Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ലക്ഷ്മി നായരുടെ പിതാവ്; കോലിയക്കോടിന്റെ ജ്യേഷ്ഠൻ; ജഡ്ജിമാരും മന്ത്രിമാരും അടങ്ങിയ പ്രമുഖരുടെ ഗുരുനാഥൻ; കേരള യൂണിവേഴ്‌സിറ്റി നിയന്ത്രിച്ചിരുന്ന കരുത്തൻ; കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജ് തുടങ്ങി നിയമ വിദ്യാഭ്യാസത്തെ നിയന്ത്രിച്ചിരുന്ന എൻ നാരായണൻ നായർ വിട പറയുമ്പോൾ

ലക്ഷ്മി നായരുടെ പിതാവ്; കോലിയക്കോടിന്റെ ജ്യേഷ്ഠൻ; ജഡ്ജിമാരും മന്ത്രിമാരും അടങ്ങിയ പ്രമുഖരുടെ ഗുരുനാഥൻ; കേരള യൂണിവേഴ്‌സിറ്റി നിയന്ത്രിച്ചിരുന്ന കരുത്തൻ; കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജ് തുടങ്ങി നിയമ വിദ്യാഭ്യാസത്തെ നിയന്ത്രിച്ചിരുന്ന എൻ നാരായണൻ നായർ വിട പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ അദൃശ്യമായി നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു ഇന്നതെ അന്തരിച്ച ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായി കോലിയക്കോട് എൻ നാരായണൻ നായർ (94). സിപിഎം സഹയാത്രികനായിരുന്നു അദ്ദേഹം തലസ്ഥാനത്തെ ഏറ്റവും കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളത്തിലെ നിയമപഠന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഡോ നാരായണൻ നായർ നാഷണൽ യൂണിവേഴ്‌സിറ്റ് ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസിന്റെ വൈസ് ചാൻസലർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2007 ജൂൺ മുതൽ 2008 ഡിസംബർ വരെയാണ് ഈ പദവിയിൽ അദ്ദേഹം ഇരുന്നിട്ടുള്ളത്. അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, വിദ്യാഭ്യാസ ഭരണനിർവ്വഹണ രംഗത്തെ കരുത്തൻ ഡോ എൻ നാരായണൻ നായർക്ക് ഇങ്ങനെ വിശേഷണങ്ങൾ പലതാണ്. സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ മേഖലയിൽ ഒരു ലോ കോളേജ് തുടങ്ങിയത് എൻ നാരായണൻ നായരുടെ മികവായിരുന്നു. സംസ്ഥാന സർക്കാറാണ് ഇതിന് വേണ്ട സഹായമെല്ലാം ചെയ്തത്. സ്ഥലം അനുവദിച്ചത് അടക്കം സർക്കാറായിരുന്നു. ഇതെല്ലാം നേടിയെടുക്കാൻ പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.

ലോ അക്കാദമിയിൽ നിന്നും പഠിച്ചിറങ്ങിയവർ പലരും ജഡ്ജിമാരും ഉന്നത വക്കീലന്മാരുമായി മാറി. കൂടാതെ മന്ത്രിമാർ അടക്കമുള്ള പലരും ഇഴിടെ നിന്നും നിയമബിരുദം പഠിച്ചിറങ്ങിയിട്ടുണ്ട്. 1969 മുതൽ 1988 വരെ ലോ അക്കാദമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത് നാരായണൻ നായരാണ്. സർവകലാശാലയിൽ ഏറ്റവുമധികം കാലം സിൻഡിക്കേറ്റ് അംഗവും സെനറ്റ് അംഗവുമായി പ്രവർത്തിച്ച റെക്കോർഡും അദ്ദേഹത്തിന്റേതാണ്. അക്കാലത്ത് കേരള യൂണിവേഴ്സിറ്റിയെ കൈവെള്ളയിലിട്ട് അമ്മാനമാടിയ വ്യക്തിത്വമായിരുന്നു നാരാണയൻ നായരുടേത്. 50 വർഷം സെനറ്റ് അംഗമായും 30 വർഷം സിൻഡിക്കേറ്റ് അംഗവുമായും അദ്ദേഹം പ്രവർത്തിച്ചു.

ബാർ കൗൺസിൽ ഓഫ് കേരള അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചു. കൊച്ചിയിൽ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കാളിത്തം വഹിച്ചു. എന്നാൽ ഡോ എൻ നാരായണൻ നായരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന കേരള ലോ അക്കാദമി എന്ന കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രമാണ്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, അഡ്വ നാരായണൻ പോറ്റി അടക്കം 1966 ൽ ഒരു സംഘം നിയമവിദഗ്ധരെ ഒപ്പം ചേർത്ത് നാരായണൻ നായർ തുടങ്ങിയ സ്ഥാപനമായിരുന്നു കേരള ലോ അക്കാദമി. കൂടുതൽ പേരിലേക്ക് നിയമപഠനം എത്തിക്കുന്നതിൽ അക്കാദമി വലിയ പങ്കുവഹിച്ചു. അക്കാദമിയിൽ 88 വരെ പ്രിൻസിപ്പലായും മരണം വരെ ഡയറക്ടറായും നാരായണൻ നായർ പ്രവർത്തിച്ചു. കൂട്ടായ്മയിൽ രൂപം കൊണ്ട് പ്രസ്ഥാനായിരുന്നെങ്കിലും പിൽക്കാലത്ത് സ്വകാര്യ സ്ഥാപനം പോലെയാണ് ഇത് പ്രവർത്തിച്ചത്.

കമ്മ്യൂണിസ്റ്റായ നാരായണൻ നായർ സിപിഐ സംസ്ഥാന സമിതിയിലും അംഗമായി. ഇന്തോ സോവിയറ്റ് സമാധാന ദൗത്യത്തിലും ഭാഗമായിരുന്നു. വിദ്യാർത്ഥി സമരത്തെ തുടർന്ന് പലവിധ വിവാദങ്ങളിൽ ലോ അക്കാദമി നിറഞ്ഞപ്പോഴും പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വാർദ്ധക്യത്തിലും ഡോ. നാരായണൻ നായർ മുന്നിട്ടിറങ്ങി.

പരേതയായ പൊന്നമ്മായാണ് ഭാര്യ. ടെലിവിഷൻ പാചകപരിപാടികളിലൂടെ പ്രശസ്തയായ ഡോ ലക്ഷ്മി നായർ, കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളും കേരള ലോ ്അക്കാദമി ഡയറക്ടറുമായ അഡ്വ നാഗരാജ് നാരായണൻ എന്നിവർ മക്കളാണ്. സിപിഎം നേതാവും മുൻ എംഎൽഎയുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ ജ്യേഷ്ഠനാണ് നാരായണൻ നായർ. മരുമക്കൾ : സുധാമണി, അഡ്വ. നായർ അജയ് കൃഷ്ണൻ, അഡ്വ. കസ്തൂരി. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ സഹോദരനാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

കേരള ലോ അക്കാദമി ലോ കോളജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമപഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.

സാമൂഹിക പ്രശ്നങ്ങളിൽ നാരായണൻ നായർ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമപഠനമേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണൻ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP