Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു കാർ തിരികെ റിവേഴ്‌സ് എടുത്ത് തിരികെ വന്നത് കോടമ്പാക്കം വീഥിയിലൂടെ റിപ്പോർട്ടിംഗിനായി പോകുമ്പോൾ; കാർ തുറന്നു ചാടിയിറങ്ങിയ സരസമ്മ കൃഷ്ണൻകുട്ടിയുമായി കൊമ്പ് കോർത്തത് ആ പംക്തിയുടെ പേരിൽ; തിലകൻ പ്രശ്‌നത്തിൽ ഓടി നടന്നതും പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ; സിനിമാ ചരിത്രത്തിന്റെ ഓർമ്മയിൽ തൂങ്ങുന്ന പല ഫ്രെയിമുകൾക്കും പിന്നിലുള്ളത് നാന കൃഷ്ണൻകുട്ടിയുടെ ക്ലിക്കുകൾ; മൺമറയുന്നത് മലയാള സിനിമയ്‌ക്കൊപ്പം നടന്ന ക്യാമറാമാൻ

ഒരു കാർ തിരികെ റിവേഴ്‌സ് എടുത്ത് തിരികെ വന്നത് കോടമ്പാക്കം വീഥിയിലൂടെ റിപ്പോർട്ടിംഗിനായി പോകുമ്പോൾ; കാർ തുറന്നു ചാടിയിറങ്ങിയ സരസമ്മ കൃഷ്ണൻകുട്ടിയുമായി കൊമ്പ് കോർത്തത് ആ പംക്തിയുടെ പേരിൽ; തിലകൻ പ്രശ്‌നത്തിൽ ഓടി നടന്നതും പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ; സിനിമാ ചരിത്രത്തിന്റെ ഓർമ്മയിൽ തൂങ്ങുന്ന പല ഫ്രെയിമുകൾക്കും പിന്നിലുള്ളത് നാന കൃഷ്ണൻകുട്ടിയുടെ ക്ലിക്കുകൾ; മൺമറയുന്നത് മലയാള സിനിമയ്‌ക്കൊപ്പം നടന്ന ക്യാമറാമാൻ

എം മനോജ് കുമാർ

തിരുവനന്തപുരം: നാന സിനിമാ വാരിക തുടങ്ങിയത് മുതൽ വാരികയ്ക്ക് ഒപ്പം നടന്ന ഫോട്ടോഗ്രാഫറാണ് ഇന്നു പുലർച്ചെ വിടവാങ്ങിയത്. നാനയുടെ കാതും കണ്ണുമായിരുന്നു കൃഷ്ണൻ കുട്ടി എന്ന നാനാ കൃഷ്ണൻകുട്ടി. നാന കൃഷ്ണൻ കുട്ടി എന്ന് പറഞ്ഞാൽ ഒരു കാലത്ത് അറിയാത്ത സിനിമാക്കാരുണ്ടായിരുന്നില്ല. നാല് പതിറ്റാണ്ടോളമാണ് നാനയ്ക്കും കേരള ശബ്ദത്തിനും വേണ്ടി ദൃശ്യങ്ങൾ അദ്ദേഹം പകർത്തിയത്.

മലയാള സിനിമാ ചരിത്രത്തിന്റെ ഓർമ്മയിൽ തൂങ്ങുന്ന പല ഫ്രെയിമുകൾക്കും പിന്നിലുള്ളത് നാന കൃഷ്ണൻകുട്ടിയുടെ ക്ലിക്കുകളാണ്. കേരളശബ്ദം ഗ്രൂപ്പിന്റെ ഫോട്ടോഗ്രാഫറായാണ് ചുമതലയേറ്റത് എങ്കിലും നാന കൃഷ്ണൻ കുട്ടി എന്ന പേരിൽ നാനയുടെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. മലയാള സിനിമയിലെ ഒരു തലമുറയിൽ കൃഷ്ണൻകുട്ടിയുടെ ക്യാമറാ കണ്ണുകൾ പതിയാത്ത ഒരു മുഖം പോലുമില്ല. അത്രമാത്രം പ്രസിദ്ധിയും സമ്മതിയും കൃഷ്ണൻ കുട്ടിക്കുണ്ടായിരുന്നു. നാന കൃഷ്ണൻ കുട്ടി എടുത്തു കൂട്ടിയ ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രം കൂടിയാണ് പറയുന്നത്. കുറെക്കാലമായി വാർധക്യ സഹജമായ പ്രശ്‌നങ്ങളെ തുടർന്ന് മണക്കാടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് അന്ത്യവും സംഭവിക്കുന്നത്. ''

കൃഷ്ണൻകുട്ടിയെ അറിയാത്തവർ മലയാള സിനിമാ രംഗത്ത് ഉണ്ടായിരുന്നില്ല. വ്യക്തി ബന്ധങ്ങളായിരുന്നു കൃഷ്ണൻകുട്ടിയുടെ കരുത്ത്. സൗമ്യവ്യക്തിത്വവുമായിരുന്നു. ആരുമായും വഴക്കിനു ജീവിതകാലത്ത് ഒരിക്കലും കൃഷ്ണൻകുട്ടി മുതിർന്നതേയില്ല. പകരം സിനിമാ രംഗത്തെ വഴക്കുകൾ പരിഹരിക്കുന്ന മധ്യസ്ഥൻ കൂടിയായി അദ്ദേഹം. നിർമ്മാതാക്കൾക്ക് ഒപ്പം നാന സിനിമാ രംഗം വാഴുന്ന കാലം കൂടിയായിരുന്നു ഇത്. എന്നിട്ടും വിവാദങ്ങൾക്ക് അതീതമായിതുടരാൻ അദ്ദേഹത്തിനു കഴിഞ്ഞു. സിനിമാ മാധ്യമ പ്രവർത്തനത്തിൽ വളരെയധികം കഴിവുകൾ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കൃഷ്ണൻകുട്ടി. ഏതാണ് വാർത്തകൾ. ഏതല്ല വാർത്തകൾ എന്ന കാര്യത്തിൽ തികഞ്ഞ ബോധ്യം കൃഷ്ണൻകുട്ടിക്കുണ്ടായിരുന്നു. ഫോട്ടോകൾക്ക് ഒപ്പം പോപ്പുലർ വാർത്തകൾ കൂടി അദ്ദേഹം നാനയ്ക്ക് സംഭാവന ചെയ്തു. ഫോട്ടോയും വാർത്തകൾക്കും പിന്നിൽ അന്ന് അദൃശ്യസാന്നിധ്യമായി അദ്ദേഹം വർഷങ്ങൾ തന്നെ നാനയ്ക്ക് പിന്നിൽ നിന്നു. മലയാള സിനിമയുടെ ഒരു തലമുറയ്ക്ക് സമ്മതനായ വ്യക്തികൂടിയായിരുന്നു അദ്ദേഹം.

ഈ വ്യക്തിബന്ധങ്ങൾ കാരണമാണ് വളരെ പെട്ടെന്ന് പോപ്പുലർ ആയി മാറിയ ക്യാമറയ്ക്ക് മുന്നിലും പിന്നിലും എന്ന നാന പംക്തി അദ്ദേഹം നിർത്തിയത്. നാനയുടെ ഫോട്ടോഗ്രാഫർ ആയി തുടരുമ്പോൾ തന്നെയാണ് അദ്ദേഹം സ്വന്തം അനുഭവങ്ങൾ ആസ്പദമാക്കി മലയാള സിനിമയുടെ ചരിത്രത്തിൽ തൊട്ട് അദ്ദേഹം പംക്തിയെഴുതിയത്. കടുത്ത എതിർപ്പുകൾ ആണ് ഈ പംക്തിയുടെ പേരിൽ അദ്ദേഹത്തിനു നേരെ ഉയർന്നത്. ഒരു തുറന്ന എഴുത്താണ് പംക്തിയിൽ അദ്ദേഹം നടത്തിയത്. സിനിമാ രംഗത്തെ പല സംഭവങ്ങളും പംക്തി വഴി വെളിയിൽ വന്നു. ഫോട്ടോ ആദ്യം എടുത്തപ്പോഴുള്ള നടന്, നടിക്ക് പിന്നീട് വന്ന മാറ്റങ്ങളാണ് പംക്തിയിലൂടെ തുറന്ന എഴുത്തിനു അദ്ദേഹം വിധേയമാക്കിയത്.

മലയാള സിനിമയിലെ പല അന്തപ്പുര രഹസ്യങ്ങളും അറിയാവുന്ന ആൾ പംക്തി എഴുതിയാൽ ഉണ്ടാകുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞാണ് രൂക്ഷമായ എതിർപ്പ് അദ്ദേഹത്തിനു നേരെ ഉയർന്നത് ഇത് മനസിലാക്കിയാണ് പംക്തി എഴുത്ത് അദ്ദേഹം നിർത്തിയതും. ഈ അനുഭവം പ്രശസ്ത സിനിമാ മാധ്യമ പ്രവർത്തകൻ പല്ലിശ്ശേരി വിവരിക്കുന്നത് ഇങ്ങനെ: അന്ന് എംജിആർ തമിഴ്‌നാട് വാഴുന്ന കാലം. ആ ഘട്ടങ്ങളിൽ നാന സിനിമാ രംഗത്ത് കത്തി നിൽക്കുന്ന സമയമാണ്. കൊല്ലത്തെ നാന ഓഫീസിൽ നിന്ന് പല്ലിശ്ശേരിയും കൃഷ്ണൻകുട്ടിയും ക്യാമറയുമായി ഇറങ്ങുകയാണ് ചെന്നൈയിലേക്ക്.

പിന്നെ കുറെ നാൾ ചെന്നൈ വാസമാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമാ ലൊക്കേഷനുകൾ എല്ലാം ഇവർ കവർ ചെയ്യും. മലയാള സിനിമ അന്ന് ചെന്നൈയിൽ കേന്ദ്രീകരിച്ച കാലവുമാണ്. കോടമ്പാക്കം വീഥിയിലൂടെ ഇങ്ങിനെ റിപ്പോർട്ടിംഗിനായി പോകുമ്പോഴാണ് ഇവരെ കടന്നു പോയ ഒരു കാർ തിരികെ റിവേഴ്‌സ് എടുത്ത് തിരികെ വന്നത്. എംജിആർ കാലത്ത് ചെന്നൈയിൽ എന്തിനും അധികാരമുള്ളവരായി വിലസിയിരുന്നവരിൽ പ്രമുഖരായിരുന്നു അംബിക, രാധ, സരസമ്മ. എംജിആറുമായി ഇവർക്ക് ഉണ്ടായിരുന്ന വ്യക്തി ബന്ധമാണ് ചെന്നെയിലെ സ്വാധീന ശക്തിയുള്ള നടി കുടുംബമായി ഇവരെ മാറ്റിയത്.

തിരികെ പാഞ്ഞു വന്ന കാറിൽ രാധയും അമ്മ സരസമ്മയുമായിരുന്നു. കാർ തുറന്നു ചാടിയിറങ്ങിയ സരസമ്മ കൃഷ്ണൻകുട്ടിയുമായി കൊമ്പ് കോർത്തു. കൃഷ്ണൻകുട്ടിയുടെ നാന പംക്തിയാണ് സരസമ്മയെ ചൊടിപ്പിച്ചത്. ഇതോടെ പല്ലിശ്ശേരി പ്രശ്‌നത്തിൽ ഇടപെട്ടു. സരസമ്മ പറഞ്ഞു 'മോൻ ഈ പ്രശ്‌നത്തിൽ ഇടപെടേണ്ട...ഇത് ഞങ്ങളുടെ കുടുംബ പ്രശ്‌നമാണ്. നാന കൃഷ്ണൻ കുട്ടി എന്റെ ബന്ധുവാണ്. ഇത് ഞങ്ങൾ തമ്മിൽ തീർക്കും. ഇതോടെ ഞാൻ പറഞ്ഞു... അത് നിങ്ങൾ വീട്ടിൽ തീരുമാനിച്ചാൽ മതി. ഇത് എന്റെ കൂടെ റിപ്പോർട്ടിംഗിന് വന്ന കൃഷ്ണൻകുട്ടിയാണ്. അതുകൊണ്ട് തന്നെ വഴക്ക്കൂടാൻ കഴിയില്ല-ഞാൻ നിലപാട് എടുത്തു.

ഇതോടെ തർക്കം മൂത്തു. സരസമ്മ പറഞ്ഞു.. 'നിങ്ങളെ രണ്ടുപേരെയും ഞങ്ങൾ പിടിച്ചു കൊണ്ടുപോയി റൂമിൽ അടച്ചിട്ടു ഒരു പെണ്ണിനേയും കൊണ്ട് നിർത്തി അനാശാസ്യം എന്ന് പറഞ്ഞു പൊലീസിനെയും കൊണ്ട് റെയിഡ് നടത്തിയാൽ എന്താകും സ്ഥിതി. എനിക്ക് അതിനുള്ള സ്വാധീനം ഇവിടെ ചെന്നെയിലുണ്ട്. മനസിലായോ? പക്ഷെ ഞാൻ ഒരമ്മയാണ്. അതുകൊണ്ട് ഞാൻ ഒരിക്കലും അത് ചെയ്യില്ല. പക്ഷെ നിങ്ങൾ ഇങ്ങിനെ എഴുതാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് കൃഷ്ണൻകുട്ടി... കൃഷ്ണൻ കുട്ടി എഴുതിയതിലാണ് എനിക്ക് വിഷമം...'സരസമ്മ പറഞ്ഞു.

തിലകനുമായുള്ള പ്രശ്‌നം നടക്കുമ്പോഴും എനിക്ക് ഒപ്പം കൃഷ്ണൻകുട്ടിയുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആയിരുന്നു കൃഷ്ണൻ കുട്ടിക്ക് താത്പര്യം. അദ്ദേഹം ആരെയും ഒരിക്കലും ദ്രോഹിച്ചില്ല. അന്ന് ഇന്നത്തെ പോലുള്ള സിനിമാ രംഗമല്ല. വൈകീട്ട് ഷൂട്ട് കഴിഞ്ഞാൽ സിനിമാ താരങ്ങളും പത്രക്കാരും ഒരുമിച്ച് കൂടും. മദ്യപാന സദസും ഉണ്ടാകും. കൃഷ്ണൻ കുട്ടി ഈ സദസുകളിൽ പ്രമുഖനായിരുന്നു. അധികം കഴിക്കാതെ കൃഷ്ണൻകുട്ടി എല്ലാം ഒപ്പിയെടുക്കും. ഫോട്ടോയും വാർത്തകളും ഉൾപ്പെടെയുള്ളവ. ഇതാണ് പിന്നീട് നാനയിൽ ഞാൻ റിപ്പോർട്ട് ചെയ്യാറുള്ളത്. അവയെല്ലാം പോപ്പുലർ ആയി മാറി-പല്ലിശ്ശേരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP