Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതിക്കു ജീവിതം കൊണ്ടു പര്യായം തീർത്ത വ്യക്തിയാണ് വി ആർ കൃഷ്ണയ്യരെന്നു പിണറായി; നഷ്ടമായത് നീതിഗോപുരമെന്നു രമേശ് ചെന്നിത്തല; മനുഷ്യപക്ഷത്തുനിന്ന മനുഷ്യസ്‌നേഹിയെന്നു വി എസ്

നീതിക്കു ജീവിതം കൊണ്ടു പര്യായം തീർത്ത വ്യക്തിയാണ് വി ആർ കൃഷ്ണയ്യരെന്നു പിണറായി; നഷ്ടമായത് നീതിഗോപുരമെന്നു രമേശ് ചെന്നിത്തല; മനുഷ്യപക്ഷത്തുനിന്ന മനുഷ്യസ്‌നേഹിയെന്നു വി എസ്

തിരുവനന്തപുരം: നീതി എന്ന വാക്കിനു സ്വന്തം ജീവിതം കൊണ്ട് പര്യായം തീർത്ത മഹാനായ ന്യായാധിപനാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയൻ അനുശോചിച്ചു. മനുഷ്യനുവേണ്ടിയാണ് നീതി നിർവഹണം എന്നാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ വിശ്വസിച്ചത്.

മനുഷ്യസ്‌നേഹിയായ ന്യായാധിപനാക്കി അദ്ദേഹത്തെ മാറ്റിയത് ആ വിശ്വാസമാണ്. ജനനേതാവായും മന്ത്രിയായും സുപ്രിം കോടതി ജഡ്ജിയായും അഭിഭാഷകനായും ജസ്റ്റിസ് കൃഷ്ണയ്യർ നൽകിയ സംഭാവന കേരളീയന്റെ മനസ്സിൽ നിന്ന് മായുന്നതല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

പാവപ്പെട്ടവരുടെ തണൽമരമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ മനസ്സാക്ഷിയായിരുന്നു അദ്ദേഹമെന്നും കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് അദ്ദേഹം പറഞ്ഞു. നീതിയുടെ ഗോപുരമാണ് നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന ന്യായാധിപനായിരുന്നു അദ്ദേഹം. ആ ഗോപുരം ഇന്നില്ല. കേരളത്തിന് തീരാ നഷ്ടമാണതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മനുഷ്യസ്‌നേഹിയായിരുന്ന അഭിഭാഷകനായിരുന്നു വി ആർ കൃഷ്ണയ്യരെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. അഭിഭാഷകൻ മുതൽ സോഷ്യൽ ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമൊക്കെയായി ഒരു പുരുഷായുസ്സിൽ നിർവ്വഹിക്കാവുന്ന കർമ്മരംഗങ്ങളിലൂടെയെല്ലാം അദ്ദേഹം കടന്നു പോയെന്നും അദ്ദേഹം സ്മരിച്ചു.

കേരളത്തിലെ പൊതു സമൂഹത്തിന്റെ ഉറച്ച ശബ്ദമായിരുന്നു വി ആർ കൃഷ്ണയ്യരെന്ന് മുൻ കേന്ദ്രമന്ത്രി എ കെ ആന്റണി പറഞ്ഞു. കോടതിയും നിയമവ്യവസ്ഥയും സാധാരണക്കാരന് ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ന്യായാധിപനായിരുന്നു കൃഷ്ണയ്യർ സ്വാമി. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് മറ്റുള്ള ന്യായാധിപന്മാർ ജനകീയ വിധികൾ പ്രസ്താവിച്ചതെന്നും അനുശോചന സന്ദേശത്തിൽ എ കെ ആന്റണി പറഞ്ഞു.

താൻ ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന തലശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നാണ് കൃഷ്ണയ്യർ ആദ്യമായി നിയമസഭയിൽ എത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ അനുസ്മരിച്ചു. കേരളത്തിന്റെ മഹാപ്രതിഭയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. കൃഷ്ണയ്യരുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച തലശ്ശേരിയിലെ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനുള്ള ശ്രമങ്ങൾ നടക്കവെയാണ് മരണം സംഭവിച്ചതെന്നും കോടിയേരി പറഞ്ഞു.

കളങ്കമില്ലാത്ത, നിയമത്തിന്റെ വഴികളിലൂടെ ജനങ്ങളെ സേവിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അറുപതുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വേർപിരിഞ്ഞപ്പോൾ അദ്ദേഹം തങ്ങൾക്കൊപ്പം നിന്നു എന്നത് പാർട്ടിയെ സംബന്ധിച്ച് അഭിമാനാർഹമാണെന്നും പന്ന്യൻ പറഞ്ഞു.

രാജ്യത്തിനും കേരളത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മികച്ച മന്ത്രിയും അഭിഭാഷകനുമായിരുന്ന കൃഷ്ണയ്യർ ജീവിതാവസാനം വരെ പ്രത്യേക ശൈലി കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നെന്ന് മുൻ മന്ത്രി കെ ആർ ഗൗരിയമ്മ പറഞ്ഞു. മനുഷ്യത്വത്തിന് വൻ നഷ്ടമാണ് കൃഷ്ണയ്യരുടെ മരണമെന്ന് ചലച്ചിത്ര താരം മമ്മൂട്ടി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാർ, കെ സി ജോസഫ്, ഷിബു ബേബി ജോൺ, എം കെ മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു, അടൂർ പ്രകാശ്, പി കെ ജയലക്ഷ്മി എന്നിവരും കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP