Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെഡിയു യുഡിഎഫിലെത്തിയ സമയത്ത് സീറ്റ് നഷ്ടമായി; ടൈറ്റാനിയം അഴിമതി കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തേക്ക്; നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി... നിങ്ങളെന്ന ബിജെപിയാക്കി എന്ന ആത്മകഥ വിവാദങ്ങൾക്ക് വഴി വെച്ചു; കെകെ രാമചന്ദ്രൻ മാസ്റ്റർ ഓർമ്മയാകുമ്പോൾ

ജെഡിയു യുഡിഎഫിലെത്തിയ സമയത്ത് സീറ്റ് നഷ്ടമായി; ടൈറ്റാനിയം അഴിമതി കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തേക്ക്; നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി... നിങ്ങളെന്ന ബിജെപിയാക്കി എന്ന ആത്മകഥ വിവാദങ്ങൾക്ക് വഴി വെച്ചു; കെകെ രാമചന്ദ്രൻ മാസ്റ്റർ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്; വയനാട് ജില്ലയിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ ഏറ്റവും കൂടുതൽ തവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണ് കെകെ രാമചന്ദ്രൻ മാസ്റ്റർ. മൂന്ന് തവണ കൽപറ്റയിൽ നിന്നും മൂന്ന് തവണ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1980,82,87 വർഷങ്ങളിൽ സുൽത്താൻ ബത്തേരിയിൽ നിന്നും 1991,96,2001 വർഷങ്ങളിൽ കൽപറ്റയിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

2006ൽ കൽപറ്റയിൽ പരാജയപ്പെടുകയും ചെയ്തു. ജെഡിയു ഇടതുപാളയം വിട്ട് യുഡിഎഫിലെത്തിയതോടെയാണ് കെകെ രാമചന്ദ്രൻ മാസ്റ്റർക്ക് സീറ്റ് നഷ്ടമായത്. മുന്നണി ധാരണ പ്രകാരം കൽപറ്റ നിയമസഭ സീറ്റ് ജെഡിയു നേതാവ് എംവി ശ്രേയാംസ് കുമാറിന് ലഭിച്ചതോടെ കെകെ രാമചന്ദ്രൻ മാസ്റ്റർ പുറത്തായി. കോൺഗ്രസ് നേതൃത്വവുമായി അകലാനുള്ള ആദ്യ കാരണവും ഇതു തന്നെയായിരുന്നു. മാത്രവുമല്ല വയനാട്ടിലെ രാമചന്ദ്രൻ മാസ്റ്ററുടെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളിയായിരുന്ന എംപി വീരേന്ദ്രകുമാറിനെ മുന്നണിയിലെടുത്തത് അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയുന്നതുമായിരുന്നില്ല.

ജെഡിയു യുഡിഎഫിലേക്ക് വരുന്നതിനെ തുടക്കം മുതലെ എതിർത്തിരുന്ന വ്യക്തിയായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. എന്നാൽ രാമചന്ദ്രൻ മാസ്റ്ററെ തഴഞ്ഞ് ശ്രേയാംസ്‌കുമാറിന് സീറ്റ് നൽകിയാണ് യുഡിഎഫും കോൺഗ്രസും ജെഡിയുവിനെ മുന്നണിയിലേക്ക് വരവേറ്റത്. ഇത് രാമചന്ദ്രൻ മാസ്റ്ററെ വല്ലാതെ വേദനിപ്പിച്ചിരുന്നതായി പിന്നീട് പല തവണ അദ്ദേഹം പറയുകയും ചെയ്തിരുന്നു. വയനാട് ജില്ലയിൽ കോൺഗ്രസിന് അടിത്തറയുണ്ടാക്കിയ തന്നെ തഴഞ്ഞ് ശ്രേയാംസ്‌കുമാറിന് സീറ്റ് നൽകിയതിലെ അമർശം അദ്ദേഹം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ പി. നാരായണൻ നമ്പ്യാർ-രുഗ്മിണി അമ്മ ദമ്പതികളുടെ മകനായ കെകെ രാമചന്ദ്രൻ വയനാട് കേണിച്ചിറ സ്‌കൂളിലെ അദ്ധ്യാപകനായിട്ടാണ് വയനാട്ടിലെത്തിയത്. പിന്നീട് അദ്ധ്യാപക ജോലി രാജിവച്ചാണ് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായത്. സുൽത്താൻ ബത്തേരിയായിരുന്നു ആദ്യ കാലത്ത് പ്രവർത്ത മണ്ഡലമെങ്കിലും പിന്നീട് കൽപറ്റയിലേക്ക് ചുവടുമാറ്റി. ജെഡിയുവിന്റെ വരവോടെ കൽപറ്റ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. 2011ലാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താകുന്നത്.

ടൈറ്റാനിയം അഴിമതി കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് അദ്ദേഹത്തെ പാർ്ട്ടിയിൽ നിന്നും പുറത്താക്കിയത്. പിന്നീട് തിരിച്ചെടുത്തെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നില്ല. 2004ൽ എഐസിസി അംഗമായിരുന്ന അദ്ദേഹം ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. ഏറ്റവും അധികം കാലം കെപിസിസി ജനറൽ സെക്രട്ടറിയായിട്ടുള്ള അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു കെകെ രാമചന്ദ്രൻ മാസ്റ്റർ. 1970 മുതൽ 2007 വരെ അദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.

1995-96 കാലയളവിൽ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ ചുമതലയും 2004ൽ ആന്റണി രാജിവെച്ച ശേഷം അധികാരത്തിലേറിയ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പും കെകെ രാമചന്ദ്രൻ മാസ്റ്റർ കൈകാര്യം ചെയ്തു. ഇതിനിടയിൽ കെകെ രാമചന്ദ്രൻ മാസ്റ്ററുടെ നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്ന ബിജെപിയാക്കി എന്ന ആത്മകഥ രാഷ്ട്രീയ കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു.അഴിമതിക്ക് കൂട്ടുനിൽക്കാത്തവരെ പുകച്ച് ചാടിക്കുന്ന സമീപനമാണ് കോൺഗ്രസിലെന്ന് കെകെ രാമചന്ദ്രൻ മാസ്റ്റർ തന്റെ ആത്മകഥയിലൂടെ തുറന്നു പറഞ്ഞത് ഏറെ വിവാദങ്ങളുണ്ടാക്കി.

ഉൾപ്പാർട്ടി തർക്കം തീർക്കുന്നതിന് വരെ ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും അദ്ദേഹം തന്റെ ആത്മകഥയിൽ തുറന്ന് പറഞ്ഞു. കോൺഗ്രസ്, യുഡിഎഫ് നേതാക്കളെ തുറന്ന് കാണിക്കുന്നതും രൂക്ഷമായി വിമർശിക്കുന്നതുമായിരുന്നു പൂർണ്ണ പബ്ലിക്കേഷൻസ് പുറത്തിറക്കിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി എന്ന് പേരിട്ട ആത്മകഥ. കോൺഗ്രസ് രാഷ്ട്രീയത്തിലെ അന്തർനാടകങ്ങളായിരുന്നു പുസ്തകത്തിൽ പ്രധാനമായും വിവരിച്ചിരുന്നത്.

എംഎം ഹസനെ വിമർശിച്ചും കെ കരുണാകരനെയും കെ മുരളീധനെയും തലോടിയുമായിരുന്നു ഈ പുസ്തകം പുറത്തിറങ്ങിയത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കെ കരുണാകരന്റെ സ്മരണയെ പോലും തള്ളിക്കളഞ്ഞവരാണെന്നും പുസ്തകത്തിലുണ്ടായിരുന്നു. ടൈറ്റാനിയം അഴിമതിയെ കുറിച്ചും ചാരക്കേസിനെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകളുണ്ടായിരുന്ന പുസ്തകം കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വലിയ തലവേദന സൃഷ്്ടിച്ചിരുന്നു.

കെ പത്മിനിയാണ് രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ. മൂന്ന് മക്കളുണ്ട്. കോഴിക്കോട് കക്കോടയിലുള്ള മകന്റെ വീട്ടിലായിരുന്നു അദ്ദേഹം അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കക്കോടിയിലെ മകന്റെ വീട്ടിലാണ് സംസ്‌കാരം നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP