Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ മികവുകൊണ്ടുമാത്രമല്ല, സത്യസന്ധതയും സ്വഭാവദാർഢ്യവും കൊണ്ടുകൂടി ഇടംപിടിച്ച ഉദ്യോഗസ്ഥൻ: ബൊഫോഴ്സ്, ഓഹരി കുംഭകോണം എന്നിവയുടെ അന്വേഷണത്തിനിടെ ചുമതലയിൽനിന്ന് നീക്കിയത് വൻ വിവാദം: ഓഹരികുംഭകോണക്കേസിൽ അന്വേഷണം നടക്കവെ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് സ്വയം വിരമിച്ചു: അഭിഭാഷകനായി തുടർ ജീവിതം: രാഷ്ട്രീയ സമ്മർദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടു മടക്കാതെ രാജ്യത്തിന് അഭിമാനമായ കെ മാധവൻ ഓർമയാകുമ്പോൾ

രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ മികവുകൊണ്ടുമാത്രമല്ല, സത്യസന്ധതയും സ്വഭാവദാർഢ്യവും കൊണ്ടുകൂടി ഇടംപിടിച്ച ഉദ്യോഗസ്ഥൻ: ബൊഫോഴ്സ്, ഓഹരി കുംഭകോണം എന്നിവയുടെ അന്വേഷണത്തിനിടെ ചുമതലയിൽനിന്ന് നീക്കിയത് വൻ വിവാദം: ഓഹരികുംഭകോണക്കേസിൽ അന്വേഷണം നടക്കവെ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് സ്വയം വിരമിച്ചു: അഭിഭാഷകനായി തുടർ ജീവിതം: രാഷ്ട്രീയ സമ്മർദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടു മടക്കാതെ രാജ്യത്തിന് അഭിമാനമായ കെ മാധവൻ ഓർമയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സത്യസന്ധനും നീതിമാനും കർക്കശക്കാരനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനു കൃത്യനിർവഹണത്തിനിടയിൽ എന്തൊക്കെ നേരിടേണ്ടി വരുമെന്നതിനെ കുറിച്ച് അറിയണമെങ്കിൽ കെ. മാധവന്റെ ജീവിതത്തിലേക്ക് നോക്കിയാൽ മതി. അന്വേഷണ ഉദ്യോഗസ്ഥന്മാർക്കു നല്ല മാതൃകയും പാഠപുസ്തകവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമ്മർദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടു മടക്കാതെയും നട്ടെല്ലു വളയ്ക്കാതെയും തലയുയർത്തിപ്പിടിച്ചു നിന്ന കെ മാധവൻ സിബിഐക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനമായിരുന്നു.

വിവാദമായ ഒട്ടേറെ കേസുകൾ അന്വേഷിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിൽ ഭരണകക്ഷിയായിരുന്ന കോൺഗ്രസും അതിന്റെ നേതൃത്വവും ആരോപണവിധേയമായ ബൊഫോഴ്‌സ് കേസും ഓഹരി കുംഭകോണവും അന്വേഷിച്ചപ്പോഴാണ് കെ. മാധവൻ മാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. 1980-കളിലും '90-കളിലും വിവാദമായ ഒട്ടേറെ കേസുകൾ അന്വേഷിക്കുകയും അധികാരകേന്ദ്രങ്ങളുമായി നിരന്തരം ഏറ്റുമുട്ടുകയുംചെയ്ത കാർക്കശ്യക്കാരനായ ഓഫീസറായിട്ടാണ് മാധവൻ അറിയപ്പെടിരുന്നത്. സമ്മർദങ്ങൾക്കും പ്രലോഭനങ്ങൾക്കും അദ്ദേഹം വഴങ്ങിയില്ല. നിയമത്തിന്റെ കരങ്ങൾ എല്ലാറ്റിനും മുകളിലാണെന്ന് അദ്ദേഹം എപ്പോഴും കരുതിയിരുന്നു. ഭോപാൽ വിഷവാതകദുരന്തം, രാജേന്ദ്ര സേഠിയ കേസ്, ബൊഫോഴ്സ് കേസ്, ഹർഷദ് മേത്ത കേസ് തുടങ്ങിയവയാണ് അദ്ദേഹം അന്വേഷിച്ച പ്രധാന കേസുകൾ. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായിട്ടുണ്ട്.

എന്നാൽ, വിശിഷ്ട സേവനത്തിനുള്ള അവാർഡ് മാധവന് പ്രഖ്യാപിച്ചത് ഇതിലും വിചിത്രമായിരുന്നു. ഓഹരി കുംഭകോണക്കേസ് അന്വേഷിച്ച മാധവന് അതു പൂർത്തിയാക്കാനാവാത്ത വിധം രാഷ്ട്രീയ സമ്മർദം ഉയർന്നപ്പോൾ 1992 നവംബർ ഒന്നിനു സ്വയം വിരമിക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്. അപ്പോഴാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ 1997 വരെ ഈ മെഡൽ മാധവനു നൽകിയില്ല. ഇതിനിടെ ഒരു തവണ ഒരു പ്യൂണിന്റെ കൈവശം അവാർഡ് കൊടുത്തുവിട്ടു. മാധവൻ അതു സ്വീകരിച്ചില്ല. ഒടുവിൽ 1997-ൽ ജോഗീന്ദർ സിങ് സിബിഐ ഡയറക്ടർ ആയപ്പോഴാണ് മാധവനെ അവാർഡിനായി വിളിക്കുന്നതും പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡ അതു നൽകുന്നതും.

1990 ജനുവരി ഒന്നിനാണ് അന്ന് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന മാധവനെ ബൊഫോഴ്‌സ് ആയുധക്കോഴക്കേസ് ഏൽപിക്കുന്നത്. തോക്കിടപാടിലെ കോഴയും വിദേശബന്ധവും മാധവന്റെ അന്വേഷണത്തിലൂടെ ഉന്നതകേന്ദ്രങ്ങളിലേക്ക് നീണ്ടപ്പോൾ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി. നരസിംഹറാവുവായിരുന്നു അന്ന് പ്രധാനമന്ത്രി. മാർഗരറ്റ് ആൽവയ്ക്കായിരുന്നു സിബിഐ.യുടെ ചുമതല. അന്വേഷണത്തിൽ ആരെയും കൈകടത്താൻ മാധവൻ അനുവദിക്കാത്തത് ഉന്നത കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മാധവനെ മാറ്റാൻ അന്നത്തെ സിബിഐ. ഡയറക്ടർ വിജയ് കരണിനുമേൽ വൻ സമ്മർദമാണുണ്ടായത്.

മാധവൻ മാറിയതോടെ ബൊഫോഴ്സ് അന്വേഷണം ഏതാണ്ട് നിലച്ചതുപോലെയായി. ഹർഷദ് മേത്തയുടെ ഓഹരി കുംഭകോണത്തിന്റെ അന്വേഷണച്ചുമതലയാണ് ഇതിനുശേഷം അദ്ദേഹത്തിനുലഭിച്ച പ്രധാന കേസ്. ഹർഷദ് മേത്തയെ ചോദ്യംചെയ്തതിൽനിന്നുലഭിച്ച പ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദേശത്തുനിന്നുള്ള ഹവാല ഇടപാട് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ചില പ്രത്യേകദിശയിൽ അന്വേഷണം നടത്താനായിരുന്നു രാഷ്ട്രീയനേതൃത്വത്തിന്റെ സമ്മർദം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നതിലും ഭേദം സ്വയം വിരമിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1992 ജൂലായ് 20-ന് അദ്ദേഹം സിബിഐ.യിൽനിന്ന് വിരമിച്ചു.

പിന്നീട് അഭിഭാഷകനായി ജോലിചെയ്തുവരികയായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദം ഉണ്ടായപ്പോൾ അതന്വേഷിക്കാൻ ബി.സി.സിഐ. നിയോഗിച്ചത് മാധവനെയാണ്. ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തിൽ മികവുകൊണ്ടുമാത്രമല്ല, സത്യസന്ധതയും സ്വഭാവദാർഢ്യവും കൊണ്ടുകൂടി ഇടംപിടിച്ച ഉദ്യോഗസ്ഥനാണ് ഓർമയാകുന്നത്. സിബിഐയെ സർക്കാരിന്റെ നിയന്ത്രണത്തിൽനിന്നു മാറ്റണമെന്നും സെൻട്രൽ വിജിലൻസ് കമ്മിഷനു കീഴിൽ കൊണ്ടുവരണമെന്നും മാധവന്റെ നിർദ്ദേശമായിരുന്നു.

1998ൽ ഓർഡിനൻസിലൂടെ സർക്കാർ അതിനു തയാറായി. ഇതു പോലെ രാജേന്ദ്ര സിങ് സേഠിയുടെ ബാങ്ക് തട്ടിപ്പു കേസ് അന്വേഷിച്ചപ്പോഴാണ് മാധവൻ നിലവിലുള്ള ബാങ്ക് ഡ്രാഫ്റ്റുകളുടെയും റിസർവ് ബാങ്കിന്റെ എക്‌സ്‌ചേഞ്ച് കൺട്രോൾ ഫോമുകളുടെയും രൂപം മാറ്റണമെന്നു ശുപാർശ ചെയ്തത്. ഇന്നു കാണുന്ന ഡ്രാഫ്റ്റുകളുടെ രൂപം അങ്ങനെ വന്നതാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 12.15ന് ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ വസന്ത മാധവൻ. മക്കൾ: അനുരാധ കുറുപ്പ്. സംഗീത മേനോൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP