Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഇടുക്കിയിലെ മുൻ രൂപതാധ്യക്ഷനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിര്യാതനായി; ഇടുക്കിയുടെ പ്രഥമ മെത്രാന് അന്ത്യാഞ്ജലി അർപ്പിച്ചു ഹൈറേഞ്ചിലെ കത്തോലിക്ക സമൂഹം; വിട പറഞ്ഞത് കർഷകർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നല്ല ഇടയൻ

ഇടുക്കിയിലെ മുൻ രൂപതാധ്യക്ഷനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിര്യാതനായി; ഇടുക്കിയുടെ പ്രഥമ മെത്രാന് അന്ത്യാഞ്ജലി അർപ്പിച്ചു ഹൈറേഞ്ചിലെ കത്തോലിക്ക സമൂഹം; വിട പറഞ്ഞത് കർഷകർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നല്ല ഇടയൻ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആ ശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം പിന്നീട് അറിയിക്കും. നാടൻ ഭാഷയുടെ പേരിൽ പ്രശസ്തനായിരുന്ന പിതാവ് ഹൈറേഞ്ചിലെ കത്തോലിക്ക സമൂഹത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു.

സഭയിലും സമൂഹത്തിലും അദ്ദേഹം കർമ്മ നിരതനായിരുന്നു. സഭാ വിഷയങ്ങൾക്കപ്പുറം സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധ ചിലത്തിയിരുന്ന അദ്ദേഹം ഇടുക്കിയിലെ കർഷകരുടെ ഭൂപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുകയും ഇടുക്കിയിലെ കർഷകരുടെ ഒട്ടനവധി സമരങ്ങളിൽ മുന്നണി പോരാളിയായി മാറി ഭരണകൂടങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഇടുക്കിയിലെ കർഷക പോരാട്ടങ്ങൾക്ക് എല്ലാ മതസ്ഥരേയും ഒരുമിച്ച് കൂട്ടി കർഷക സമരങ്ങളുടെ ഐക്യ വേദി കെട്ടിപ്പെടുത്താൻ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. നിരന്തര സമരങ്ങളിലൂടെ മലയോര ജനതയുടെ പട്ടയ സ്വപ്‌നങ്ങൾക്ക് സാക്ഷാത്ക്കാരം ഉണ്ടാക്കുവാൻ അക്ഷീണം പരിശ്രമിച്ച അദ്ദേഹം അനാരോഗ്യത്തെ തുടർന്നണ് ബിഷപ് സ്ഥാനത്തു നിന്നും മാറി വിശ്രമ ജീവിതം തെരഞ്ഞെടുത്തത്.

1942ൽ പാലാ ഇടവകയിലെ കടപ്പാലമറ്റത്താണ് അദ്ദേഹം ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1961ൽ കോതമംഗലത്തെ സെന്റ് ജോസഫ്‌സ് സെമിനാരിയിൽ ചേർന്നു. 1971ലാണ് പുരോഹിതനായി ചുമതലയേൽക്കുന്നത്. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിലെ അസിസ്റ്റന്റ് പാരിഷ് പ്രീസ്റ്റായിരുന്ന അദ്ദേഹം പിന്നീട് നിരവധി പള്ളികളിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് ഇടുക്കി രൂപത രൂപം കൊണ്ടപ്പോൾ പോപ് ജോൺപോൾ രണ്ടാമനാണ് അദ്ദേഹത്തെ ഇടുക്കിയിലെ ആദ്യത്തെ ബിഷപ്പായി നിയോഗിച്ചത്.

വിവാദങ്ങളുടെ കളിത്തോഴനായാണ് മാധ്യമങ്ങളിൽ മാർ ആനിക്കുഴിക്കാട്ടിൽ നിറഞ്ഞു നിൽക്കുന്നതെങ്കിലും ഹൈറേഞ്ച് നിവാസികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം മണ്ണിന്റെ മക്കൾ വാദത്തിന്റെ പിതാവാണ്. കുടിയേറ്റ കർഷകരുടെ താൽപര്യങ്ങൾക്കൊപ്പമാണ് അദ്ദേഹം നിലനിന്നത്. തന്റെ വാക്കുകളും ഇടയലേഖനങ്ങളും വിവാദങ്ങൾക്കു തിരികൊളുത്തുമ്പോഴും പറഞ്ഞതു മാറ്റിപ്പയാനോ എടുത്ത നിലപാടുകൾ തിരുത്താനോ അദ്ദേഹം തയാറായില്ല. ഇത് അദ്ദേഹത്തെ ഒരേ സമയം ആരാധകരെയും വിമർശകരെയും സൃഷ്ടിച്ചു. വിവാദങ്ങളുടെ സഹയാത്രികനായതിനാൽ മാധ്യമങ്ങളും ആനിക്കുഴിക്കാട്ടിലിനായി കാതോർത്തു. കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ വിവാദങ്ങളുടെയും വാക്കുകൾ പുറപ്പെട്ടത് ആനിക്കുഴിക്കാട്ടിലിൽ നിന്നായിരുന്നു.

മണ്ണിന്റെ മനുഷ്യരുടെ അവകാശങ്ങൾക്കു വേണ്ടി പതിറ്റാണ്ടുകളോളം പോരാടിയ അദ്ദേഹം കസ്തൂരി രംഗന്റെ പേരിലും രംഗത്തിറങ്ങി. 2013-ലെ കസ്തൂരി രംഗൻ കാലത്തായിരുന്നു ഇടുക്കിയിലെ സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ പിടി തോമസുമായി ബിഷപ്പ് ആനിക്കുഴിക്കാട്ടിൽ കൊമ്പുകോർത്തത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ കർഷക വിരുദ്ധമായ ഒന്നുമില്ലെന്ന പിടി തോമസിന്റെ നിലപാടാണ് മാർ ആനിക്കുഴിക്കാട്ടിലിനെ ചൊടിപ്പിച്ചത്. 2014-ൽ ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ പിടിയെ മാറ്റണമെന്നു സഭയും ബിഷപ്പും നിലപാടെടുത്തു. ബിഷപ്പിനു പറ്റുമെങ്കിൽ തന്നെ തോൽപ്പിച്ചു കാണിക്കാൻ പിടി തോമസ് വെല്ലുവിളിച്ചെങ്കിലും അത്ര ധൈര്യം കോൺഗ്രസും യു ഡി എഫും കാട്ടിയതുമില്ല. പിടി തോമസിനെ മാറ്റി യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിനെയാണ് ഇടുക്കി പിടിക്കാൻ കോൺഗ്രസ് അന്ന് നിയോഗിച്ചത്. എന്നാൽ സഭയുടെ ആശിർവാദത്തോടെ ഇടതുപക്ഷത്തിനെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജാണ് ഫലം വന്നപ്പോൾ വിജയിച്ചത്.

വൈദ്യുതി മന്ത്രി എം.എം മണിയുടെ സുഹൃത്തായിരുന്ന പിതാവ് എൽഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്തു. തനിക്ക് സഹോദരനെ പോലെ എന്നാണ് അദ്ദേഹത്തെ പറ്റി വെള്ളാപ്പള്ളി നടേശൻ വിശേഷിപ്പിച്ചത്. കത്തോലിക്കാ പെൺകുട്ടികളെ ഇതര സമുദായക്കാർ തട്ടിയെടുക്കുകയാണെന്ന മാർ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വൻവിവാദമാണ് അഴിച്ചുവിട്ടത്. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ജനസംഖ്യാ വർധനയുടെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞത്. കൃത്രിമ ജനന നിയന്ത്രണ മാർഗങ്ങൾ തെറ്റാണെന്നു പറഞ്ഞ അദ്ദേഹം ജനസംഖ്യാവർധന കത്തോലിക്കാ കുടുംബങ്ങളുടെ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയ ഇടയലേഖനത്തിൽ അദ്ദേഹം കത്തോലിക്കാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഡ്രസ് കോഡ് നിശ്ചയിക്കുകയും ചെയ്തു. ദേവാലയത്തിലോ വിശുദ്ധ ഗ്രന്ഥ വായനയ്ക്കായി വചന വേദിയിലോ വരുമ്പോൾ പെൺകുട്ടികൾ മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കണമെന്നും ക്രൈസ്തവ സ്ത്രീകൾ ദേവാലയത്തിൽ പോകാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനുമെത്തുമ്പോൾ പരമ്പരാഗത രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂയെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടി. വിവാദങ്ങളുടെ നായകനായി മാറിയപ്പോഴും ഒരിക്കൽപ്പോലും അദ്ദേഹം തന്റെ വാക്കുകൾ മാറ്റിപ്പറഞ്ഞിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP