Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

മുൻ ഡെപ്യൂട്ടിസ്പീക്കർ നഫീസത്ത് ബീവി അന്തരിച്ചു; വിടവാങ്ങുന്നത് മതത്തിന്റെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ ധീരവനിത; പഠിച്ച് മിടുക്കിയായി രാഷ്ട്രീയത്തിലെത്തി; കമ്മ്യൂണിസ്റ്റ് ഇതിഹാസം ടിവി തോമസിനെ തോൽപ്പിച്ച് താരവുമായി

മുൻ ഡെപ്യൂട്ടിസ്പീക്കർ നഫീസത്ത് ബീവി അന്തരിച്ചു; വിടവാങ്ങുന്നത് മതത്തിന്റെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ ധീരവനിത; പഠിച്ച് മിടുക്കിയായി രാഷ്ട്രീയത്തിലെത്തി; കമ്മ്യൂണിസ്റ്റ് ഇതിഹാസം ടിവി തോമസിനെ തോൽപ്പിച്ച് താരവുമായി

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാർച്ച് മുതൽ 1964 സെപ്റ്റംബർ വരെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. 1924 മാർച്ച് 22-നാണ് നഫീസത്ത് ബീവി ജനിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം 3.30നു പാളയം പള്ളിയിൽ നടക്കും. സജീവ കോൺഗ്രസ് പ്രവർത്തകയായിരുന്ന നഫീസത്ത് എഐസിസി, കെപിസിസി അംഗമായിരുന്നു. അഭിഭാഷകയായിരുന്ന നഫീസത്ത് 1954 മുതലാണ് രാഷ്ട്രീയത്തിൽ സജീവമായത്.

വനിതകൾ, പ്രത്യേകിച്ച് മുസ്‌ലിം വനിതകൾ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരാൻ മടി കാണിച്ചിരുന്ന ഒരു കാലത്താണ് ബീവി തന്റേടത്തോടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. 1924ൽ കായംകുളം കൃഷ്ണപുരം പുത്തൻപുരയിൽ കുടുംബാംഗമായാണ് ബീവിയുടെ ജനനം. യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ ജനിച്ച നഫീസത്ത് ബീവി സമുദായത്തിൽ നിലനിന്നിരുന്ന പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ടും കേട്ടുമാണ് വളർന്നത്. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരമില്ലാതിരുന്ന അക്കാലത്ത് പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള പിതാവിന്റെ പ്രോത്സാഹനം ബീവിക്ക് വലിയ പ്രചോദനമായി.

Stories you may Like

സ്‌കൂൾ ഫൈനൽ കഴിഞ്ഞ് തിരുവനന്തപുരം വിമൻസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇന്റർമീഡിയറ്റ് കഴിഞ്ഞതും ആലപ്പുഴ സ്വദേശിയായ അബ്ദുള്ളക്കുട്ടിയുമായുള്ള വിവാഹം. വ്യാപാരിയായിരുന്നു അബ്ദുള്ളക്കുട്ടി. ആലപ്പുഴ പണിക്കൻ ബംഗ്ലാവ് കുടുംബാംഗമാണ് അബ്ദുള്ളക്കുട്ടി. പക്ഷേ, നഫീസത്ത് ബീവിയുടെ പഠനത്തിന് വിവാഹമൊരു തടസ്സമായിരുന്നില്ല. ആലപ്പുഴ എസ്.ഡി. കോളേജിൽ ബിരുദം പൂർത്തിയാക്കി എറണാകുളം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നു. ആദ്യത്തെ കുഞ്ഞ് പിറന്നതിനു ശേഷമുള്ള നിയമപഠനം ബീവിക്ക് ഒരു വെല്ലുവിളിയായിരുന്നു. നിയമബിരുദം നേടി പുറത്തിറങ്ങിയ ബീവി ആലപ്പുഴ ബാറിൽ പ്രാക്ടീസ് തുടങ്ങി.

അക്കാലത്താണ് നഫീസത്ത് ബീവിയുടെ രാഷ്ട്രീയരംഗത്തേക്കുള്ള അരങ്ങേറ്റം. 1952ൽ ടി.എ. അബ്ദുള്ള ആലപ്പുഴ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതോടെയാണ് നഫീസത്ത് ബീവിയുടെ രാഷ്ട്രീയത്തിന് പുതിയ തലം വരുന്നത്. പ്രചാരണയോഗങ്ങളിലുംമറ്റും അബ്ദുള്ളയ്ക്കുവേണ്ടി ബീവി പ്രസംഗിച്ചു. തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ച് മന്ത്രിയായ അബ്ദുള്ളയുടെ ശ്രമഫലമായി നഫീസത്ത് ബീവിയെ കെപിസിസി. അംഗമായി നോമിനേറ്റു ചെയ്തു. കെ.പി. മാധവൻ നായർ കെപിസിസി. പ്രസിഡന്റായിരുന്നപ്പോൾ ബീവി നിർവാഹകസമിതി അംഗമായിരുന്നു.

1953ൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എ.ഐ.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ബീവി എ.ഐ.സി.സി. മെംബറുമായി. കേരള നിയമസഭയിലേക്ക് 1957ൽ നടന്ന നപഥമ തിരഞ്ഞെടുപ്പിലാണ് നഫീസത്ത്ബീവി ആദ്യമായി മത്സരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ബീവിക്ക് എതിരാളിയായത് കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസും. ആ തെരഞ്ഞെടുപ്പിൽ ടി.വി. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചത് നഫീസത്ത് ബീവിക്ക് ഗുണമായി. 1960ൽ ടി.വി.യെ വീണ്ടും ബീവി ആലപ്പുഴയിൽനിന്ന് നേരിട്ടു. ആ തെരഞ്ഞെടുപ്പിലെ ബീവിയുടെ വിജയമറിഞ്ഞ് നെഹ്രുവരെ വിളിച്ചഭിനന്ദിച്ചു എന്ന് ബീവി ഓർമിക്കുന്നു.

മന്ത്രിയാവുമെന്ന് ഉറപ്പിച്ചിരുന്നിട്ടും അവസാന നിമിഷം മന്ത്രിസ്ഥാനം തെറിച്ചു. തൊടുപുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച കുസുമം ജോസഫിനെയാണ് 1960ലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തത്. എന്നാൽ, തന്നെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് അവർ ആ പദവി നിരസിച്ചു. അങ്ങനെയാണ് നഫീസത്ത് ബീവിക്ക് നറുക്ക് വീണത്. 1960 മാർച്ച് 15ന് ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റ നഫീസത്ത് ബീവി 1964 സെപ്റ്റംബർ 10 വരെ തൽസ്ഥാനത്ത് തുടർന്നു.

പിന്നീട് കോൺഗ്രസ് നേതൃത്വമിടപെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ പദവി നല്കുകയും ചെയ്തു. അങ്ങനെ 1960ൽ നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റു. അക്കാലത്ത് സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാല്പതു ദിവസത്തോളം സ്പീക്കറുടെ ചുമതല ബീവിക്കായിരുന്നു. പിന്നീട് സ്പീക്കർസ്ഥാനമേറ്റെടുത്ത സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും ബീവി സ്പീക്കർസ്ഥാനം അലങ്കരിച്ചു.

1962ലെ ബജറ്റ് സമ്മേളനത്തിൽ ബീവിയായിരുന്നു സ്പീക്കർ. അവരുടെ അധ്യക്ഷതയിലായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. വളരെയേറെ ഉത്തരവാദിത്വമുള്ള, സെൻസിറ്റീവായ സ്പീക്കർ പദവി ആർജവത്തോടെയും സമചിത്തതയോടെയുമാണ് നഫീസത്ത് ബീവി കൈകാര്യം ചെയ്തത്. ഇ.എം.എസ്, കെ.ആർ ഗൗരിയമ്മ പോലുള്ള പ്രഗത്ഭർ പ്രതിപക്ഷത്ത്. പക്ഷേ, ബീവി പതറിയില്ല. ഡെപ്യൂട്ടി സ്പീക്കർക്ക് അക്കാലത്ത് വലിയ അധികാരമൊന്നുമുണ്ടായിരുന്നില്ല. കാറ്, ബംഗ്ലാവ്, സെക്രട്ടറിമാർ തുടങ്ങിയവയൊന്നുമില്ല. 400 രൂപയായിരുന്നു ശമ്പളം.

1967ൽ മഞ്ചേരിയിൽ പാർലമെന്റ് സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. 1979ൽ വാമനപുരം അസംബ്ലി നിയോജകമണ്ഡലത്തിലും മത്സരിച്ച് തോറ്റു. 70കളുടെ തുടക്കത്തിൽ ആലപ്പുഴ വിട്ട ബീവി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. കേരളത്തിൽ കോൺഗ്രസ് മഹിളാ സംഘടന കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. നഫീസത്ത് ബീവി രണ്ട് തവണ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്; 1959ലും '79ലും. രണ്ടും പാർട്ടിക്കു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളെ തുടർന്നായിരുന്നു. വിമോചനസമരത്തെ തുടർന്നായിരുന്നു 1959 ലെ അറസ്റ്റ്. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തിൽ വന്ന ജനതാ ഗവൺമെന്റ് ഇന്ദിരാഗാന്ധിയെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്തതായിരുന്നു 1979ലെ അറസ്റ്റിന് കാരണം. ഒരാഴ്ചയാണ് അന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നത്. കോൺഗ്രസിൽ 1967ൽ ഉണ്ടായ പിളർപ്പിന്റെ സന്ദർഭത്തിൽ നഫീസത്ത് ബീവി ഇന്ദിരാഗാന്ധിയുടെ പക്ഷത്താണ് നിലകൊണ്ടത്.

നഫീസത്ത് ബീവിയുടെ ഭർത്താവ് അബ്ദുല്ല കുട്ടി 1986 ജൂലൈ 28ന് തിരുവനന്തപുരത്ത് വച്ചാണ് അന്തരിച്ചത്. ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും ആരാധനകളിൽ നിഷ്ഠയുമുള്ള ആളായിരുന്നു അദ്ദേഹം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP