Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിടവാങ്ങുന്നത് കേരള രാഷ്ട്രീയത്തിലെ പ്രമാണി; കോൺഗ്രസുകാരനായി തുടങ്ങി കേരള കോൺഗ്രസിന്റെ അമരക്കാരനായ നേതാവ്; 54 വർഷത്തെ ജനപ്രതിനിധി ജീവിതത്തിൽ 13 ബജറ്റ് അവതരിപ്പിച്ച രാഷ്ട്രീയ ചാണക്യൻ; സിപിഎമ്മിന് ബദലായി അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിച്ച സൈദ്ധാന്തികൻ; ഒരു തിരഞ്ഞെടുപ്പിൽ പോലും കൈവിടാതെ കാത്തുരക്ഷിച്ച് പാല; കെഎം മാണി യാത്രയാകുമ്പോൾ ശോകമൂകമായി കരിങ്ങോഴയ്ക്കൽ വീട്

വിടവാങ്ങുന്നത് കേരള രാഷ്ട്രീയത്തിലെ പ്രമാണി; കോൺഗ്രസുകാരനായി തുടങ്ങി കേരള കോൺഗ്രസിന്റെ അമരക്കാരനായ നേതാവ്; 54 വർഷത്തെ ജനപ്രതിനിധി ജീവിതത്തിൽ 13 ബജറ്റ് അവതരിപ്പിച്ച രാഷ്ട്രീയ ചാണക്യൻ; സിപിഎമ്മിന് ബദലായി അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിച്ച സൈദ്ധാന്തികൻ; ഒരു തിരഞ്ഞെടുപ്പിൽ പോലും കൈവിടാതെ കാത്തുരക്ഷിച്ച് പാല; കെഎം മാണി യാത്രയാകുമ്പോൾ ശോകമൂകമായി കരിങ്ങോഴയ്ക്കൽ വീട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രമാണിയാണ് കെഎം മാണി. ഇത് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ ജീവിതത്തിൽ മാണി എത്തിപ്പിടാക്കാത്ത റെക്കോഡുകൾ വിരളമാണ്. 86 കാരനായ കെഎം മാണി യാത്രയാകുമ്പോൾ അവസാനിക്കുന്നത് ആറ് പതിറ്റാണ്ട് നീണ്ട് നിന്ന് രാഷ്ട്രീയ ജീവിതം കൂടിയാണ്. ഒരു കോൺഗ്രസുകാരനായി തുടങ്ങി ഏറ്റവും വലിയ കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരത്തിരുന്നു എംഎൽഎആയും മന്ത്രിയായും ഒക്കെ മാണി പാലായുടെ ഒരു പ്രമാണിയായി തന്നെ തലയുയർത്തി നിന്നു. ഏത് മുന്നണിയിലായാലും വേണ്ടത് വേണ്ടത് പോലെ നേടിയെടുക്കാൻ മാണിക്ക് ഉള്ള കൗശലം മറ്റാർക്കും അവകാശപ്പെടാനില്ലാത്തത് ആണ്.

ഇടയ്ക്ക് യുഡിഎഫ് വിട്ട് ഒറ്റയ്ക്ക് നിന്നതിന് ശേഷം മുന്നണിയിലേക്ക് മടങ്ങിയെത്തിയപ്പോൾ രാജ്യസഭ സീറ്റും പിന്നീട് പാർട്ടിക്കുള്ളിൽ തന്നെ ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ട ജോസഫിനെ അനാരോഗ്യ കാലത്തും വെട്ടാൻ കഴിഞ്ഞത് മാണി എന്ന അതികായന് മാത്രം കഴിയുന്ന കാര്യമാണ്. കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേക്കും അവിടെ തന്ന വളർന്നും പിളർന്നും പിന്നെയും പിളർന്നും വളർന്നുമൊക്കെ മാണിയും ഒപ്പം സംഘടനയും വളർന്നു. ആറ് പതിറ്റാണ്ട് നീണ്ട കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ.

കോൺഗ്രസ് വാർഡ് പ്രസിഡന്റായും അഭിഭാഷകനായും തുടക്കം

കോട്ടയം മീനച്ചൽ താലൂക്കിൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കൽ മാണി മാണി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് കോട്ടയം മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിലെ മരങ്ങാട്ടുപള്ളി വാർഡ് കോൺഗ്രസ് പ്രസിഡണ്ടായി. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ പഠന ശേഷം മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. 1959 ൽ കെപിസിസി യിൽ അംഗം. 1960-64ൽ കോട്ടയം ജില്ലാ ഡി.സി.സി പ്രസിഡണ്ടായി.

ഒരു കോൺഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് കെഎം മാണി. അധികാരത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ നോക്കി കേരള കോൺഗ്രസ്സിലേയ്ക്ക് ചേക്കേറി. പിന്നീട് കേരള കോൺഗ്രസ് എം രൂപീകരിച്ച് അതിന്റെ ചെയർമാനായി. മകനെ എംപിയാക്കി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ബാക്കി നിർത്തിയാണ് മാണി യാത്രയാകുന്നത്.

കോൺഗ്രസിലെ പിളർപ്പും കേരള കോൺഗ്രസ് രൂപീകരണവും

64ൽ ആർ ശങ്കർ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന പിടി ചാക്കോയുടെ മരണത്തെ തുടർന്നുള്ള പ്രതിസന്ധിയാണ് പിന്നീട് കേരള കോൺഗ്രസ് എന്ന കർഷക പാർട്ടിക്ക് രൂപം നൽകുന്നതിലേക്ക് എത്തിയത്. 64 സെപ്റ്റംബർ ആദ്യവാരത്തിൽ ചേർന്ന നിയമസഭയിൽ തങ്ങൾ പ്രത്യേക ബ്ലോക്കി ഇരിക്കുമെന്ന് 15 ചാക്കോ അനുകൂല എംഎ‍ൽഎമാർ തീരുമാനിച്ചു. കെ.എം ജോർജായിരുന്നു നേതാവ്. ആർ ബാലകൃഷ്ണപിള്ള ഡപ്യൂട്ടി ലീഡറും. പിളർപ്പുകാലത്ത് ആദ്യം കോൺഗ്രസിനൊപ്പം നിന്ന മാണി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ കളം മാറി.

എതിരാളികളില്ലാത്ത പാലയിലെ മാണിക്യം

1977 മുതലുള്ള തെരഞ്ഞെടുപ്പുകൾ മാണിക്ക് വെറും ചടങ്ങുകൾ മാത്രമായിരുന്നു. ഇടത് വലത് തരംഗങ്ങൾ മാറി മാറി സംസ്ഥാനത്ത് വീശി അടിച്ചപ്പോഴെല്ലാം പാലാ മാണിക്ക് പിന്നിൽ ഉറച്ച് നിന്നു. 1977ൽ എൻ.സി ജോസഫിനു ശേഷം 1980ൽ എതിരാളിയായി വീണ്ടും വന്ന എം.എം ജേക്കബിനെ മാണി കെട്ടുകെട്ടിച്ചത് 4566 വോട്ടിനാണ്. 82ൽ ജെ.എ ചാക്കോയെയും (ഇടതു സ്വതന്ത്രൻ) 87ൽ കെ.എസ് സെബാസ്റ്റ്യനെയും (കോൺഗ്രസ് എസ്) തോൽപ്പിച്ചു. 91ൽ ജോർജ് സി. കാപ്പൻ, 96ൽ സി.കെ ജീവൻ (രണ്ടുപേരും ഇടതു സ്വതന്ത്രന്മർ), 2001ൽ എൻ.സി.പിയിലെ ഉഴവൂർ വിജയൻ, 2006, 2011, 2016 വർഷങ്ങളിൽ എൻ.സി.പിയിലെ മാണി സി. കാപ്പൻ. മാണിയുടെ തേരോട്ടത്തിൽ മലർന്നടിച്ചു വീണവരാണിവർ. ബാർ കോഴ ആരോപണം ഉലച്ച 2016ലെ തെരഞ്ഞെടുപ്പിൽ പോലും പാല മാണിയെ കൈവിട്ടില്ല. 1965ൽ ആദ്യമായി നിയമസഭയിലെത്തിയ മാണി മരിക്കുന്ന ഇന്ന് വരെ 54 വർഷവും ജനപ്രതിനിധിയായി തുടരുകയായിരുന്നു.

ഏറ്റവും അധികം കാലം മന്ത്രിയായതിന്റെ റെക്കോഡും

ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം ഏഴ് നിയമസഭകളിൽ മന്തിയായും പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും ധനവകുപ്പും കൈകാര്യം ചെയ്തത് മാണി തന്നെ. 12 പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ടു. 1975 ഡിസംബർ 26ന് അച്യുതമേനോൻ മന്ത്രിസഭയിലാണ് ആദ്യമായി മാണി മന്ത്രിയായത്.

അനാഥമായി കരിങ്ങോഴയ്ക്കൽ വീട്

പാലാ കരിങ്ങോഴയ്ക്കൽ വീട്. 2014ൽ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ കോട്ടയം മണ്ഡലത്തിലെ പ്രചാരണം തുടങ്ങുന്നതും തീരുന്നതും ഇവിടെ നിന്നു തന്നെ. ഇത്തവണ ചികിത്സയുടെ സൗകര്യാർഥം കെ.എം. മാണി കൊച്ചിയിലായിരുന്നു. അതു കൊണ്ടു തന്നെ ജോസ് കെ. മാണിക്ക് തിരക്ക് ഇരട്ടിയായി. കൊച്ചിയിലിരുന്ന് കെ.എം. മാണി കൃത്യമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനു മേൽനോട്ടം വഹിക്കുന്നു. പ്രവർത്തകരും നേതാക്കളും രാവിലെയും വൈകിട്ടും കരിങ്ങോഴയ്ക്കൽ വീട്ടിലെത്തും.

കുട്ടിയമ്മയ ഒന്നാം ഭാര്യ പാല രണ്ടാം ഭാര്യ

1957 നവംബർ 28നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മന്മാണിഏലിയാമ്മ ദമ്പതികളുടെ മകൻ കെ.എം. മാണിയുടെയും പൊൻകുന്നം ചിറക്കടവ് കൂട്ടുങ്കൽ തോമസ്-ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുമ്പോൾ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോൺഗ്രസ് നേതാവായിരുന്ന മാണി അന്ന് കെപിസിസി. മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.

പാലായെ തന്റെ രണ്ടാം ഭാര്യയെന്ന് വിശേഷിപ്പിക്കാറുള്ള മാണി, ദാമ്പത്യ ജീവിതത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കുട്ടിയമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ വാചാലനാവുകയുണ്ടായി. വിവാഹ വാർഷികദിനത്തിൽ തന്റെ ഓർമയിൽ ആദ്യമെത്തുന്നത് ഉത്തമകുടുംബിനിയായ കുട്ടിയമ്മയുടെ സമർപ്പിത സേവനംതന്നെയാണെന്ന് നെഞ്ചിൽ കൈവച്ച് അദ്ദേഹം പറഞ്ഞു. തന്റെ തിരക്കിൽ കൃഷിയും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സകല കാര്യങ്ങളും ഒട്ടും കുറവില്ലാതെ നോക്കിനടത്തിയത് കുട്ടിയമ്മയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP