Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202120Wednesday

ധീരസൈനികന് ജന്മനാടിന്റെ യാത്രാമൊഴി; വൈശാഖിന്റെ ഭൗതിക ദേഹം ഒരുനോക്കു കാണാൻ ഓടനാവട്ടത്തെ വീട്ടിലെത്തിയത് ആയിരങ്ങൾ; സംസ്‌ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ധീരസൈനികന് ജന്മനാടിന്റെ യാത്രാമൊഴി; വൈശാഖിന്റെ ഭൗതിക ദേഹം ഒരുനോക്കു കാണാൻ ഓടനാവട്ടത്തെ വീട്ടിലെത്തിയത് ആയിരങ്ങൾ; സംസ്‌ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ജമ്മുകശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാൻ വൈശാഖിന് ജന്മനാട് യാത്രാമൊഴി നൽകി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമ കർമ്മങ്ങൾ. കൊട്ടാരക്കര ഓടനാവട്ടത്തെ 'വൈശാഖം' വീട്ടിൽ ധീരസൈനികനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത് ആയിരങ്ങളാണ്.

ഇന്ന് രാവിലെയാണ് പാങ്ങോട്ട് മിലിട്ടറി ക്യാമ്പിൽ നിന്ന് വൈശാഖിന്റെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് മൃതദേഹം കൊണ്ടുവന്നത്. വലിയ വിലാപയാത്രയായാണ് ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്.

അന്ത്യാഞ്ജലി അർപ്പിക്കാനായി വൈശാഖ് പഠിച്ച സ്‌കൂളിൽ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെ എൻ ബാലഗോപാൽ, സുരേഷ് ഗോപി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്നാണ് മൃതദേഹം വൈശാഖിന്റെ വീട്ടിൽ എത്തിച്ചത്. വൈശാഖിനെ ഒരുനോക്ക് കാണാൻ വൻ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. ഭൗതിക ശരീരത്തിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു.

ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു വൈശാഖ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖ് അഭിമാനമാണെന്ന് അമ്മാവൻ പറഞ്ഞു. എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു വൈശാഖ്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരൻ. ആറ് മാസം മുൻപാണ് സ്വപ്ന ഭവനം വൈശാഖ് നിർമ്മിക്കുന്നത്. രണ്ട് മാസം മുൻപാണ് അവസാനമായി വീട്ടിലെത്തിയത്.

ഓണത്തിനായിരുന്നു അത്. എന്നാൽ, അന്ന് യാത്ര പറഞ്ഞ് പോകുമ്പോൾ അത് അവസാനത്തെ യാത്ര പറച്ചിൽ ആകുമെന്ന് ആരും കരുതിയില്ല. 2017ൽ സൈന്യത്തിൽ ചേരുമ്പോൾ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. വൈശാഖിന്റെ വേർപാടിൽ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസിൽ വീരമൃത്യു വരിച്ച വൈശാഖിന്റെ വാർത്ത ദുഃഖത്തോടെയാണ് മലയാളികൾ കേട്ടത്.ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ റീത്ത് സമർപ്പിച്ചു. ബുധനാഴ്ച രാത്രി പാങ്ങോട് സൈനികാശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചു.

മറാഠ റെജിമെന്റിൽ ആയിരുന്നു. ഏഴ് മാസം മുമ്പാണ് പഞ്ചാബിൽ നിന്നും കശ്മീരിലെത്തിയത്. രണ്ട് മാസം മുൻപ് നാട്ടിൽ എത്തിയിരുന്നു. ശിൽപയാണ് സഹോദരി. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകൻ എച്ച്. വൈശാഖ് നാല് വർഷം മുൻപാണ് കരസേനയിൽ ചേർന്നത്. 24 വയസ്സായിരുന്നു. പൂഞ്ച് ജില്ലയിലെ സുരാൻഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്.

പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് സൈന്യം ഇവിടെ പ്രതിരോധവും ആയുധങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലും ഒന്നിച്ചു നടത്തുന്ന കാസോ ഓപ്പറേഷൻ തിങ്കളാഴ്ച രാവിലെ നടത്തിയത്. തിരച്ചിലിനിടയിൽ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. സൈന്യം തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ജമ്മുവിലെ പതിരോധ വകുപ്പ് പി ആർ ഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പൂഞ്ച്, രജൗരി ജില്ലകളിൽ അടുത്ത കാലത്തായി ഭീകര പ്രവർത്തനങ്ങൾ ഏറി വരികയാണെന്നും കേണൽ കൂട്ടിച്ചേർത്തു.കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്), കരസേന, സ്പഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) എന്നീ സേനകൾ സംയുക്തമായി പൂഞ്ചിൽ നടത്തിയ സൈനിക നീക്കത്തിൽ മെന്ദർ പ്രവിശ്യയിലെ ഭീകരരുടെ ഒരു ഒളിത്താവളം തകർക്കുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ആയുധങ്ങളിൽ എകെ47, ചൈനീസ് നിർമ്മിത പിസ്റ്റളുകൾ, ചൈനീസ് ഗ്രനേഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP