Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

യുവാക്കളെ നിരത്തിലിറക്കി സ്വന്തം മതാപിതാക്കളേയും അദ്ധ്യാപകരേയും ആക്രമിക്കാൻ പ്രേരിപ്പിച്ച മാവോ സേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവം; ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ നാളുകൾ കാമറയിൽ പകർത്തി ലോകത്തിന് മുന്നിലെത്തിച്ച ലീ സെൻഷെങ്ങ് ഓർമ്മയായി; 79 കാരൻ മരണമടഞ്ഞത് അമേരിക്കയിൽ വച്ച്

യുവാക്കളെ നിരത്തിലിറക്കി സ്വന്തം മതാപിതാക്കളേയും അദ്ധ്യാപകരേയും ആക്രമിക്കാൻ പ്രേരിപ്പിച്ച മാവോ സേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവം; ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ നാളുകൾ കാമറയിൽ പകർത്തി ലോകത്തിന് മുന്നിലെത്തിച്ച ലീ സെൻഷെങ്ങ് ഓർമ്മയായി; 79 കാരൻ മരണമടഞ്ഞത് അമേരിക്കയിൽ വച്ച്

മറുനാടൻ മലയാളി ബ്യൂറോ

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലിക്ക് കയറുമ്പോൾ ലീ സെൻഷെങ്ങ് ഒരിക്കലും വിചാരിച്ചിരുന്നില്ല, ചൈനയുടെ ചരിത്രത്തിലെ ഏറ്റവും പ്രശ്നബാധിതമായ സമയത്തിന്റെ നേർക്കാഴ്‌ച്ചകൾ ലോകം കാണാൻ പോകുന്നത് തന്റെ ചിത്രങ്ങളിലൂടെയായിരിക്കും എന്ന്. സർക്കാർ നിയമിച്ച മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലീക്ക് അധികമാർക്കും പോകാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പോകുവാനും പലരുമായി അടുത്തിടപഴകാനും കഴിഞ്ഞിരുന്നു. ഈ അവസരം മുതലെടുത്ത് ആയിരക്കണക്കിന് ഫോട്ടോകളാണ് ലീ എടുത്തത്. എന്നാൽ അവയിൽ പലതും എടുത്ത കാര്യം പുറത്തറിഞ്ഞാൽ ശിക്ഷിക്കപ്പെടും എന്ന ഭയത്താൽ തന്റെ ഫ്ളാറ്റിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.

ലീക്ക് മൂന്ന് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാവ് മരണമടഞ്ഞു. പിന്നീട് തന്റെ പിതാവിനെ സഹായിക്കുവാനായി പത്ത് വയസ്സുവരെ കൃഷിപ്പണിയിൽ ഏർപ്പെട്ടു. അതിന് ശേഷമാണ് സ്‌കൂളിൽ പോകുവാൻ ആരംഭിച്ചത്.സ്‌കൂൾ പഠനത്തിനു ശേഷം അദ്ദേഹം ചാംഗ്ചെൻ ഫിലിം സ്‌കൂളിൽ ചേർന്ന് ഫോട്ടോഗ്രാഫി പഠിച്ചത്.അതിനു ശേഷം ചൈനീസ് സർക്കാറിന്റെ നേതൃത്വത്തിൽ ഉത്തര-പൂർവ്വ പ്രവിശ്യയിലുണ്ടായിരുന്ന ഹീലോംഗ്ജിയാംഗ് എന്ന പത്രത്തിൽ ഫോട്ടോഗ്രാഫറായി ജോലിക്ക് കയറി.

തന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുവാൻ മാവോ സേതുങ്ങ് ആരംഭിച്ച സാംസ്‌കാരിക വിപ്ലവം ആരംഭിച്ച സമയമായിരുന്നു അത്. തന്റെ ഫോട്ടോകളുടെ ശേഖരം പ്രസിദ്ധീകരിച്ച റെഡ്-കളർ ന്യുസ് സോൾജിയർ എന്ന പുസ്തകത്തിൽ സാംസ്‌കാരിക വിപ്ലവത്തിലെ സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്, വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും. പഴയ നാല് കാര്യങ്ങൾ രാജ്യത്തുനിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മാവോ ആരംഭിച്ച വിപ്ലവത്തിലേക്ക് ആയിരക്കണക്കിന് യുവാക്കളേയാണ് ആകർഷിച്ചത്. വിദ്യാർത്ഥികൾക്ക് വിപ്ലവത്തിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുവാൻ കോളേജുകൾ വരെ അടച്ചിട്ടു.

ഈ വിപ്ലവത്തിന് ശക്തിവർദ്ധിച്ചപ്പോൾ, അന്നുവരെ അധികാരത്തിന്റെ പ്രതീകമായി കരുതിയിരുന്ന എന്തിനേയും എതിർക്കാൻ യുവാക്കൾ രംഗത്തിറങ്ങി. സ്വന്തം മാതാപിതാക്കളേയും അദ്ധ്യാപകരേയുമെല്ലാം പരസ്യമായി ആക്രമിച്ചു. ബുദ്ധിജീവികൾ നാടുകടത്തപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തു. ആയിരക്കണക്കിന് ആൾക്കാർ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാവുകയോ ചെയ്തു. ഇത്തരത്തിലുള്ള നിർവധി അക്രമ സംഭവങ്ങൾ കാമറയിൽ പകർത്താൻ തന്റെ സ്ഥാനം ഉപയോഗിച്ച് ലീക്ക് സാധിച്ചു.

വിപ്ലവകാരികളായ വിദ്യാർത്ഥികൾക്ക് -റെഡ് ഗാർഡ്- എന്തും കാമറയിൽ പകർത്താനുള്ള അവസരം ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ ലീ കൈയിൽ റെഡ്-കളർ ന്യുസ് സോൾജിയർ എന്നെഴുതിയ ആം ബാൻഡ് ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. വിചാരണകൂടാതെ ആളുകളെ വധിക്കുന്നതുൾപ്പടെയുള്ള സംഭവങ്ങൾ കാമറയിൽ പകർത്താൻ ഈ നീക്കം ലീയെ സഹായിച്ചു.ഈ ഇരുണ്ട ദിനങ്ങൾ കാമറയിൽ പകർത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. അത് എനിക്ക് വേണ്ടിയായിരുന്നുവോ, വിപ്ലവത്തിനു വേണ്ടിയായിരുന്നുവോ അതോ ഭാവിയിലേക്ക് വേണ്ടിയായിരുന്നുവോ എന്നെനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹ പറയുന്നു.

എന്നാൽ അതീവ പ്രാധാന്യമുള്ള ചില ചിത്രങ്ങൾ (ഏകദേശം 20,000 ചിത്രങ്ങൾ) തന്നെ ശിക്ഷിക്കാൻ കാരണമായേക്കുമെന്ന് തിരിച്ചറിഞ്ഞ ലീ അവ പ്രസിദ്ധീകരണത്തിന് നൽകാതെ തന്റെ ഫ്ളാറ്റിലെ തറയ്ക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. അദ്ദേഹം ഭയന്നതുപോലെത്തന്നെ 1968 ൽ വിപ്ലവ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം അറസ്റ്റിലായി. അന്ന് അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തി പൊലീസ് തെരഞ്ഞെങ്കിലും ഈ ഫോട്ടോകളുടെ നെഗറ്റീവുകൾ അവർക്ക് ലഭിച്ചില്ല. അന്ന് അത് അവർക്ക് കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷെ അന്നു തന്നെ അദ്ദേഹം മരണപ്പെട്ടേനേ.

ഭാര്യയ്ക്കൊപ്പം രണ്ടുവർഷത്തെ കഠിന പ്രയത്നത്തിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞെത്തിയപ്പോൾ ആ ഫോട്ടോ നെഗറ്റീവുകൾ സുരക്ഷിതമായി അവിടെ തന്നെ ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം ബെയ്ജിംഗിലെ ഒരു യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലിക്ക് ചേര്ന്നു. പിന്നീട് 1980 കളിൽ ചൈനയിൽ താരതമ്യേന മികച്ച രീതിയിൽ പ്രത്രസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട നാളുകളിൽ അദ്ദേഹത്തിന്റെ ധരാളം ഫോട്ടോകൾ ബെയ്ജിംഗിൽ നടന്ന ഒരു ഫോട്ടോ പ്രദർശനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.

അവിടെ വച്ചാണ് കോണ്ടാക്ട് പ്രസ്സ് ഇമേജസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയായ റോബർട്ട് പ്ലെഡ്ജ് ലീയുമായി ബന്ധപ്പെടുന്നതും അദ്ദേഹത്തിന്റെ മുഴുവൻചിത്രങ്ങളും ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതും. ഓരോ നെഗറ്റീവുകളും ഓരോ കവറിൽ ഇട്ട് അതിന്റെ വിശദാംശങ്ങൾ, സംഭവത്തിന്റെ വിവരണം, നടന്ന സ്ഥലം, തീയതി, ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ എന്നിവ സഹിതമായിരുന്നു ലീ സൂക്ഷിച്ചിരുന്നത്. അത് ചൈനയുടെ ചരിത്രത്തിലെ ഇരുണ്ട നാളുകളിലേക്ക് വെളിച്ചം പകരാൻ ഉതകി.

പുസ്തകമായി പ്രസിദ്ധീകരിച്ചതിനു പുറമെ ലീയുടെ ചിത്രങ്ങൾ നിരവധി രാജ്യങ്ങളിലെ പ്രമുഖ ഫോട്ടോ പ്രദർശനങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഫോട്ടോഗ്രാഫിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലൂസീ അവാർഡിന് 2013 ൽ അദ്ദേഹം അർഹനായിട്ടുണ്ട്.ഫോട്ടോഗ്രാഫി മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അദ്ദേഹം ചരിത്രത്തിനും കാര്യമായ സംഭാവനകൾ നൽകിയിട്ടാണ്ഈ ലോകം വിട്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP