Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം

മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത്  ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം

ആർ പീയൂഷ്

പാലക്കാട്: കളിക്കുന്നതിനിടെ മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകിക്കളയാനായി കുളത്തിലിറങ്ങിയപ്പോഴാണ് ആലത്തൂർ കുനിശ്ശേരിയിൽ കുട്ടികൾ മുങ്ങി മരിച്ചത്. കുനിശേരി കുതിരപ്പാറ പള്ളിമേട്ടിൽ ഓട്ടോറിക്ഷാഡ്രൈവർ ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ചയായതിനാൽ കുട്ടികൾ വീടിന് സമീപത്തുള്ള കുറ്റിയംകോട് കുളത്തിന്റെ സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയൽവാസിയായ മറ്റൊരു പെൺകുട്ടി കൂടി ഒപ്പമുണ്ടായിരുന്നു. കളിക്കിടെ സമീപത്തെ മാവിൽ നിന്നു പച്ചമാങ്ങാ പറിച്ചിരുന്നു. മാങ്ങാ പറിച്ചപ്പോൾ കറ കയ്യിൽ പറ്റിയതിനെ തുടർന്ന് കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി കൈ കഴുകി. ഇതിനിടയിൽ കുളത്തിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.

കാൽ വഴുതി വീഴുന്നത് കണ്ട് ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങി. എന്നാൽ ജിൻഷാദും മുങ്ങിതാഴ്ന്നു. ഇത് കണ്ട് നിന്ന ഇളയകുട്ടിയും വെള്ളത്തിലേക്ക് ചാടി. മൂന്നു പേരും കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി നിലവിളിച്ചു കൊണ്ട് ഓടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ കുളത്തിൽ നിന്നും മൂന്നു പേരെയും മുങ്ങിയെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആലത്തൂരിലെ സ്വകാര്യ അശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കരിയംകോട് പള്ളിക്ക് സമീപം കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് മാങ്ങയുടെ കറ കഴുകിക്കളയാൻ ഇറങ്ങിയത്. തുടർന്നാണ് നാടിനെ നടുക്കിയ മുങ്ങി മരണം ഉണ്ടായത്. കുറ്റിയംകോട് കുളം കൃഷിയാവിശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ആദ്യമായാണ് ഇവിടെ മുങ്ങിമരണം ഉണ്ടാകുന്നത്. ജസീറിനും റംലയ്ക്കും ആകെയുണ്ടായിരുന്ന മൂന്ന് കുട്ടികളാണ് കുളത്തിൽ മുങ്ങി മരിച്ചത്. സമീപത്തെ ഓട്ടോ റിക്ഷാ തൊഴിലാളികളും മറ്റുമാണ് രക്ഷാ പ്രവർത്തനത്തിനെത്തിയത്. ആലത്തൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു.

കണ്ണൂരിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് സമാന സംഭവത്തിൽ രണ്ട് കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു.മമ്പറം മൈലുള്ളി കുന്നത്ത്പാറയിൽ പുഴയിൽ കുളിക്കുന്നതിനിടയിലാണു ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ അജൽനാഥും ആദിത്യനും മുങ്ങി മരിച്ചത്. സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് കുറയ്ക്കുന്നതിനായി ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു.

ഒരു വർഷം ആയിരത്തിന് മുകളിൽ മലയാളികളാണ് മുങ്ങി മരിക്കുന്നതെന്നും ഇത് കുറയ്ക്കാൻ ടിവി ചാനലുകളുടെ സഹായം വേണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു വർഷം ആയിരത്തിന് മുകളിൽ മലയാളികളാണ് മുങ്ങി മരിക്കുന്നതെന്ന കണക്കുകൾ നിരത്തിയായിരുന്നു പ്രതികരണം.

ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിലെ മുങ്ങിമരണങ്ങൾ സംബന്ധിച്ച് തുമ്മാരുകുടി പ്രതികരിച്ചത്. കൂടുതൽ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നത് വരെ, ജനങ്ങളിൽ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ മുങ്ങി മരണങ്ങൾ തുടരുമെന്ന് മറ്റൊരു പോസ്റ്റിലും അദ്ദേഹം പ്രതികരിച്ചിരുന്നു.

കേരളത്തിൽ ഒരു വർഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം ഇരുന്നൂറും മുന്നൂറുമൊന്നുമല്ല. ആയിരത്തിൽ അധികമാണ്. പക്ഷെ മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാൽ ലോക്കൽ വർത്തകൾക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങൾ ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിക്കാത്തത്. ഉദാഹരണത്തിന് രണ്ടായിരത്തി പത്തൊമ്പതിൽ കേരളത്തിൽ ആയിരത്തി നാനൂറ്റി അൻപത്തി രണ്ടു സംഭവങ്ങളിൽ ആയി ആയിരത്തി നാനൂറ്റി തൊണ്ണൂറു പേരാണ് മുങ്ങി മരിച്ചത്. റോഡ് അപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP