Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള രാഷട്രീയത്തിലെ വടവൃക്ഷം വീഴുമ്പോൾ തനിച്ചാകുന്നത് അതികായന് താങ്ങും തണലുമായി നിന്ന കുട്ടിയമ്മ; മാണിയില്ലാത്ത വീട്ടിലേക്ക് ആദ്യമായി കയറിയപ്പോൾ കുട്ടിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി; ഉമ്മൻ ചാണ്ടിയടക്കം പലരുമെത്തി ചൊരിഞ്ഞ ആശ്വാസ വാക്കുകൾ മതിയാകുമായിരുന്നില്ല ആ സങ്കട കടലിന് അണകെട്ടാൻ;കുട്ടിയമ്മ എന്ന കെടാവിളക്ക് തന്നെയായിരുന്നു പൊതുരംഗത്തും കുടുംബത്തും മാണിക്ക് എന്നും വെളിച്ചം പകർന്നിരുന്നത്

കേരള രാഷട്രീയത്തിലെ വടവൃക്ഷം വീഴുമ്പോൾ തനിച്ചാകുന്നത് അതികായന് താങ്ങും തണലുമായി നിന്ന കുട്ടിയമ്മ; മാണിയില്ലാത്ത വീട്ടിലേക്ക് ആദ്യമായി കയറിയപ്പോൾ കുട്ടിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി; ഉമ്മൻ ചാണ്ടിയടക്കം പലരുമെത്തി ചൊരിഞ്ഞ ആശ്വാസ വാക്കുകൾ  മതിയാകുമായിരുന്നില്ല ആ സങ്കട കടലിന് അണകെട്ടാൻ;കുട്ടിയമ്മ എന്ന കെടാവിളക്ക് തന്നെയായിരുന്നു പൊതുരംഗത്തും കുടുംബത്തും മാണിക്ക് എന്നും വെളിച്ചം പകർന്നിരുന്നത്

മറുനാടൻ ഡെസ്‌ക്‌

കേരളാ രാഷ്ട്രീയത്തിലെ സ്വർണ്ണത്തിളക്കമായിരുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി യാത്രയാകുന്നത് ആറു പതിറ്റാണ്ടത്തെ ദാമ്പത്യ ജീവിതത്തിനു കൂടി വിട പറഞ്ഞുകൊണ്ടാണ്. അപ്പോൾ വലിയ തറവാട്ടിൽ മാണിച്ചായനില്ലാതെ ഒറ്റയ്ക്കാവുന്നത് ആ അതികായന്റെ താങ്ങും തണലുമായി നിന്ന കുട്ടിയമ്മയാണ്.പൊതു പ്രവർത്തകൻ എന്ന നിലയിൽ നാടിന് വേണ്ടി ഓടുമ്പോഴും തന്നെയും കുട്ടികളേയും നോക്കാനും ജീവിതത്തിലെ എല്ലാ സാഹചര്യത്തിലും ധൈര്യം പകർന്ന് കൂടെ നിൽക്കാനും കുട്ടിയമ്മ എന്ന ജീവിത പങ്കാളിയെ ദൈവം സമ്മാനിച്ചത് എന്ന് തന്നെ പറയണം

. നിയമസഭാ സാമാജികനായി 50 വർഷം പിന്നിട്ടതിന്റെയും ദാമ്പത്യ ജീവിതത്തിന്റെ 60ാം വാർഷികവും കേരളാ കോൺഗ്രസിന്റെ അമരക്കാരൻ ആഘോഷിച്ചത് 2017ലായിരുന്നു. വേദപുസ്തകത്തിൽ കൈവച്ച് കെ.എം മാണി ജീവിത സഖിയാക്കിയ കുട്ടിയമ്മ എന്ന കെടാവിളക്ക് തന്നെയായിരുന്നു പൊതുരംഗത്തും കുടുംബത്തും മാണിക്ക് എന്നും വെളിച്ചം പകർന്നിരുന്നത്.

1957 നവംബർ 28നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മന്മാണിഏലിയാമ്മ ദമ്പതികളുടെ മകൻ കെ.എം. മാണിയുടെയും പൊൻകുന്നം ചിറക്കടവ് കൂട്ടുങ്കൽ തോമസ്-ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുമ്പോൾ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോൺഗ്രസ് നേതാവായിരുന്ന മാണി അന്ന് കെപിസിസി. മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.

കരിങ്ങോഴയ്ക്കൽ വീടിന്റെ പടികൾ കയറുമ്പോൾ കുട്ടിയമ്മയുടെ കാലുകൾ ഇടറി. 'കുഞ്ഞുമാണിച്ചൻ' ഇല്ലാത്ത വീട്ടിലേക്ക് ആദ്യമായി കയറിയപ്പോൾ കുട്ടിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കെ.എം. മാണിയുടെ ചികിത്സാർഥം ഒരാഴ്ച മുൻപാണു കുട്ടിയമ്മ കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്കു പോയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണു പാലായിലെ വീട്ടിൽ തിരിച്ചെത്തിയത്.

പാലായെ തന്റെ രണ്ടാം ഭാര്യയെന്ന് വിശേഷിപ്പിക്കാറുള്ള മാണി, ദാമ്പത്യ ജീവിതത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കുട്ടിയമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ വാചാലനാവുകയുണ്ടായി. വിവാഹ വാർഷികദിനത്തിൽ തന്റെ ഓർമയിൽ ആദ്യമെത്തുന്നത് ഉത്തമകുടുംബിനിയായ കുട്ടിയമ്മയുടെ സമർപ്പിത സേവനംതന്നെയാണെന്ന് നെഞ്ചിൽ കൈവച്ച് അദ്ദേഹം പറഞ്ഞു. തന്റെ തിരക്കിൽ കൃഷിയും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സകല കാര്യങ്ങളും ഒട്ടും കുറവില്ലാതെ നോക്കിനടത്തിയത് കുട്ടിയമ്മയാണ്.നിഷയുടെ കൈകളിൽ താങ്ങി മുറിക്കുള്ളിൽ കയറിയ കുട്ടിയമ്മ, ഭർത്താവിന്റെ ചിത്രത്തിലേക്കു നോക്കി നിന്നു. ചെറുമക്കൾ കൈകളിൽ പിടിച്ചതോടെ അകത്തേക്കു പോയി.

വിലാപയാത്രയായി പുറപ്പെട്ട വാഹനത്തിനു പിന്നാലെ മറ്റൊരു കാറിലായിരുന്നു കുട്ടിയമ്മയും മക്കളും മരുമകളും ചെറുമക്കളും. അൽപ സമയം വിലാപയാത്ര വാഹനത്തെ അനുഗമിച്ച ഇവർ പാലായിലേക്ക് വരികയായിരുന്നു. മരുമകൾക്കും ചെറുമക്കൾക്കുമൊപ്പമാണു കുട്ടിയമ്മ, വീടിന്റെ വലതുവശത്തുള്ള പൂമുഖത്തേക്കു കയറിയത്. ഇതിനടുത്തുള്ള മുറിയുടെ മധ്യഭാഗത്തായി വെള്ളത്തുണി വിരിച്ച കട്ടിൽ. തലയ്ക്കലെ മേശമേൽ കെ.എം. മാണിയുടെ വലിയ ചിത്രം. കട്ടിലിന്റെ ഇടതുവശത്തായി ഷെൽഫുകളിൽ പുസ്തകക്കൂട്ടം. ഷെൽഫിനു മുകളിൽ പുരസ്‌ക്കാരങ്ങളുടെ നിര.

കെ.എം.മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാൾക്കെല്ലാം കുട്ടിയമ്മയും പാലാ മണ്ഡലവുമായിരുന്നു. എല്ലാം എന്റെ പാലയ്ക്ക് എന്ന് കൗതുകവും ആരാധനയും ഒളിപ്പിച്ച് വിമർശകർ തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. അവസാനനിമിഷം കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ച് തന്നെയാണ് അദ്ദേഹം വിടവാങ്ങിയതും. കൈ ചേർത്ത് പിടിച്ച് കുട്ടിയമ്മ ആ കിടക്കയ്ക്ക് സമീപം ഉണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടർമാർ തന്നെയാണ് ഈ അവസാനനിമിഷത്തെ പറ്റിയും വെളിപ്പെടുത്തിയത്.

60 വർഷത്തിലേറെയായി കെ.എം മാണി എന്ന മനുഷ്യന്റെ നിഴലായി കുട്ടിയമ്മയുണ്ട്. 'എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെൻഷൻ ഇല്ലാതെ പൊതുരംഗത്തു നിൽക്കാൻ പറ്റി. അതിൽ കൂടുതൽ ഭാഗ്യം എന്തുവേണം.' വിവാഹത്തിന്റെ 60ാം വാർഷികം ആഘോഷിക്കുമ്പോൾ നിറഞ്ഞചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു. ഇത് തന്നെ മതിയാകും കുട്ടിയമ്മ ആരാണെന്ന് മനസിലാക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP