Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

65 മരാമൺ കൺവെൻഷനുകളിൽ പ്രസംഗിച്ച ഏക വ്യക്തി; ദിവസം 7 വേദികളിൽ വരെ ചിരിതുളുമ്പിയ ആത്മീയ പ്രഭാഷകൻ; മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാർ വരെ സൗഹൃദം ഉണ്ടായിട്ടും ലളിത ജീവിതം നയിച്ച മഹാപണ്ഡിതൻ: മാർ ക്രിസോസ്റ്റത്തിന്‌റെ ജീവിതം ഇങ്ങനെ

65 മരാമൺ കൺവെൻഷനുകളിൽ പ്രസംഗിച്ച ഏക വ്യക്തി; ദിവസം 7 വേദികളിൽ വരെ ചിരിതുളുമ്പിയ ആത്മീയ പ്രഭാഷകൻ; മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാർ വരെ സൗഹൃദം ഉണ്ടായിട്ടും ലളിത ജീവിതം നയിച്ച മഹാപണ്ഡിതൻ: മാർ ക്രിസോസ്റ്റത്തിന്‌റെ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: മാർ ക്രിസോസ്റ്റം തിരുമേനിയുടെ പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുടെ നിറപുഞ്ചിരി തൂകി വലിയ ചൈതന്യമുള്ള മുഖത്തോടു കൂടിയ ഒരു സാത്വികനെയാണ്. ദേഷ്യം എന്തെന്ന് പോലും അറിയാത്ത ശാന്തസ്വരൂപിയായ സന്യാസിയായിരുന്നു ഇന്ന് പുലർച്ചെ വിടപറഞ്ഞ ആ മഹാ ഇടയൻ. മാർത്തോമ സഭയിലെ പ്രമുഖനെങ്കിലും എല്ലാ മതസ്ഥരുമായി സൗഹൃദം വെച്ചുപുലർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മിക്ക പ്രധാനമന്ത്രിമാരുമായി പോലും ഉറ്റചങ്ങാത്തം വെച്ചുപുലർത്തിയ വ്യക്തിത്വം. എന്നും നയിച്ച ലളിത ജീവിതം ബാക്കിവച്ചാണ് അദ്ദേഹം വിടവാങ്ങിയത്.

പ്രഭാഷണ വേദികളിലെ താരമായിരുന്നു അദ്ദേഹം. 65 മരാമൺ കൺവെൻഷനുകളിൽ പ്രസംഗിച്ച പാണ്ഡിത്യമാണ് അദ്ദേഹത്തിന്റെത്. പ്രഭാഷണത്തെ പ്രസാദമാർന്ന സർഗാത്മക കർമമായി ആവിഷ്‌കരിച്ചിരുന്ന അദ്ദേഹം പ്രസംഗവേദികളിൽ ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്‌ഫോടനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ദിവസം ഏഴു വേദികളിൽ വരെ പ്രധാന പ്രസംഗകന്റെ റോളിൽ തിളങ്ങിയിരുന്ന അദ്ദേഹം ഉദ്ഘാടകനായും അധ്യക്ഷനായും മുഖ്യപ്രഭാഷകനായും അനുഗ്രഹപ്രഭാഷകനായും വാക്കുകൾകൊണ്ട് കേൾവിക്കാരുടെ ഹൃദയം കവർന്നു. പങ്കെടുക്കുന്നവർ പത്തായാലും പതിനായിരമായാലും വേദികൾ മാർ ക്രിസോസ്റ്റത്തിന് ഒരുപോലെയാണ്.

പലദിവസവും ശരാശരി 400 കിലോമീറ്റർ യാത്ര ചെയ്യാറുണ്ടെന്ന് തിരുമേനിയെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ദൈവം സംസാരിക്കുന്ന വഴികളിലൊന്നാിരുന്നു മാർ ക്രിസോസ്റ്റം. മനുഷ്യന്റെ നിസ്സാരങ്ങളായ അഹന്തകളെയും വലിയ സംശയങ്ങളെയും എല്ലാം ഒപ്പം നടന്ന് ചിരിപ്പിച്ചുകൊണ്ടു പരിഹരിച്ചിരുന്ന സന്യാസി വര്യനാണ്.

ക്രൈസ്തവ സഭകളെക്കുറിച്ചു ധാരണയില്ലാത്തവർക്കു പോലും മാർ ക്രിസോസ്റ്റത്തെ അറിയാം. ചിരിപ്പിക്കുന്ന തിരുമേനിയുടെ വാക്കുകളിൽ അവരും ചിരിച്ചിട്ടുണ്ട്. മതത്തിനും സഭയ്ക്കും അപ്പുറം മാനവികതയുടെ വിശാല ലോകത്ത് എല്ലാവരുടെയും 'തിരുമേനി അപ്പച്ചനായി'രുന്നു അദ്ദേഹം. ആഗോള വേദികളിൽ അദ്ദേഹത്തെ കണ്ടവർ മലയാളിയാണെന്നതിൽ അഭിമാനം കൊണ്ടു. ആ ജീവിതം അവസാനിക്കരുതേയെന്നും ആ പ്രസംഗം തീരരുതേയെന്നും അപൂർവം ചിലരുടെ കാര്യത്തിൽ മാത്രമേ നമ്മൾ ആഗ്രഹിക്കാറുള്ളു.

അവസാന സമയം പ്രായം ശരീരത്തിൽ പ്രകടമായിരുന്നെങ്കിലും മനസ്സ് നിത്യയൗവ്വനത്തിൽ തന്നെയായിരുന്നു. തെളിഞ്ഞ ഓർമ്മ, വാക്കുകളിലെ കൃത്യത. മലയാളമായാലും ഇംഗ്ലീഷായാലും അർഥം തെറ്റാതെ പറയാനുള്ള ചാതുര്യം എന്നിവ അദ്ദേഹത്തെ വേറിട്ടുനിർത്തി. മറ്റുള്ളവർ 60 70 വയസിൽ ചെയ്തു തീർക്കുന്നത് തനിക്കു ചെയ്യാൻ 100 വർഷമെങ്കിലും വേണ്ടി വരുമെന്ന് ദൈവത്തിനറിയാമെന്ന് സ്വന്തം പ്രായത്തെക്കുറിച്ച് തിരുമേനി നർമം വിളമ്പി. തന്റെ പിൻഗാമി ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് വിട നൽകാൻ 103ാം വയസിൽ കോവിഡ് ഭീഷണിയെ മറികടന്ന് എത്താൻ മാർ ക്രിസോസ്റ്റത്തിന്റെ നിശ്ചയദാർഢ്യത്തിനായി.

പ്രായം പൂർണമായും കട്ടിലിൽ തളയ്ക്കുന്നതു വരെയും അദ്ദേഹം വിശ്രമമില്ലാതെ ഓടി നടക്കുകായിരുന്നു. തന്നെ ക്ഷണിക്കുന്ന പരിപാടിക്കെല്ലാം അദ്ദേഹം പങ്കാളിയായി. നവതി പിന്നിട്ട ശേഷം ന്യൂഡൽഹിയിൽ പോയ തിരുമേനി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സോണിയ ഗാന്ധിയെയും സീതാറാം യച്ചൂരിയെയും ആത്മമിത്രങ്ങളാക്കി. തിരുമേനിയുടെ വാക്കുകൾക്കു മുൻപിൽ അവർ എല്ലാ സമ്മർദ്ദങ്ങളും മറന്നു ചിരിച്ചു. ആരെയും വിമർശിക്കാനും കളിയാക്കാനും മലയാളികൾ സ്വാതന്ത്ര്യം നൽകിയ അപൂർവം വ്യക്തികളിൽ ഒരാളായി മാർ ക്രിസോസ്റ്റം തിളങ്ങി. വിമർശിക്കപ്പെടുന്നവർ പോലും തിരുമേനിയുടെ വാക്കുകൾക്ക് മുന്നിൽ പൊട്ടിച്ചിരിച്ചു.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപേ മാർ ക്രിസോസ്റ്റത്തിനു ബിരുദം കിട്ടിയിരുന്നു. ബ്രിട്ടീഷ് സർക്കാരിലെ ഉയർന്ന ജോലിയേക്കാൾ ക്രിസോസ്റ്റം ആഗ്രഹിച്ചത് ഗോപാലകൃഷ്ണ ഗോഖലയുടെ ഭാരത സേവാ സംഘത്തിൽ ചേരാനായിരുന്നു. എന്നാൽ, മാർത്തോമ്മാ സഭയുടെ അങ്കോള മിഷൻ ഫീൽഡിൽ മിഷനറിയാകാനായിരുന്നു നിയോഗം. ആദിവാസികളുടെയും മുക്കുവരുടെയും ഇടയിൽ പോയി, അവരിൽ ഒരുവനായി ജീവിച്ചു. കടലിൽ മീൻ പിടിക്കാൻ പോയി. അവരെ പഠിപ്പിച്ചും അവരിൽ നിന്നു പഠിച്ചും ജീവിതത്തെ ലളിതമാക്കി. അടിസ്ഥാനവർഗ ജീവിതത്തോട് അനുരൂപപ്പെട്ടു.

വൈദികനായിരിക്കെ, തമിഴ്‌നാട്ടിലെ ജോലാർപേട്ട് റയിൽവേ സ്റ്റേഷനിലെ പോർട്ടറായി പ്രവർത്തിച്ചത് അപൂർവതയായി. അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ അറിയാനായിരുന്നു ഈ പരീക്ഷണം. മദ്യം കഴിച്ച് പണം പാഴാക്കി നടന്ന അവരെ ആശ്രമത്തിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചു. കുടുംബം നോക്കുന്നവരാക്കി. ബിഷപ്പായപ്പോഴും ലളിത ജീവിതം കൈവിട്ടില്ല. ചെറിയ ചായക്കടകളിലെ ഭക്ഷണം കഴിച്ചു, ചന്തയിൽ കയറി കച്ചവടക്കാരോടും ചുമട്ടു തൊഴിലാളികളോടും കുശലം പറഞ്ഞു. ജനകീയ തിരുമേനിയായി അദ്ദേഹം എന്നും നിലനിന്നു.

അദ്ദേഹത്തിന്റെ ഭക്ഷണരീതികളും കൗതുകകരമായിരുന്നു. ഭക്ഷണം കഴിയുമ്പോൾ ഒരു നാരങ്ങാ മിഠായി വായിലിടണം. വൈകുന്നേരം ചായയ്‌ക്കൊപ്പം ബീഫ് കട്ലറ്റ് കിട്ടിയാൽ സന്തോഷം. പഴം പൊരി ആയാലും മതി. തിരുമേനിയുടെ ഇഷ്ടം അറിഞ്ഞു വിളമ്പാൻ സഹായികൾ റെഡിയായിരുന്നു. ജീവിതത്തെ ലളിതമായി അദ്ദേഹം കണ്ടു. താമസസ്ഥലത്തെ മുയലുകളും ആടുകളും ലൗ ബേഡ്‌സും മാത്രം മതി മാർ ക്രിസോസ്റ്റത്തിന്റെ സഹൃദയത്വം മനസിലാക്കാൻ.

വലിയ ഇടയനാണെങ്കിലും ചെറിയവർക്കിടയിലാണ് അദ്ദേഹത്തെ എപ്പോഴും കാണാനാവുക. ബാങ്കായാലും പള്ളിയായാലും കടയായാലും കൂദാശ ചെയ്തു പ്രാർത്ഥിച്ച് അനുഗ്രഹിക്കാൻ കഴിയണമെങ്കിൽ മനസ്സിൽ താഴ്മ മാത്രം പോരാ, അൽപ്പം നർമവും വേണം. മനസ്സിന്റെ കോണിൽ എപ്പോഴും സൂക്ഷിക്കുന്ന ആ ചിരിയാണ് അദ്ദേഹത്തെ സമൂഹത്തിന്റെ സ്വന്തം 'തിരുമേനി'യാക്കുന്നത്. ബൃഹത്തായ ജീവിതാനുഭവത്തിന്റെയും സുദീർഘമായ ധ്യാനത്തിന്റെയും തപസിന്റെയും വിരൽപ്പാടുകളുള്ള അദ്ദേഹത്തിന്റെ വലിയ ചിന്തകളെ ചിലപ്പോഴെങ്കിലും കേവലം ചിരിയിൽ ഒതുക്കിക്കളയുന്നു നമ്മൾ. മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത ദൈവം എന്നാണ് എല്ലാവരും പഠിച്ചുവച്ചിരിക്കുന്നത്. സഭാ ഐക്യത്തിന്റെ എക്കാലത്തെയും പ്രവാചകൻ കൂടിയാണ് ക്രിസോസ്റ്റം.

അമ്മ വിളമ്പുന്ന അത്താഴം, പരിശുദ്ധാത്മ സാന്നിധ്യമുള്ള കൗദാശിക ഭോജനമാണ്, ആകണം എന്നു പറയാൻ നമുക്ക് ഒരാൾ മാത്രം. ജീവിതത്തിന്റെ ഏതു കർമവും കൂദാശയാക്കി മാറ്റുകയും അതിനെ സമൂഹവുമായുള്ള ബന്ധത്തിൽ വളരാനുള്ള ഉപാധിയായി കാണാനും ഒരു വലിയ മെത്രാപ്പൊലീത്ത മാത്രം. ഭൂമിക്കുവേണ്ടിയുള്ള മുഴക്കം കൂടിയാണ് പലപ്പോഴും വലിയ മെത്രാപ്പൊലീത്തയുടെ വാക്കുകൾ. ഒരു ഉദാഹരണം: 'ഭൂമിയിലെ വിഭവങ്ങളുടെ അപരിഹാര്യമായ ചൂഷണത്തിലേക്കും ഭൂമിയെ മലീമസമാക്കുന്നതിലേക്കും 'വികസനം' നമ്മെ നയിക്കുന്നു.

ഭാവിതലമുറയുടെ ജീവിതം അപകടപ്പെടുത്തുംവിധം ഭൂമിയിലെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കപ്പെടുന്നു. സമ്പത്ത് ഇന്നൊരു ചെറിയ കൂട്ടത്തിന്റെ കുത്തകയാണ്. അതിന്റെ യഥാർഥ ഉടമസ്ഥരായവർ സ്വന്തം നാട്ടിൽ അഭയാർഥികളാക്കപ്പെട്ടു. ആദിവാസികൾ അവരുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ നിന്നു പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. സമ്പന്നർക്ക് ഉന്നത ജീവിതനിലവാരം ഉറപ്പാക്കാൻ ശബ്ദരഹിതരായ ജനപഥങ്ങൾക്ക് എല്ലാം ബലി കഴിക്കേണ്ടി വരുന്നു.

ഒരിക്കൽ ക്രിസോസ്റ്റം എഴുതി: സഭയുടെ പരമാധ്യക്ഷൻ എന്ന് മെത്രാപ്പൊലീത്തമാരെ ചിലരെങ്കിലും അഭിസംബോധന ചെയ്യും. എന്നാൽ സഭയുടെ പരമാധ്യക്ഷൻ ക്രിസ്തുവാണ്. സഭാ പ്രതിനിധി മണ്ഡലത്തിനും ആ സ്ഥാനമില്ല. അധികം പേർക്ക് അവകാശപ്പെടാനാവാത്ത ലാളിത്യമാണിത്.

1918 ഏപ്രിൽ 27ന് തിരുവല്ല ഇരവിപേരൂരിൽ ജനിച്ച ഫിലിപ്പ് ഉമ്മൻ 1944ലാണ് പൗരോഹിത്യത്തിന്റെ വിശുദ്ധപാതയിലേക്ക് കടക്കുന്നത്. പിതാവ് റവ.കെ. ഇ.ഉമ്മൻ വികാരി ജനറാൾ ആയിരുന്നു. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ സ്‌കൂളുകളിലായിരുന്നു പഠനം. ദേശീയ പ്രസ്ഥാനത്തിന്റെ ഇടമുറിയാത്ത തീച്ചൂടേറ്റുവാങ്ങിയ കാലം അദ്ദേഹത്തെയും സ്വാധീനിച്ചു. സാമൂഹിക പ്രവർത്തനത്തിന്റെ വഴികളിലേക്കു വന്നെത്തിയത് മഹാത്മാവിന്റെ വാക്കുകളുടെ സ്വാധീനത്തിലും. യേശുദേവന്റെ പ്രകാശം ഏറ്റുവാങ്ങി അദ്ദേഹം പൗരോഹിത്യത്തിന്റെ വിശുദ്ധിയും കണ്ടെത്തി. പിന്നിൽ നിൽക്കുവരുടെ കണ്ണീരും അവരോടുള്ള കടമയും നിരന്തരം ഓർമിപ്പിച്ച മാർ ക്രിസോസ്റ്റം അതാണ് യഥാർഥ ആരാധനയെന്ന് വിളിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലും അതിന്റെ വെളിച്ചമുണ്ടായിരുന്നു. അൾത്താരയ്ക്കു പകരം ആൾക്കൂട്ടത്തിലേക്ക് മിഴിയയച്ച സംന്യാസ ജീവിതം എന്ന് അദ്ദേഹത്തിന്റെ ജീവിതയാത്രയെ വിശേഷിപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP