Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

അര നൂറ്റാണ്ട് മുൻപ് യു കെയിൽ എത്തിയ ശ്രീധരൻ അറിയപ്പെടുന്നത് ഗുരുസ്വാമിയെന്ന്; സായിപ്പിന്റെ നാട്ടിലെ സുഖങ്ങൾക്കിടയിലും ഭഗവാൻ അയ്യപ്പന് വേണ്ടി ജീവിതം സമർപ്പിച്ച മഹായോഗി വിടവാങ്ങുമ്പോൾ

അര നൂറ്റാണ്ട് മുൻപ് യു കെയിൽ എത്തിയ ശ്രീധരൻ അറിയപ്പെടുന്നത് ഗുരുസ്വാമിയെന്ന്; സായിപ്പിന്റെ നാട്ടിലെ സുഖങ്ങൾക്കിടയിലും ഭഗവാൻ അയ്യപ്പന് വേണ്ടി ജീവിതം സമർപ്പിച്ച മഹായോഗി വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ക്കഴിഞ്ഞ ഒക്ടോബർ 7 ബുധനാഴ്‌ച്ച ഈസ്റ്റ് ഹാമിലെ സ്വവസതിയിൽ വച്ച് ഗുരുസ്വാമി പി ശ്രീധരൻ നിര്യാതനായപ്പോൾ ബ്രിട്ടനിലെ ഹിന്ദുമതാരാധനയുടെ ഒരു അദ്ധ്യായം അടയുകയായിരുന്നു. വലിയ അയ്യപ്പഭക്തനായ പി. ശ്രീധരൻ(91) എല്ലാ അർത്ഥത്തിലും ഒരു ഗുരുസ്വാമി തന്നെയായിരുന്നു. തന്റെ ജീവിതത്തിലുടനീളം അയ്യപ്പനെ മനസ്സിൽ കൊണ്ടുനടന്ന ഈ മഹായോഗി, 70 കളുടെ ആരംഭത്തിൽ ബ്രിട്ടനിലെത്തിയിട്ടും അയ്യപ്പനെ കൈവിട്ടില്ല.

ബ്രിട്ടനിലെ ഹിന്ദുമത വിശ്വാസികൾക്കിടയിൽ അയ്യപ്പചരിതം പറഞ്ഞും, അയ്യപ്പൻ എന്ന സങ്കൽപത്തിന്റെ തത്വശാസ്ത്രം വിവരിച്ചുമെല്ലാം അവരെ ആ ശക്തിയുമായി അടുപ്പിച്ചു. 1980-ൽ ലണ്ടനിലെ ഈസ്റ്റാം മുരുകക്ഷേത്രത്തിൽ അയ്യപ്പ പൂജയ്ക്ക് ആരംഭം കുറിച്ച ഗുരുസ്വാമി, തന്റെ അസാമാന്യമായ ഭക്തിയിലൂടെയും അറിവിലൂടെയും ബ്രിട്ടനിലെഹിന്ദുമതവിശ്വാസികളുടെ ബഹുമനമാർജ്ജിക്കാൻ അധികകാലമെടുത്തില്ല. ഏറെ വൈകാതെ തന്നെ അയ്യപ്പ പൂജയും ഹിന്ദു സമൂഹം ഏറ്റെടുത്തു.

ഇതിനിടയിലാണ് മുരുക ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള അയ്യപ്പ വിഗ്രഹത്തിനു മുന്നിൽ നിത്യ ഭജന ആരംഭിക്കുന്നത്. അവിടെ ദർശനത്തിന് എത്തുന്ന ഭക്തന്മാരുടെ സഹകരണത്തോടെ അത് ഭംഗിയായി നടന്നുവന്നു. ഇതിൽ സംപ്രീതനായ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ശിവശ്രീ കലൈ ആർ നാഗനാഥശിവം ഡിസംബർ 26 ന് മണ്ഡല ആഘോഷം നടത്തുവാനുള്ള അനുവാദം നൽകി. ഇതും പിന്നീട് എല്ലാ വർഷങ്ങളിലും ഉള്ള ഒരു പരിപാടിയായി മാറി. മണ്ഡല ആഘോഷങ്ങളിൽ, ജീവിതത്തിന്റെ എല്ലാ തട്ടിലുമുള്ള ഭക്തരെ പങ്കെടുപ്പിക്കണം എന്നത് ഗുരുസ്വാമിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടു തന്നെ, ഭക്തരെയെല്ലാം നേരിട്ട് കണ്ട് അവരിൽ നിന്നും ചെറിയ ചെറിയ സംഭാവനകൾ പിരിച്ചായിരുന്നു ആഘോഷം നടത്തിയിരുന്നത്.

ഇത്തരത്തിലുള്ള ഒരു മണ്ഡലാഘോഷംബ്രിട്ടനിൽ ആദ്യത്തേതായിരുന്നു. ഇത് എല്ലാ ഭക്തർക്കും, ഒരു കൂരക്കീഴിൽ ഒത്തുകൂടാനുള്ള അവസരമൊരുക്കി. ക്ഷേത്ര ഭരണ സമിതിയും ഭക്തരും അകമഴിഞ്ഞ സഹായങ്ങളും പിന്തുണയും നൽകിയതിനാൽ അധികം താമസിയാതെ തന്നെ ശ്രീ അയ്യപ്പ സേവാ സംഘം രൂപീകരിക്കാൻ ഗുരുസ്വാമിക്കായി. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്ഭക്തന്മാർ ചേർന്ന് കെൻസിങ്ടൺ പ്രൈമറി സ്‌കൂളിൽ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്‌ച്ച അയ്യപ്പ പൂജ സംഘടിപ്പിച്ചു തുടങ്ങി.

1990 കളിലും 2000 ത്തിലും അയ്യപ്പ സേവാ സമിതിയിലേക്ക് നിരവധി ഭക്തന്മാരാണ് എത്തിച്ചേർന്നത്. ഇത്രയധികം ഭക്തരെ ഉൾക്കൊള്ളുന്നതിനായി ഈസ്റ്റ് ഹാമിൽ ഒരു അയ്യപ്പക്ഷേത്രം നിർമ്മിക്കുവാൻ അയ്യപ്പ സേവാസമിതി തീരുമാനിച്ചു. എന്നാൽ, പല കാരണങ്ങളാലും ആ പ്രദേശത്ത് സ്ഥലം ലഭിക്കാതെ പോയതിനാൽ ഈസ്റ്റ് ആക്ടണിൽ പതിനെട്ടാം പടിയോടുകൂടിയ ക്ഷേത്രം നിർമ്മിക്കാനുമായി. എന്നാൽ ചില പ്രശ്നങ്ങൾ കാരണം ഏതാനുംമാസങ്ങൾക്ക് അകം ആ സ്ഥലം ഒഴിഞ്ഞുപോകേണ്ടതായി വന്നു.

പിന്നീട്ഹാരോയിലെ ഗുജറാത്തി ക്ഷേത്രത്തിലേക്ക് അയ്യപ്പ വിഗ്രഹം മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. അതിനുശേഷം കെൻസിങ്ടണിലും ഹാരോവിലും പ്രതിമാസ പൂജ തുടർന്നുപോന്നു. സ്വാമിജി ശ്രീധരൻ, ഗുരുസ്വാമി ശ്രീധരന്റെ അടുത്ത സുഹൃത്തായിരുന്നു. ആത്മീയ പാതയിലൂടെ നീങ്ങിയ ഇരുവരിൽ സ്വാമിജി സന്യാസ ജീവിതം തെരഞ്ഞെടുത്ത് മലേഷ്യാ, സിംഗപ്പൂർ എന്നിവിടങ്ങളിൽ തന്റെ പ്രവർത്തനം വ്യാപിപ്പിച്ചപ്പോൾ ഗുരുസ്വാമി ശ്രീധരൻ ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. സ്വാമിജി ശ്രീധരനും കൂടെക്കൂടെ ലണ്ടൻ സന്ദർശിക്കാറുണ്ടായിരുന്നു.

ഒരു കൂട്ടം ഭക്തന്മാരുടെ അപേക്ഷയെ മാനിച്ച് സ്വാമിജി 2007-ൽ ലണ്ടൻ സന്ദർശിക്കുകയും ബ്രിട്ടനിൽ മൊത്തമുള്ള അയ്യപ്പഭക്തരെ ഏകോപിപ്പിക്കുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. അയ്യപ്പനായി നല്ലൊരു ക്ഷേത്രം നിർമ്മിക്കുക എന്നതായിരുന്നു ഉദ്ദേശം. അങ്ങനെയാണ് ഹാരോവിലെ മേസൺസ് അവന്യൂവിൽ ക്ഷേത്രനിർമ്മാണം ആരംഭിച്ചത്. ആദ്യം ഒരു താത്ക്കാലിക ക്ഷേത്രത്തിലായിരുന്നു പൂജാ കർമ്മങ്ങൾ നടത്തിയിരുന്നതെങ്കിലും, പിന്നീട് ഭക്തരുടെ പിന്തുണയോടെ കേരള മാതൃകയിലുള്ള ഒരു ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞു. സെപ്റ്റംബർ 2008 ൽ ഇതിന്റെ പണി പൂർത്തിയായി.

കുംഭാഭിഷേകത്തോടെയുള്ള വിഗ്രഹ പ്രതിഷ്ഠ നടന്നത് 2008 സെപ്റ്റംബർ 16 നായിരുന്നു. തുടർന്ന് ഗണപതി വിഗ്രഹവും സുബ്രഹ്മണ്യൻ, ശിവൻ, ദുർഗ എന്നീ വിഗ്രഹങ്ങളും പ്രതിഷ്ഠിക്കപ്പെട്ടു. പിന്നീടാണ് നവഗ്രഹ വിഗ്രഹങ്ങൾ വന്നത്. പിന്നീട് 2010 ൽ ക്ഷേത്ര ഗോപുരം പണിയുകയും വെങ്കടേശ്വര സ്വാമി, ഹനുമാൻ തുടങ്ങിയ പ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. 2010 ഓഗസ്റ്റ് 20 ന് പഞ്ചലോഹത്തിൽ തീർത്ത അയ്യപ്പ വിഗ്രഹം പ്രതിഷ്ഠിച്ചു. കേരളത്തിന്റെ പൈതൃക വാസ്തുശില്പകലയിൽ കൂത്തമ്പലത്തിന്റെ മാതൃകയിൽ പണികഴിപ്പിച്ച ഓഡിറ്റോറിയത്തിൽ പല പ്രമുഖ വ്യക്തികളും ആത്മീയ പ്രഭാഷണം, സപ്താഹയജ്ഞം തുടങ്ങിയവ നടത്താറുണ്ട്.

എല്ലാ അർത്ഥത്തിലും ഇന്ന് ഒരു മഹാക്ഷേത്രമായി മാറിയിരിക്കുന്ന ഹാരോയിലെ അയ്യപ്പക്ഷേത്രത്തിന്റെ പിന്നിലെ പ്രചോദനം ഗുരുസ്വാമി എന്ന് ഭക്തർ ആദരപൂർവ്വം വിളിക്കുന്ന ശ്രീധരൻ തന്നെയായിരുന്നു. കൊല്ലം സ്വദേശിയായ ഗുരു സ്വാമിയുടെ പത്നി കമലം നേരത്തേ നിര്യാതയായിരുന്നു. മൂന്ന് മക്കളാണ് ഉള്ളത്. തന്റെ പവിത്രമായ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി സമാധാനത്തോടെ അയ്യപ്പ സന്നിധിയിലേക്ക് യാത്രയായ ഈ കർമ്മയോഗി എക്കാലവും ബ്രിട്ടനിലെ അയ്യപ്പ ഭക്തരുടെ മനസ്സിൽ ഒരു ഓർമ്മയായി തുടിച്ചുനിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP