Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേദപുസ്തകത്തിൽ കൈവച്ച് സ്വീകരിച്ച കുട്ടിയമ്മയെ വേർപിരിഞ്ഞ് മാണി യാത്രയാകുന്നത് ആറുപതിറ്റാണ്ടിന്റെ ദാമ്പത്യജീവിതത്തിന് ശേഷം; മാണിയുടെ രാഷ്ട്രീയ തിരക്കിൽ കൃഷിയും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം നോക്കി നടത്തിയത് കുട്ടിയമ്മ; നായകന്റെ വേർപാടോടെ അനാഥമാകുന്നത് അരനൂറ്റാണ്ടിലേറെ രണ്ടാംഭാര്യയെപോലെ സ്നേഹിച്ച പാലായെന്ന കൊച്ചു നാടും

വേദപുസ്തകത്തിൽ കൈവച്ച് സ്വീകരിച്ച കുട്ടിയമ്മയെ വേർപിരിഞ്ഞ് മാണി യാത്രയാകുന്നത് ആറുപതിറ്റാണ്ടിന്റെ ദാമ്പത്യജീവിതത്തിന് ശേഷം; മാണിയുടെ രാഷ്ട്രീയ തിരക്കിൽ കൃഷിയും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം നോക്കി നടത്തിയത് കുട്ടിയമ്മ; നായകന്റെ വേർപാടോടെ അനാഥമാകുന്നത് അരനൂറ്റാണ്ടിലേറെ രണ്ടാംഭാര്യയെപോലെ സ്നേഹിച്ച പാലായെന്ന കൊച്ചു നാടും

മറുനാടൻ ഡെസ്‌ക്‌

പാലാ: കേരളാ രാഷ്ട്രീയത്തിലെ സ്വർണ്ണത്തിളക്കമായിരുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി യാത്രയാകുന്നത് ആറു പതിറ്റാണ്ടത്തെ ദാമ്പത്യ ജീവിതത്തിനു കൂടി വിട പറഞ്ഞുകൊണ്ടാണ്. പൊതു പ്രവർത്തകൻ എന്ന നിലയിൽ നാടിന് വേണ്ടി ഓടുമ്പോഴും തന്നെയും കുട്ടികളേയും നോക്കാനും ജീവിതത്തിലെ എല്ലാ സാഹചര്യത്തിലും ധൈര്യം പകർന്ന് കൂടെ നിൽക്കാനും കുട്ടിയമ്മ എന്ന ജീവിത പങ്കാളിയെ ദൈവം സമ്മാനിച്ചത് എന്ന് തന്നെ പറയണം. നിയമസഭാ സാമാജികനായി 50 വർഷം പിന്നിട്ടതിന്റെയും ദാമ്പത്യ ജീവിതത്തിന്റെ 60ാം വാർഷികവും കേരളാ കോൺഗ്രസിന്റെ അമരക്കാരൻ ആഘോഷിച്ചത് 2017ലായിരുന്നു. വേദപുസ്തകത്തിൽ കൈവച്ച് കെ.എം മാണി ജീവിത സഖിയാക്കിയ കുട്ടിയമ്മ എന്ന കെടാവിളക്ക് തന്നെയായിരുന്നു പൊതുരംഗത്തും കുടുംബത്തും മാണിക്ക് എന്നും വെളിച്ചം പകർന്നിരുന്നത്.

1957 നവംബർ 28നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മന്മാണിഏലിയാമ്മ ദമ്പതികളുടെ മകൻ കെ.എം. മാണിയുടെയും പൊൻകുന്നം ചിറക്കടവ് കൂട്ടുങ്കൽ തോമസ്-ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുമ്പോൾ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോൺഗ്രസ് നേതാവായിരുന്ന മാണി അന്ന് കെപിസിസി. മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.

പാലായെ തന്റെ രണ്ടാം ഭാര്യയെന്ന് വിശേഷിപ്പിക്കാറുള്ള മാണി, ദാമ്പത്യ ജീവിതത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കുട്ടിയമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ വാചാലനാവുകയുണ്ടായി. വിവാഹ വാർഷികദിനത്തിൽ തന്റെ ഓർമയിൽ ആദ്യമെത്തുന്നത് ഉത്തമകുടുംബിനിയായ കുട്ടിയമ്മയുടെ സമർപ്പിത സേവനംതന്നെയാണെന്ന് നെഞ്ചിൽ കൈവച്ച് അദ്ദേഹം പറഞ്ഞു. തന്റെ തിരക്കിൽ കൃഷിയും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സകല കാര്യങ്ങളും ഒട്ടും കുറവില്ലാതെ നോക്കിനടത്തിയത് കുട്ടിയമ്മയാണ്.

അതിപ്പോഴും തുടരുന്നത് പൊതുപ്രവർത്തകന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്താണെന്നുമാണ് മാണി സന്തോഷത്തോടെ പറഞ്ഞത്. ജനസേവനത്തിനിടയിൽ കുടുംബത്തെ മറന്നിട്ടുണ്ടോ എന്ന് ചോദിച്ചു പോയാൽ കുട്ടിയമ്മയുടെ കൈയിലുമുണ്ടായിരുന്നു സ്നേഹത്തിൽ തീർത്ത മറുപടി. കെ.എം മാണിയെന്ന ഭർത്താവിന്റെയും പിതാവിന്റെയും കരുതലും പരിഗണനയും എത്രത്തോളമുണ്ടെന്ന് കുട്ടിയമ്മ എപ്പോഴും വാതോരാതെ പറയുമായിരുന്നു.

കെ.എം മാണി ധനമന്ത്രിയായിരിക്കേ ഭാര്യ കുട്ടിയമ്മ പ്രിയതമന്റെ ബജറ്റവതരണം കാണാൻ ആദ്യമായി നിയമസഭയിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു. മക്കളായ സാലി, ആനി, സ്മിത മരുമകൾ നിഷാ ജോസ് കെ മാണി, പേരക്കുട്ടി കെഎം മാണി എന്നിവരും ഒപ്പമുണ്ടായിരുന്നു. 2013ൽ പതിനൊന്നാം തവണ ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു കുട്ടിയമ്മ അതിന് സാക്ഷിയാകാനെത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പിന്നാലെ സ്വകാര്യ വാഹനത്തിലായിരുന്നു കുടുംബം സഭയിലെത്തിയത്. ആദ്യമായിട്ടാണ് കുട്ടിയമ്മ സഭയിലെത്തുന്നത്. അതിന്റെ അമ്പരപ്പൊന്നുമില്ലാതെ ബജറ്റവതരണം മുഴുവൻ കേട്ടിരിന്നു.

ബജറ്റവതരണം രണ്ടര മണിക്കൂറിലധികമായപ്പോൾ ചെറിയൊരു പരിഭ്രമം. ഇത്രയും സമയം ഒരുപോലെ നിന്ന് പരിചയമില്ലാത്തയാളാണെന്ന പരിഭവം. 2 മണിക്കൂർ 50 മിനിട്ടായപ്പോൾ എല്ലാം ദൈവം കാത്തു എന്ന സമാധാനം. രാവിലെ ലൂർദ് പള്ളിയിലെ പ്രാർത്ഥനക്കും കുട്ടിയമ്മ മന്ത്രിയെ അനുഗമിച്ചിരുന്നു. എന്നും കെ.എം മാണിയുടെ നിഴലായിട്ടാണ് കുട്ടിയമ്മ ഉണ്ടായിരുന്നത്. പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്. കുട്ടിയമ്മക്കും ചില റിക്കോർഡുകൾ സ്വന്തമായിട്ടുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിന്റെ പാലുകാച്ച് നടത്തിയത് കുട്ടിയമ്മയാണ്. ഏറ്റവും കൂടുതൽ കാലം മന്ത്രി മന്ദിരത്തിൽ താമസിച്ച റെക്കോർഡും കുട്ടിയമ്മയ്ക്കുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP