Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താമരശ്ശേരി രൂപതയടക്കം മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിപ്രഭാവം; മോയിൻകുട്ടിയെ മാറ്റി നിർത്തിയ തെരഞ്ഞെടുപ്പുകളിലെല്ലാം തിരുവമ്പാടിയിൽ യുഡിഎഫ് പരാജയപ്പെട്ടു; ഭിന്നശേഷിക്കാർക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മനുഷ്യസ്‌നേഹി; വിടവാങ്ങിയത് കോഴിക്കോട്ടെ മലയോര മേഖലയിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന മുസ്ലിംലീഗ് നേതാവ്

താമരശ്ശേരി രൂപതയടക്കം മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിപ്രഭാവം; മോയിൻകുട്ടിയെ മാറ്റി നിർത്തിയ തെരഞ്ഞെടുപ്പുകളിലെല്ലാം തിരുവമ്പാടിയിൽ യുഡിഎഫ് പരാജയപ്പെട്ടു; ഭിന്നശേഷിക്കാർക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മനുഷ്യസ്‌നേഹി; വിടവാങ്ങിയത് കോഴിക്കോട്ടെ മലയോര മേഖലയിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന മുസ്ലിംലീഗ് നേതാവ്

ജാസിം മൊയ്ദീൻ

കോഴിക്കോട്; സി മോയിൻ കുട്ടിയുടെ നിര്യാണത്തോടെ യുഡിഎഫിനും പ്രത്യേകിച്ച് മുസ്ലിം ലീഗിനും നഷ്ടമായത് കോഴിക്കോടിന്റെ മലയോര മേഖലയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെയാണ്. രാഷ്ട്രീയത്തിനപ്പുറം മത സാമുദായിക ഘടകങ്ങളും കർഷക കുടിയേറ്റ പ്രശ്നങ്ങളും മോയിൻകുട്ടിയോളം മനസ്സിലാക്കുകയും അതിൽ ഇടപെടുകയും ചെയ്തൊരു നേതാവ് മുസ്ലിം ലീഗിൽ മറ്റാരുമുണ്ടാവില്ല.

യുഡിഎഫും മുസ്ലിം ലീഗും അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയ തെരഞ്ഞെടുപ്പുകളായിരുന്നു 2006 ലെയും 2016ലെയും തിരുവമ്പാടിയിലെ തെരഞ്ഞെടുപ്പുകൾ. മോയിൻ കുട്ടിയെ മാറ്റി നിർത്തിയ 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽ യുഡിഎഫ് തോൽവി ഏറ്റുവാങ്ങി. മുസ്ലിം ലീഗിലെ മായിൻഹാജിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.മത്തായി ചാക്കോയാണ് അന്ന് വിജയിച്ചത്. മത്തായി ചാക്കോയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും വിവിധ കോണുകളിൽ നിന്നും മോയിൻകുട്ടിക്കായി മുറവിളികൾ ഉയർന്നെങ്കിലും മുസ്ലിം ലീഗും യുഡിഎഫും ആ മുറവിളികൾക്കൊന്നും ചെവി കൊടുത്തില്ല.

ഉപതെരഞ്ഞെടുപ്പിൽ ഉമ്മർ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കി. ഉമ്മർ മാസ്റ്ററെ പരാജയപ്പെടുത്തി ജോർജ്ജ് എം തോമസ് തിരുവമ്പാടിയിൽ വിജയിച്ചു. 2011ലെ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കാൻ മോയിൻകുട്ടിയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് അദ്ദേഹത്തെ വീണ്ടും തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയാക്കി. ആ നീക്കം ഫലം കണ്ടു. സിറ്റിങ് എംഎൽഎ ജോർ്ജ്ജ് എം തോമസിനെ പരാജയപ്പെടുത്തി കൊണ്ട് മോയിൻകുട്ടിയിലൂടെ യുഡിഎഫ് തിരുവമ്പാടി തിരിച്ചുപിടിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും മോയിൻകുട്ടിയെ അവഗണിച്ചു. അന്ന് താമരശ്ശേരി രൂപതയടക്കം ആവശ്യപ്പെട്ടു മോയിൻകുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന്. കൊടുവള്ളിയിലോ തിരുവമ്പാടിയിലോ അദ്ദേഹത്തിന് സീറ്റ് നൽകണമെന്ന് കോൺഗ്രസിൽ നിന്നടക്കം ആവശ്യമുയർന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് മുസ്ലിം ലീഗ് തിരുവമ്പാടിയിൽ വീണ്ടും ഉമ്മർ മാസ്റ്ററെയും കൊടുവള്ളിയിൽ എംഎ റസാഖിനെയും മത്സരിപ്പിച്ചു.

രണ്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടു. ഒരു പക്ഷെ കൊടുവള്ളിയിലെങ്കിലും മോയിൻകുട്ടിക്ക് സീറ്റ് നൽകിയിരുന്നെങ്കിർ കാരാട്ട് റസാഖ് ഇന്നും ലീഗിലുണ്ടായേനെ. ഇത്തരത്തിൽ എപ്പോഴല്ലാം സി മോയിൻകുട്ടിയെ മാറ്റി നിർത്തിയിട്ടുണ്ടോ അപ്പോഴെല്ലാം യുഡിഎഫ് പരാജയപ്പെടുന്നതാണ് കണ്ടത്. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ 1996ലാണ് അദ്ദേഹം ആദ്യമായി കൊടുവള്ളിയിൽ നിന്നും നിയമസഭയിലേക്കെത്തുന്നത്. പിന്നീട് തന്റെ പ്രവർത്തന മേഖല തിരുവമ്പാടിയിലേക്ക് മാറ്റുകയായിരുന്നു. തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് വളർന്നുവന്ന അപൂർവ്വം മുസ്ലിം ലീഗ് നേതാക്കളിൽ ഒരാളായിരുന്നു സി മോയിൻകുട്ടി. വയനാട് ജില്ലയിലെ മീനങ്ങാടിയിലെ പാർട്ടി വേദികളിൽ 1960കളിലാണ് ദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പതിയെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലെ എസ്റ്റേറ്റ് സമരങ്ങളിൽ സജീവ സാന്നിദ്ധ്യമായി. 1970ൽ നടന്ന പൂലോട് എസ്റ്റേറ്റ് സമരത്തിലൂടെയാണ് സി മോയിൻകുട്ടി മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് വരുന്നത്.

അനധികൃതമായി പിരിച്ചുവിട്ട 14 വനിത തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കുന്നതിന് വേണ്ടിയുള്ള സമരം വിജയത്തിലെത്തിയപ്പോൾ അതിന്റെ അമരത്ത് മോയിൻകുട്ടിയുണ്ടായിരുന്നു. പിന്നീട് കിനാലൂർ എസ്റ്റേറ്റിലും സമീപത്തെ തോട്ടങ്ങളിലുമെല്ലാം തൊഴിലാളികളെ സംഘടപ്പിക്കുന്നതിൽ അദ്ദേഹം നേതൃത്വം വഹിച്ചു. അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളിലൂടെ മുസ്ലിം ലീഗിന്റെ സ്റ്റാർ ക്യാമ്പയിനറായി. ചേലമ്പൊയിൽ മോയിൻകുട്ടിയെന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. എന്നാൽ ബാപ്പുക്ക എന്നാണ് താഴിലാൽകൾ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. രാഷ്ട്രീയത്തിനപ്പുറത്തെ വ്യക്തി ബന്ധങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു കൊണ്ട് തന്നെയാണ് കുടിയേറ്റ മലയോര കർഷക മേഖലകളിൽ അദ്ദേഹത്തിന് ഇത്രത്തോളം സ്വീകാര്യതയുണ്ടായത്. മത സാമുദായിക സംഘടനകളോടും ഏറ്റവും അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു സി മോയിൻ കുട്ടി.

താമരശ്ശേരി രൂപതയുമായും വളരെ അടുപ്പം പുലർത്തിയിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹത്തിന്റെ മികച്ച സംഭവാനകളിലൊന്നാണ് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി സ്ഥാപിച്ച ലൗഷോർ സ്‌കൂളുകൾ. ഭിന്ന ശേഷിക്കാർക്ക് വേണ്ടി പ്രവർത്തക്കുന്ന മേഖലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ലൗഷോർ. സി മോയിൻകുട്ടിയായിരുന്നു ഈ സ്‌കൂളുകൾക്ക് തുടക്കമിട്ടത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

മുസ്ലിം ലീഗിന് കീഴിലെ സിഎച്ച് സെന്ററിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്ത സമയത്ത് കോഴിക്കോടിന്റെ മലയോര കുടിയേറ്റ കർഷക മേഖലകളിൽ മുസ്ലിം ലീഗിനും യുഡിഎഫിനും നികത്താനാകാത്ത നഷ്ടമാണ് സി മോയിൻ കുട്ടിയുടെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP