Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോക്കും ബോംബുമായി നടന്ന ഭഗത് സിങ് ഒരു കെട്ടുകഥ; മനുഷ്യമനസ്സുകളെ മാറ്റാൻ നടന്ന വിപ്ലവകാരിയെ ഭീകരനാക്കിയത് ചരിത്രത്തെ ഭയന്നവർ..വിപ്ലവ നക്ഷത്രത്തിന്റെ അറിയപ്പെടാത്ത കഥ

തോക്കും ബോംബുമായി നടന്ന ഭഗത് സിങ് ഒരു കെട്ടുകഥ; മനുഷ്യമനസ്സുകളെ മാറ്റാൻ നടന്ന വിപ്ലവകാരിയെ ഭീകരനാക്കിയത് ചരിത്രത്തെ ഭയന്നവർ..വിപ്ലവ നക്ഷത്രത്തിന്റെ അറിയപ്പെടാത്ത കഥ

തോക്കും ബോംബുമായി നടന്ന ഭഗത് സിംഗിനേ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്ഥാനമുള്ളൂ. അതിലുപരി ചൂഷണത്തിനിരയായ സമൂഹത്തിന് വെളിച്ചമേകാനാണ് ഭഗത് സിങ് ശ്രമിച്ചത്. വിപ്ലവ നക്ഷത്രത്തിന്റെ ഈ മുഖം രേഖപ്പെടുത്തുന്നതിൽ ചരിത്രവും വീഴ്ച വരുത്തി. ആരവവും ആഘോഷവുമില്ലാതെ ഈ യഥാർത്ഥ രാജസ്‌നേഹിയുടെ ഒരു ജയന്തി ദിനം കൂടി കടന്നു പോയി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷിയെന്നാൽ ഭഗത് സിങ്. രാജ്യ സ്വാതന്ത്യത്തിനായുള്ള വിപ്ലവ പോരാട്ടത്തിനിടെ ജീവൻ ബലികൊടുത്ത ധീരൻ. അംഹിംസയിലൂന്നി രാജ്യത്തിന്റെ സ്വാതന്ത്ര്യ സ്വപ്‌നങ്ങൾ മഹാത്മാ ഗാന്ധി താലോലിച്ചപ്പോൾ ഭഗത് സിംഗിന്റെ യാത്ര മറ്റൊരു വഴിയേ ആയിരുന്നു. ബോബും തോക്കുമായി ബ്രിട്ടീഷുകാരെ നേരിടുക. സൂര്യനസ്തമിക്കാത്ത സാമൃാജ്യത്തെ കരുത്തിലൂടെ മാത്രമേ തകർത്തെറിയാനൂ എന്ന മനസ്സുമായി പോരാട്ടം നയിച്ച രാജ്യ സ്‌നേഹി. ഒടുവിൽ ഇരുപത്തി മൂന്നാം വയസ്സിൽ തൂക്കുകയറെന്ന വീരമൃത്യു. ഭഗത് സിംഗിലെ രാജ്യ സ്‌നേഹിയെ നാം അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹമുയർത്തിയ ആദർശങ്ങളെ ഇതിനുമപ്പുറം സമൂഹം ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത.

വിപ്ലവത്തിന് രക്തദാഹത്തോടെയുള്ള പോരാട്ടം ആവശ്യമില്ല. തോക്കിനോടും ബോംബിനോടുമുള്ള ആരാധനയല്ല വിപ്ലവം. ലക്ഷ്യം നേടാൻ ചിലപ്പോഴെല്ലാം ഇവ ആവശ്യമായി വന്നേക്കാം. ചില മുന്നേറ്റങ്ങളിൽ തോക്കും ബോംബുമെല്ലാം പ്രധാന ഭാഗവുമായേക്കാം. അതു മാത്രമല്ല വിജയത്തെ നിർണ്ണയിക്കുക. അതിക്രമങ്ങളല്ല വിപ്ലവം. ഒരു പക്ഷേ അവസാന സമയത്ത് അതിലേക്ക് നയിക്കപ്പെട്ടേക്കാം. അത്രമാത്രം.-ഈ ചിന്തധാരയാണ് യഥാർത്ഥത്തിൽ ഭഗത് സിങ് എന്ന പേര് ഓർമിപ്പിക്കേണ്ടത്. ഇതു തന്നെയാണ് ഈ മനുഷ്യൻ പകർന്ന് നൽകിയതും.

ബ്രിട്ടീഷുകാരെ തുരത്തുകയന്നതിനപ്പുറമുള്ള ലക്ഷ്യത്തോടെയാണ് ഭഗത് സിംഗെന്ന വിപ്ലവകാരി ചിന്തകളെ രൂപപ്പെടുത്തിയത്. എന്നാൽ രക്തസാക്ഷിത്വത്തിന്റെ വീരകഥ മാത്രമാണ് പ്രചരിക്കപ്പെട്ടത്. പ്രധാനപ്പെട്ടത് മനപ്പൂർവ്വമോ അല്ലാതെയോ മറന്നുകളഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിങ് പകർന്ന വിപഌച്ചൂട് വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകാത്തതാണ് ഇതിന് കാരണം. ഇരുപത്തിനാലാം വയസ്സിൽ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനി. തോക്കും ബോംബുമെടുത്ത് ബ്രിട്ടീഷുകാരെ നേരിട്ട് ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടു. നല്ല പ്രായത്തിൽ രക്ഷസാക്ഷിയുമായി. ഇവയാണ് ചരിത്രം ഭഗത് സിംഗിന് നൽകുന്ന വിശേഷണങ്ങൾ.

ലാഹോർ അസംബ്ലിയിലെ ബോംബേറും പൊലീസുകാരന്റെ കൊലപാതകവുമാണ് ഭഗത് സിംഗിന്റെ വീരകൃത്യങ്ങൾ. രാജ്യത്തിനായി ജീവൻ ബലികൊടുത്തും പോരാട്ടത്തിനറങ്ങിയ യുവാവ്. ഇവയെ രാജ്യമെന്നും ആരാധനയോടെ അംഗീകരിക്കുന്നത്. അതിനപ്പുറം ഭഗത് സിംഗിന്റെ ആശയങ്ങൾ ആരും ചർച്ച ചെയ്തില്ല. കാലിക പ്രസക്തിയെ കുറിച്ച് ചിന്തിച്ചു പോലുമില്ല. മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ ദർശനങ്ങളിലടിസ്ഥാനായ ഏകലോകം തന്നെയാണ് ഭഗത് സിംഗും സ്വപ്‌നം കണ്ടത്. ആരും ആരേയും ചൂഷണം ചെയ്യാത്ത സമത്വസുന്ദര സമൂഹം.

1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ബൽഗലായപ്പൂരിലാണ് ഭഗത് സിങ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷൻസിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കൾ തന്നെയാണ് പകർന്നത്. കുട്ടിക്കാലത്തേ ബ്രിട്ടീഷുകാർക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാർഢ്യം ഭഗത് സിംഗിന്റെ മനസ്സിൽ പതിഞ്ഞു.

തോക്കുകളാണ് അതിനുള്ള കൂട്ടുകാരെന്നും അന്ന് ഉറപ്പിച്ചു. വിവാഹിതനാവുന്നതിൽ നിന്ന് രക്ഷനേടാൻ ഒളിച്ചോടി നൗജവാൻ ഭാരത് സമാജിൽ ചേർന്നു. ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയുണ്ടാക്കിയ മുറിവുകളാണ് യുവാവായ ഭഗത്തിനെ വിപ്ലവ ചിന്തകളോട് കൂടുതൽ അടുപ്പിച്ചത്. 1926 ൽ ഭഗത്സിങ് നൗജവാൻ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാൻ ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബഌക്കൻ അസോയിയേഷൻ എന്ന വിപഌ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. 1929 ഏപ്രിൽ എട്ടിന് തൊഴിൽ തർക്കബില്ലും പൊതുബില്ലും സുരക്ഷാബില്ലും അവതരിപ്പിക്കാനിരിക്കെ ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞു.

പൊലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പൊലീസിനു കീഴടങ്ങിയത്. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിങ് 63 ദിവസത്തെ നിരാഹാരസമരം നടത്തി. ഇതിനിടെയിൽ ജോൺ സൗണ്ടർ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്ത് ബ്രിട്ടീഫുകാർ വധശിക്ഷ നടപ്പാക്കി.

''മഹാത്മാഗാന്ധിയൊക്കെ അടിവരയിട്ടതു പോലെ അധിനിവേശത്തിനെതിരായ സമരത്തിൽ അക്രമത്തിന്റെ തീവ്രനിലപാട് സ്വീകരിച്ചതല്ല ഭഗത് സിംഗിന്റെ പ്രസക്തി. ആദർശത്തിനായെടുത്ത ധീരമായ നിലപാടുകളുടെ പേരിലാകണം ഭഗത് സിങ് അംഗീകരിക്കപ്പെടേണ്ടത്'-കമ്മ്യൂണിസ്റ്റ് ചരിത്രകാരനായ കെ.എൻ. പണിക്കരുടെ അഭിപ്രായമാണിത്. ഭഗത് സിംഗിനെ കുറിച്ചോർക്കുമ്പോൾ വിപ്ലവ തത്വശാസ്ത്രത്തിനായി നടത്തിയ പരിശ്രമങ്ങളും സംഭവാവനകളുമാണ് പ്രധാനം. അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരീക്ഷണങ്ങളായിരുന്നു അവയെല്ലാം. അതിലുപരി ആഭ്യന്തര ചൂഷണത്തിനെതിരായ പോരട്ടമായിരുന്നു ഭഗത് സിംഗിന്റേതെന്നും കെ.എൻ.പണിക്കർ വിശദീകരിക്കുന്നു.

ജയിൽ വാസത്തിനിടെ ഭഗത് സിങ് തയ്യാറാക്കിയ കുറിപ്പുകൾ ചരിത്ര രേഖകളാണ്. വിചാരണ കോടതിക്ക് മുന്നിൽ നെഞ്ചുവിരിച്ച് ഭഗത് സിങ് പറഞ്ഞതും ആരും കാര്യമായി ശ്രദ്ധിച്ചിട്ടില്ല. താൻ നിരീശ്വരവാദിയെന്ന് സമ്മതിക്കുന്ന ഭഗത് സിങ് വിപ്ലവത്തിന് വ്യക്തമായ നിർവ്വചനവും നൽകിയിട്ടുണ്ട്. ബോംബെറിഞ്ഞ് ആളുകളെ കൊല്ലുന്ന സാധാരകണക്കാരനായ ക്രിമനിലിനപ്പുറം ആശയപരമായ കെട്ടുറപ്പുള്ള ഭഗത് സിംഗെന്ന വിപ്ലവകാരിയെ ഈ രേഖകളിലൂടെ തിരിച്ചറിയാവുന്നതേയുള്ളൂ.

വിപ്ലവത്തെ നിർവ്വചിക്കുന്നതിലും അതിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിലും മുന്നേറ്റം നടത്തിയവരാണ് ഭഗത് സിംഗും സഖാക്കളുമെന്നാണ് ഈയിടെ അന്തരിച്ച പ്രമുഖ ചരിത്രകാരനായ ബിപിൻ ചന്ദ്ര രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരതയ്ക്കും അക്രമത്തിനും അപ്പുറം പുതിയ സാമൂഹിക ക്രമത്തിനായുള്ള പോരാട്ടമായിരുന്നു അത്. മനുഷഷ്യനെ അവൻ തന്നെ ചുഷണ ചെയ്യുന്നത് അവസാനിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. 1931 മാർച്ച് 3ന് ജയിലിൽ നിന്നുള്ള ഭഗത് സിംഗിന്റെ അവസാന സന്ദേശവും ബിപിൻ ചന്ദ്ര ഉയർത്തിക്കാട്ടുന്നു.

തൊഴിലടങ്ങളിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തുടരുന്നിടത്തോളം ഇന്ത്യയിലെ പോരാട്ടങ്ങൾ അവസാനിക്കരുതെന്ന ആഹ്വാനമാണ് ഭഗത് സിങ് അവസാനമായി നൽകിയത്. ബ്രിട്ടീഷുകാരെ പുറത്താക്കുന്നതിന് അപ്പുറമുള്ള സ്വാതന്ത്ര്യ ചിന്തകൾ ഭഗത് സിങ് മനസ്സിൽ താലോലിച്ചിരുന്നുവെന്ന് വ്യക്തം. ബ്രിട്ടീഷ് മുതലാളിമാരോ ഇന്ത്യൻ-ബ്രിട്ടീഷ് കൂട്ടായ്മയോ തദ്ദേശിയരോ എല്ലാം ചൂഷകരായെത്താമെന്നും ഭഗത് സിങ് ആ ഘട്ടത്തിൽ ഓർമിപ്പിച്ചിരുന്നു.

ചോര ചീന്തി വിപ്ലവമെന്നത് ഭഗത് സിങ് സ്വപ്‌നം കണ്ടതല്ല. ആയുധത്തിലൂടെ ലക്ഷ്യമെന്നത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെടൽ തുടങ്ങിയപ്പോഴെ ഈ വിപ്ലവകാരി തിരിച്ചറിഞ്ഞിരുന്നു. നിലപാടുകളാണ് പ്രധാനം. അതിന് തത്വശാസ്ത്രത്തിന്റെ അടിത്തറയും വേണം. ഉറച്ച ആശായടിത്തറ ഇല്ലാത്ത വിപ്ലവങ്ങൾ ചായക്കോപ്പിയിലെ കൊടുങ്കാറ്റു പോലെയാകുമെന്ന് തിരിച്ചറിയുകയും തുറന്നു പറയുകയും ചെയ്തിരുന്ന പോരാളി. രാഷ്ട്രീയ സുഹൃത്തുക്കൾക്ക് ഭഗത് സിങ് ജയിൽ ജീവതിത്തിനിടെ എഴുതിയ കുറിപ്പ് മാത്രം മതി ഇതുറപ്പിക്കാൻ.

എന്നിലെ കരുത്തൊന്നും ചോർന്നിട്ടില്ലെന്ന് ഉറപ്പിച്ച് തന്നെ പറയട്ടേ. ഞാനൊരു ഭീകരവാദിയില്ല, ഒരിക്കലും ആയിരുന്നുമില്ല, വിപ്ലവജീവിതത്തിന്റെ തുടക്കത്തിൽ മാത്രമല്ലാതെ ഒരിക്കലും അത്തരം ചിന്തകൾ ഉണ്ടായിട്ടുമില്ല. ആയുധത്തിന്റെ വഴിയേ ഒന്നും നേടാനാകില്ലെന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്-വർത്തമാന സാഹചര്യത്തിലും പ്രസക്തമായ വരെ ഈ ആശയചിന്ത തന്നെയായിരുന്നു അവസാന ശ്വാസം വരെയും ഭഗത് സിംഗിനെ നയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP