Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

പല്ലില്ലാത്ത മോണ കാട്ടി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചപ്പോഴും നാട്ടിലൊരു പെട്ടിക്കടയിട്ട് ഒതുങ്ങിക്കൂടിയ പച്ച മനുഷ്യൻ; ബിഗ് സ്‌ക്രീനിനെ അമ്പരപ്പിച്ചത് നാടക കരുത്തിൽ; സ്റ്റാറാക്കിയത് രാജസേനന്റെ അനിയൻ ബാവ, ചേട്ടൻ ബാവ; കെടിഎസ് പടന്നയിൽ ഇനി ഓർമ്മ

പല്ലില്ലാത്ത മോണ കാട്ടി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചപ്പോഴും നാട്ടിലൊരു പെട്ടിക്കടയിട്ട് ഒതുങ്ങിക്കൂടിയ പച്ച മനുഷ്യൻ; ബിഗ് സ്‌ക്രീനിനെ അമ്പരപ്പിച്ചത് നാടക കരുത്തിൽ; സ്റ്റാറാക്കിയത് രാജസേനന്റെ അനിയൻ ബാവ, ചേട്ടൻ ബാവ; കെടിഎസ് പടന്നയിൽ ഇനി ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: എം.എസ് തൃപ്പൂണിത്തുറയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് തൃപ്പൂണിത്തുറ സമ്മാനിച്ച മഹാനടനാണ് കെ.ടി.എസ്. പടന്നയിൽ. മലയാള സിനിമയിൽ ഈ പ്രായത്തിലും ഹാസ്യകഥാപാത്രങ്ങളെ ഇത്രയേറെ വിജയിപ്പിച്ച മറ്റൊരു നടനില്ല.

എന്റെ മകനാണ് ഇവൻ, ഇവന്റെ മകനാണ് അവൻ, അവന്റെ മകനാണ് ഇവൻ', 'ചിക്കൻ മുറ്റാ' പോലുള്ള പടന്നയിൽ സ്‌റ്റൈൽ ഡയലോഗുകൾ ഒരുകാലത്ത് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തന്നെ തീർത്തതാണ്. മരിക്കും വരെ ഹാസ്യരസം പകർന്നുനൽകിയ അതുല്യ നടൻ.

അരനൂറ്റാണ്ടിലേറെക്കാലം പ്രൊഫഷണൽ നാടകരംഗത്ത് ഹാസ്യനടനായി തിളങ്ങിനിൽക്കേ തന്നെ വെള്ളിത്തിരയിലേക്കെത്തി കാണികളെ കുടുകുടാ ചിരിപ്പിച്ച നടൻ, ചലച്ചിത്രരംഗത്ത് തിളങ്ങിനിൽക്കുമ്പോഴും സ്വന്തം നാട്ടിൽ ഒരു പെട്ടിക്കടയുമായി ഒതുങ്ങിക്കൂടിയ നാട്ടിൻപുറത്തുകാരൻ. അതാണ് തൃപ്പൂണിത്തുറ തെക്കുംഭാഗം പടന്നയിൽ വീട്ടിൽ കെ.ടി. സുബ്രഹ്‌മണ്യൻ എന്ന കെ.ടി.എസ്. പടന്നയിൽ.

കുട്ടിക്കാലത്തുതന്നെ നാടകത്തിൽ അഭിനയിക്കുക വലിയ മോഹമായിരുന്നു. അവസരങ്ങളൊന്നും അന്ന് കിട്ടിയില്ല. നാടകരംഗത്ത് വരണം എന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളിൽ ചർക്ക ക്ലാസിൽ ചേർന്നു. അവിടെ ഒരുവർഷം കഴിയുമ്പോൾ വാർഷികാഘോഷം നടത്തും. അതിൽ നാടകം ഉണ്ടാകും. അതിൽ അഭിനയിക്കാം എന്നു കണ്ടാണ് ചർക്ക ക്ലാസിൽ ചേർന്നത്. അങ്ങനെ 'വിവാഹദല്ലാളി' എന്ന നാടകത്തിൽ ദല്ലാളിയായി അഭിനയിച്ചു. ആദ്യ നാടകമായിരുന്നു അത്. കാണികളുടെ ഭയങ്കര കൈയടിയാണ് ലഭിച്ചത്. 65 വർഷം മുമ്പായിരുന്നു അത്.'

കെ.ടി.എസ്. പടന്നയിൽ എന്ന നടന്റെ പിറവി കൂടിയായിരുന്നു അത്. തുടർന്ന് അഞ്ചുരൂപ പ്രതിഫലത്തിൽ അമെച്ചർ നാടകങ്ങളിൽ അഭിനയം തുടർന്നു. പിന്നീട് പ്രൊഫഷണൽ നാടകരംഗത്ത് 50 വർഷം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന തുടങ്ങി ഒട്ടേറെ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു ദിവസം മൂന്ന് നാടകങ്ങൾ വരെ കളിച്ച കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. ഉത്സവക്കളികളായിരുന്നു കൂടുതലും. ഉറക്കമില്ലാതെ വേദികളിൽ നിന്നും വേദികളിലേക്കുള്ള ഓട്ടം.. അത് വലിയ അനുഭവം തന്നെയായിരുന്നുവെന്ന് കെ.ടി.എസ്. പടന്നയിൽ മുമ്പ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അങ്ങിനെയിരിക്കെ തിരുവനന്തപുരത്ത് സിനിമാ സംവിധായകൻ രാജസേനൻ നാടകം കാണാൻ ഇടയായി.

അങ്ങനെയാണ് 'അനിയൻ ബാവ, ചേട്ടൻ ബാവ' യിലൂടെ ആദ്യമായി സിനിമയിലെത്തുന്നത്. പടം ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായി.' 'വൃദ്ധന്മാരെ സൂക്ഷിക്കുക' എന്ന ചിത്രത്തിൽ നടി ഖുശ്‌ബുമൊത്തുള്ള ഡാൻസും, 'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം' എന്ന ചിത്രത്തിൽ 'ചിക്കൻ നല്ല മുറ്റാ' എന്നു പറഞ്ഞുകൊണ്ട് കുപ്പിയുടെ കോർക്ക് വിഴുങ്ങുകയുമൊക്കെ ചെയ്യുന്ന പടന്നയിൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടനായി മാറുകയായിരുന്നു.

ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ചെറിയൊരു സ്റ്റേഷനറി കടയും കെ.ടി.എസ്. പടന്നയിൽ നടത്തിയിരുന്നു. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഈ കടയിൽ ചമയമില്ലാത്ത മുഖത്തോടെ പടന്നയിൽ ഉണ്ടാകും.

വഴിയാത്രക്കാർ പലരും വാഹനങ്ങൾ നിർത്തി ഈ കടയിലെത്തി പടന്നയിലിനൊപ്പം സെൽഫിയെടുക്കുന്നതൊക്കെ പതിവ് കാഴ്ചയായിരുന്നു. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാജൻ എന്നിവർ മക്കളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP