Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിയിൽ കേരള സർക്കാരിനെ നിർത്തി പൊരിച്ച സ്വാമി; ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളിലും നിയമം പഠിക്കുന്ന എല്ലാ കുട്ടികളും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പേര്; ഏറ്റവും കൂടുതൽ പഠിക്കാനുള്ള കേസ്, കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച എടനീർ മഠാധിപത്യ കേശവാനന്ദ ഭാരതി സ്വാമിക്ക് പ്രണാമം

മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിയിൽ കേരള സർക്കാരിനെ നിർത്തി പൊരിച്ച സ്വാമി; ഇന്ത്യയിലെ എല്ലാ സർവ്വകലാശാലകളിലും നിയമം പഠിക്കുന്ന എല്ലാ കുട്ടികളും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പേര്; ഏറ്റവും കൂടുതൽ പഠിക്കാനുള്ള കേസ്, കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച എടനീർ മഠാധിപത്യ കേശവാനന്ദ ഭാരതി സ്വാമിക്ക് പ്രണാമം

സ്വന്തം ലേഖകൻ

എടനീർ (കാസർകോട്): എടനീർ മഠാധിപതി കേശവാനന്ദഭാരതി സ്വാമി (79)സമാധിയായി. ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽത്തന്നെയായിരുന്നു അന്ത്യം. ശ്വാസതടസ്സംമൂലം ഏതാനുംദിവസമായി പ്രയാസത്തിലായിരുന്ന സ്വാമി പുലർച്ചെ സമാധിയാകുക ആയിരുന്നു. മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ പേര് സുപ്രീംകോടതിയിൽ പലപ്പോഴും ഉയർന്നു കേൾക്കുന്ന ഒന്നാണ്.

മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകനാണ് കേശവാനന്ദ ഭാരതി. 1960 നവംബർ 14-ന് തന്റെ 19-ാം വയസ്സിലാണ് അദ്ദേഹം എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം. രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളിൽ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്നത്. 'ദി കേശവാനന്ദ കേസ' എന്ന പേരിൽ ഇപ്പോഴും നിയമവൃത്തങ്ങൾക്കിടയിൽ അത് സുപരിചിതമാണ്.

സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതിയും കേരളാ സർക്കാരും തമ്മിൽ നടന്നത്. 1969ലാണ് അദ്ദേഹം കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.

ഭൂപരിഷ്‌കരണ നിയമപ്രകാരം കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ സ്വത്തുക്കൾ കേരള സർക്കാർ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കകയും ഭൂപരിഷ്‌കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന പ്രാർത്ഥനകളും 1970 മാർച്ച് 21 ന് സമർപ്പിച്ച ഈ റിട്ട് ഹർജിയിൽ (റിട്ട് ഹർജി നം. 1970 ൽ 135) കേശവാനന്ദഭാരതി ഉയർത്തിയിരുന്നു.

1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971-ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്. ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരേ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിക്കാരനായി മാറി കേശവാനന്ദ സ്വാമി. രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങൾ കൊണ്ട് കേസിന്റെ തുടക്കത്തിൽത്തന്നെ കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മർദം ഉയർന്നു. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതിയിലെ ഫുൾബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വർത്തമാനപത്രങ്ങളിൽ കേശവാനന്ദയുടെ പേര് എല്ലാ ദിവസവും നിറഞ്ഞു.

ചരിത്രത്തിൽ ഇടം നേടിയ കേശവാനന്ദ ഭാരതി
സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കുംവേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. അത് സ്ഥാപിച്ചെടുക്കാൻ പല വളഞ്ഞ വഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരിൽ കോടതിൽ വാദങ്ങൾകൊണ്ട് ഏറ്റുമുട്ടി. കേസിൽ സർക്കാരിനെതിരായ നിലപാടെടുത്ത ന്യായാധിപന്മാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. എന്നാൽ, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 -നാണ് ആ ചരിത്രവിധി ഉണ്ടായത്.
കേശവാനന്ദഭാരതി കേസ്

രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ പ്രാധാന്യമുള്ള കേസുകളിലൊന്നാണ് ഇപ്പോഴും നിയമവൃത്തങ്ങൾക്കിടയിൽ സുപരിചിതമായ കേശവാനന്ദ കേസ്. 1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969- ലെ കേരള ഭൂപരിഷ്‌കരണ നിയമവും 1971-ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹർജിയിലൂടെ പരമോന്നത കോടതിയിൽ ചോദ്യംചെയ്തത്. ഭരണഘടന പൗരന്മാർക്ക് അനുവദിച്ച മൗലികാവകാശം കൃഷ്ണമണിപോലെ കാക്കേണ്ടതുണ്ട്. ഭൂരിപക്ഷത്തിന്റെയോ മറ്റെന്തിന്റെയോ പേരിൽ മൗലികാവകാശത്തിൽ ഭരണകൂടം കൈകടത്തുന്നത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഉൾവിളിയിൽനിന്നാണ് ജനാധിപത്യരീതിയിൽ അതിനെതിരെ നീങ്ങിയതെന്ന് സ്വാമി കേശവാനന്ദ ഭാരതി പറയുന്നു. സംസ്ഥാനത്ത് ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയപ്പോൾ ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കും ഇളവുകൾ ലഭിച്ചിരുന്നെന്നും സ്വന്തം കാര്യത്തിനുവേണ്ടിയായിരുന്നില്ല റിട്ട് നൽകിയതെന്നും സ്വാമി പറഞ്ഞു.

ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിക്കാരനായി മാറി കേശവാനന്ദ സ്വാമി. രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങൾകൊണ്ട് കോടതിയിലും ഭരണകേന്ദ്രങ്ങളിലും കേസിന്റെ തുടക്കത്തിൽത്തന്നെ സമ്മർദമുയർന്നു. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതിയിലെ ഫുൾബെഞ്ച് 66 ദിവസമാണ് കേസ് വിചാരണചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വർത്തമാനപത്രങ്ങളിൽ അന്ന് കേശവാനന്ദയുടെയും എടനീർ മഠത്തിന്റെയും പേര് എല്ലാദിവസവും നിറഞ്ഞു.

സാധാരണജനങ്ങളുടെ ഉന്നമനത്തിനും സാമൂഹികനന്മയ്ക്കും വേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. അത് സ്ഥാപിച്ചെടുക്കാൻ പല വളഞ്ഞവഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരിൽ കോടതിയിലും പുറത്തും വാദങ്ങൾകൊണ്ട് ഏറ്റുമുട്ടി. കേസിൽ സർക്കാറിനെതിരായ നിലപാടെടുത്ത ന്യായാധിപന്മാർക്ക് അർഹമായ സ്ഥാനക്കയറ്റം പോലും നിഷേധിക്കപ്പെട്ടു. എന്നാൽ, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6:7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24-നാണ് ആ ചരിത്രവിധിയുണ്ടായത്.

ചരിത്രം രേഖപ്പെടുത്തിയ ചൂടേറിയ വാദവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും പ്രശസ്ത നിയമജ്ഞൻ ടി.ആർ.ആന്ധ്യാരുജിന 'ദ കേശവാനന്ദ ഭാരതി കേസ്: ദ അൺടോൾഡ് സ്റ്റോറി ഓഫ് സ്ട്രഗിൾ ഫോർ സുപ്രമസി ബൈ സുപ്രീം കോർട്ട് ആൻഡ് പാർലമെന്റ്' എന്ന പുസ്തകത്തിൽ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. നിയമവിദ്യാർത്ഥികൾക്കിടയിൽ ചൂടപ്പം പോലെയാണ് പുസ്തകം വിറ്റഴിഞ്ഞത്. ഇന്നും നിയമക്ലാസുകളിൽ കേസ് പഠനവിഷയമാണ്.

സന്ന്യാസവഴിയിൽ
1960 നവംബർ 14-ന് തന്റെ പത്തൊൻപതാം വയസ്സിൽ ആണ് അദ്ദേഹം എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതിസ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു അത്. ഇന്ന് മഠത്തിനൊപ്പം വിദ്യാലയങ്ങളും കലാട്രൂപ്പും ഗോശാലയും പ്രവർത്തിക്കുന്നു. 1973 വരെ മഠത്തിന്റെ വിദ്യാലയങ്ങളിൽ അറിവ് തേടിയെത്തുന്നവർക്കെല്ലാം സൗജന്യമായി അന്നം നൽകിയിരുന്നു. 30 കലാകാരന്മാരുള്ള ഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ദക്ഷിണ കർണാടകയിലും തുളുനാട്ടിലും പ്രശസ്തമാണ്. ഗോകുൽ ട്രസ്റ്റിന് കീഴിൽ ഇപ്പോൾ 20 പശുക്കളുണ്ട്. ദിവസവും രാവിലെ ഗോപൂജയ്ക്ക് ശേഷമാണ് സ്വാമി ഭക്ഷണം കഴിക്കുന്നത്.

കീഴ്‌വഴക്കമനുസരിച്ച് മഠാധിപതിയുടെ സഹോദരപുത്രനാണ് പരമ്പരയിൽ അടുത്ത സ്ഥാനം നൽകിയിരുന്നത്. കേശവാനന്ദ സ്വാമിക്ക് സഹോദരനില്ല. അതിനാൽ പത്മാവതിയമ്മ മകൾ സാവിത്രിയുടെ മകൻ ജയറാമിനെ ദത്തുപുത്രനായി ഏറ്റെടുത്ത് വളർത്തി. പാർഥിസുബ്ബ യക്ഷഗാന കലാകേന്ദ്രം പ്രസിഡന്റാണ് ജയറാം എടനീർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP