Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസ്തമിക്കുന്നത് കേരളത്തിലെ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്ന്; കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലും ഷാനവാസ് തന്നെയായിരുന്നു; അദ്ദേഹത്തിന് പകരം വെക്കാൻ നേതാക്കൾ കോൺഗ്രസിലില്ല: വിട പറഞ്ഞ നേതാവിനെ അനുസ്മരിച്ച് പന്തളം സുധാകരൻ

അസ്തമിക്കുന്നത് കേരളത്തിലെ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്ന്; കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലും ഷാനവാസ് തന്നെയായിരുന്നു; അദ്ദേഹത്തിന് പകരം വെക്കാൻ നേതാക്കൾ കോൺഗ്രസിലില്ല: വിട പറഞ്ഞ നേതാവിനെ അനുസ്മരിച്ച് പന്തളം സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നിന്റെ അസ്തമനമാണ് എം.ഐ.ഷാനവാസിന്റെ വിയോഗത്തിലൂടെ ദൃശ്യമാകുന്നതെന്നു കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ മറുനാടനോട് പ്രതികരിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലം കോൺഗ്രസ് നേതൃത്വത്തിന്റെ അവിഭാജ്യഘടകമായി തുടരാൻ ഷാനവാസിനെ സഹായിച്ചത് അദ്ദേഹത്തിന്റെ തന്ത്രങ്ങളും ബുദ്ധികൂർമ്മമായ നീക്കങ്ങളുമായിരുന്നു. അര നൂറ്റാണ്ടു കാലത്തെ ബന്ധമാണ് എനിക്ക് ഷാനവാസുമായി ഉണ്ടായിരുന്നത്. കെഎസ് യു-യൂത്ത് കോൺഗ്രസ് കാലം മുതൽ തുടർന്ന് പോരുന്ന ശക്തമായ ബന്ധമായിരുന്നു അത്.

1978-ലെ കോൺഗ്രസ് പിളർപ്പിന്റെ കാലത്താണ് ഞാനും ഷാനവാസും തമ്മിൽ അടു ക്കുന്നത്. ഷാനവാസ് യൂത്ത് കോൺഗ്രസ് ഭാരവാഹിയായപ്പോൾ ഞാൻ കോൺഗ്രസിന്റെ ഭാരവാഹിയായിരുന്നു. ആ ബന്ധം പിന്നീട് ദൃഡമായി മാറുകയായിരുന്നു. യൂത്ത് കോൺഗ്രസ്- കെഎസ് യു ലീഡര്ഷിപ്പിന് വലിയ സംഭാവന ചെയ്ത നേതൃനിരയിലെ കണ്ണിയിൽ പ്രമുഖനാണ് ഷാനവാസ് . അന്ന് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് കൊച്ചിയിലായിരുന്നു. ഞങ്ങളുടെ അഭയകേന്ദ്രം ഷാനവാസിന്റെ വീടും. അഞ്ച് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും വയനാട് ലോക്‌സഭാ സീറ്റിൽ കഴിഞ്ഞ രണ്ടു തവണയും വിജയക്കൊടി നാട്ടാൻ ഷാനവാസിന് തുണയായത് ഉയിർത്തെഴുന്നേൽക്കാനും പടപൊരുതാനുമുള്ള ഷാനവാസിന്റെ സിദ്ധിവിശേഷമായിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഷാനവാസ് സീറ്റ് നിലനിർത്തുമെന്നുള്ള കണക്കുകൂട്ടലിൽ കോൺഗ്രസ് നേതൃത്വം എത്തിയിരിക്കെയാണ് ആ വിജയത്തിന് കാത്ത് നിൽക്കാതെ ഷാനവാസ് യാത്രയാകുന്നത്.

1978-ൽ അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളർന്നപ്പോഴാണ് ഷാനവാസ് എന്ന കോൺഗ്രസ് നേതാവിന്റെ രംഗ പ്രവേശമുണ്ടാകുന്നത്. ലീഡർ കെ.കരുണാകരന്റെ കൂടെ ഉറച്ചു നിന്ന് കെഎസ് യു-യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി ഷാനവാസ് നിലയുറപ്പിച്ചു. മുല്ലപ്പള്ളിയും ജി. കാർത്തികേയനും ഞാനും അടങ്ങുന്ന നേതൃത്വത്തിലാണ് ഷാനവാസും ഉണ്ടായിരുന്നത്. ലീഡറുടെ ഏറ്റവും അടുത്ത വിശ്വസ്തൻ എന്ന ലേബൽ ആണ് ഷാനവാസിന് ഉണ്ടായിരുന്നത്. കെ.മുരളീധരനെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്തിക്കാൻ ലീഡർക്ക് ധൈര്യം പകർന്നത് ഷാനവാസ് ആയിരുന്നു. മുരളീധരനെ എത്തിക്കാൻ ലീഡർക്ക് പിന്നിൽ നിന്നതും ഷാനവാസ് ആയിരുന്നു. പിന്നീട് കാലത്തിന്റെ കുത്തൊഴുക്കിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം വന്നു. പിന്നീട് തിരുത്തൽ വാദം പിറവിയെടുത്തു. ഷാനവാസും രമേശ് ചെന്നിത്തലയും ജി.കാർത്തികേയനും കൂടിയായിരുന്നു ലീഡർക്ക് എതിരായ തിരുത്തൽവാദത്തിന്റെ പിന്നിൽ.

അപ്പോഴും ഈ നീക്കങ്ങളുടെ ബുദ്ധികേന്ദ്രം ഷാനവാസ് ആയിരുന്നു. ഒരുപാട് പ്രത്യേകതകൾ ഷാനവാസിന്റെ കൂടെപ്പിറപ്പായിരുന്നു. അഭിപ്രായങ്ങൾ ഷാനവാസ് എ പ്പോഴും തുറന്നു പറയുമായിരുന്നു. കെഎസ് യു യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗമായപ്പോഴും കോൺഗ്രസിന്റെ ഭാഗമായപ്പോഴും നേതൃശേഷിയുടെ ഒരു മുഖമായിരുന്നു ഷാനവാസ്. മുല്ലപ്പള്ളി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആയപ്പോൾ ഷാനവാസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. ഏറ്റവും കൂടുതൽ കാലം ഇന്ദിരാഭവന്റെ ചുമതല വഹിച്ച നേതാവായിരുന്നു ഷാനവാസ്. 1982 മുതൽ എംപിയായിരുന്ന കാലം മുതൽ ഇന്ദിരാഭവന്റെ ചുമതല വഹിച്ചു. 1978-ൽ പിളർപ്പ് വന്നപ്പോൾ ഒന്നുമില്ലായ്മയുടെ കാലത്ത് എറണാകുളം നോർത്തിലെ ഷാനവാസിന്റെ വീടായിരുന്നു ഞങ്ങളുടെ അഭയകേന്ദ്രം. അന്ന് ഷാനവാസ് ആയിരുന്നു ഞങ്ങളുടെ തണലും സംരക്ഷണവുമായി മാറിയിരുന്നത്.

ഞങ്ങൾക്കുള്ള വണ്ടിക്കൂലിയും ഭക്ഷണവും വരെ ഷാനവാസിന്റെ വകയായിരുന്നു. യൂത്ത് കോൺഗ്രസ് മുതൽ ഒരുമിച്ച് ഭാരവാഹിയായതിനാൽ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. മുല്ലപ്പള്ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയപ്പോൾ ബുദ്ധിപരമായ, നിർണ്ണായക തീരുമാനങ്ങളും ഷാനവാസ് ആയിരുന്നു എടുത്തിരുന്നത്. മുല്ലപ്പള്ളിയും ലീഡറും അകന്നതും ആ കാലത്തായിരുന്നു. മുല്ലപ്പള്ളി ലീഡറുമായി അകന്നപ്പോൾ ഷാനവാസ് ലീഡറുടെ വിശ്വസ്തനായി നിലകൊണ്ടിരുന്നു. വളരെ ശക്തമായ ബന്ധമാണ് ഷാനവാസും ലീഡറും തമ്മിൽ ആ കാലത്ത് നിലനിന്നിരുന്നത്. അപ്പോൾ തന്നെയാണ് കെ.മുരളീധരനെ രാഷ്ട്രീയത്തിൽ എത്തിക്കാൻ ഷാനവാസ് ചരടുവലികൾ നടത്തുകയും മുരളിയെ കോൺഗ്രസിൽ എത്തിക്കുകയും ചെയ്യുന്നത്. അപ്പോൾ ഗ്രൂപ്പ് ആയി മാറി. ഇങ്ങിനെ ഒരു ഗ്രൂപ്പ് ആയി മാറിയപ്പോൾ അതിലും വലിയ നേതൃപരമായ സംഭാവനകൾ ഷാനവാസിന്റെ വകയായിരുന്നു.

തിരുത്തൽവാദം വന്നപ്പോൾ അതിനും ബുദ്ധിപരമായ നേതൃത്വത്വം ഷാനവാസ് നൽകി. ചെന്നിത്തലയേയും കാർത്തികേയനെയും ഒരുമിപ്പിച്ച് ഒരേ രീതിയിൽ കൊണ്ടുവന്നത് ഷാനവാസ് ആയിരുന്നു. തിരുത്തൽ വാദം പിന്നീട് കേരളത്തിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഷാനവാസും ചെന്നിത്തലയും കാർത്തികേയനും തമ്മിൽ വലിയ ആത്മബന്ധം നിലനിന്നിരുന്നു. ഈ ആത്മബന്ധമാണ് തിരുത്തൽവാദം കേരളത്തിലെ കോൺഗ്രസിൽ കത്തിപ്പടരാൻ ഇടയാക്കിയത്. നേതാക്കളുമായി വലിയ ആത്മബന്ധം ഷാനവാസ് ഉണ്ടാക്കിയെടുത്തിരുന്നു. ഷാനവാസിന് കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾക്കറിയാം. ഷാനവാസിന് പകരം വയ്ക്കാൻ ആ രീതിയിലുള്ള നേതാക്കൾ കോൺഗ്രസിലില്ല. അത്രമാത്രം സമ്മിതി കോൺഗ്രസിനകത്ത് ഷാനവാസിനുണ്ട്- പന്തളം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP