Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്‌സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ

മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്‌സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്‌സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായിരുന്നു എം.ജി. ജോർജ് മുത്തൂറ്റ്. 72-ാം വയസ്സിൽ മുത്തൂറ്റ് ഗ്രൂപ്പിനെ ഫോബ്‌സ് പട്ടികയിൽ വരെ എത്തിച്ച ശേഷമാണ് ഈ വ്യവസായ പ്രമുഖന്റെ മരണം. ജോർജിന്റെ മകൻ പോൾ എം ജോർജിന്റെ കൊലപാതകം മലയാളി ഏറെ ചർച്ച ചെയ്തിരുന്നു. ഈ ദുരന്തവും ജോർജിനെ തളർത്തിയില്ല. മുത്തൂറ്റിനെ ലോകോത്തര ബ്രാൻഡാക്കി അദ്ദേഹം മാറ്റി.

ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരിൽ 26-ാം സ്ഥാനം. ഇങ്ങനെ ആഗോള ബ്രാൻഡാക്കി മുത്തൂറ്റിനെ മാറ്റിയത് ജോർജിന്റെ ബുദ്ധിയായിരുന്നു. ഐപിഎൽ ക്രിക്കറ്റിലും ഐ എസ് എൽ ഫുട്‌ബോളിലുമെല്ലാം ഈ ബ്രാൻഡ് ചർച്ചയാക്കി. അങ്ങനെ ഇന്ത്യ മുഴുവൻ നിറയുന്ന വ്യവസായ സാമ്രാജ്യമായി മുത്തൂറ്റ് മാറി.

ദക്ഷിണേന്ത്യയിൽ നിന്നു മുത്തൂറ്റ് ഗ്രൂപ്പ്, ഇന്ത്യയുടെ നാലതിരുകളിലേക്കു പടർന്നതും വളർന്നതും എം.ജി. ജോർജ് മുത്തൂറ്റിന്റെ പരിശ്രമ ഫലമാണ്. ആദ്യം ഉത്തരേന്ത്യയിലും പിന്നീടു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും മുത്തൂറ്റിനു ശാഖകൾ സജ്ജമാക്കിയ അദ്ദേഹം യുഎസ്എ, യുഎഇ, സെൻട്രൽ അമേരിക്ക, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്കും ബിസിനസ് വളർത്തി. ഓർത്തഡോക്‌സ് സഭയ്ക്കും താങ്ങും തണലുമായി. സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് എല്ലാ പിന്തുണയും നൽകിയ വ്യക്തി.

പത്തനംതിട്ട കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം.ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. ഹാർവഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം, ചെറുപ്പത്തിൽ തന്നെ കുടുംബ ബിസിനസിൽ പങ്കാളിയായി. 1979 ൽ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയർമാനാകുന്നത്.

ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം. ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ് എംഡിയും തുടർന്നു പിതാവിന്റെ മരണ ശേഷം ചെയർമാനുമായി. കമ്പനിയുടെ വളർച്ചയ്ക്കു കരുത്തായതു ജോർജിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും നയങ്ങളുമാണ്. സാമൂഹിക സേവന പ്രവർത്തനങ്ങൾ പരിഗണിച്ചു മഹാത്മാഗാന്ധി ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യവസായത്തിനു നൽകിയ സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌ക്കാരം, സാമൂഹിക പ്രതിബന്ധതയ്ക്കുള്ള ഗോൾഡ് പീകോക്ക് അവാർഡ്, മികച്ച പൂർവവിദ്യാർത്ഥിക്കുള്ള മണിപ്പാൽ യൂണിവേഴ്സിറ്റി അവാർഡ് എന്നിവയും നേടി.

1993 ൽ മാനേജിങ് ഡയറക്ടറും പിന്നീടു ചെയർമാനുമായി. അദ്ദേഹം ഈ ചുമതല ഏൽക്കുമ്പോൾ നാല് സംസ്ഥാങ്ങളിലായി 31 ശാഖകൾ ആണ് ഉണ്ടായിരുന്നത്. ഇന്നത് ലോകമെമ്പാടും വളർന്ന് അയ്യായിരത്തിലധികം ശാഖകൾ ആയി. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും ഗോൾഡ് ലോൺ കമ്പനിയുമായി മാറി. സ്ഥാപനത്തിന്റെ വളർച്ചക്കൊപ്പം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയും അദ്ദേഹം മുന്നിൽ കണ്ടിരുന്നു. ഓർത്തഡോക്സ് സഭാ ട്രസ്റ്റി ആയി പ്രവർത്തിച്ചത് സഭയോടുള്ള വിശ്വാസവും അടുപ്പവും മൂലമായിരുന്നു.

ഭാര്യ: സാറ ജോർജ് ( ന്യൂഡൽഹി സെന്റ് ജോർജ്‌സ് ഹൈസ്‌കൂൾ ഡയറക്ടർ), മക്കൾ: ജോർജ് എം. ജോർജ് (എംഡി, മുത്തൂറ്റ് ഫിനാൻസ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ), അലക്‌സാണ്ടർ എം. ജോർജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാൻസ്, ന്യൂഡൽഹി), പരേതനായ പോൾ എം.ജോർജ്, മരുമക്കൾ: തെരേസ, മെഹിക. ഹൃദ്രോഗത്തെത്തുടർന്നു ഇന്നലെ രാത്രി ഡൽഹിയിലായിരുന്നു അന്ത്യം. രണ്ടു മാസം മുന്പു കോവിഡ് പോസിറ്റീവായിരുന്ന അദ്ദേഹം വിശ്രമത്തിലായിരുന്നു. സഹോദരൻ അലക്സാണ്ടർ ഇന്ന് കേരളത്തിൽ നിന്നു ഡൽഹിയിലെത്തിയശേഷം മൃതദേഹം കോഴഞ്ചേരിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം പിന്നീട് .

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. ഡൽഹിയിലെ എസ്‌കോർട്സ് ആശുപത്രിയിലാണ് മൃതദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP