Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ദമാനിലെ റിസോർട്ടിൽ പ്രവീണും കൂട്ടരും ബുക്കു ചെയ്തിരുന്നത് നാല് മുറികൾ; എത്താൻ വൈകിയതിനാൽ ലഭിച്ചത് രണ്ട് മുറികൾ മാത്രം; മരിച്ചത് ഒരു മുറിയിൽ താമസിച്ച എട്ടുപേർ; മുറിയുടെ വാതിലും ജനലുകളും അടച്ചു കിടന്നുറങ്ങിയവർ രാവിലെ ഒമ്പതായിട്ടും ഉണരാതിരുന്നതോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു മുറി തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നത് ഇന്ത്യൻ ഡോക്ടർമാരുടെ കൂടി സാന്നിധ്യത്തിൽ; മറ്റുള്ളവർ കാഠ്മണ്ഡുവിൽ എത്തി

ദമാനിലെ റിസോർട്ടിൽ പ്രവീണും കൂട്ടരും ബുക്കു ചെയ്തിരുന്നത് നാല് മുറികൾ; എത്താൻ വൈകിയതിനാൽ ലഭിച്ചത് രണ്ട് മുറികൾ മാത്രം; മരിച്ചത് ഒരു മുറിയിൽ താമസിച്ച എട്ടുപേർ; മുറിയുടെ വാതിലും ജനലുകളും അടച്ചു കിടന്നുറങ്ങിയവർ രാവിലെ ഒമ്പതായിട്ടും ഉണരാതിരുന്നതോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു മുറി തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നത് ഇന്ത്യൻ ഡോക്ടർമാരുടെ കൂടി സാന്നിധ്യത്തിൽ; മറ്റുള്ളവർ കാഠ്മണ്ഡുവിൽ എത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നേപ്പാളിൽ റിസോർട്ടിലെ മുറിയിൽ വിഷവാതകം ശ്വസിച്ച് കുട്ടികൾ അടക്കം എട്ടുപേർ മരിച്ച വാർത്ത അറിഞ്ഞ ഞെട്ടലിലാണ് കേരളം. അതീവ ദാരുണമായ ഈ ദുരന്തത്തിന് വഴിവെച്ചത് എവറസ്റ്റ് പനോരമ റിസോർട്ട് അധികൃതരുടെ അനാസ്ഥയിലേക്ക് തന്നെയാണ്. 15 അംഗ മലയാളി വിനോദ സഞ്ചാരികൾ ഹോട്ടലിൽ എത്തിയത് തിങ്കളാഴ്‌ച്ച രാത്രി ഒമ്പതരയോടെയാണ്. അടുത്ത സുഹൃത്തുക്കളായ പ്രവീണും രഞ്ജിത്തും എൻജിനിയർമാരാണ്. സംഘം മധ്യനേപ്പാളിലെ മലയോര വിനോദസഞ്ചാരകേന്ദ്രമായ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലെത്തിയത്. നാലുമുറികൾ ബുക്ക് ചെയ്തിരുന്നെങ്കിലും വൈകിയതിനാൽ ഇവർക്ക് രണ്ടു മുറികളേ നൽകാനായുള്ളൂവെന്ന് ഹോട്ടലധികൃതർ പറഞ്ഞു. ഇതിൽ ഒരു മുറിയിൽ താമസിച്ച എട്ടുപേരാണ് മരിച്ചത്. ചൂടിനായി ഹിറ്റർ പ്രവർത്തിപ്പിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

ഗ്യാസ് ഉപയോഗിച്ചുള്ള റൂം ഹീറ്ററിൽനിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് മകവാൻപുർ ജില്ലാ പൊലീസ് ഓഫീസർ സുശീൽ സിങ് റാത്തോഡ് പറഞ്ഞു. മുറിയുടെ വാതിലും ജനലുകളുമെല്ലാം അടച്ചാണ് ഇവർ കിടന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതായിട്ടും ഇവരെ കാണാഞ്ഞതിനെത്തുടർന്ന് ഹോട്ടൽജീവനക്കാർ ഡൂപ്ലിക്കേറ്റ് താക്കോൽകൊണ്ട് മുറി തുറന്നുനോക്കിയപ്പോൾ എട്ടുപേരെയും ബോധരഹിതരായി കണ്ടെത്തി. തുടർന്ന് ഇവരെ കാഠ്മണ്ഡുവിലെ എച്ച്.എ.എം.എസ്. ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചെങ്കിലും 12 മണിയോടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് നാരായൺ പ്രസാദ് പറഞ്ഞു. മൃതദേഹങ്ങൾ വൈകുന്നേരം മൂന്നോടെ മോർച്ചറിയിലേക്കു മാറ്റിയതായി കാഠ്മണ്ഡു മലയാളിസമാജം ഭാരവാഹി കൈലാസ്നാഥ് അറിയിച്ചു.

ഇന്ത്യൻ എംബസിയിൽനിന്നുള്ള ഡോക്ടർമാരും ആശുപത്രിയിലെത്തിയിരുന്നു. അവരുടെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഇന്നാണ് പോസ്റ്റുമോർട്ടം നടപടികൾ നടക്കുക. എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സംഘത്തിലെ ബാക്കിയുള്ളവരെ കാഠ്മണ്ഡുവിലെത്തിച്ചു. എംബസി ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തിവരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതിമാരും അവരുടെ നാലുകുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺകൃഷ്ണൻ നായർ (39), ഭാര്യ ശരണ്യാ ശശി (34), മക്കളായ ശ്രീഭദ്ര പ്രവീൺ (ഒമ്പത്), ആർച്ച പ്രവീൺ (ഏഴ്), അഭിനവ് നായർ (അഞ്ച്), കോഴിക്കോട് കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത് കുമാർ (38), ഭാര്യ പി.ആർ. ഇന്ദുലക്ഷ്മി പീതാംബരൻ (34), മകൻ വൈഷ്ണവ് രഞ്ജിത് (ആറ്) എന്നിവരെയാണ് മുറിയിൽ ബോധരഹിതരായി കണ്ടത്. ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൂത്തമകൻ മാധവ് മറ്റൊരു മുറിയിലായിരുന്നതിനാൽ രക്ഷപ്പെട്ടു.

ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തെ വിമാനത്തിൽത്തന്നെ മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ''കാഠ്മണ്ഡുവിൽനിന്ന് ഡൽഹിക്കുമാത്രമേ നേരിട്ട് വിമാനമുള്ളൂ. രാവിലെയും വൈകീട്ടുമാണ് ഡൽഹി സർവീസുകൾ. ബുധനാഴ്ച തന്നെ മുഴുവൻ മൃതദേഹങ്ങളും ഡൽഹിയിലെത്തിക്കാനായില്ലെങ്കിൽ അടുത്തദിവസം ബാക്കിയുള്ളവ കൊണ്ടുവരും''- മന്ത്രി പറഞ്ഞു.

അതേസമയം, മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന്റെയും വിമാനത്തിൽ അയക്കുന്നതിന്റെയും ചെലവു വഹിക്കുന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് കാഠ്മണ്ഡുവിലെ മലയാളിസമാജം ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ''സാധാരണഗതിയിൽ വളരെ പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ എംബസിയുടെ ചെലവിൽ കൊണ്ടുവരാനുള്ള ക്ഷേമനിധിയുണ്ട്. എന്നാൽ, ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും'' -അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതായി മന്ത്രി മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. പതിനഞ്ചംഗ സംഘത്തിലെ എട്ടുപേരാണ് ഹോട്ടൽമുറിയിൽ മരിച്ചത്. ബാക്കി ഏഴു പേരെ ചൊവ്വാഴ്ച വൈകീട്ടോടെ കാഠ്മണ്ഡുവിലെത്തിച്ചു. ഇവർക്ക് വൈശാലി ഹോട്ടലിൽ താമസം ഏർപ്പെടുത്തിയതായി കാഠ്മണ്ഡു മലയാളി സമാജം ഭാരവാഹി കൈലാസ്നാഥ് പറഞ്ഞു.

പ്രവീൺനായരുടെ അച്ഛൻ: കൃഷ്ണൻനായർ, അമ്മ: പ്രസന്നകുമാരി. സഹോദരി: പ്രസീദ. കുരുവട്ടൂർ സർവീസ് സഹകരണബാങ്ക് റിട്ട. സെക്രട്ടറി കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ മാധവൻനായരുടെയും പ്രഭാവതിയമ്മയുടെയും മകനാണ് രഞ്ജിത്ത്കുമാർ. സഹോദരങ്ങൾ: സജീഷ്‌കുമാർ(ടൂറിസം വകുപ്പ്, കണ്ണൂർ ഗസ്റ്റ്ഹൗസ്), സിന്ധു. മൊകവൂർ കോവിളി റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പീതാംബരൻ നായരുടെയും രാഗലതയുടെയും മകളാണ് ഇന്ദുലക്ഷ്മി(കാരന്നൂർ സർവീസ് സഹകരണ ബാങ്ക് എലത്തൂർ ഹെഡ് ഓഫീസിൽ ജൂനിയർ ക്ലാർക്ക്). സഹോദരി: ചിത്രാലക്ഷ്മി. അപകടത്തിൽ രക്ഷപ്പെട്ട മൂത്ത മകൻ മാധവ് സിൽവർഹിൽസ് സ്‌കൂൾ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP