത്തിൽ ഏറ്റവുമധികം ബോധവൽക്കരണ കാർട്ടൂണുകൾ വരച്ചത് ഇബ്രാഹിം ബാദുഷയായിരുന്നു. എന്നാൽ കോവിഡിനെ വരച്ച വരയിൽ നിർത്തിയ ബാദുഷയേയും ഒടുവിൽ ആ മഹാമാരി കീഴടക്കുക ആയിരുന്നു. ലോകസമാധാന ദിനത്തിൽ 42 മിനിറ്റിനുള്ളിൽ 100 കാർട്ടൂണുകൾ വരച്ചു റെക്കോർഡ് സ്ഥാപിച്ച ആ വിരലുകൾ നിശ്ചലമായെന്നു വിശ്വസിക്കാനാവാതെ തേങ്ങുകയാണു കലാലോകം. മലയാളത്തിലെ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങൾ വരെ സ്ഥിരം ജോലി വാഗ്ദാനം നൽകി എങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. സ്ഥിര വരുമാനത്തേക്കാൾ സ്വന്തം കഴിവുകൾ നാടിനു വേണ്ടി വിനിയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

സമൂഹനന്മയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ബാദുഷയുടെ കാരിക്കേച്ചറുകൾ അധികവും പിറന്നത്. ക്യാംപസുകളും ഷോപ്പിങ് മാളുകളും തെരുവോരവും അതിനു വേദിയായി.എടത്തല അൽഅമീൻ കോളജ് വിദ്യാർത്ഥികൾ കാൻസർ ബാധിതയായ സഹപാഠിയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ബാദുഷയുടെ കാരിക്കേച്ചർ ക്യാംപ് സംഘടിപ്പിച്ചു. പരിപാടി കഴിഞ്ഞപ്പോൾ സംഘാടകർ അദ്ദേഹത്തിനു പ്രതിഫലവും നൽകി. എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ലെന്നു മാത്രമല്ല, ചികിത്സാ നിധിയിലേക്കു തന്റേതായ സംഭാവന കൂടി നൽകിയാണു മടങ്ങിയത്. അതായിരുന്നു ബാദുഷ.

പെരിയാർ ശുചീകരണം, ട്രാഫിക് ബോധവൽക്കരണം, ലഹരിവിരുദ്ധ പരിപാടികൾ തുടങ്ങിയവയ്ക്കു വേണ്ടിയും അദ്ദേഹം സൗജന്യമായി വരച്ചു. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ മുന്നണിപ്പോരാളികൾക്കു സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ പ്രൊഫൈൽ ചിത്രങ്ങൾ 'ബ്രേക് ദ് ചെയിൻ' എന്ന അടിക്കുറിപ്പോടെ വരച്ചു നൽകി.

ഉ എന്ന അക്ഷരം ഉമ്മൻ ചാണ്ടിയായി മാറുന്നതും എ എന്ന അക്ഷരത്തിൽ നിന്ന് ആൻഡ് (ഉറുമ്പ്) പിറക്കുന്നതും ഇസഡ് എന്ന അക്ഷരം സീബ്രയായി മാറുന്നതും കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ആകർഷിച്ചു. ഹിന്ദി, അറബിക്, തെലുങ്ക്, തമിഴ്, കന്നഡ, കൊങ്കണി ഭാഷകളിലും അദ്ദേഹം അക്ഷര ചിത്രങ്ങൾ ഒരുക്കി. ഓരോ അക്ഷരത്തിലും അക്കത്തിലും പലതരം ചിത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നു ബാദുഷ വരച്ചു കാണിച്ചു. അക്ഷരങ്ങൾ ഉപയോഗിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെയും നടൻ മമ്മൂട്ടിയുടെയും മെട്രോമാൻ ഇ. ശ്രീധരന്റെയുമൊക്കെ കാരിക്കേച്ചർ തയാറാക്കി അവർക്കു സമ്മാനിച്ചിട്ടുണ്ട്.

കുട്ടികളെ ചിത്രകല പഠിപ്പിക്കുന്നതു ബാദുഷയ്ക്കു ഹരമായിരുന്നു. തന്റെ കഴിവുകൾ അതിനു വേണ്ടി പരമാവധി വിനിയോഗിച്ചു. ആയിരത്തിലേറെ ക്ലാസുകൾ സംഘടിപ്പിച്ചു. രോഗബാധിതനാകുന്നതു വരെ ടെലിവിഷനിലും ഓൺലൈനിലും അതു തുടർന്നു. എളുപ്പത്തിൽ വരച്ചു പഠിക്കാൻ സഹായിക്കുന്ന നൂറിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വിവിധ ഭാഷകളിലെ അക്ഷരമാലകൾ ഉപയോഗിച്ചു ചിത്രങ്ങളും കാരിക്കേച്ചറുകളും വരയ്ക്കുന്ന 'ഡൂഡിൽ' കലാരൂപത്തിന്റെ ഉപാസകൻ കൂടിയായിരുന്നു ബാദുഷ.

ആളുകളെ മുന്നിലിരുത്തി നിമിഷങ്ങൾക്കുള്ളിൽ അവരുടെ മുഖം കട്ടിക്കടലാസിൽ പകർത്തി നൽകുന്ന 'വൺ മിനിറ്റ് ലൈവ് കാരിക്കേച്ചർ ഷോ'യാണു ബാദുഷയെ ജനപ്രിയനാക്കിയത്. 2013ൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ വിശ്രുത സംവിധായകൻ കിം കി ഡുക്കിനെ നിമിഷനേരം കൊണ്ടാണു ബാദുഷ വരച്ചത്. കടലാസും പേനയും ചോദിച്ചു വാങ്ങിയ കിം കി ഡൂക്ക് അതിലും കുറഞ്ഞ സമയത്തിനുള്ളിൽ ബാദുഷയെ വരച്ചു തിരികെ നൽകി. ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്തു. ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി ബാദുഷ ഇതു വിവരിച്ചിട്ടുണ്ട്.

ഇന്ത്യൻ എക്‌സ്പസ് പത്രത്തിലാണു ബാദുഷയുടെ ആദ്യ കാർട്ടൂൺ അച്ചടിച്ചു വന്നത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു അന്ന്. പഠനം കഴിഞ്ഞയുടൻ വിവിധ ഭാഷകളിൽ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾക്കു ചിത്രകഥ തയാറാക്കുന്ന സായ് ഫീച്ചർ സിൻഡിക്കറ്റിൽ ചിത്രകാരനായി ചേർന്നു. 10 വർഷം അവിടെ പ്രവർത്തിച്ചു. പിന്നീടു മാധ്യമ സ്ഥാപനങ്ങളിൽ സ്ഥിരം ജോലി വാഗ്ദാനം ലഭിച്ചെങ്കിലും സ്വീകരിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP