Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

എവിടെ വെച്ച് കണ്ടാലും സ്‌നേഹവും പരിഗണനയും നൽകി പോന്നു; ജ്യേഷ്ട സഹോദരനെ പോലെ കാര്യങ്ങൾ ആരായുകയും അഭിപ്രായങ്ങൾ പറയുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു; മുസ്ലിം ലീഗിന് ഇത് കുടുംബ സുഹൃത്തിന്റെ നഷ്ടം: മാണി സാർ ജനാധിപത്യ കേരളത്തിന്റെ ചൈതന്യമെന്ന് ഹൈദരലി തങ്ങൾ; ആധുനിക കേരളത്തിന്റെ ശിൽപ്പിയെന്ന് കുഞ്ഞാലിക്കുട്ടി

എവിടെ വെച്ച് കണ്ടാലും സ്‌നേഹവും പരിഗണനയും നൽകി പോന്നു; ജ്യേഷ്ട സഹോദരനെ പോലെ കാര്യങ്ങൾ ആരായുകയും അഭിപ്രായങ്ങൾ പറയുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു; മുസ്ലിം ലീഗിന് ഇത് കുടുംബ സുഹൃത്തിന്റെ നഷ്ടം: മാണി സാർ ജനാധിപത്യ കേരളത്തിന്റെ ചൈതന്യമെന്ന് ഹൈദരലി തങ്ങൾ; ആധുനിക കേരളത്തിന്റെ ശിൽപ്പിയെന്ന് കുഞ്ഞാലിക്കുട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: യു.ഡി.എഫിലെ പ്രബലകക്ഷികൾ എന്നതിന് പുറമെ മുസ്ലിംലീഗുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു കെ.എം.മാണി. ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം. മാണിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചിച്ചു. മലയാളി പൊതു സമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിസന്ധികളുടെ കുരുക്കഴിക്കാൻ പ്രാപ്തനായ മാധ്യസ്ഥൻ, ധീരനായ പൊതു പ്രവർത്തകർ ഇങ്ങനെ ബഹു മുഖമായ വിശേഷണങ്ങൾക്ക് ഉടമയായിരുന്നു മാണി സാർ.

കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കെ.എം മാണിയുടെ ജീവചരിത്രം കൂടിയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് വന്ന് കേരള രാഷ്ട്രീയത്തിലെയും കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെയും അതികായനായി. പലതവണ ജനപ്രതിനിധിയായി, ഭരണാധികാരിയായി. ഒരേ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ കാലം എംഎ‍ൽഎയായ വ്യക്തിയെന്ന വിശേഷണവും കെ.എം മാണിക്കുണ്ട്. പാല എന്ന നിയോജക മണ്ഡലം കേരള ചരിത്രത്തിൽ അറിയപ്പെടുക തന്നെ കെ.എം മാണിയുടെ പേരിലായിരിക്കും. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന ബഹുമതിക്കുമുടമയാണ്. നവ കേരളത്തിന്റെ വികസന ശിൽപികളിൽ പ്രമുഖനായ കെ.എം മാണി കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കർഷക തൊഴിലാളി പെൻഷൻ ഉൾപ്പെടെ കേരളത്തിൽ സാമൂഹിക പരിഷ്‌കരണത്തിന് വഴി വെച്ച അനേകം പദ്ധതികൾ തന്റെ ബജറ്റിലൂടെ കൊണ്ടു വരാനും നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

മുഖ്യമന്ത്രിമാർ ആരായിരുന്നാലും എത്ര തലയെടുപ്പുള്ള മന്ത്രിമാർ സഭയിലുണ്ടായിരുന്നാലും ആ സഭയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി ഉയർന്നു നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കെ.എം മാണിയുടെ നിലപാടുകളും സമീപനങ്ങളും അത് എന്തുതന്നെയായിരുന്നാലും കേരളം എപ്പോഴും ശ്രദ്ധയോടെ കാതോർത്തിരുന്നു. കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും വിപുലമാക്കുന്നതിലും വലിയ പങ്കുവഹിച്ചു അദ്ദേഹം. കേരളത്തിലെ ഉന്നതരായ അനേകം രാഷ്ട്രീയ നേതാക്കൾക്കൊപ്പവും പ്രമുഖരായ മുഖ്യമന്ത്രിമാർക്കൊപ്പവും സഭക്കുള്ളിൽ ഭരണത്തിലും പ്രതിപക്ഷത്തുമായി കെ.എം. മാണി നടത്തിയിട്ടുള്ള ഇടപെടലുകളും ഭരണ നിർവഹണവും കേരള രാഷ്ട്രീയ ചരിത്രം എക്കാലവും സ്മരിക്കും.

മത മൈത്രി ഊട്ടിയുറപ്പിക്കുന്നതിലും സമാധാന പൂർണമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും എന്നും മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. മുസ്ലിം ലീഗുമായി ഉറ്റ ബന്ധം പുലർത്തിപ്പോന്ന കെ.എം മാണി പാണക്കാട് കുടുംബവുമായി പ്രത്യേകിച്ച് പരേതനായ ജ്യേഷ്ട സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി വലിയ ആത്മ ബന്ധമാണ് സൂക്ഷിച്ചിരുന്നത്. എവിടെ വെച്ച് കണ്ടാലും ആ സ്‌നേഹവും പരിഗണനയും നൽകി പോന്നു. ഒരു ജ്യേഷ്ട സഹോദരനെ പോലെ കാര്യങ്ങൾ ആരായുകയും അഭിപ്രായങ്ങൾ പറയുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പോന്ന കുടുംബ സുഹൃത്തിന്റെ നഷ്ടം കൂടിയാണ് കെ.എം മാണിയുടെ വേർപാടിലൂടെ സംഭവിച്ചത്.
അദ്ദേഹത്തിന്റെ ആത്മധൈര്യം വളരെ ശ്രദ്ധേയമായിരുന്നു.

എത്ര കടുത്ത വിമർശനങ്ങളുണ്ടായാലും ഇതിനെയൊക്കെ നല്ല മനസ്സാന്നിധ്യത്തോടെ നേരിടാനും പുഞ്ചിരിയോടെ പ്രതിസന്ധികളെ അനായാസം മറികടക്കാനും കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ രൂപ കൽപനയിലും വളർച്ചയിലും നേതൃപരമായ പങ്ക് വഹിച്ചു. കേരള കോൺഗ്രസ് പ്രസ്ഥാനത്തെ എത്ര അഭിപ്രായഭിന്നതക്കിടയിലും ഐക്യജനാധിപത്യ മുന്നണിയുമായി ചേർത്തു നടത്തുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു. ഏത് വകുപ്പ് കൈകാര്യം ചെയ്യുന്നതിനും പ്രപ്തനായിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം. കേരളത്തിൽ മുഖ്യമന്ത്രി പദവിയോളം എത്താവുന്ന അതുല്യ രാഷ്ട്രീയ വ്യക്തിത്വം. കേരള രാഷ്ട്രീയത്തിൽ ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ.എം മാണിയുടെ ഭരണ നൈപുണ്യവും വ്യക്തി സ്വാധീനവും ചരിത്രത്തിൽ എന്നും ജ്വലിച്ചു നിൽക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

കേരള രാഷ്ട്രീയത്തിലെ അതികായനും സർവ്വ സമ്മതനുമായ നേതാവ് ശ്രീ കെ.എം മാണി സാറിന്റെ വിയോഗം ഏറെ വേദനാജനകമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
വ്യക്തിപരമായി പതിറ്റാണ്ടുകൾ നീണ്ട ആ ബന്ധം അനവധി അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ചതാണ്. ഒരു വൻ മരമായി രാഷ്ട്രീയ കേരളത്തിൽ തലയുയർത്തി നിന്ന ആ വ്യക്തിത്വം ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രധാനിയാണ്.

കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മാണിസാർ ഐക്യ ജനാധിപത്യ മുന്നണിയുടെയും സ്ഥാപക നേതാവ്. കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളർപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും അദ്ദേഹം കാണിച്ച അസാമാന്യമായ ധീരതയും ആത്മവിശ്വാസവും എന്നും അനുകരണീയമാണ്. ആ ഊർജ്ജസ്വലതയും നിശ്ചയദാർഢ്യവും പുതുതലമുറക്ക് മാതൃകയാണ്.

വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു മാണിസാർ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരുമായും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ മാണിസാർ എന്നും ശ്രമിച്ചു പോന്നിട്ടുണ്ട്. ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് തുണയായത് രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനങ്ങളുമായി നിലനിർത്തിയ അടുപ്പമായിരുന്നു. മാണിസാറിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെയും കുടുംബത്തിന്റെയും അഗാധമായ ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP