Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എം. റോയിക്ക് നാടിന്റെ അന്ത്യാഞ്ജലി; തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കെ.എം. റോയിക്ക് നാടിന്റെ അന്ത്യാഞ്ജലി; തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. കടവന്ത്ര കെ.പി. വള്ളോൻ റോഡിലെ വസതിയിലും എറണാകുളം പ്രസ് ക്ലബിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഒഴുകിയെത്തി.

എറണാകുളം പ്രസ് ക്ലബ് അങ്കണത്തിൽ പൊതു ദർശനത്തിനുവെച്ച കെ.എം. റോയിയുടെ മൃതദേഹത്തിൽ മാധ്യമസമൂഹവും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ബെന്നി ബഹനാൻ എംപി തുടങ്ങിയവർ കെ.എം. റോയിയുടെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി എറണാകുളം കലക്ടർ ജാഫർ മാലിക് പുഷ്പചക്രം സമർപ്പിച്ചു.

കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. ഗോപകുമാർ എന്നിവരും എറണാകുളം പ്രസ് ക്ലബിനുവേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, വൈസ് പ്രസിഡന്റ് ജിപ്സൺ സിക്കേര, ടോമി മാത്യു എന്നിവരും ചേർന്ന് പുഷ്പചക്രം സമർപ്പിച്ചു.

എംഎ‍ൽഎമാരായ ടി.ജെ. വിനോദ്, കെ. ബാബു, മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എസ്. ശർമ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, കൊച്ചി മുൻ മേയർ ടോണി ചമ്മണി, മുൻ എംഎ‍ൽഎമാരായ ജോസഫ് എം. പുതുശ്ശേരി, രാജൻ ബാബു, സിപിഐ ജില്ല സെക്രട്ടറി പി. രാജു, തമ്പാൻ തോമസ്, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, കെ.ജെ. ജേക്കബ്, സിഐ.സി.സി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, സാബു ജോർജ്, രവി കുറ്റിക്കാട്, ബി.എസ്. അഷ്റഫ്, പത്മജ എസ്. മേനോൻ, ലിനോ ജേക്കബ്, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, പബ്ലിക് റിലേഷൻസ് ഓഫിസർ നിജാസ് ജ്യുവൽ, എ.സി.പി കെ. ലാൽജി, കൊച്ചി നഗരസഭ കൗൺസിലർമാർ, വിവിധ സംഘടന നേതാക്കളുൾപ്പെടെയുള്ള നിരവധി പ്രമുഖർ പ്രസ് ക്ലബ് അങ്കണത്തിൽ എത്തി കെ.എം. റോയിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. വിലാപയാത്രയായി കെ.എം. റോയിയുടെ മൃതദേഹം തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു കെ എം റോയ്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായി. എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർത്ഥിയായിരിക്കെ 1961ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണു മാധ്യമപ്രവർത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചു. തുടർന്ന് ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎൻഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു.

മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്തുനിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിരുന്നു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുൻപേ നടന്ന മാഞ്ഞൂരാൻ എന്നിവ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്.

നിരവധി മാധ്യമ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്‌കാരം, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്ടൈം അവാർഡ്, പ്രഥമ സി.പി.ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവർക്കി അവാർഡ്, ബാബ്‌റി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP