Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം. കരുണാനിധി വിട വാങ്ങി; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളോടെ ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വൈകീട്ട് 6.10 മണിയോടെ; ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതി ഓർമയാകുന്നത് ഡിഎംകെ തലപ്പത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ ശേഷം; നഷ്ടമാകുന്നത് ഓരോ ചുവടിലും പോരാടി നേടിയ കൂർമബുദ്ധിയായ രാഷ്ട്രീയ തന്ത്രജ്ഞനെ; ഭാഷയെ ആയുധമാക്കിയ പ്രതിഭാശാലി എന്നും തമിഴ് മനസിൽ രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈഞ്ജർ

എം. കരുണാനിധി വിട വാങ്ങി; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളോടെ ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വൈകീട്ട് 6.10 മണിയോടെ; ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതി ഓർമയാകുന്നത് ഡിഎംകെ തലപ്പത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ ശേഷം; നഷ്ടമാകുന്നത് ഓരോ ചുവടിലും പോരാടി നേടിയ കൂർമബുദ്ധിയായ രാഷ്ട്രീയ തന്ത്രജ്ഞനെ; ഭാഷയെ ആയുധമാക്കിയ പ്രതിഭാശാലി എന്നും തമിഴ് മനസിൽ രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈഞ്ജർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിവ്യ തേജസ്സായിരുന്ന നേതാവ് കലൈഞ്ജർ എം. കരുണാനിധി(95) ഇനി ഓർമ്മ. പ്രായാധിക്യം മൂലമുള്ള അവശതകളിലിരിക്കുകയായിരുന്നു ദ്രാവിഡ രാഷ്ട്രീയത്തിലെ അതികയനായിരുന്ന കരുണാനിധിയുടെ അന്ത്യം സംഭവിച്ചത്. രക്ത സമ്മർദ്ദം താഴ്ന്നത് മൂലം കരുണാനിധിയെ ഒരാഴ്‌ച്ചയായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. വൈകീട്ട് 6.10ടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. നേരത്തെ ഇന്ന് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലും കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു.

ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് അര നൂറ്റാണ്ട് തികഞ്ഞ ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭിവിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ സന്ദർശിക്കാനായി വിവിധ രാഷ്ട്രീയ നേതാക്കൾ ചെന്നൈയിലെ ആശുപത്രിയിൽ എത്തിയിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയ രാഷ്ട്രീയനേതാക്കളാണ് അദ്ദേഹത്തെ കാണാനെത്തിയത്. 1969 ജൂലൈ 27നാണ് അദ്ദേഹം ഡിഎംകെയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വളരെ അപൂർവമായാണ് ഇത്രയും കാലം ഒരാൾ തന്നെ മുഖ്യമായൊരു പാർട്ടിയുടെ തലപ്പത്തിരിക്കുന്നത്.

ജീവിതം തുടങ്ങിയപ്പോൾ

നാഗപട്ടണം ജില്ലയിൽ മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായി 1924 ജൂൺ മൂന്നിന് ജനിച്ചു. ദക്ഷിണാമൂർത്തിയെന്നാണ് യഥാർത്ഥ പേര്. സ്‌കൂൾ കാലഘട്ടം മുതലേ നാടകം,ഗാനരചന, സാഹിത്യം എന്നിവയിൽ ഏറെ തൽപരനായിരുന്നു അദ്ദേഹം. 14ാം വയസ്സിൽ സ്പീക്കർ അഴഗിരി സാമിയുടെ വാക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കരുണാനിധി പൊതു പ്രവർത്തനത്തിൽ എത്തുന്നത്. സർവ വിദ്യാർത്ഥി ക്ലബ് എന്ന പേരിൽ രൂപപ്പെട്ട സംഘടനയാണ് ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടന.

മറ്റ് അംഗങ്ങൾക്കൊപ്പം കരുണാനിധിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. 1953ൽ കല്ലഗുഡി എന്ന സ്ഥലത്തിന് ഡാൽമിയ പുരം എന്ന പേരിടാനുള്ള ശ്രമമുണ്ടായപ്പോൾ അതിനെതിരെ ശക്തമായി കരുണാനിധി പ്രതികരിച്ചിരുന്നു. ഡാൽമിയ സിമന്റ് കമ്പനി ഈ ഭാഗത്ത് പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പേര് മാറ്റാനുള്ള നീക്കം. ഇതിനിടെ കരുണാനിധിയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞ സംഭവം വരെയുണ്ടായി. കമ്പനിക്കെതിരെ നടന്ന ശക്തമായ പ്രക്ഷോഭത്തിൽ പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കരുണാനിധി അറസ്റ്റിലായിരുന്നു.

സിനിമയെ നെഞ്ചോട് ചേർത്ത കരുണാനിധി

തമിഴ് സിനിമാ രംഗത്തും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് കരുണാനിധി. പരാശക്തിയെന്ന ചിത്രത്തിലൂടെയാണ് കരുണാനിധി സിനിമയിൽ തന്റെ കന്നിയംഗം കുറിക്കുന്നത്. ദ്രാവിഡ രാഷ്ടീയത്തെ തമിഴ് മക്കളിലേക്ക് എത്തിച്ച ചിത്രവും തമിഴ് സിനിമാ ലോകത്തിന് ഏറെ മാറ്റം സൃഷ്ടിച്ച ചിത്രവും കൂടിയായിരുന്നു പരാശക്തി. തമിഴ് സിനിമയിലെ മികവിന്റെ പര്യായമായ ശിവാജി ഗണേശനേയും എസ്.എസ് രാജേന്ദ്രനേയും സിനിമയിലെത്തിച്ചത് കരുണാനിധിയാണ്. ആദ്യം സിനിമയ്ക്ക് വിലക്ക് വന്നെങ്കിലും 1952ൽ സിനിമ റിലീസ് ചെയ്തു.

അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. തമിഴ് സാഹിത്യത്തിനും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് കരുണാനിധി. തോൽക്കാപ്പിയ പൂങ്കാ, പൂംപുകാർ തുടങ്ങി തമിഴകം ഏറ്റവാങ്ങിയ കവിതകളും ഇദ്ദേഹം എഴുതിയിരുന്നു. തിരുക്കുറലിനെക്കുറിച്ചെഴിുതിയ കുറലോവിയം ഏറെ ശ്രദ്ധികക്പ്പെട്ട രചനകളിലൊന്നാണ്. സങ്ക തമിഴ്, തിരുക്കുറൽ ഉറൈ, പൊന്നാർ സർക്കാർ, റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം, വെള്ളിക്കിഴമെയ്, നെഞ്ചുക്ക് നീതി, ഇനിയവൈ ഇരുപത്, കുറലോവിയം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചു. മണിമകുടം, ഒരേ രക്തം, പളനിയപ്പൻ, തൂക്കുമേടൈ, കഗിതാപ്പൂ, നാനേ അരിവാളി, വെള്ളിക്കിഴമൈ, ഉദയ സൂര്യൻ, സിലപ്പതികാരം തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളാണ്.

രാഷ്ട്രീയ അങ്കത്തട്ടിലേക്ക്

1957ലെ തിരഞ്ഞെടുപ്പിൽ കുലിത്തലൈ എന്ന സ്ഥലത്ത് വിജയം നേടിയാണ് കരുണാനിധി തമിഴ് രാഷ്ട്രീയത്തിലേക്ക് കാലു വച്ചത്. 1961ൽ ഡിഎംകെ ട്രഷററും 1962ൽ പ്രതിപക്ഷ ഉപനേതാവുമായി. 1967ൽ ഡിഎംകെ അധികാരത്തിലെത്തിയപ്പോൾ പൊതുമരാമത്ത് മന്ത്രിയായി. 1969ൽ അണ്ണാദുരൈ മരണപ്പെട്ടപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിയായി. 1980കളിൽ കരുണാനിഝി മന്ത്രിസഭയെ കേന്ദ്ര സർക്കാർ പിരിച്ചു വിട്ട സംഭവവുമുണ്ടായി. ജയലളിതയുടെ എഐഎഡിഎംകെയോട് 2001ൽ കരുണാനിധി തോറ്റിരുന്നു. എന്നാൽ 2006ലെ തിരഞ്ഞെടുര്രിൽ ജയലളിതയെ തോൽപിച്ച് കരുണാനിധി വീണ്ടും അധികാരത്തിലെത്തി. 1957 മുതൽ 2016 വരെയുള്ള തിരഞ്ഞെടുപ്പുകളിലൂടെ 13 തവണയാണ് അദ്ദേഹം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

രാഷ്ട്രീയ പ്രവേശന കാലം മുതൽ കരുണാനിധി എടുത്തിരുന്ന നിലപാട് എന്നും ഓർമ്മിക്കപ്പെട്ട ഒന്നാണ്. അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യൻ അണ്ണാദുരൈയും വഴിമാറിയപ്പോൾ കരുണാനിധി അണ്ണാദുരൈയ്ക്കൊപ്പം ഉറച്ചുനിൽക്കുകയാണുണ്ടായത്. സാമൂഹികനീതിയും പ്രാദേശിക വാദവുമുയർത്തി ഡിഎംകെ തമിഴക രാഷ്ട്രീയത്തിൽ കാലുറപ്പിച്ചപ്പോൾ അതിന്റെ ആദർശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. സംസ്ഥാനത്തു പാർട്ടി അധികാരത്തിലെത്തി രണ്ടു വർഷത്തിനു ശേഷം, 1969ൽ അണ്ണാദുരൈ ജീവിതത്തിൽ വിടവാങ്ങിയപ്പോൾ പിൻഗാമിയാകാനുള്ള മൽസരത്തിൽ നെടുഞ്ചെഴിയനുൾപ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു.

എംജിആറിന്റെ കൂടി പിന്തുണയോടെയാണ് മുഖ്യമന്ത്രി പദത്തിലേക്കു കരുണാനിധി നടന്നുകയറിയത്. തൊട്ടുപിന്നാലെ, 1969 ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി. പെരിയോർ രാമസാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതൽ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. പഴയ സുഹൃത്ത് എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ചതിനു പിന്നാലെ 10 വർഷം അധികാരത്തിൽ നിന്നും പുറത്തായി.

എങ്കിലും പാർട്ടിയെ ശക്തിയോടെ സ്വന്തം കീഴിൽ നിർത്താൻ കരുണാനിധിക്ക് കഴിഞ്ഞു. എംജിആറിനു ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെ തലപ്പത്തു തലയെടുപ്പോടെ കരുണാനിധിയുണ്ടായിരുന്നു. രണ്ടു വർഷം മുൻപ്, 2016 അവസാനം ആരോഗ്യകാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽനിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈജ്ഞറുടേതായിരുന്നു. അഴിമതിയും കുടുംബ രാഷ്ട്രീയവുമൊക്കെ പ്രതിച്ഛായയിൽ കരിനിഴൽ വീഴ്‌ത്തിയെങ്കിലും തമിഴ് മനസ്സിൽ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈജ്ഞർ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP