Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനസിന് പനമറ്റത്തിന്റെ അന്ത്യാജ്ഞലി; നെഞ്ച് പൊട്ടിക്കരഞ്ഞ് സഖാക്കൾ; ഫെയ്‌സ് ബുക്കിലൂടെ അന്ത്യാജ്ഞലി അർപ്പിച്ച് തോമസ് ഐസക്; ആത്മഹത്യ ചെയ്തത് എന്തുകൊണ്ടെന്ന് അറിയാതെ ജന്മനാട്

അനസിന് പനമറ്റത്തിന്റെ അന്ത്യാജ്ഞലി; നെഞ്ച് പൊട്ടിക്കരഞ്ഞ് സഖാക്കൾ; ഫെയ്‌സ് ബുക്കിലൂടെ അന്ത്യാജ്ഞലി അർപ്പിച്ച് തോമസ് ഐസക്; ആത്മഹത്യ ചെയ്തത് എന്തുകൊണ്ടെന്ന് അറിയാതെ ജന്മനാട്

പൊൻകുന്നം: അകാലത്തിൽ പൊലിഞ്ഞ ധനമന്ത്ര തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം അനസിന്റെ വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും പനമറ്റം ഗ്രാമവും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, മുഖ്യമന്ത്രിക്കു വേണ്ടി പൊളിറ്റിൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ അടക്കമുള്ള സംസ്ഥാന നേതാക്കളും ഡോ. എൻ ജയരാജ് എംഎൽഎ, ഇടതു മുന്നണി സംസ്ഥാനജില്ലാ നേതാക്കളും എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി. സുമംഗലാദേവി, ജോഷി കെ. ആന്റണി, വി. ഐ അബ്ദുൾ കരീം എന്നിവരടക്കം സമൂഹത്തിനു നാനാതുറകളിലുള്ളവർ അനസിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. അമേരിക്കയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ തോമസ് ഐസക് ഫെയ്‌സ് ബുക്കിലൂടെ അന്ത്യാജ്ഞലി അറിയിച്ചു.

തോമസ് ഐസകിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ-അത്യന്തം വേദനയോടെയും ഞെട്ടലോടെയും ആണ് അനസിന്റെ മരണ വാർത്ത അറിഞ്ഞത് . കഴിഞ്ഞ തവണ മന്ത്രി ആയിരിക്കുമ്പോഴും എന്റെ സ്റ്റാഫ് അംഗം ആയിരുന്നു . ഒരിക്കൽ പോലും അനസിനെ പ്രസന്നവദനൻ ആയിട്ടല്ലാതെ കാണാറില്ല . എല്ലാവരെയും ചിരിപ്പിക്കുന്നതും തമാശ പറയുന്നതും ഹോബി ആക്കിയ ചെറുപ്പക്കാരൻ . മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്ക് സ്വന്തം പ്രശ്‌നങ്ങളെക്കാൾ പ്രാധാന്യം കൊടുത്ത് ഓടി നടക്കുന്ന പ്രകൃതം . പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ എന്റെ സ്റ്റാഫിൽ അംഗമല്ലാതിരുന്നപ്പോഴും എന്റെ ഇടപെടൽ ഉള്ള ഏത് പരിപാടിയിലും സജീവമായി അനസ് ഉണ്ടാവും. അത് മാരാരിക്കുളത്തെ ജൈവപച്ചക്കറി ആയാലും, ആലപ്പുഴയിലെ മാലിന്യസംസ്‌കരണം ആയാലും, തിരുവനന്തപുരത്ത് പഠനകോൺഗ്രസ് ആയാലും. എല്ലാം നോക്കി നടത്തുന്ന ഒരാൾ ആയി . പ്രതിപക്ഷത്തായിരുന്നപ്പോൾ അവധി ദിവസങ്ങളിൽ വീട്ടിലേക്ക് വാങ്ങിയ പഴത്തിന്റെയും മാങ്ങയുടെയും പങ്കുമായി എന്റെ ഫ്‌ലാറ്റിൽ കടന്നു വരും .അനസ് കഴിഞ്ഞ പത്ത് വർഷങ്ങൾ എന്റെയൊപ്പം ഉണ്ടായിരുന്നു . ഒത്തിരി അടുത്ത് ഇടപഴകുമ്പോഴും മനുഷ്യരുടെ മാനസീകവ്യാപാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത വിധം എത്രയോ സങ്കീർണ്ണമാണ് . സത്യത്തിൽ ഈ വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ ഉലച്ച് കളഞ്ഞു . അനസിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു .

തോമസ് ഐസകിന്റെ വാക്കുകൾക്ക് സമാനമാണ് ജന്മനാട്ടിലെ പ്രതികരണവും. നിറഞ്ഞ ചിരിയുമായി എപ്പോഴും നാട്ടിലും പൊതുരംഗത്തും സജീവമായിരുന്ന അഡ്വ. എം.എ. അനസ് രാഷ്്ട്രീയത്തിന് അതീതമായി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. എന്തിനായിരുന്നു ആത്മഹത്യയെന്ന് ആറ്#ക്കും ഇനിയും മനസ്സിലായിട്ടുമില്ല. തിരുവനന്തപുരം ലോ അക്കാദമിയിൽ 1998-2001 ബാച്ചിൽ ആണ് അനസ് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനാരംഗത്തും സജീവമായിരുന്നു. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണൽ സ്റ്റാഫായി അനസ് നിയമിതനായപ്പോൾ ഒരു നാട് ഒന്നടങ്കം അഭിമാനത്തോടെയാണ് അതിനെ നോക്കിക്കണ്ടത്. പ്രവർത്തന മേഖല തിരുവനന്തപുരത്തേക്കു മാറിയെങ്കിലും നാടുമായുള്ള ബന്ധം കാത്തു സൂക്ഷിക്കാൻ അനസ് ഏറെ ശ്രദ്ധിച്ചിരുന്നു. ഇതു തന്നെയാണ് അനസിനെ സുഹൃത്തുക്കൾക്കിടയിൽ പ്രിയങ്കരനാക്കിയത്. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ ധനമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫായി വീണ്ടും നിയമിതനായത് ഈ ചെറുപ്പക്കാരന്റെ പ്രവർത്തനമികവായാണ് നാടും നാട്ടാരും കണ്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന് വേണ്ടി നിർണായകമായ മുന്നൊരുക്കം നടത്തിയ എകെജി സെന്റർ കോർ ടീമിലും അഡ്വ അനസ് അംഗമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും അനസ് സജീവ സാന്നിധ്യമായിരുന്നു. എങ്കിലും മന്ത്രി സഭയിലെ പ്രമുഖനായ ധനമന്ത്രിക്കൊപ്പമുള്ള ഒരു ഫോട്ടോ പോലും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാതിരുന്നതും അനസിനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കി. അടുത്ത കാലത്ത് മകനോടൊപ്പമുള്ള ഫോട്ടോകൾ അനസ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സൗമ്യനും സത്യസന്ധനുമായി തോമസ് ഐസക്കിനൊപ്പം നിഴൽ പോലെ സഞ്ചരച്ചിരുന്നവരിൽ ഒരാളായിരുന്നു അനസ്. നാല്പത് വയസുപോലും തികയും മുമ്പ് മന്ത്രി വിദേശത്തുപോയ സമയത്ത് എന്തുകൊണ്ട് സ്വന്തം തറവാട്ടുവീട്ടിൽ എത്തി അനസ് കെട്ടിത്തൂങ്ങി മരിച്ചു എന്നറിയാതെ വിഷമിക്കുകയാണ് അനസിന്റെ സുഹൃത്തുക്കളും തോമസ് ഐസക്കിന്റെ ആരാധകരും.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം എൽഎൽബിയും കഴിഞ്ഞു സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫായി ജോലിയിൽ കയറിയത്. അന്നത്തെ സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസിൽ ജോലിക്കു കയറിയത്. അഞ്ചു വർഷം തോമസ് ഐസക്കിനൊപ്പം തുടർന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വർഷം അനസ് ജോലിയിൽ തുടർന്നു.

പിണറായി സർക്കാർ അധികാരം ഏറ്റപ്പോൾ പേഴ്‌സണൽ സ്റ്റാഫി നിയമനത്തിൽ ഏറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാർട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂർണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികൾ സ്വപ്‌നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്. ഒരു പക്ഷേ ജോലിയിലെ അധിക സമ്മർദ്ദമാകാം ഇങ്ങനെ ഒരു കടുംകൈയ്ക്കും അനസിനെ പ്രേരിപ്പിച്ചത് എന്നു ചില സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ആറ് വയസുള്ള കുഞ്ഞിനെയും പ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെയും തനിച്ചാക്കി ഒറ്റയ്ക്കു പോകാൻ തോന്നുന്ന മനസ് അനസിന് എങ്ങനെ ഉണ്ടായി എന്നു ചോദിക്കുന്ന സുഹൃത്തുക്കളും ഉണ്ട്.

തോമസ് ഐസക്കിന്റെ പെറ്റ് ആയിരുന്ന അനസ് മരണം തെരഞ്ഞെടുത്തത് മന്ത്രി അമേരിക്കയിൽ മകളുടെ വിവാഹത്തിന് പോയ സമയത്ത് ആയത് യാദൃശ്ചികമായി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ എത്തിയ അനസ് തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ ഒരു മുറിയിൽ കയറി കതകടച്ചു തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ ഭാര്യയും മകനും ഉറങ്ങി കിടന്നപ്പോൾ ആയിരുന്നു ആത്മഹത്യ. അടുത്ത രണ്ടു ബന്ധക്കൾ യാദൃശ്ചികമായി എത്തിയപ്പോൾ ജനലിലൂടെ തൂങ്ങി നിൽക്കുന്നതു കണ്ടാണ് അഴിച്ചിച്ചെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. ഉറങ്ങി കിടന്ന ഭാര്യയും അടുത്ത വീട്ടിലേയ്ക്കു പോയ അമ്മയും ഈ സംഭവം അറിഞ്ഞിരുന്നില്ല. രാത്രിയിൽ പൊലീസ് വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് മരണം അവർ അറിഞ്ഞത്.

തോമസ് ഐസക്ക് വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭിയിൽ മന്ത്രി ആയിരുന്നപ്പോൾ മന്ത്രിയായിരുന്ന പിജെ ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു ഭാര്യ. കേരളാകോൺഗ്രസിലെ ഒരു ഉയർന്ന നേതാവിന്റെ മകളാണ് ഭാര്യ. എന്തെങ്കിലും കുടുംബ പ്രശനം ഉണ്ടായിരുന്നതായി ആരും കരുതുന്നില്ല. ഭാര്യയുമായി ഏതെങ്കിലും പ്രശ്‌നമുണ്ടെന്നു അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ഈ മരണം എല്ലാവരെയും സങ്കടപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്. സൗമ്യനായ അനസിന്റെ മരണം വിശ്വസിക്കാനാവാതെ വേദനിക്കുകയാണ് കാഞ്ഞിരപ്പെള്ളിയിലെ സിപിഐ(എം) പ്രവർത്തകർ. വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച്, പിതാവില്ലാതെ അമ്മ തന്നെ വളർത്തിയ അനസ് എന്നും എല്ലാവർക്കും മാതൃകയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP