Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

അടിയന്തരവാസ്ഥയിൽ ഇന്ദിരയെ പ്രതിസ്ഥാനത്ത് നിർത്തിയ ധീരൻ; ബോഫോഴ്‌സിലെ സ്വിസ് അക്കൗണ്ടിൽ ക്വത്ത്‌റോക്കിയെ കുടുക്കിയപ്പോൾ ഭരണക്കാരുടെ കണ്ണിലെ കരടായി; ഹർഷദ് മേത്തയെ തളച്ച് തിരിച്ചറിഞ്ഞത് ഫെയർ ഗ്രോത്ത് ഫിനാൻഷ്യൽ സർവ്വീസിൽ ചെട്ടിയാരുടെ ഷെയറുകൾ; ചിദംബരം കോപം കൊണ്ട് കലി തുള്ളിയപ്പോൾ പുല്ലു പോലെ സിബിഐ ജോലി വലിച്ചെറിഞ്ഞത് ആത്മാഭിമാനം ഉയർത്തിപ്പിടിച്ച്; വിടവാങ്ങിയത് നേര് മാത്രം പറഞ്ഞ കുറ്റാന്വേഷകൻ; തിരുവില്വാമലക്കാരൻ കെ മാധവൻ പകരക്കാരില്ലാത്ത മാതൃക

അടിയന്തരവാസ്ഥയിൽ ഇന്ദിരയെ പ്രതിസ്ഥാനത്ത് നിർത്തിയ ധീരൻ; ബോഫോഴ്‌സിലെ സ്വിസ് അക്കൗണ്ടിൽ ക്വത്ത്‌റോക്കിയെ കുടുക്കിയപ്പോൾ ഭരണക്കാരുടെ കണ്ണിലെ കരടായി; ഹർഷദ് മേത്തയെ തളച്ച് തിരിച്ചറിഞ്ഞത് ഫെയർ ഗ്രോത്ത് ഫിനാൻഷ്യൽ സർവ്വീസിൽ ചെട്ടിയാരുടെ ഷെയറുകൾ; ചിദംബരം കോപം കൊണ്ട് കലി തുള്ളിയപ്പോൾ പുല്ലു പോലെ സിബിഐ ജോലി വലിച്ചെറിഞ്ഞത് ആത്മാഭിമാനം ഉയർത്തിപ്പിടിച്ച്; വിടവാങ്ങിയത് നേര് മാത്രം പറഞ്ഞ കുറ്റാന്വേഷകൻ; തിരുവില്വാമലക്കാരൻ കെ മാധവൻ പകരക്കാരില്ലാത്ത മാതൃക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബൊഫോഴ്സ് ഇടപാട്, ഓഹരി കുംഭകോണം... ഇന്ത്യൻ ക്രിക്കറ്റിലെ ശുദ്ധീകരണം... ഇന്ത്യാക്കാരെ നേരറിയിച്ച നേരിന്റെ വഴിയേ നടന്ന കുറ്റാന്വേഷകനായിരുന്നു കെ മാധവൻ. സിബിഐ മുൻ ജോയിന്റ് ഡയറക്ടർ. തിരുവില്വാമല കൊല്ലാക്കൽ കുടുംബാംഗം. സത്യസന്ധനായ ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ട കെ മാധവനെ ബൊഫോഴ്സ്, ഓഹരി കുംഭകോണം എന്നിവയുടെ അന്വേഷണത്തിനിടെ ചുമതലയിൽനിന്ന് നീക്കിയത് സത്യം പൂർണ്ണമായും പുറത്തു വരാതിരിക്കാനായിരുന്നു. ഭോപാൽ വാതകദുരന്തക്കേസും ഇദ്ദേഹമാണ് അന്വേഷിച്ചത്. ഓഹരികുംഭകോണക്കേസ് അന്വേഷിച്ചുവരവെ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്ന് 1992ൽ സ്വയം വിരമിച്ചു. പിന്നീട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ബിസിസിഐ അഴിമതി കേസിൽ കോടതി അന്വേഷണ കമീഷനായി നിയമിച്ചപ്പോൾ അതിലും സത്യം കണ്ടെത്തി. അങ്ങനെ ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തിളങ്ങും അധ്യായമായിരുന്നു മാധവൻ. ഒരു സിബിഐ ഡയറിക്കുറിപ്പ്.

അന്വേഷണ ഉദ്യോഗസ്ഥന്മാർക്കു നല്ല മാതൃകയും പാഠപുസ്തകവുമായിരുന്നു ഈ മലയാളി. രാഷ്ട്രീയ സമ്മർദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടു മടക്കാതെയും നട്ടെല്ലു വളയ്ക്കാതെയും തലയുയർത്തിപ്പിടിച്ചു നിന്ന അഭിമാന താരകം. ഈ നക്ഷത്രമാണ് വിടവാങ്ങുന്നത്. മലയാളിയെ സിബിഐയുമായി അടുപ്പിച്ച ഓഫീസർ. കെ മധു ചിത്രമായ സിബിഐ ഡയറിക്കുറിപ്പിലൂടെ കണ്ടതൊന്നും വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് ഈ കുറ്റാന്വേഷകന്റെ ജീവിതം. 197779 കാലത്ത് സിബിഐയിൽ എസ്‌പി ആയിരുന്ന മാധവന് അടിയന്തരാവസ്ഥക്കാലത്തെ പല അതിക്രമങ്ങളുടെയും അന്വേഷണത്തിന്റെ ചുമതല ഉണ്ടായിരുന്നു. ചില കേസുകളിൽ ഇന്ദിരാഗാന്ധി പ്രതിസ്ഥാനത്തുണ്ടായിരുന്നു. 1980 ജനുവരി 14ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലേക്കു തിരിച്ചെത്തി. ഇതോടെ കഷ്ടകാലവും തുടങ്ങി. അർഹിച്ചതെല്ലാം തട്ടിയെടുത്തു. അപ്പോഴും തളർന്നില്ല. കർമ്മനിരതനായി അന്വേഷണം തുടർന്നു.

മാധവൻ നടത്തിയ അന്വേഷണത്തിന് ആ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്തുത്യർഹ സേവനത്തിനു പൊലീസ് മെഡൽ നൽകാനുള്ള തീരുമാനമായി. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പോയ ഫയൽ മടങ്ങിവന്നപ്പോൾ മാധവന്റെ പേരു മാത്രം വെട്ടിയിരുന്നു. അതായിരുന്നു ഇന്ദിരയുടെ പക. പിന്നീട് 5 വർഷം കാത്തിരുന്ന ശേഷമാണ് 1985ൽ പൊലീസ് മെഡൽ ലഭിച്ചത്. ഓഹരി കുംഭകോണക്കേസ് അന്വേഷിച്ച മാധവന് അതു പൂർത്തിയാക്കാനാവാത്ത വിധം രാഷ്ട്രീയ സമ്മർദം ഉയർന്നപ്പോൾ 1992 നവംബർ ഒന്നിനു സ്വയം വിരമിച്ചു. അന്വേഷണം രാഷ്ട്രീയക്കാരിലേക്ക് നിങ്ങുമെന്ന ഘട്ടത്തിലായിരുന്നു ഇത്. അപ്പോഴാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ 1997 വരെ ഈ മെഡൽ മാധവനു നൽകിയില്ല. 1997ൽ ജോഗീന്ദർ സിങ് സിബിഐ ഡയറക്ടർ ആയപ്പോഴാണ് മാധവനെ അവാർഡിനായി വിളിക്കുന്നതും പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡ അതു നൽകുന്നതും.

1990 ജനുവരി ഒന്നിനാണ് അന്ന് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന മാധവനെ ബൊഫോഴ്‌സ് ആയുധക്കോഴക്കേസ് ഏൽപിക്കുന്നത്. ബൊഫോഴ്‌സ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ മാധവൻ സ്വിസ് സർക്കാരിനു മേൽ സമ്മർദം ചെലുത്തി. ഇതോടെ ഒക്ടോവിയോ ക്വത്ത്‌റോക്കി ആരുമറിയാതെ ഇന്ത്യ വിട്ടുപോയി. ബൊഫോഴ്‌സ് കേസിൽ സർക്കാരിന്റെ അഡീഷനൽ അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞതു ശരിയല്ല എന്നു കണ്ടപ്പോൾ മാധവൻ എതിർത്തു. പിന്നാലെ പി. വി. നരസിംഹറാവു പ്രധാനമന്ത്രി ആയതോടെ മാധവനെ അന്വേഷണത്തിൽ നിന്നു മാറ്റി. ഇത് ഏറെ വിവാദമായി. അല്ലെങ്കിൽ അന്ന് തന്നെ ബോഫോഴ്‌സിലെ ശരി ഇന്ത്യ അറിഞ്ഞേനെ. 1992 മേയിൽ മാധവനെ ഓഹരി കുംഭകോണം അന്വേഷണം ഏൽപിച്ചു. ഹർഷദ് മേത്തയുടെ അക്കൗണ്ടുകളുടെ അന്വേഷണം എത്തിയത് രാഷ്ട്രീയക്കാരിലേക്കായിരുന്നു.

1990കളുടെ ആദ്യം ഹർഷദ് മേത്ത ബാങ്കുകളെ വഞ്ചിച്ച് 4000 കോടി രൂപയോളം തട്ടിച്ചതിനുശേഷം ഉണ്ടായ ഏറ്റവും വലിയ കുംഭകോണമാണിത്. 7000 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് കണക്കാക്കപ്പെട്ടത്. ഓഹരി കമ്പോളത്തിൽ ഇടപെട്ട് കച്ചവടം നടത്തി ലാഭം ഉണ്ടാക്കാനായിരുന്നു ഹർഷദ് മേത്ത ബാങ്കുകളിൽനിന്ന് പണം മോഷ്ടിച്ചെടുത്തത്. ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളിൽ അക്കാലത്ത് നിലനിന്ന സാമ്പത്തിക ജാഗ്രത എത്രത്തോളമായിരുന്നു എന്ന് അത് വെളിവാക്കി. ഈ ചർച്ചയാണ് രാഷ്ട്രീയക്കാരിൽ അലോസരമുണ്ടാക്കിയത്. കൃത്യമായ വ്യക്തികളിലേക്ക് അന്വേഷണം നീണ്ടതോടെ മാധവൻ സർക്കാരിന് അനഭിമതനായി. അന്നാണ് പി. ചിദംബരത്തിനു രാജിവയ്‌ക്കേണ്ടി വന്നത്. ഈ രാജിയായിരുന്നു മാധവന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഹർഷദ് മേത്തയുടെ ഓഹരി കുംഭകോണത്താൽ കുപ്രസിദ്ധി നേടിയ ഫെയർ ഗ്രോത്ത് ഫിനാൻഷ്യൽ സർവ്വീസിൽ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകൾ ഉണ്ടെന്ന് തെളിഞ്ഞത് ഏറെ വിവാദമായിരുന്നു. യഥാർത്ഥത്തിൽ ഓഹരി കുംഭകോണത്തിൽ ഹർഷദ് മേത്ത തെറ്റുകാരനാണെങ്കിൽ പി ചിദംബരവും തെറ്റുകാരൻ തന്നെയാവേണ്ടതായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. അതിൽ നിന്ന് അതി സാമർത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാൻ ചിദംബരത്തിന് കഴിഞ്ഞു. ഇതിന് കാരണവും മാധവന്റെ സിബിഐയിൽ നിന്നുള്ള രാജിയായിരുന്നു. രാഷ്ട്രീയ സമ്മർദം സഹിക്കവയ്യാതെ മാധവൻ സ്വയം വിരമിച്ചുവെന്ന് അന്ന് തന്നെ വ്യക്തവുമായിരുന്നു. സിബിഐയെ സർക്കാരിന്റെ നിയന്ത്രണത്തിൽനിന്നു മാറ്റണമെന്നും സെൻട്രൽ വിജിലൻസ് കമ്മിഷനു കീഴിൽ കൊണ്ടുവരണമെന്നും മാധവന്റെ നിർദ്ദേശമായിരുന്നു. 1998ൽ ഓർഡിനൻസിലൂടെ സർക്കാർ അതിനു തയാറായി.

ഇതു പോലെ രാജേന്ദ്ര സിങ് സേഠിയുടെ ബാങ്ക് തട്ടിപ്പു കേസ് അന്വേഷിച്ചപ്പോഴാണ് മാധവൻ നിലവിലുള്ള ബാങ്ക് ഡ്രാഫ്റ്റുകളുടെയും റിസർവ് ബാങ്കിന്റെ എക്‌സ്‌ചേഞ്ച് കൺട്രോൾ ഫോമുകളുടെയും രൂപം മാറ്റണമെന്നു ശുപാർശ ചെയ്തത്. നാം ഇന്നു കാണുന്ന ഡ്രാഫ്റ്റുകളുടെ രൂപം അങ്ങനെ വന്നതാണ്. മദ്രാസ് ലയോള കോളജിൽനിന്ന് ബിരുദാനന്തര ബിരുദം. തുടർന്ന് നിയമ പഠനം. 1963ലാണ് സിബിഐയിൽ കയറിയത്. മൂന്നുദേശസാത്കൃത ബാങ്കുകൾ ഉൾപ്പെട്ട രാജേന്ദ്ര സിങ് വഞ്ചനക്കേസ്, ഔദ്യോഗിക രഹസ്യം ചോർത്തിയതുസംബന്ധിച്ച ഗുരുമൂർത്തി കേസ്, ഭോപാൽ വാതകദുരന്തം, രാഷ്ട്രീയ കാരണങ്ങളാൽ നിർത്തിവെക്കേണ്ടിവന്ന ഫ്രഞ്ച്-യു.എസ് കമ്പനികളുടെ ക്വട്ടേഷൻ കേസ്, 1971ലെ ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പുകേസ് തുടങ്ങിയ അന്വേഷണങ്ങളിലും സിബിഐയുടെ ഭാഗമായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 12.15ന് ഡൽഹിയിൽ വച്ചായിരുന്നു മാധവന്റെ അന്ത്യം. സംസ്‌കാരം ശനിയാഴ്ച (18-1-2020) രാത്രി എട്ടുമണിക്ക് ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP