Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ജോത്സ്യൻ പറഞ്ഞു ''ഈ പെൺകുട്ടി ജനിച്ചപ്പോൾ ആ വീട്ടിൽ നൂറു മടങ്ങ് അഭിവൃദ്ധിയുണ്ടായി,ആ കുട്ടിയെ വിവാഹം ചെയ്തു കൊണ്ടുപോകുന്ന വീട്ടിലും അതുപോലെ ഐശ്വര്യം വരും''; പ്രവചനത്തെ അച്ചെട്ടാക്കി ലോകത്തെ വിസ്മയിപ്പിച്ച ലീല ഗ്രൂപ്പ്; ക്യാപ്റ്റൻ കൃഷ്ണൻ നായരെ ലോകത്തിന്റെ നെറുകയിലെത്തിച്ച പെൺകരുത്ത്; ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ബ്രാൻഡിനെ അനശ്വരമാക്കി ലീല വിടവാങ്ങുമ്പോൾ

ജോത്സ്യൻ പറഞ്ഞു ''ഈ പെൺകുട്ടി ജനിച്ചപ്പോൾ ആ വീട്ടിൽ നൂറു മടങ്ങ് അഭിവൃദ്ധിയുണ്ടായി,ആ കുട്ടിയെ വിവാഹം ചെയ്തു കൊണ്ടുപോകുന്ന വീട്ടിലും അതുപോലെ ഐശ്വര്യം വരും''; പ്രവചനത്തെ അച്ചെട്ടാക്കി ലോകത്തെ വിസ്മയിപ്പിച്ച ലീല ഗ്രൂപ്പ്; ക്യാപ്റ്റൻ കൃഷ്ണൻ നായരെ ലോകത്തിന്റെ നെറുകയിലെത്തിച്ച പെൺകരുത്ത്; ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ബ്രാൻഡിനെ അനശ്വരമാക്കി ലീല വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കണ്ണൂർ ജില്ലയിലെ ആഴിക്കോട് എന്ന ചെറുഗ്രാമത്തിൽ നിന്ന് ഇന്ത്യൻ വ്യവസായത്തിന്റെ തന്നെ മുഖമുദ്രയായി മാറിയ പേരാണ് ലീല.പരിഷ്‌കാരമോ പത്രാസോ ഇല്ലാത്ത ഒരു തനി ഗ്രാമീണപേര്.മാതാപിതാക്കൾ ലീലയ്ക്ക് സുമതി എന്നാണ് ആദ്യം പേരിട്ടത്. അതു ലീല എന്നു മാറ്റിയതു സഹോദരൻ രവീന്ദ്രൻ നായരാണ്. നാട്ടിൽ മറ്റൊരു സുമതിയും ഉണ്ടായിരുന്നതിനാൽ, സഹോദരിയുടെ പേര് വേറിട്ടു നിൽക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ഭർത്താവ് ക്യാപ്റ്റൻ സി.പി.കൃഷ്ണൻനായർ ആ പേര് ഒരു വ്യവസായ സാമ്രാജ്യമായി വളർത്തിയപ്പോൾ, 'ലീല' വ്യവസായലോകത്തെ അമൂല്യമായ പേരുകളിലൊന്നായി. കൃഷ്ണൻ നായരുടെ ഏഴാം ചരമവാർഷികത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണു പ്രിയപത്‌നി ലീലയുടെ വിയോഗം.ലീല ഹോട്ടൽസ് എന്നു കേട്ടാൽ ആദ്യം ഓർമ വരിക അതിന്റെ സ്ഥാപകൻ ക്യാപ്റ്റൻ സി.പി.കൃഷ്ണൻ നായരെയാകും. എന്നാൽ കൃഷ്ണൻ നായർതന്നെ പിൽക്കാലത്ത് ലീല കൃഷ്ണൻ നായർ എന്നാണു വ്യവസായ ലോകത്ത് അറിയപ്പെട്ടത്. ലീലയും കൃഷ്ണൻ നായരും എന്നും ഒന്നായി ചേർന്നുനിന്നു.

1950-ൽ ലീലയുടെ 18 ാം വയസ്സിലാണ് ക്യാപ്റ്റൻ സി പി കൃഷ്ണൻ നായർ ഇവരെ വിവാഹം ചെയ്യുന്നത്.കണ്ണൂർ ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് അഴീക്കോട്. ഇവിടുത്തെ ആദ്യത്തെ പ്രസിഡന്റായിരുന്നു എ.കെ.നായർ. കുതിരവണ്ടിയിൽ ചാക്കിൽകെട്ടിക്കൊണ്ടു പോകാൻ മാത്രം സമ്പത്തുള്ള അദ്ദേഹം മകളെ തനിക്കു വിവാഹം കഴിച്ചുതരാൻ തീരുമാനിച്ച വിവരം വലിയൊരു അദ്ഭുതത്തോടെയാണു കൃഷ്ണൻ നായർ കേട്ടത്.

ഈ പെൺകുട്ടി ജനിച്ചപ്പോൾ ആ വീട്ടിൽ നൂറു മടങ്ങ് അഭിവൃദ്ധിയുണ്ടായി. ആ കുട്ടിയെ വിവാഹം ചെയ്തു കൊണ്ടുപോകുന്ന വീട്ടിലും അതുപോലെ ഐശ്വര്യം വരുമെന്നാണു കല്യാണത്തിനു ജാതകം നോക്കിയ ജ്യോത്സ്യൻ പറഞ്ഞത്.'കുറേ വാഹനങ്ങളുണ്ടാകും. ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണം നൽകും' എന്നൊക്കെ ജ്യോത്സ്യൻ പറഞ്ഞപ്പോൾ ഭാവിയിൽ താനൊരു ഹോട്ടൽ വ്യവസായി ആകുമെന്നോ ലീല എന്ന പേര് ആഗോള പ്രശസ്തി നേടുമെന്നോ കൃഷ്ണൻ നായർ ഓർത്തില്ല.

1950-ൽ പട്ടാളസേവനത്തിൽനിന്നു കൃഷ്ണൻനായർ സ്വയം വിരമിച്ചു. ലീലയുടെ അച്ഛൻ എ.കെ.നായരുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ രാജരാജേശ്വരി മില്ലിന്റെ ചുമതല ഏറ്റെടുത്തു. കണ്ണൂരിലെ കൈത്തറി വ്യവസായത്തിന്റെ മാർക്കറ്റിങ് സാരഥ്യം ലീലയുടെ പിതാവ് ഏൽപ്പിച്ചതാണു വ്യവസായി എന്ന രീതിയിൽ കൃഷ്ണൻ നായരുടെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്. സൈന്യത്തിൽനിന്നും യുദ്ധക്കളത്തിൽനിന്നും പരിചയ സമ്പത്തുമായി വന്ന ഒരാൾ വ്യവസായ ലോകത്ത് പരാജയപ്പെടില്ലെന്ന ആത്മവിശ്വാസം എ.കെ.നായർക്കുണ്ടായിരുന്നു.

ശരാശരി ഇന്ത്യക്കാരൻ റിട്ടയർമെന്റ് ജീവിതം മോഹിക്കുന്ന അറുപത്തിയഞ്ചാം വയസിലാണു ബോംബെയിലെ സഹറിൽ കൃഷ്ണൻ നായർ തന്റെ ആദ്യ ഹോട്ടൽ പണിതുയർത്തുന്നത്. സഹർ അന്നു ചേരികൾ നിറഞ്ഞതായിരുന്നു. വിമാനത്താവളത്തിന്റെ സാമീപ്യവും ലീലയുടെ ഉറച്ച പിന്തുണയുമാണു ഹോട്ടൽ എന്ന വെല്ലുവിളി ഏറ്റെടുക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിച്ചത്. ലീല ലെയ്‌സിന്റെ വിപണനവുമായി ബന്ധപ്പെട്ട വിദേശയാത്രകളിൽ കൃഷ്ണൻ നായർക്കു കൂട്ടായി എന്നും ലീലയുമുണ്ടായിരുന്നു.

ജർമനിയിലെ കെംപ്ൻസ്‌കിയിലും ന്യൂയോർക്കിലെ വാർഡോഫ് അസ്റ്റോറിയയിലും ലഭിച്ച ആതിഥേയ സുഗന്ധം ലീലയും കൃഷ്ണൻ നായരും മനസ്സിൽ സൂക്ഷിച്ചു.ആ യാത്രകളാണു ഹോട്ടൽ വ്യവസായ രംഗത്തേക്കു കടക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിച്ചത്. ലീല ഹോട്ടൽസിന്റെ ഇപ്പോഴത്തെ പൂന്തോട്ടത്തിന്റെ ക്രെഡിറ്റ് ലീലയ്ക്കാണ്. നാട്ടിൽനിന്നു പ്ലാവും മാവും കണിക്കൊന്നയുമെല്ലാം ഇവിടെ നട്ടുപിടിപ്പിച്ചതു ലീലയുടെ പൂന്തോട്ട സ്‌നേഹമാണ്. എന്താണു ജീവിതത്തിലെ വഴിത്തിരിവ് എന്നു ചോദിച്ചാൽ ലീല കൃഷ്ണൻനായർക്ക് എന്നും ഒരുത്തരമേയുണ്ടായിരുന്നുള്ളൂ: ലീലയെ വിവാഹം ചെയ്തത്.

ലീല യഥാർഥത്തിൽ എന്നെ മാറുന്ന ലോകത്തെ വ്യക്തമായ കണ്ണിലൂടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുകയായിരുന്നു. അവർ എനിക്ക് ലോകത്തോട് തന്റേടത്തോടെ പ്രതികരിക്കാനുള്ള ഇച്ഛാബലം പകർന്നു. ഞാൻ തളർന്ന ഘട്ടത്തിലൊക്കെ ലീലയുടെ വാക്കുകളും പ്രവർത്തിയും നിവർന്നു നിൽക്കാനുള്ള സിദ്ധൗഷധമായി. സ്‌നേഹം ഒരു മനോഭാവം മാത്രമല്ല അത് ഔഷധവീര്യമുള്ള മരുന്നു കൂടിയാണെന്ന് ഞാൻ പഠിച്ചു' കൃഷ്ണ ലീല എന്ന തന്റെ ആത്മകഥയിൽ കൃഷ്ണൻ നായർ എഴുതി.

അച്ഛന്റെയും അമ്മയുടെയും ഈ പ്രണയം മക്കളായ വിവേകിനും ദിനേശിനും നന്നായറിയാം, അവരുടെ ഐക്യവും.എല്ലാവരെയും സല്യൂട്ട് ചെയ്തു ജീവിതം പാഴാക്കരുതെന്നും, മറ്റു ചില ലക്ഷ്യങ്ങൾ വേണമെന്നുമുള്ള ലീലയുടെ നിർബന്ധത്തിനു വഴങ്ങിയാണു കൃഷ്ണൻ നായർ സൈനിക ജോലിയിൽനിന്നു വ്യവസായ ലോകത്തേക്ക് എത്തുന്നത്. ആ ദൗത്യം വലിയ വിജയത്തിലെത്തിച്ച് ലീലയും മടങ്ങുന്നു.കൃഷ്ണൻ നായരുടെ ഭാര്യ ലീല വിടവാങ്ങുന്നത് ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ബ്രാൻഡിനെ അനശ്വരമാക്കിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP