Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഡോക്ടർ പശുപതിയിലെ യു.ഡി.സി... സിഐഡി ഉണ്ണികൃഷ്ണനിലെ വേലക്കാരി ക്ലാര.. ബാംഗ്ലൂർ ഡേയ്‌സിലെ കുട്ടന്റെ അമ്മ; മലയാളത്തെ ഏറെ ചിരിപ്പിച്ച കൽപ്പനയുടെ വേഷപ്പകർച്ചകൾ ഇങ്ങനെ; നൊമ്പരമായത് ചാർലിയിലെ മേരി..

ഡോക്ടർ പശുപതിയിലെ യു.ഡി.സി... സിഐഡി ഉണ്ണികൃഷ്ണനിലെ വേലക്കാരി ക്ലാര.. ബാംഗ്ലൂർ ഡേയ്‌സിലെ കുട്ടന്റെ അമ്മ; മലയാളത്തെ ഏറെ ചിരിപ്പിച്ച കൽപ്പനയുടെ വേഷപ്പകർച്ചകൾ ഇങ്ങനെ; നൊമ്പരമായത് ചാർലിയിലെ മേരി..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജഗതി - കൽപ്പന ജോഡികൾ മലയാള സിനിമയെ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല. ഇരുവരുടെയും കോമ്പിനേഷൻ സീനികൾ അത്രയ്ക്ക് മികച്ചു നിന്നിരുന്നു. എത്രകണ്ടാലും മതിവരാത്ത കോമഡി രംഗങ്ങൾ കൽപ്പന അഭിനയിച്ചു പൊലിപ്പിച്ചിട്ടുണ്ട്. ഹാസ്യ നടിയെന്ന നിലയിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിച്ചില്ലെങ്കിലും മലയാളികൾ കൽപ്പനയെ ഏറെ ഇഷ്ടപ്പെട്ടത് അവർ ചെയ്ത ശ്രദ്ധമായമായ ഹാസ്യ റോളുകളിലൂടായെയിരുന്നു. അവസാന കാലത്ത് സീരിയസ് വേഷങ്ങളിലും തിളങ്ങി നിന്നു കൽപ്പന.

ജഗതിയോടൊപ്പമുള്ള കോമ്പിനേഷൻ സീനുകളിൽ എന്നതുപോലെ ഇന്നസെന്റിനൊപ്പവും ജോഡിയായി മികച്ച പ്രകടനമാണ് കൽപ്പന കാഴ്‌ച്ചവച്ചത്. ജഗതിയും കൽപ്പനയും നായികാ നായകന്മാരായുള്ള സിനിമകളും പിറവിയെടുത്തിരുന്നു. ചാനൽ റിയാലിറ്റി വേദികളിലും സജീവമായിരുന്ന കൽപ്പന കോമഡി രംഗങ്ങളിൽ ശോഭിച്ചിരുന്നത് തന്റെ സ്വതസിദ്ധമായ ശൈലികൊണ്ടായിരുന്നു. പൊതുവേ നർമ്മങ്ങൾ പങ്കുവെക്കാൻ ഇവർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൽപ്പന. ഇതിൽ 200 എണ്ണത്തിലും കോമഡി വേഷങ്ങളായിരുന്നു ചെയ്തത്. കൽപ്പനയുടെ അഭിനയ ജീവിതത്തിലെ ചില ജനപ്രിയ കഥാപാത്രങ്ങൾ ഇവയാണ്:

Stories you may Like

ഡോക്ടർ പശുപതിയിലെ യു.ഡി.സി

മലയാളത്തെ ഏറെ ചിരിപ്പിച്ച സിനിമയാണ് ഡോക്ടർ പശുപതി. മലയാളത്തിലെ ശ്രദ്ധേയരായ കോമഡി കഥാപാത്രങ്ങളുടെ മികച്ച നർമ്മ മുഹൂർത്തങ്ങൾ ഈ സിനിമയിലൂടെ പ്രേക്ഷകർ കണ്ടു. ഇന്നസെന്റായിരുന്നു ഡോ. പശുപതിയായി രംഗത്തെത്തിയത്. ഈ സിനിമയിൽ യുഡിസി എന്ന പേരിലുള്ള യുഡി ക്ലർക്കിന്റെ വേഷമായിരുന്നു കൽപ്പനയ്ക്ക്. ആദ്യാവസാനം ചിരിപടർത്തിയ വേഷമായിരുന്നു ഇത്. ഈ സിനിമയിലെ ജഗദീഷിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങൾക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്. ഡോക്ടർ പശുപതിയായി ഇന്നസെന്റ് എത്തുന്ന വേളയിൽ യുഡിസി പാടുന്ന അഖിലാണ്ട മണ്ഡലം അണിയിച്ചൊരുക്കി.. എന്ന ഗാനരംഗം മാത്രം മതി കൽപ്പനയിലെ അഭിനയ പ്രതിഭയെ മനസിലാകാൻ. പാട്ടിലും ഗാനങ്ങളിലും യുഡിസിയായി കൽപ്പന നിറഞ്ഞ് അഭിനയിക്കുകയായിരുന്നു ചിത്രത്തിൽ.

സിഐഡി ഉണ്ണിക്കൃഷ്ണനിലെ വേലക്കാരി ക്ലാര

കൽപ്പന അനശ്വരമാക്കിയ മറ്റൊരു വേഷമാണ് സിഐഡി ഉണ്ണിക്കൃഷ്ണൻ ബിഎബിഎഡിലെ ക്ലാര. ഈ ചിത്രത്തിൽ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജോഡിയായാണ് കൽപ്പന അഭിനയിച്ചത്. വേലക്കാരിയുടെ വേഷമായിരുന്നു ചിത്രത്തിൽ കൽപ്പനയ്ക്ക്. തോട്ടപ്പണിക്കാരനായ ജഗതിയുടെ ഉമ്മൻ കോശിയും ക്ലാരയും ഒത്തുള്ള രംഗങ്ങൾ ഈ രാജസേനൻ ചിത്രത്തിലെ പ്രധാന ചിരിമുഹൂർത്തങ്ങളാണ്. ഇപ്പോഴും ഓർത്തു ചിരിക്കാൻ വക നൽകുന്നതാണ് ഈ കഥാപാത്രം.

ഗാന്ധർവത്തിലെ കൊട്ടാരക്കര കോമളം

കൽപ്പന ഏറെ ചിരിപ്പിച്ച സിനിമയാണ് ഇത്. ചിത്രത്തിൽ നാടക നടിയുടെ വേഷത്തിൽ എത്തുന്ന ഗാന്ധർവ്വത്തിൽ മോഹൻലാലുമൊത്തുള്ള രംഗങ്ങളായിരുന്നു ഏറെ ചിരിപ്പിച്ചത്. കൊട്ടാരക്കര കോമളം എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇങ്ങനെ ഏറെ രസിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്ക് കൽപ്പന ജീവൻ പകർന്നു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഉർവശിക്കൊപ്പം മുഴുനീള വേഷമായിരുന്നു കൽപ്പനയ്ക്ക്. ഈ സിനിമയിലും ജഗതിയും കൽപ്പനയും ഒത്തുള്ള രംഗങ്ങൾ ചിരിപ്പൂരം തന്നെയാണ് തീർത്തത്. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിലെ അനാർക്കലി, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, കൗതുക വാർത്തകളിലെ കമലു, കാവടിയാത്തിലെ ഡോളി, കാബൂളിവാലയിലെ ചന്ദ്രിക തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ മലയാളത്തെ ചിരിപ്പിച്ചു.

നൊമ്പരമായത് ചാർലിയിലെ ക്വീൻ മേരി

അടുത്തകാലത്തായി കോമഡി ചിത്രങ്ങളിൽ നിന്നും മാറിയ വഴിയിലായിരുന്നു കൽപ്പനയുടെ സഞ്ചാരം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചാർലിയിലെ ക്വീൻ മേരിയിൽ മികച്ച പ്രകടനമായിരുന്നു കൽപ്പന കാഴ്‌ച്ച വച്ചത്. കൽപ്പന അവസാനം അഭിനയിച്ച ചാർലിയിലെ കഥാപാത്രം മരിക്കുന്നതായി കാണാം. ക്യൂന്മേരി എന്ന കഥാപാത്രം ചാർലിയുടെയൊപ്പം പാട്ടുപാടി നൃത്തം ചെയ്ത്, കടലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കെ പ്രേക്ഷകന്റെ കൺമുമ്പിൽവച്ച് കടലിന്റെ ആഴങ്ങളിലേക്ക് പോവുകയായിരുന്നു. ക്യൂന്മേരി മരിച്ചുച്ചത് മലയാളികളുടെ മനസിലെ നൊമ്പരമായി തന്നെ തീരുകയായിരുന്നു.

യഥാർഥത്തിൽ രഞ്ജിത്തിന്റെ കേരള കഫേയാണ് കൽപ്പനയെ കോമഡിയുടെ തടവിൽ നിന്ന് മോചിപ്പിച്ചത്. അതിൽ അൻവർ റഷീദ് ഒരുക്കിയ ബ്രിഡ്ജിലെ വേഷം അവരുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി. ഇന്ത്യൻ റുപ്പിയിലെ മേരിയും, സ്പിരിറ്റിലെ പങ്കജവും രഞ്ജിത്ത് അവർക്കായി ഒരുക്കിയ കാരക്ടർ വേഷങ്ങളായിരുന്നു. സ്പിരിറ്റിൽ മദ്യത്തിന് അടിമയായ നന്ദുവിന്റെ ഭാര്യയായുള്ള കഥാപാത്രം കൽപ്പനയ്ക്ക് പുതിയ മേൽവിലാസം നൽകി. ഗൗരവമുള്ള വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടയിൽ ലഭിച്ച തനിച്ചല്ല ഞാൻ എന്ന സിനിമയിലെ കഥാപാത്രം അവരെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരത്തിനും അർഹയാക്കി.

ബാംഗ്ലൂർ ഡെയിസിലെ കഥാപാത്രം മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രം കുട്ടനൊപ്പം(നിവിൻ പോളി) ബാംഗ്ലൂരിലെത്തുമ്പോൾ തീർത്തും മോഡേണായി മാറുന്നത് രസകരമായി തന്നെ കൽപ്പന അഭിനയിച്ചു പൊലിപ്പിച്ചു. മാറ്റം കൽപ്പന അത്രമേൽ ഹൃദയഹാരിയായിട്ടാണ് അവതരിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP