Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

16-ാം വയസ്സുമുതൽ ആറര പതിറ്റാണ്ടുകാലം നീണ്ടുനിന്ന സംഗീത ജീവിതം; കഥകളി അരങ്ങിൽ പ്രധാന ഗായകനായി പാടിയത് 12,000 ലേറെ വേദികളിൽ; മുദാക്കൽ ഗോപിനാഥൻ നായർ മടങ്ങുമ്പോൾ ഓർമ്മയാകുന്നത് ആട്ടക്കഥാസാഹിത്യത്തിന്റെ അർഥവും ഭാവവും അറിഞ്ഞുപാടിയ അപൂർവ്വം ഗായികരിലൊരാൾ

16-ാം വയസ്സുമുതൽ ആറര പതിറ്റാണ്ടുകാലം നീണ്ടുനിന്ന സംഗീത ജീവിതം; കഥകളി അരങ്ങിൽ പ്രധാന ഗായകനായി പാടിയത്  12,000 ലേറെ വേദികളിൽ; മുദാക്കൽ ഗോപിനാഥൻ നായർ മടങ്ങുമ്പോൾ ഓർമ്മയാകുന്നത് ആട്ടക്കഥാസാഹിത്യത്തിന്റെ അർഥവും ഭാവവും അറിഞ്ഞുപാടിയ അപൂർവ്വം ഗായികരിലൊരാൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആട്ടക്കഥാസാഹിത്യത്തിന്റെ അർഥവും ഭാവവും അറിഞ്ഞുപാടിയ ചുരുക്കം ഗായകരിലൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുദാക്കൽ ഗോപിനാഥൻ നായർ. കഥകളിയുടെ തെക്കൻചിട്ടയിലെ മുതിർന്ന ഗായകൻ കൂടിയായ അദ്ദേഹം തന്റെ 90 മത്തെ വയസ്സിലാണ് അണിയറക്കുള്ളിലേക്ക് മടങ്ങുന്നത്.കഥകളിപ്പാട്ടിന്റെ തെക്കൻശൈലിയിൽ അരങ്ങിന്റെ പൊരുളറിഞ്ഞ സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. ഉച്ചാരണശുദ്ധി, ഉചിതമായ ഭാവം, ഗമകപ്രധാനമായ ശ്ലോകാലാപനം എന്നിവ അദ്ദേഹത്തിന്റെ പാട്ടിൽ സന്നിവേശിപ്പിച്ചിരുന്നു.

ആദ്യവസാനം തികഞ്ഞ പൊന്നാനി ഭാഗവതരായിരുന്നു(പ്രധാന ഗായകൻ) മുദാക്കൽ ഗോപിനാഥൻനായർ. പ്രചാരത്തിലുള്ള എല്ലാ ആട്ടക്കഥകളും പാടാനും അരങ്ങറിഞ്ഞ് രംഗക്രമീകരണം നടത്താനും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ഗുരുവായ തകഴി കുട്ടൻപിള്ളയ്‌ക്കൊപ്പം മാത്രമായിരുന്നു അദ്ദേഹം വേദിയിൽ ശിങ്കിടി പാടിയിരുന്നത്. തുടക്കത്തിൽ ചുരുക്കം വേദികളിൽ മാത്രം ഗുരുസമാനനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനോടൊപ്പവും ശിങ്കിടി പാടി.

തകഴി കുട്ടൻപിള്ളയുടെ ശൈലിയിൽ വ്യക്തമായ പദങ്ങളും അനുകരണീയമായ സംഗീതവും അദ്ദേഹത്തിന്റെ പാട്ടിനു തെക്കിന്റെ ആദരവു ചേർത്തു.കഥകളി നടനും ഗായകനുമായിരുന്ന മുദാക്കൽ ചെല്ലപ്പൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1933ലാണ് മുദാക്കൽ ഗോപിനാഥൻ നായർ ജനിച്ചത്. മുദാക്കൽ ഇടയാവണത്ത് ദേവീക്ഷേത്രത്തിൽ സന്താനഗോപാലം, കീചകവധം എന്നീ കഥകൾ പാടിയായിരുന്നു അരങ്ങേറ്റം. രണ്ടിലധികം കഥകൾ അവതരിപ്പിക്കുന്ന വേദികളിൽ ഔചിത്യപൂർവം അരങ്ങ് നിയന്ത്രിക്കാനും രംഗക്രമീകരണം നടത്താനും അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു.

ധാരാളം പുതിയ ആട്ടക്കഥകൾക്ക് സംഗീതം നൽകി ചിട്ടപ്പെടുത്തിട്ടുണ്ട്. നിഷാദാർജുനീയം, ചന്ദ്രഗുപ്തമൗര്യന്റെ കഥയെ ആസ്പദമാക്കി പ്രതിജ്ഞാകൗടില്യം എന്നിവ അവയിൽ പ്രധാനമാണ്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിദേശത്തും കഥകളി സംഗീതം പാടിയിട്ടുണ്ട്. ഗുരുകുല വിദ്യാഭ്യാസരീതിയിലും വിദ്യാർത്ഥികളെ കഥകളിസംഗീതം പഠിപ്പിച്ചിരുന്നു.

പ്രഗത്ഭ കഥകളിനടന്മാരായ ചെങ്ങന്നൂർ രാമൻപിള്ള, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ, കുടമാളൂർ കരുണാകരൻ നായർ, മാങ്കുളം വിഷ്ണുനമ്പൂതിരി, വാഴേങ്കട കുഞ്ചുനായർ എന്നിവരോടൊപ്പവും മേളവിദഗ്ധരായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, വാരണാസി മാധവൻ നമ്പൂതിരി എന്നിവർക്കൊപ്പവും നിരവധി വേദികളിൽ പാടി.

കുടമാളൂർ കരുണാകരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച സത്സംഗത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. 1953ൽ കലാമണ്ഡലം കൃഷ്ണൻനായരോടൊപ്പം ഡൽഹിയിൽ കഥകളി അവതരിപ്പിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽനിന്നു കീർത്തിമുദ്ര ലഭിച്ചിട്ടുണ്ട്.ഇതിന് പുറമെ നിരവദി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

കഥകളി സംഗീതരംഗത്തെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തിരുനക്കര ദേവസ്വം അവാർഡ്, കലാമണ്ഡലം ഹൈദരാലി സ്മാരക പുരസ്‌കാരം, 1985ൽ നാട്ടുകാരുടെ വക സുവർണമുദ്രയും കീർത്തിപത്രവും, നാവായിക്കുളം കഥകളി ആസ്വാദക സംഘത്തിന്റെ കലാമണ്ഡലം കൃഷ്ണൻനായർ സ്മാരക ഫെലോഷിപ്പും കീർത്തിപത്രവും എൻ.എസ്.എസ്. നെടുമങ്ങാട് താലൂക്ക് യൂണിയൻ പുരസ്‌കാരം, കാട്ടായിക്കോണം തെങ്ങുവിള മഹാദേവിക്ഷേത്ര ട്രസ്റ്റിന്റെ കഥകളി പുരസ്‌കാരം, 2013ൽ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്റെ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ സമിതിയുടെ സമാദരണപത്രം, 2014ൽ കൊല്ലം കഥകളി ക്ലബ്ബിന്റെയും നാവായിക്കുളം കഥകളി ആസ്വാദക സംഘത്തിന്റെയും കലാമണ്ഡലം കൃഷ്ണൻനായർ ശതാബ്ദി സ്മാരക അവാർഡും സമാദരണപത്രം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പി.ശാന്തകുമാരിയമ്മ. മക്കൾ: രാജേശ്വരിയമ്മ, ഉണ്ണിക്കൃഷ്ണൻനായർ (സെക്രട്ടറി, പാലത്തറ ക്ഷീരോത്പാദക സഹകരണസംഘം), അഡ്വ. സതീശൻ നായർ (തിരുവനന്തപുരം ജില്ലാ കോടതി), പരേതനായ സന്തോഷ്‌കുമാർ (എം.ആർ.എഫ്. ചെന്നൈ). മരുമക്കൾ: ആർ.ഗോപകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി.), ആർ.ബിന്ദു, ആർ.വി.ദേവി, പരേതയായ മീനാകുമാരി.മുദാക്കൽ ഗോപിനാഥൻനായരുടെ മരണത്തിൽ ദൃശ്യവേദി സെക്രട്ടറി എസ്.ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് ഡോ. പി.വേണുഗോപാലൻ എന്നിവർ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP