Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ചാനൽ വിപ്ലവങ്ങൾക്കും മുമ്പ് ടെലിവിഷനിലൂടെ സിനിമയിലേക്കെത്തിയ താരം; സിഡി-യൂട്യൂബ് യുഗത്തിനു മുമ്പ് ഓഡിയോ കാസറ്റിൽ നാടൻ പാട്ടിന്റെ താളം ജനകീയമാക്കി ആദ്യ ന്യൂ ജെൻ പാട്ടുകാരനായി; ദൂരദർശനിലെ 'പിണ്ടാണി'യുടെ ട്രേഡ് മാർക്ക് ചിരിയിൽ വേദന പടരുമ്പോൾ

ചാനൽ വിപ്ലവങ്ങൾക്കും മുമ്പ് ടെലിവിഷനിലൂടെ സിനിമയിലേക്കെത്തിയ താരം; സിഡി-യൂട്യൂബ് യുഗത്തിനു മുമ്പ് ഓഡിയോ കാസറ്റിൽ നാടൻ പാട്ടിന്റെ താളം ജനകീയമാക്കി ആദ്യ ന്യൂ ജെൻ പാട്ടുകാരനായി; ദൂരദർശനിലെ 'പിണ്ടാണി'യുടെ ട്രേഡ് മാർക്ക് ചിരിയിൽ വേദന പടരുമ്പോൾ

കൊച്ചി: ചാനൽ വിപ്ലവങ്ങൾ മലയാളത്തിലെത്തുന്നതിനു മുൻപ്, സിനിമയിലേക്കുള്ള വഴിയാണ് ടെലിവിഷനെന്നു തെളിച്ച ആദ്യ രണ്ടു കലാകാരന്മാരിൽ ഒരാളാണ് കലാഭവൻ മണി. രണ്ടാമത്തെയാൾ ബിജു മേനോനാണ്. ദൂരദർശൻ മാത്രം മലയാളിയുടെ സ്വീകരണ മുറിയിൽ അരങ്ങുവാണിരുന്ന തൊണ്ണൂറുകളിൽ ഡി.ഡി മലയാളമെന്ന അന്നത്തെ ഏക മാദ്ധ്യമത്തിലുടെ ശ്രദ്ധേയരായി മലയാള സിനിമയുടെ നായക സ്ഥാനത്ത് നിലയുറപ്പിച്ചവരാണിവർ.

പക്ഷെ ഇന്നത്തെ റിയാലിറ്റി ഷോകൾ ആയിരുന്നില്ല അവരെത്തിയത്. അഭിനയത്തിലൂടെ കഴിവു തെളിയിച്ചാണ്. ദൂരദർശൻ അക്കാലത്തു സംപ്രേഷണം ചെയ്ത വിനോദശാല എന്ന ഹാസ്യ പരമ്പരയിൽ ആണ് കലാഭവൻ മണിയെ മലയാളികൾ അറിയുന്നതും ഇഷ്ടപ്പെടുന്നതും. അതിൽ പിണ്ടാണി എന്ന കഥാപാത്രവും ഒപ്പം പിണ്ടാണിയുടെ ങ്യാ...ഹ ഹ ഹ ചിരിയും മലയാളി മനസിലിട്ട് ആസ്വദിച്ചു. തമാശകൾക്കൊപ്പം അനുകരിച്ചു.

Stories you may Like

വിനോദ ശാലയിലുടെ സ്വന്തമായി ഉണ്ടാക്കി എടുത്ത ആ ചിരി മണിയും ഒരു ട്രേഡ് മാർക്കാകി. ഒപ്പം അന്ന് ഓണക്കാലത്ത് പുറത്തിറങ്ങിയ ഓഡിയോ കാസറ്റിൽ മണിയുടെ പടവും നീളത്തിലുള്ള ചിരിയും ഉണ്ടായിരുന്നു അത്രകണ്ട് പ്രേക്ഷക ശ്രദ്ധ അന്ന് പിണ്ടാണിക്ക് ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം. തമാശക്കാരൻ മാത്രമല്ല നമ്മുടെ പിണ്ടാണി ഒരു പാട്ടുകാരൻ കൂടിയാണ് എന്ന് മലയാളികൾ അന്ന് മനസിലാക്കി. 1996ൽ സുന്ദർദാസ് എന്ന പുതുമുഖ സംവിധായകന്റെ 'സല്ലാപ'ത്തിൽ തന്റെ ആദ്യ ഷോട്ടിൽ തെങ്ങിൽ കയറി ചെത്തുകാരനായി മഞ്ജു വാര്യരുടെ കഥാപാത്രത്തിനെ നോക്കി പാടുമ്പോഴും മണിയുടെ പാട്ടും ചിരിയും ടിവിയിൽ കണ്ട, ടേപ്പ് റെക്കോർഡറിലൂടെ കേട്ട മലയാളികൾ തിയറ്ററുകളിൽ കയ്യടിച്ചു.

നാടൻ പാട്ടിനെ ജനകീയതാളത്തോടെതന്നെ അവതരിപ്പിക്കാൻ മണിക്കായി എന്നുള്ളതാണ് പാടുകാരൻ എന്ന നിലയിൽ മണിയെ വിജയിപ്പിച്ചത്. സിഡി, യു ട്യൂബ് യുഗത്തിന് മുൻപ് മണി ആ താളത്തെ ജനങ്ങൾക്ക് ഓഡിയോ കാസെറ്റിലുടെ നൽകി മലയാളത്തിലെ ആദ്യ ന്യൂ ജെൻ നാടൻ പാട്ടുകാരനായി. വി.ഡി രാജപ്പന്റെ ഓഡിയോ കോമഡി കഥാപ്രസംഗ രിതിയെ കലാഭവൻ മണി നടൻ പാടിലുടെ റീമേക്ക് ചെയ്തു തിരികെ കൊണ്ടുവന്നു. തുശിമ്മ കുന്താരോ എന്നുള്ള മണിയുടെ കാസറ്റിന്റെ പോസ്റ്റുകൾ കടകളിൽ കണ്ടു ജനങ്ങൾ ഇതെന്തു സംഭവമെന്നു ആലോചിച്ചു വാങ്ങിക്കേട്ടു. ഇന്റർനെറ്റ് സോഷ്യൽ മീഡിയ എന്നുള്ള വാക്കുകൾ പോലും സാധാരണക്കാരുടെ ഇടയിൽ പ്രസക്തമല്ലാത്ത ആ കാലത്ത് മണിയുടെ തുശിമ കുന്താരോ എന്ന ഓഡിയോ കാസെറ്റുകൾ ചൂടപ്പം പോലെ കടക്കാർ വിറ്റുതീർത്തു.

അതിലെ ക്ല ക്ല ക്ലി ക്ലി ക്ലു ക്ലു.. മുറ്റത്തൊരു മൈന, സുരേഷ് തിരിഞ്ഞു നോക്കിയെന്ന മണിയുടെ ഓഡിയോ തമാശ ക്യാമ്പസുകളിലും പൊതു സമുഹത്തിലും അടുക്കളയിൽ പോലും ആളുകൾ പറഞ്ഞു നടന്നു. ഒപ്പം കാസറ്റിലുടെ മണി പാടിയ ഓടണ്ട ഓടണ്ട, തുശിമ്മ കുന്താരോ ഗാനങ്ങൾ പാടി മണി മലയാളികളെ പാട്ടിലാക്കി. അന്ന് മണിയുള്ള പടത്തിലെ പാട്ടുകാരനും മണിയായി. അവസാനം മണിക്കതൊരു പണിയായി എന്നും പലപ്പോഴും മണി തന്നെ പറഞ്ഞു. പാടാനുള്ള പ്രതിഫലം കൂട്ടി ദാസേട്ടന്റെ തുക ആക്കി തന്റെ ഗായക പ്രതിഫലം മണി ഉയർത്തിയത് പാട്ടു കുറയ്ക്കാനായിരുന്നു, അല്ലാതെ പണം ഉണ്ടാക്കാനല്ല എന്ന് മണി പറഞ്ഞു. അപ്പോഴും നല്ല പാട്ടുകൾക്ക് മണി പണം അധികം വാങ്ങാറില്ല എന്ന് പല സംവിധായകരും പറഞ്ഞു.

പിന്നീട് കോമഡി ഓഡിയോക്കു ശേഷം മണി പാട്ടുകൾ ഒരുക്കിയത് സാക്ഷാൽ ശബരിമല അയ്യപ്പന് വേണ്ടി ആയിരുന്നു. അതുവരെ കേട്ട അയ്യപ്പ ഭക്തി ഗാന സംഗീത പാരമ്പര്യ സംഗീതത്തിന്റെ ശൈലി അടിമുടി മണി മാറ്റി. താളം മാറ്റിയുള്ള പാട്ടുകൾ ഉണ്ടാക്കി അയ്യപന്മാരെ വരെ പാടു പാടിച്ച് ഭക്തിയിൽ തുള്ളിച്ചാടിച്ചു മണി. പിന്നീട് സിനിമ മണിയെ ഒരു തിരക്കുള്ള നടനാക്കി. പക്ഷെ വർഷം തോറും ശബരിമല അയ്യപ്പന് വേണ്ടി പാട്ടെഴുതാൻ മണി സമയം കണ്ടെത്തി. സ്വന്തം മകളെ വരെ അയ്യപ്പപ്പാട്ടുകൾ പഠിപ്പിച്ചു സ്വന്തം ഭക്തിഗാന കാസറ്റുകളിൽ പാടിച്ചു മണി. പിന്നീട് മണിക്കു സിനിമയിൽ തിരക്കായി. തമിഴിലും, തെലുങ്കിലും, മലയാളത്തിലും വില്ലൻ ആയി. സൗത്ത് ഇന്ത്യയിലെ പ്രമുഖ സംവിധായകൻ ശങ്കറിന്റെ സിനിമകളിൽ വരെ നിറസാന്നിധ്യമായി കലാഭവൻ മണി.

സിനിമകളിൽ നിറഞ്ഞുനിൽക്കുമ്പോഴും കോമഡി ഷോകളിൽ നിറഞ്ഞുനിൽക്കാൻ മലയാളികൾക്കു മണിയുടെ സാന്നിധ്യം നിർബന്ധമായിരുന്നു. ചാലക്കുടി ചന്തയും ചന്തമുള്ള ചന്ദന ചോപ്പുള്ള പെൺകൊടികളും, ഉൾനാടൻ മലയാളിയുടെ ദാരിദ്ര്യാവസ്ഥയും, അവിഹിതവും , കുടുംബ ബന്ധങ്ങളും മണി പാട്ടിലാക്കി വേദികളെ കൈയിലെടുത്തു. വിദേശത്തുള്ളവരുടെ ഒരു കാലത്തെ നൊസ്റ്റാൾജിയ മണി ആയിരുന്നു എന്നതുകൊണ്ട് പത്താംക്ലാസ് പരിക്ഷ വിജയിച്ചു കയറാത്ത മണി വിമാനത്തിൽ കയറി ലോകം മുഴുവനും ചുറ്റി ആളുകളെ രസിപ്പിച്ചു.

മണിയുടെ പാട്ടിന്റെ സ്പീഡ് പോലെ വിവാദങ്ങളും മണിയെ ഉലച്ചു. കലാഭവൻ മണി വാർത്തകളിൽ നിറഞ്ഞു. ചാനലുകളിലെ പ്രമുഖർ മണിയുടെ അഭിമുഖം നടത്തുമ്പോൾ മണിയുടെ പാട്ടുകളും നിർബന്ധമായിരുന്നു. ടെലിവിഷൻ അഭിമുഖങ്ങളിൽ ഒരു നടൻ ഏറ്റവും കുടുതൽ പാട്ടു പാടിയിട്ടുള്ളത് മണി ആണ് എന്നുള്ളതു പരമമായ സത്യമാണ്. പക്ഷെ മണിക്കെന്തുകൊണ്ടോ പടങ്ങൾ കുറഞ്ഞു. സിനിമ റിലീസ് വാർത്തകളിൽ മണി ഇല്ലാതെയായി. കലാഭവൻ മണി അതീവ കരൾ രോഗത്തിലാണ്, തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചാലും മത്സരത്തിനുണ്ടാവില്ലെന്ന് മൂന്നാഴ്ച മുൻപ് ഒരു മലയാള ഓൺലൈൻ പോർട്ടൽ വാർത്ത നൽകിയപ്പോൾ മറുനാടൻ നേരിട്ടു മണിയെ വിളിച്ചു കിട്ടിയില്ല. വാർത്ത തെറ്റാണെന്നും ക്രൂരതയാണ് ഇത്തരം വാർത്തകൾ എന്നും മണിച്ചേട്ടൻ തീർത്തും ആരോഗ്യവാനാണെന്നും ഒരു കല്യാണത്തിൽ ഇപ്പോൾ പങ്കെടുത്തുകൊണ്ടിരിക്കുയാണ് എന്നും വ്യാജ വാർത്തകൾകെതിരെ കേസ് കൊടുക്കാത്തത് വിവാദങ്ങൾ മണി ചേട്ടന് ഇഷ്ടമില്ലാത്തതുകൊണ്ടാണെന്നും ദയവു ചെയ്തു വാർത്ത തെറ്റാണെന്ന് കൊടുക്കാനും മണിയുടെ മാനേജർ പറഞ്ഞു. പിന്നിട് മണിയുടെ ഒരു ഇന്റർവ്യൂ തരപ്പെടുത്താനായി അന്ന് രാത്രി വീണ്ടും വിളിച്ചപ്പോൾ മണി ഫോൺ എടുത്തു. അഭിമുഖം പിന്നെയാകാമെന്നും എന്നെ രോഗി ആകുന്നത് ദയവു ചെയ്തു ഒന്ന് നിർത്തുമോ എന്നൊരപേക്ഷയും. തെരഞ്ഞെടുപ്പ് അടുക്കമ്പോൾ ഒരു ഇന്റർവ്യൂ തരണമെന്നും മറുനാടൻ ആവശ്യപ്പെട്ടു. തരാം എന്നു മറുപടി നൽകുകയും ചെയ്തിരുന്നു. പക്ഷെ മാർച്ചിലെ ആദ്യ കറുത്ത ഞായർ അപ്പോഴേക്കും ചാലക്കുടിയുടെ കറുത്ത മുത്തിനെയും കൊണ്ട് പറന്നകന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP