Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ; 11 വർഷം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി; എംകെ പണിക്കോട്ടിയെന്ന പേരിൽ വടക്കൻ പാട്ടുകൾ പരിചയപ്പെടുത്തിയ കലാകാരൻ; തച്ചോളിക്കളി, കോൽക്കളി പരിശീലകനായും പ്രവർത്തിച്ചു; നിരവധി പുസ്തകങ്ങളുടെ രചയിതാവ്; വടകരയുടെ വികസന നായകൻ എം കേളപ്പന്റെ ഒന്നാം ചരമ വാർഷികം ഇന്ന്

മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ; 11 വർഷം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി; എംകെ പണിക്കോട്ടിയെന്ന പേരിൽ വടക്കൻ പാട്ടുകൾ പരിചയപ്പെടുത്തിയ കലാകാരൻ; തച്ചോളിക്കളി, കോൽക്കളി പരിശീലകനായും പ്രവർത്തിച്ചു; നിരവധി പുസ്തകങ്ങളുടെ രചയിതാവ്; വടകരയുടെ വികസന നായകൻ എം കേളപ്പന്റെ ഒന്നാം ചരമ വാർഷികം ഇന്ന്

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന എം കേളപ്പന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. കേവലം രാഷ്ട്രീയ പ്രവർത്തകനെന്നതിലുപരി മികച്ചൊരു കലാകാരനും സാഹിത്യകാരനുമായിരുന്നു എം കേളപ്പൻ. അതു കൊണ്ട് രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളും ഇടപെടലുകളും നടത്തിയ വ്യക്തി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഒന്നാം വാർഷികം വിവിധ മേഖലകളിലുള്ളവർ ഇന്ന് ആചരിക്കുന്നുണ്ട്.

1959ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സെൽ സെക്രട്ടറിയായാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് വില്ലേജ് സെക്രട്ടറിയായും ദീർഘകാലം സിപിഎമ്മിന്റെ വടകര, കുന്നുമ്മൽ ഏരിയ കമ്മറ്റികളുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. നീണ്ട 11 വർഷക്കാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു എം കേളപ്പൻ ആ പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗം കൂടിയായിരുന്നു. കെഎസ്‌കെടിയു സംസ്ഥാന വൈസ്പ്രസിഡണ്ട്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

Stories you may Like

സിഎച്ച് കണാരന്റെയും കേളുഏട്ടന്റെയും ശിഷ്യണത്തിലാണ് എം കേളപ്പൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തുന്നത്. വടകരയിൽ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണ് എം കേളപ്പൻ. വടകര മുനിസിപ്പാലിറ്റിയിൽ നിരവധി തവണ കൗൺസിലറായിരുന്ന അദ്ദേഹം സ്ഥിരം സമിതി അദ്ധ്യക്ഷനുമായിരുന്നു. വടകരയുടെ വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന വ്യക്തി കൂടിയാണ്. വടകരയിൽ കർഷക തൊഴിലാളികളെയും സംസ്‌കാരിക പ്രവർത്തകരെയും ഒരു പോലെ സിപിഐഎമ്മിന് കീഴിൽ അണി നിരത്താനും എം കേളപ്പൻ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്.

രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി മികച്ചൊരു കലാകാരൻ കൂടിയായിരുന്നു എം കേളപ്പൻ. കോൽക്കളി, തച്ചോളിക്കളി എന്നിവയെല്ലാം യുവാക്കളെയും കുട്ടികളെയും പരിശീലിപ്പിച്ചു. അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന തച്ചോളിക്കളിയെന്ന കലാരൂപത്തെ സംരക്ഷിക്കുന്നതിനായി നിരവധിയാളുകൾക്ക് അദ്ദേഹം പരിശീലനം നൽകി. വടക്കൻ പാട്ട് കലാകാരനായും എഴുത്തുകാരനായും എം കെ പണിക്കോട്ടിയെന്ന പേരിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ എം കേളപ്പൻ നിരവധി പുസ്തകങ്ങളും രചിച്ചു. അമൃത സ്മരണകളാണ് അദ്ദേഹത്തിന്റെ ആത്മകഥ. ഇത്തരത്തിൽ കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കിടയിൽ സാസ്‌കാരിക മുഖം കൂടിയായിരുന്നു കഴിഞ്ഞ വർഷം അന്തരിച്ച എം കേളപ്പൻ.

എം കേളപ്പന്റെ ഒന്നാം ചരമ വാർഷികത്തിൽ വടകരയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ ഓർമ്മക്കായി മരം നടുകയും കുഴിമാടത്തിൽ റീത്ത് സമർപ്പിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെയും അതുണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയെയും അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഖാവിന്റെ ഒന്നാം ചരമവാർഷികം കടന്നുപോകുന്നതെന്ന് എം മോഹനൻ മാസ്റ്റർ പറഞ്ഞു. കോവിഡിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഭീഷണമായ സാഹചര്യം മുറിച്ചുകടക്കാനും ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുമാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ വർഗീയ, കോർപറേറ്റ് വൽക്കരണ നയങ്ങൾക്കെതിരെ ബദൽ സമീപനങ്ങളിലൂന്നി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോവുകയാണ്. നവകേരള നിർമ്മിതിയെ മുന്നോട്ടുകൊണ്ടുപോയി എല്ലാ പ്രതിസന്ധികളെയും നമുക്ക് അതിജീവിക്കാനാകും. അയോധ്യയിൽ ക്ഷേത്രനിർമ്മാണത്തിന് ശിലാന്യാസം നടത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ നീക്കം നടക്കുന്ന കാലത്ത് മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുംവേണ്ടി ഊക്കോടെ പോരാടേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. കേളപ്പേട്ടനെപ്പോലുള്ള സഖാക്കളുടെ ജീവിതം നമുക്കതിന് കരുത്തുപകരും. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP