Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുണാകരൻ കളം നിറഞ്ഞ് നിന്നപ്പോൾ തിരുത്തൽവാദ ശബ്ദം ഉയർത്തി വ്യക്തിത്വം തെളിയിച്ചു; തുടർച്ചയായി അഞ്ച് തവണ തോറ്റ ശേഷം ആദ്യം വിജയം കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ; ജയിച്ച് ഒരു വർഷം തികയും മുമ്പ് രോഗബാധിതനായെങ്കിലും ജീവിതത്തിലേക്ക് മടങ്ങി വന്നത് അവിശ്വസനീയമായി; വർക്കിങ് പ്രസിഡന്റ് പദവിയിൽ സജീവമാകും മുമ്പ് മരണം വിളിച്ചു; ഷാനവാസിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം

കരുണാകരൻ കളം നിറഞ്ഞ് നിന്നപ്പോൾ തിരുത്തൽവാദ ശബ്ദം ഉയർത്തി വ്യക്തിത്വം തെളിയിച്ചു; തുടർച്ചയായി അഞ്ച് തവണ തോറ്റ ശേഷം ആദ്യം വിജയം കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ; ജയിച്ച് ഒരു വർഷം തികയും മുമ്പ് രോഗബാധിതനായെങ്കിലും ജീവിതത്തിലേക്ക് മടങ്ങി വന്നത് അവിശ്വസനീയമായി; വർക്കിങ് പ്രസിഡന്റ് പദവിയിൽ സജീവമാകും മുമ്പ് മരണം വിളിച്ചു; ഷാനവാസിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൺപതുകളിൽ യുവത്വത്തിന്റെ പ്രസരിപ്പോടെ കേരള രാഷ്ട്രീയത്തിൽ പുതിയ വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രീയ നേതാവ്. കേരളത്തിലെ കോൺഗ്രസിനെ നയിച്ച ലീഡർ കെ കരുണാകന് അതിവേഗം തിരിച്ചറിയാനായ നേതൃമുഖമായിരുന്നു ഷാനവാസിന്റേത്. കരുണാകരന്റെ അതിവിശ്വസ്തനായി ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായി ഷാനവാസ് പക്ഷേ അനീതി എവിടെ കണ്ടാലും തുറന്നു പറയുമായിരുന്നു. അങ്ങനെ രമേശ് ചെന്നിത്തലയും ജി കാർത്തികേയനും ഷാനവാസും ചേർന്ന് കേരള രാഷ്ട്രീയത്തിൽ ആദ്യമായി തിരുത്തൽവാദം മുന്നോട്ട് വച്ചു. സ്വന്തം നേതാവിനെ തിരുത്താനുള്ള പടപുറപ്പാട്. ഇതിൽ ഇവർ ജയിച്ചോ എന്ന് ഇനിയും ആർക്കും വിധിയെഴുതാനായിട്ടില്ല. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ തിരുത്തൽവാദികളുടെ നിലപാടുകൾ തുണയായി. അങ്ങനെ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ എന്നും ഉയർന്ന് കേൾക്കുന്ന മാറ്റത്തിന്റെ നേതാക്കളിൽ ഒരാളാണ് ഷാനവാസിന്റെ വേർപാടിലൂടെ കളം ഒഴിയുന്നത്.

മുഖ്യമന്ത്രി കെ.കരുണാകരൻ ആശുപത്രിയിലായിരിക്കെ അനന്തരാവകാശിയെ ഉയർത്തിക്കാട്ടാൻ കരുണാകരപക്ഷത്തെ തന്നെ ഒരു വിഭാഗം രംഗത്തു വന്നതാണ് 'തിരുത്തൽവാദികൾ' എന്നു പിന്നീട് മാധ്യമങ്ങൾ വിളിച്ച ഈ മൂന്നംഗസംഘത്തിന്റെ നിലപാടുതറയായത്. കെ മുരളീധരനെ നേതാവായി ഇവർ അംഗീകരിച്ചില്ല. അങ്ങനെ കരുണാകരനെതിരായ തിരുത്തൽ വാദത്തിന് തുടക്കമായി. എം.ഐ.ഷാനവാസ്. ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം ഷാനവാസും ഉയർത്തിയ ധീരമായ നിലപാടുകൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ മാറ്റി മറിച്ചു. കരുണാകരനും ഈ പഴയ ശിഷ്യർക്ക് മുമ്പിൽ അടിതെറ്റി. കോൺഗ്രസിനുള്ളിലെ ആഭ്യന്തരസമാധാനം തകർക്കാൻ അനന്തരാവകാശിയെ ഉയർത്തിക്കാട്ടുന്ന രീതി കാരണമായെന്നാണ് തിരുത്തൽവാദികൾ ആരോപിച്ചത്. ഇത് പ്രവർത്തകരിലേക്ക് പ്രസംഗങ്ങളിലൂടെ പ്രധാനമായും പകർന്ന് നൽകിയത് ഷാനവാസായിരുന്നു.

ലീഡറെ വെല്ലുവിളിച്ച തിരുത്തൽവാദിയായ എം.ഐ. ഷാനവാസ് ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയക്കാരൻ ആയിരുന്നു. ഇത് ഏറെ നഷ്ടങ്ങളും ഷാനവാസിന് നൽകി. നല്ല കാലത്ത് തോൽവികൾ മാത്രം രുചിച്ച ഷാനവാസിന് തുടക്കത്തിൽ നല്ലൊരു സീറ്റ് പോലും മത്സരിക്കാൻ കിട്ടിയില്ല. ഇതിനെല്ലാം കാരണം കരുണാകരനെ വെല്ലുവിളിച്ചതിന്റെ പ്രതിഫലനമായിരുന്നു. 1987 ലും 1991 ലും വടക്കേക്കരയിൽനിന്നും 1996 ൽ പട്ടാമ്പിയിൽനിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിൻകീഴിൽനിന്ന് ലോക്‌സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്. അങ്ങനെ അഞ്ചു തവണത്തെ തോൽവിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. തോൽവിയുടെ പഴയ ചരിത്രത്തെ 2009-ൽ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. അന്ന് എതിരാളിയായി മത്സരിക്കാൻ കെ കരുണാകരന്റെ മകൻ കെ മുരളീധരനുമുണ്ടായിരുന്നു. മുരളീധര പ്രഭാവത്തിൽ ഷാനവാസ് തകരുമെന്നായിരുന്നു അന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ. എന്നാൽ മുരളി എതിരാളിയായതോടെ ഷാനവാസിന് വീണ്ടും ഇരട്ടി കരുത്തായി. അങ്ങനെ വയനാട്ടിൽ ജയിച്ച് ലോക്‌സഭയിലുമെത്തി.

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം.ഐ.ഷാനവാസ് വിജയിച്ചത്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോർഡുമായായിരുന്നു. 1993 ൽ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ എസ്. ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്നു ഷാനവാസ് തിരുത്തിയത്. അദ്ദേഹത്തിന് 4,10,703 വോട്ടു നേടാൻ കഴിഞ്ഞപ്പോൾ സിപിഐയിലെ എതിർസ്ഥാനാർത്ഥി എം.റഹ്മത്തുല്ലയ്ക്ക് നേടാൻ കഴിഞ്ഞത് 2,57,264 വോട്ടുകൾ മാത്രം. അട്ടിമറി വിജയം പ്രതീക്ഷിച്ച് എത്തിയ എൻസിപിയുടെ കെ.മുരളീധരൻ 99,663 വോട്ടു നേടി മൂന്നാം സ്ഥാനത്തായി. ദീർഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് 2009 ൽ ഉറച്ച ഒരു മണ്ഡലം പാർട്ടി നൽകുകയായിരുന്നു. അപ്പോഴായിരുന്നു വയനാട്ടിലേക്കുള്ള മുരളീധരന്റെ മത്സരത്തിനുള്ള വരുവ്. പക്ഷേ തളരാത്ത പോരാളിയായി തിരുത്തൽ വാദ നേതാവ് മാറി. അങ്ങനെ ജനപ്രതിനിധിയായി. രാഷ്ട്രീയത്തിൽ പോരാട്ട മികവിനൊപ്പമുള്ള സ്ഥാനങ്ങളൊന്നും ഷാനവാസിന് കിട്ടിയിരുന്നില്ല. എങ്കിലും ആരോടും പരാതിയും പരിഭവവും പറയാതെ നിറഞ്ഞ വ്യക്തിത്വമായിരുന്നു ഷാനവാസ്.

യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ എൻസിപിയുടെ സ്ഥാനാർത്ഥിയായി കെ. മുരളീധരൻ കൂടി രംഗത്തെത്തിയതോടെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ അതിനെയെല്ലാം തെറ്റിച്ചാണ് ഷാനവാസ് അന്ന് വൻ ഭൂരിപക്ഷം നേടിയത്. ഇതിനിടെ അസുഖം വില്ലനായെത്തി. 2010ലെ റമസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്ക്കൊടുവിൽ വയറിലെ ബെൽ ഡെക്ടിൽ തടസ്സമുണ്ടെന്നും പാൻക്രിയാസിന്റെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്നമുള്ളതായി കണ്ടത്.

തുടർന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളിൽ അർബുദമാണെന്ന സൂചന ലഭിച്ചു. കീമോതെറപ്പിയടക്കം തുടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോൾ അർബുദമില്ലെന്ന ആശ്വാസ വാർത്തയെത്തി. തുടർന്ന് മുംബൈയിലെ ആശുപത്രിയിലെ ചികിൽസയ്ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. തുടർന്ന് 2014 ലെ തിരഞ്ഞെടുപ്പിൽ സജീവമായി തന്നെ രംഗത്തെത്തിയ ഷാനവാസ് എൽഡിഎഫിന്റെ സത്യൻ മൊകേരിയെ തോൽപിച്ചാണ് തുടർച്ചയായി രണ്ടാമതും ലോക്‌സഭയിലെത്തിയത്. കേരളത്തിലെ രാഷ്ട്രീയത്തിൽ സജീവമായി തന്നെ ഇടെപട്ടു. എല്ലാ വിഷയങ്ങളിലും ചാനൽ ചർച്ചകളിലെത്തി കോൺഗ്രസ് നിലപാട് വിശദീകരിച്ചു. പാർട്ടിക്കാരോടും കൂടുതൽ അടുത്തത് ആശയ വിനിമയത്തിലെ വാക് ചാതുരിയിലൂടെയാണ്. ആർക്കും ഷാനവാസ് എന്ന നേതാവിൽ നിന്നും ഒരിക്കലും മോശം അനുഭവങ്ങൾ ഉണ്ടാകാറില്ലായിരുന്നു. വലിയവനേയും ചെറിയവനേയും ഒരു പോലെ കാണുന്ന മനസ്സായിരുന്നു ഇതിൽ നിർണ്ണായകം. അങ്ങനെ കോൺഗ്രസ് ആശയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിച്ച നേതാവാണ് വിടവാങ്ങുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് നഷ്ടം പറഞ്ഞറിയിക്കാനാവാത്തതും.

കോൺഗ്രസിലെ വിഗ്രഹ ഭഞ്ജകരായ ചെറുപ്പക്കാരെ നേതൃത്വത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഷാനവാസിന്റെ വാക്ചാതുരി വലിയ പങ്കാണ് വഹിച്ചത്. മുഖ്യമന്ത്രി കെ.കരുണാകരനെതിരെ ഐ.ഗ്രൂപ്പിലെ അസംതൃപ്തരായ യുവനേതൃത്വം പടയ്ക്ക് ഇറങ്ങിയപ്പോൾ അതിന്റെ മുന്നണി പോരാളിയായി നിന്നത് ഷാനവാസ് ഉയർന്നു., രമേശ് ചെന്നിത്തലയും ജി.കാർത്തികേയനുമായിരുന്നു സഹയാത്രികർ. കേരളം മുഴുവൻ സഞ്ചരിച്ച് പ്രസംഗങ്ങളിലൂടെ യുവാക്കളെ തിരുത്തൽ വാദത്തിലേക്ക് ആകർഷിച്ചു. ഇതോടെ കരുണാകന് ഏറെ തിരിച്ചടിയായി. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ തന്നെ മാറ്റി മറിച്ചു. മുഖ്യമന്ത്രി കെ.കരുണാകരൻ അമിതമായ പുത്രസ്‌നേഹത്തിനെതിരേയും, അവഗണനക്കെതിരേയുമുള്ള അമർഷം ഷാനവാസിന്റെ ഉജ്ജ്വല പ്രസംഗങ്ങളിലൂടെ കേരളത്തിലെ കോൺഗ്രസിനെ ഇളക്കി മറിച്ചു. സാക്ഷാൽ എകെ ആന്റണിക്ക് കഴിയാത്തത് അവർ നേടിയെടുത്തു. ഇതിന്റെ തുടർച്ചയായിരുന്നു കരുണാകരന്റെ മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള രാജി.

കരുണാകരന്റെ അതിവിശ്വസ്തരായിരുന്നു കാർത്തികേയനും ഷാനവാസും ചെന്നിത്തലയും. ഇതിൽ സീനിയർ കാർത്തികേയനും. കാർത്തികേയനൊപ്പം നിന്ന് കരുണാകരന്റെ പുത്ര സ്‌നേഹത്തെ ഷാനവാസ് എതിർത്തു. ഐ ഗ്രൂപ്പിന്റെ അകത്തളങ്ങളിൽ പുകഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ അത് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി. കണ്ണടച്ചിരിക്കുന്ന വിഗ്രഹങ്ങളെ തല്ലിയുടക്കാനിറങ്ങിയവർ കോൺഗ്രസ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. കെ.കരുണാകരനെ പരസ്യമായി വിമർശിച്ചുകൊണ്ട് , അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായി അറിയപ്പെട്ടിരുന്നവർ തന്നെ കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചുനടന്നു. കെ മുരളീധരനെ രാഷ്ട്രീയത്തിൽ സജീവമാക്കുന്നതിനെതിരെയായിരുന്നു അത്. മക്കൾ രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത്. മികച്ച വാഗ്മിയായിരുന്ന എം.ഐ.ഷാനവാസ് തന്റെ പ്രസംഗങ്ങളിലൂടെ സദസ്സിനെ കോരിത്തരിപ്പിച്ചു.

എല്ലാ ജില്ലകളിലും തിരത്തൽവാദികൾ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചപ്പോൾ ഷാനവാസ് ഓടി നടന്ന് പ്രസംഗങ്ങളിലൂടെ യുവാക്കളെ തിരുത്തൽവാദത്തിലേക്ക് അടുപ്പിച്ചു. കരുണാകരനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായി ഇത് മാറി. ഐ.ഗ്രൂപ്പിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ കെ.കരുണാകരനിൽനിന്ന് ഷാനവാസിന് പലപ്പോഴും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. 1987 ൽ സിപിഎം. കോട്ടയായ വടക്കേക്കരയിൽ സീറ്റ് നൽകിയപ്പോൾ, പരാജയം ഉറപ്പിച്ചുകൊണ്ടുതന്നെയാണ് ഷാനവാസ് അവിടെ മത്സരിക്കാനിറങ്ങിയത്. അങ്ങനെ തോൽക്കാൻ വിധിച്ചവനായി ഷാനവാസിനെ മാറ്റാനും മകനായ മുരളീധരനെ ഉയർത്താനുമാണ് ശ്രമിച്ചത്. ഇതിനെയാണ് തിരുത്തൽവാദത്തിലൂടെ തകർത്തെറിഞ്ഞത്. തിരുത്തൽ വാദ പ്രസ്ഥാനം ക്രമേണ മരവിപ്പിക്കപ്പെടുകയും നേതാക്കളിൽ ചിലർ മൂന്നാംഗ്രൂപ്പുകാരായി നിലനിൽക്കുകയും ചെയ്തു. പിന്നീട് ഷാനവാസ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി. എകെ ആന്റണിയും ഷാനവാസിനെ കൈവിടാതെ ഒപ്പം കൂട്ടി. വയനാട്ടിലെ മത്സരവും ജയവുമെല്ലാം ഈ സൗഹൃദങ്ങളുടെ തണലിലായിരുന്നു. അപ്പോഴും തന്റെ രക്തത്തിലുള്ള ഐ ഗ്രൂപ്പ് വികാരമാണെന്ന് ഷാനവാസ് ഏവരോടും പറയുമായിരുന്നു.

എം.ഐ.ഷാനാവാസ് പിന്നീട് ഐ.ഗ്രൂപ്പിലും എ ഗ്രൂപ്പിലും നല്ലബന്ധങ്ങൾ സൂക്ഷിച്ചുകൊണ്ട് മുന്നോട്ടു പോവുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് ഒപ്പം നിർത്തുന്നതിൽ ഷാനാവാസിന്റെ സ്വാധീനം വ്യക്തമായി അറിഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വയനാടിൽ ജനവിധി തേടാനുള്ള ദൗത്യം പാർട്ടി ഷാനവാസിനെ ഏൽപിച്ചത്. ഈ ജനസ്വാധീനം തന്നെയാണ് കെപിസിസി വർക്കിങ് പ്രസിഡന്റാക്കി ഷാനവാസിനെ മാറ്റിയത്. ഈ പദവിയിൽ സജീവമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെയാണ് ഷാനവാസ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ച് യാത്രയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP